ടക്കുന്നാഥന്റെ കിഴക്കേ ഗോപുരനടയിലെ ഇത്തിരി തണലിലിരുന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തന്റെ ജീവിതകഥയുടെ 'കാലം നിരത്തി'. കൊട്ടുകലയില്‍ നല്ല മനോധര്‍മം പ്രയോഗിക്കാറുള്ള മട്ടന്നൂരിന്റെ വര്‍ത്തമാനത്തില്‍ നല്ല മനോനര്‍മങ്ങളുമുണ്ടായിരുന്നു. തൃശ്ശൂര്‍ പൂരത്തിന് ആദ്യമായി മേളത്തില്‍ ചേര്‍ന്നതുമുതല്‍ പിന്നീട് നിര്‍ത്തിപ്പോയതുവരെയുള്ള അനുഭവങ്ങള്‍ അദ്ദേഹം 'പതിഞ്ഞ താള'ത്തില്‍ സരസമായി പറഞ്ഞുകൊണ്ടേയിരുന്നു. തിരുവമ്പാടി വിഭാഗത്തില്‍ 36 കൊല്ലം കൊട്ടി. മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ഇടയ്ക്കക്കാരനുമായി. ആറുവര്‍ഷം മേളപ്രാമാണികന്‍. തിരുവമ്പാടി ക്ഷേത്രത്തിലെ വാദ്യ അടിയന്തിരക്കാരനായി തുടങ്ങിയതാണ് തൃശ്ശൂരിന്റെ മണ്ണില്‍ മട്ടന്നൂരിന്റെ വാദ്യസപര്യ.

To advertise here,

ആദ്യം ചെന്നത് 'സിംഹത്തിന്റെ മട'യിലേക്ക്...

'ഈ വരുന്ന മാരാര്‍കുട്ടി എനിക്ക് വേണ്ടപ്പെട്ടയാളാണ്. സദനത്തില്‍നിന്ന് ഒന്നാംറാങ്കോടെ ചെണ്ട കോഴ്സ് പാസായിട്ടുണ്ട്. കൂടാതെ മെട്രിക്കുലേഷനും ജയിച്ചിട്ടുണ്ട്. മാരാര്‍കുട്ടിയെ തിരുവമ്പാടി ക്ഷേത്രത്തില്‍ സഹായത്തിന് കൂട്ടാം''- തിരുവമ്പാടിയിലെ വാദ്യ അടിയന്തിരക്കാരനും മുതിര്‍ന്ന മേളക്കാരനുമായിരുന്ന പട്ടരാത്ത് ശങ്കരന്‍ മാരാര്‍ക്ക് (പല്ലാവൂര്‍ അപ്പുമാരാരുടെ പിതാവ്) സദനം സെക്രട്ടറി ഗാന്ധിയന്‍കൂടിയായ കെ. കുമാരന്‍ കൊടുത്തയച്ച കത്തിലെ വാക്കുകളാണിത്.

മട്ടന്നൂരിന് അന്ന് 18 വയസ്സ്. 16-ാം വയസ്സില്‍ സദനത്തിലെ കോഴ്സ് പൂര്‍ത്തിയായി രണ്ടുവര്‍ഷം ചൊല്ലിയാട്ടവും കഴിഞ്ഞിരിക്കുന്ന സമയം. സെക്രട്ടറിയുടെ കത്തുമായി ശങ്കരന്‍കുട്ടി പട്ടരാത്ത് ആശാന്റെ അടുക്കലേക്ക്. കണ്ടപാടെ ഉള്ളില്‍ ഒരാന്തലായിരുന്നു. കാരണം മേളകലയിലെ സിംഹമായിരുന്നു അദ്ദേഹം. ആ 'മട'യിലേക്കല്ലേ സെക്രട്ടറി പറഞ്ഞുവിട്ടതെന്ന് ചിന്തിച്ചപ്പോള്‍ ശങ്കരന്‍കുട്ടിയുടെ കാല്‍മുട്ട് വിറച്ചു. ''ഇടയ്ക്ക വായിക്കാന്‍ അറിയ്വോ''?. ആശാന്റെ ചോദ്യം. വിറയുന്ന വാക്കുകളോടെ, കൈ കൂപ്പിനിന്ന് തലയാട്ടിയുള്ള മറുപടി. ആശാന്‍ തന്റെ ഇടയ്ക്ക കൈയില്‍ കൊടുത്തിട്ട് പറഞ്ഞു: 'എന്തെങ്കിലും ഒന്ന് വായിക്ക്യാ'! ഗുരുക്കന്‍മാരെ മനസ്സില്‍ ധ്യാനിച്ച് ശങ്കരന്‍കുട്ടി ഇടയ്ക്കയില്‍ 'ഒരു കാച്ചങ്ങ്ട് കാച്ചി'. അന്ന് കൂടെ കൂട്ടിയതാണ് ആശാന്‍. തീവ്രമായൊരു ഗുരു-ശിഷ്യ ബന്ധമായിരുന്നു അവിടെ വളര്‍ന്നത്. ആശാന് 'ശ'  'ങ്ക' എന്നീ വാക്കുകള്‍ വഴങ്ങില്ല. അതുകൊണ്ട് ശങ്കരന്‍കുട്ടിയെ ആശാന്‍ 'ചക്കരക്കുട്ടി'യെന്നേ വിളിക്കൂ. ഒരര്‍ഥത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ചക്കരക്കുട്ടി തന്നെയായിരുന്നു.

പൂരമേളത്തിലേക്കുള്ള വരവ്..

30-ാം വയസ്സിലാണ് പൂരമേളത്തിലേക്കുള്ള മട്ടന്നൂരിന്റെ വരവ്. തിരുവമ്പാടി വിഭാഗത്തിന്റെ മേളനിരയില്‍ 14-ാമത്തെ ഇടന്തലക്കാരന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് മേളത്തിന്റെ പ്രാമാണികനും പട്ടരാത്ത് ശങ്കരന്‍ മാരാരായിരുന്നു. മേളത്തിനുപുറമേ, മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇടയ്ക്ക വായിച്ചിരുന്നതും മട്ടന്നൂരായിരുന്നു. പല്ലാവൂര്‍ ത്രയത്തിലെ മണിയന്‍ മാരാരും കുഞ്ഞുക്കുട്ടന്‍ മാരാരുമൊക്കെ തിരുവമ്പാടി വിഭാഗത്തിലായിരുന്നു. അപ്പു മാരാര്‍ പാറമേക്കാവിലും.

തിമിലയില്‍ സാക്ഷാല്‍ അന്നമനട അച്യുതന്‍ മാരാര്‍, തിരുവഞ്ചിക്കുളം നാണുമാരാര്‍, മാക്കോത്ത് ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവരും മദ്ദളത്തില്‍ കൊളമംഗലത്ത് നാരായണന്‍ നായര്‍, തിച്ചൂര്‍ മണിയന്‍ പണിക്കര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി നായര്‍ തുടങ്ങിയവരൊക്കെ പ്രതാപികളായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പഞ്ചവാദ്യത്തിന്റെ ചുമതലയില്‍നിന്ന് മാറി മട്ടന്നൂര്‍ മേളനിരയുടെ അമരക്കാരനായി. അതുവരെയുണ്ടായിരുന്ന മേളക്കാരില്‍ ചിലരെ മാറ്റി. പകരം വടക്കന്‍ ജില്ലകളില്‍നിന്ന് പോരൂര്‍ ഉണ്ണികൃഷ്ണന്‍, പോരൂര്‍ ഹരിദാസ്, മഞ്ചേരി ഹരിദാസ് തുടങ്ങിയവരെയും മക്കളായ മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത് എന്നിവരെയും മേളത്തില്‍ ചേര്‍ത്തു. മേളകലാകാരന്‍മാരെ മാറ്റിപ്രതിഷ്ഠിച്ചതില്‍ അഭിപ്രായഭിന്നത നിലനിന്നു. ആറുവര്‍ഷം മേളപ്രാമാണികനായി. പിന്നീട് സ്വയം ഒഴിയുകയായിരുന്നു അദ്ദേഹം. തിരുവമ്പാടിയുടെ മേളക്കാരന്റെ വേഷം അച്ഛന്‍ അഴിച്ചുവെച്ചപ്പോള്‍ മക്കളും പിരിഞ്ഞുപോന്നു.

placeholder
മട്ടന്നൂരും കല്ലൂര്‍ ഉണ്ണികൃഷ്ണനും | ഫോട്ടോ: മാതൃഭൂമി

ഇലഞ്ഞിത്തറ മേളമാണ് തൃശ്ശൂര്‍ പൂരത്തിന്റെ 'മാസ്റ്റര്‍പീസ്'. അതിന്റെ പ്രാമാണികനാകാത്തതില്‍ നഷ്ടബോധമുണ്ടോ?

= ലവലേശമില്ല. തിരുവമ്പാടിയുടെ മേളനായകനാകാനും അത്യാഗ്രഹമൊന്നും ഉണ്ടായില്ല. അത് വന്നുഭവിച്ചതാണ്.

തിരുവമ്പാടി വിട്ടശേഷം, തൃശ്ശൂര്‍ പൂരത്തിന്റെ ദിവസം മറ്റെവിടെയെങ്കിലും വാദ്യത്തിന് പോകാറുണ്ടോ?

= ഒരിക്കല്‍ പാവറട്ടി പള്ളിപ്പെരുന്നാളിന് 'ആല്‍ത്തറമേളം' എന്ന പേരില്‍ പാണ്ടിമേളത്തിനു പോയി.

മേളകലാകാരന്‍ എന്ന വിലാസംവിട്ട് തൃശ്ശൂര്‍ പൂരം കാണാന്‍ മാത്രമായി എത്തിയിട്ടുണ്ടോ?
 
= ഇല്ല. മേളകാരനായിട്ടു മാത്രമേ ഇവിടെ വന്നിട്ടുള്ളൂ. ചിലപ്പോള്‍ വീട്ടിലിരുന്ന് ടി.വി.യില്‍ പൂരം കാണും. ഇലഞ്ഞിത്തറ മേളവും മഠത്തില്‍വരവ് പഞ്ചവാദ്യവുമൊക്കെ ടി.വി.ക്കുമുന്‍പില്‍ മുഴുവന്‍ നേരവുമിരുന്ന് കേള്‍ക്കും. ഒരിക്കല്‍ ശിഷ്യന്റെ വീടായ തിരൂര്‍ വെളുത്താട്ട് ഇല്ലത്തിരുന്ന് പൂരം ടി.വി.യില്‍ കണ്ടുകൊണ്ടിരിക്കേ, ടി.വി. ചാനലുകാര്‍ വളഞ്ഞു.

തൃശ്ശൂരിലെ പലരുമായും പിണങ്ങിയാണ് അങ്ങ് തൃശ്ശൂര്‍ വിട്ടത്. എന്നാല്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ശക്തന്റെ മണ്ണിലേക്കുതന്നെ തിരിച്ചുവന്നു. ഇതേപ്പറ്റി ?

= എല്ലാം ഒരു നിമിത്തമാണ്. ഞാനിവിടെ വേണമെന്ന് ആഗ്രഹിച്ചവരുണ്ടാകാം. ചെയര്‍മാനായി എന്നുവെച്ച് അക്കാദമിയുടെ ഇടപെടലുകളൊന്നും പൂരത്തിനില്ല.

പൂരത്തിന്റെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്ന കടുംചൂടുള്ള നേരത്താണ് മട്ടന്നൂരിന്റെ വര്‍ത്തമാനങ്ങള്‍ക്ക് കലാശമിട്ടത്. കഴിഞ്ഞുപോയ കാലത്തിന്റെ നല്ല ഓര്‍മകള്‍ മാത്രമാണ് മനസ്സില്‍ സൂക്ഷിക്കുന്നതെന്ന് മട്ടന്നൂര്‍ പറഞ്ഞു. അവയെല്ലാം രസച്ചരടില്‍ കോര്‍ത്തുകൊണ്ടുള്ള സംസാരം അദ്ദേഹത്തിന്റെ കൊട്ടുപോലെതന്നെ ആസ്വാദ്യമായിരുന്നു.

'ഓമന കേഫി'ല്‍നിന്ന് 50 പൈസയ്ക്ക് ചായയും കടിയും...

തിരുവമ്പാടിയില്‍ അടിയന്തിരപ്പണി കിട്ടിയതോടെ മട്ടന്നൂരിലെ വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ പോകാന്‍ സാധിച്ചിരുന്നുള്ളൂ. ക്ഷേത്രത്തില്‍നിന്ന് നിവേദ്യച്ചോറ് മാത്രമേ കിട്ടൂ. രാവിലെ നല്ല വിശപ്പ് തോന്നിയാല്‍ പാട്ടുരായ്ക്കലിലെ 'ഓമന കേഫി'ല്‍ പോകും. 50 പൈസ കൊടുത്താല്‍ രണ്ട് ഇഡ്ഡലിയും ഒരു ചായയും കിട്ടും. ഇന്നും പാട്ടുരായ്ക്കലിലൂടെ പോകുമ്പോള്‍ മട്ടന്നൂരിന്റെ മനസ്സില്‍ പഴയ ഇഡ്ഡലിയുടെയും സാമ്പാറിന്റെയും രുചിയോര്‍മകള്‍ തുളുമ്പിവരാറുണ്ട്.