
കരിയഴകിനു പിന്നില്‍ കുടമാറ്റത്തിനുള്ള കുടയും കൈയിലേന്തി സംഘാടകരില്‍ ഒരാളാകുമ്പോള്‍ ജി. രാജേഷിന് പ്രായം 14. ഇന്ന് പൂരം സംഘാടകരില്‍ മുന്‍നിരയിലാണ് പാറമേക്കാവിന്റെ സെക്രട്ടറി ജി. രാജേഷ്. തിരക്കിനിടയിലും വടക്കുന്നാഥന്റെ തിരുനടയിലിരുന്ന് അല്പനേരം പൂരവിശേഷങ്ങള്‍ പങ്കിട്ടപ്പോള്‍ കൂടുതലും ഓര്‍മകളുടെ കുടമാറ്റമായിരുന്നു. സൂചി കുത്താന്‍ ഇടമില്ലാതെ തിരക്കുള്ള ഇന്നത്തെപ്പോലെയല്ല അന്ന്. അനായാസം എവിടെയും എത്തിച്ചേരാനും പൂരം കാണാനും കഴിയുന്ന കുഞ്ഞുനാളിലെ കാഴ്ചകള്‍. പഴയ സംഘാടകരായ അച്ഛന്‍, അമ്മാവന്‍, ജാതിമതഭേദമെന്യേയുള്ള നാട്ടുകാര്‍, പഴമക്കാര്‍ പറഞ്ഞുകേട്ട കഥകള്‍... എല്ലാം ഇന്നലെയെന്നോണം ഓര്‍മകളുടെ പൂരപ്പറമ്പിലെത്തി. അതില്‍ സൗഹൃദത്തിന്റെ വെഞ്ചാമരവും സാഹോദര്യത്തിന്റെ ആലവട്ടവും സൗന്ദര്യത്തിന്റെ മേളനവും ഉണ്ടായിരുന്നു.
തൃശ്ശൂര്‍ പൂരത്തില്‍ എടുത്തുപറയാവുന്ന ഏറ്റവും സവിശേഷത എന്താണ്?
ലോകം മുഴുവന്‍ അറിയപ്പെട്ടുകഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ ഔന്നത്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് മതസൗഹാര്‍ദം. ശക്തന്‍തമ്പുരാന്‍ ക്രിസ്ത്യാനി കുടുംബങ്ങള്‍ക്ക് പൂരത്തിന്റെ പ്രത്യേകം ചുമതലകള്‍ നല്‍കിയിരുന്നതായി കേട്ടിട്ടുണ്ട്. വലിയപള്ളിയില്‍ പൂരപ്പറ ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇന്നും ജാതിമതവ്യത്യാസമില്ലാതെ പൂരത്തിനുവേണ്ടി പ്രയത്‌നിക്കുന്ന ധാരാളംപേരുണ്ട്. പൂരത്തിന് വിദേശത്തുനിന്ന് അവധിയെടുത്ത് നാട്ടിലെത്തുന്ന ഒട്ടേറെപ്പേരെ എനിക്കറിയാം. പൂരം പ്രദര്‍ശനക്കമ്മിറ്റിയില്‍ ഇതരമതങ്ങളില്‍പ്പെട്ടവരുണ്ട്.
പൂരം സംഘാടനത്തില്‍ എത്തിയ വഴി?
അച്ഛന്‍ വി.ജി. പൊതുവാള്‍, അമ്മാവന്‍ എം. വിജയചന്ദ്രമേനോന്‍ എന്നിവര്‍ പഴയ സംഘാടകരായിരുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ആയിരുന്നു അച്ഛന്‍. ദേവസ്വം അംഗമായ അമ്മാവന്‍ ഏറെക്കാലം പൂരം പ്രദര്‍ശനക്കമ്മിറ്റി ഭാരവാഹിയായിരുന്നു. 1980 മുതല്‍ ഞാന്‍ പാറമേക്കാവ് ദേവസ്വത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. 2016 മുതല്‍ സെക്രട്ടറിയായി തുടരുന്നു. പൂര്‍വികര്‍ ചിട്ടപ്പെടുത്തിയ കെട്ടുറപ്പുള്ള സംവിധാനമുണ്ട്. അത് പിഴവില്ലാതെ പിന്തുടര്‍ന്നാല്‍ മാത്രം മതി. പൂരം ഭംഗിയാകും.

സംഘാടനരീതി എങ്ങനെയാണ്?
പൂരത്തിനു മുപ്പതോളം സബ് കമ്മിറ്റികള്‍ ഉണ്ടാക്കും. ഓരോ കമ്മിറ്റിയിലും 30 മുതല്‍ 50 വരെയുള്ള ആളുകള്‍. ആകെ ആയിരത്തിലധികം ആളുകളുണ്ടാകും. അതത് മേഖലകളിലെ വിദഗ്ധരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പുതിയ തലമുറ സംഘാടനത്തില്‍ വരുന്നത് വളരെ ചുരുക്കം. പണ്ട് 20 വയസ്സിന് താഴെ അമ്പതോളം യുവാക്കള്‍ ഉണ്ടായിരുന്നത്, ഇന്ന് പത്തില്‍ താഴെയായി.
പൂരത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് പറയാമോ ?
ഒരു പൂരം കഴിഞ്ഞയുടനെ അടുത്ത പൂരത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങും. പൂരം കഴിഞ്ഞ് ഒന്നരമാസത്തിനുശേഷം അവലോകനയോഗം നടക്കും. അടുത്ത പൂരം കൂടുതല്‍ നന്നാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ചര്‍ച്ചയില്‍ വരും. സെപ്റ്റംബര്‍ മുതല്‍ ജോലികള്‍ തുടങ്ങും. ചാമരം, മയില്‍പ്പീലി, തുണി എന്നിവയെത്തിക്കും. ആദ്യകാലത്ത് തൃശ്ശൂരില്‍നിന്നാണ് തുണി എടുത്തിരുന്നത്. പിന്നെ ചെന്നൈയില്‍നിന്നായി. ഇപ്പോള്‍ സൂറത്തില്‍നിന്നാണ് കൊണ്ടുവരുന്നത്. ഒരിക്കല്‍ ഉപയോഗിച്ച ചമയങ്ങള്‍ പിന്നീട് ഉപയോഗിക്കില്ല എന്നത് തൃശ്ശൂര്‍ പൂരത്തിന്റെ മാത്രം പ്രത്യേകതയാണ്. എല്ലാം പുതിയവ ആയിരിക്കും. സ്‌പെഷ്യല്‍ക്കുട ഉള്‍പ്പെടെ 1000 കുടകള്‍ നിര്‍മിക്കും.
പൂരം നടത്തിപ്പിന് ലഭിക്കുന്ന സഹകരണങ്ങള്‍; പ്രത്യേകിച്ച് സര്‍ക്കാരില്‍നിന്നും?
പണ്ട് തിരക്ക് കുറവായതിനാല്‍ ഇരുദേവസ്വങ്ങളുടെയും വൊളന്റിയര്‍മാരാണ് നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. ഓരോ വിഭാഗത്തിലും മുന്നൂറോളംപേരുണ്ടായിരുന്നു. വളരെ കുറവ് പോലീസും. ഇന്ന് നിയന്ത്രിക്കാന്‍ പറ്റാത്തവിധം തിരക്കാണ്. അയ്യായിരത്തോളം പോലീസ് ഉണ്ട്. വിവിധ വകുപ്പുകള്‍ നല്ല സഹകരണമാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കാര്യങ്ങള്‍ വിലയിരുത്തും. കേന്ദ്രമന്ത്രിമാരുടെ സഹകരണവും ഉണ്ടാകാറുണ്ട്. തൃശ്ശൂര്‍ പൂരത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തതില്‍ മുഖ്യപങ്ക് മാധ്യമങ്ങള്‍ക്കാണ്.
പൂരം ആസ്വദിക്കാന്‍ പറ്റാറുണ്ടോ?
പഠിക്കുന്ന കാലത്ത് പരീക്ഷ കഴിഞ്ഞാല്‍പ്പിന്നെ പൂരം മാത്രമാണ് ചിന്ത. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തും ഓരോ കേന്ദ്രങ്ങളുണ്ട്. അന്ന് എല്ലാവരെയും പരസ്പരം തിരിച്ചറിയും. അവധിക്കാലത്ത് വൈകീട്ട് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ചാക്കോള ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വലിയ ആകര്‍ഷണമാണ്. അതു കഴിഞ്ഞാല്‍ രാത്രി 12 വരെ പൂരം പ്രദര്‍ശനനഗരിയില്‍ ചെലവഴിക്കും. അന്ന് തമ്പോല, സൂചിയേറ്, പന്തേറ് എന്നിവയ്ക്ക് ഒട്ടേറെ ആളുകളെത്തും. ശേഷം ദേവസ്വം അവ നിരോധിച്ചു. പൂരം ആസ്വാദനം പണ്ട് ആയിരുന്നു. ചുമതലയേറ്റതില്‍പ്പിന്നെ സംഘാടനമാണ് ആസ്വാദനം. ജനങ്ങളെ സുരക്ഷിതരും സംതൃപ്തരും ആക്കുന്നതിലാണ് സംഘാടകരുടെ വിജയം.
ജി.രാജേഷ്
തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍നിന്ന് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ബിരുദം. ആദ്യം ചാലക്കുടി അപ്പോളോ ടയേഴ്സില്‍ ജോലി. ശേഷം 20 കൊല്ലം ഗള്‍ഫ് രാജ്യങ്ങളില്‍ ഓയില്‍ കമ്പനികളില്‍ ജോലി. 2009-ല്‍ നാട്ടിലെത്തി. 2016-ല്‍ പാറമേക്കാവ് ദേവസ്വം സെക്രട്ടറിയായി. അച്ഛന്‍ തൃശ്ശൂര്‍ വി.ജി. പൊതുവാള്‍. അമ്മ: സരോജിനി. ഭാര്യ: ഗീതാഞ്ജലി (മുന്‍ അധ്യാപിക, ദേവമാത സ്‌കൂള്‍, തൃശ്ശൂര്‍). മക്കള്‍: നീരജ് രാജേഷ് (അമേരിക്ക), ഡോ. നിരഞ്ജന രാജേഷ് (യു.കെ.).
Content Highlights: interview with paramekkavu devaswom secretary g rajesh
Published: 18 Apr 2024, 04:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented