പാറമേക്കാവ് വിഭാഗത്തിനുവേണ്ടി ഒരു പതിറ്റാണ്ടിലധികമായി മുക്കുപണി നിര്‍വഹിക്കുന്ന ആളാണ് ജോബി ഒല്ലൂര്‍. തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിനാണ് ആദ്യമായി ജോബി തലേക്കെട്ടിന്റെ മുക്കുപണി ഏറ്റെടുത്ത് നടത്തുന്നത്. ഒല്ലൂര്‍ അരിമ്പുള്ളി പൗലോസിന്റെയും എല്‍സിയുടെയും മകനായി 1973-ല്‍ ജനിച്ച ജോബി സ്‌കൂള്‍ പഠനത്തിനുശേഷം വിദേശത്ത് ജോലിക്കായി പോയി. വിദേശജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്നശേഷമാണ് ആഭരണനിര്‍മാണരംഗത്തേക്കും തുടര്‍ന്ന് ആനച്ചമയങ്ങളുടെ മുക്കുപണി, താഴികക്കുടം, മണിച്ചിത്രത്താഴ്, ക്രിസ്ത്യന്‍ പള്ളികളിലേക്ക് ആവശ്യമായ പൊന്‍കുരിശ്, കാസ, സക്രാരി എന്നിവയുടെ നിര്‍മാണത്തിലേക്കും എത്തിയത്.

To advertise here,

നെറ്റിപ്പട്ടം, കോലം എന്നീ പണികളില്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതോടൊപ്പം പുതുപുത്തന്‍രീതിയില്‍ എങ്ങനെ ചമയം നിര്‍മിക്കാമെന്ന് കണ്ടെത്തി നടപ്പില്‍വരുത്തിയത് ജോബിയാണ്. ഗോള്‍ഡ് ലാക്കര്‍, ഡൈലാക്കര്‍ തലേക്കെട്ടുകള്‍ക്ക് രൂപംനല്‍കാനും നിരവധി സ്ഥലങ്ങളിലേക്ക് അത് നിര്‍മിച്ചുനല്‍കാനും ജോബിക്ക് കഴിഞ്ഞിട്ടുണ്ട്. പാറമേക്കാവ് ദേവസ്വത്തിനായി 2014 മുതല്‍ ആനച്ചമയനിര്‍മാണരംഗത്ത് സജീവമാണ്. ഇന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി നെറ്റിപ്പട്ടങ്ങളും കോലങ്ങളും ജോബി നിര്‍മിച്ചുനല്‍കുന്നുണ്ട്. 

തൃശ്ശൂര്‍ പൂരത്തിനായി മൂന്നുമാസത്തോളം സമയം മുക്കുപണിക്കായി വേണ്ടിവരുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്ന സംഘമാണ് മുക്കുപണി നിര്‍വഹിക്കുന്നത്. പാറമേക്കാവിനെ കൂടാതെ പെരുവനം-ആറാട്ടുപുഴ പൂരങ്ങളിലെ മുഖ്യപങ്കാളികളായ തൊട്ടിപ്പാള്‍, എടക്കുന്നി, പാലക്കാട്ടെ പ്രസിദ്ധമായ നെന്മാറ വേല, കുന്നംകുളത്തുള്ള പ്രമുഖ ആനച്ചമയവിതരണക്കാര്‍ തുടങ്ങി നിരവധിപേര്‍ക്ക് കോലം, നെറ്റിപ്പട്ടം എന്നിവ ജോബി നിര്‍മിച്ചുനല്‍കുന്നുണ്ട്. ജിന്‍സിയാണ് ജോബിയുടെ ഭാര്യ. ആഗ്‌നസ് മരിയ, ആന്‍മരിയ എന്നിവര്‍ മക്കളാണ്.