
തൃശ്ശൂര്‍ പൂരത്തിന് കണ്ണന്റെ ഗജകേസരികളുടെ സാന്നിധ്യം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. 85 കൊല്ലംമുന്‍പ് ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ തൃശ്ശൂരിലേക്ക് ഏല്‍പ്പിച്ചത് 25 രൂപ ഏക്കത്തിനായിരുന്നു. അന്ന് സാമൂതിരിയുടെ ഭരണത്തിനു കീഴിലായിരുന്നു ഗുരുവായൂര്‍. പാറമേക്കാവിനും തിരുവമ്പാടിക്കും ഇടവിട്ട വര്‍ഷങ്ങളിലായിരുന്നു അക്കാലത്ത് ഗുരുവായൂരപ്പന്റെ ആനകളെ അയച്ചിരുന്നത്.
ഗുരുവായൂര്‍ ക്ഷേത്രഭരണം നടത്തിയിരുന്ന സാമൂതിരി ഭരണകാലത്തെ ചരിത്രരേഖകള്‍ അത് വ്യക്തമാക്കുന്നു. ആനകള്‍ ഗുരുവായൂരപ്പന് പ്രിയപ്പെട്ടവയാണ്. ഈ സന്നിധിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ഓരോരോ അനുഭവങ്ങളിലൂടെ ഗുരുവായൂരപ്പന്‍ പ്രാര്‍ഥനയുടെ ഫലം സഫലീകൃതമാക്കുമ്പോള്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ആനകളെ നടയിരുത്തുന്ന പ്രത്യേകവഴിപാടിന് പ്രസക്തിയേറി.
ഭക്താവതംസം കൂടല്ലൂര്‍ കുഞ്ഞിക്കാവു നമ്പൂതിരിയുടെ ഉപദേശപ്രകാരം ഗുരുവായൂരപ്പനെ ഭജിച്ച് സന്താനസൗഭാഗ്യം ലഭിച്ച ചെറുകുന്നത്ത് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് നടയിരുത്തിയ വലിയ പദ്മനാഭന്‍, മാപ്പിളലഹളക്കാലത്ത് കോവിലകത്തെയും രാജകുടുംബത്തെയും രക്ഷിച്ച ഗുരുവായൂരപ്പന് പ്രാര്‍ഥനയോടെ 1922 ജനവരി 6-ന് ഭക്തനായ നിലമ്പൂര്‍ കോവിലകം വലിയ തമ്പുരാന്‍ നടയിരുത്തിയ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍, 1954 നവംബര്‍ 18-ന് ഗുരുവായൂരപ്പഭക്തരായ പാലക്കാട് എടത്തറ ഇ.പി. മാധവന്‍നായരും കുടുംബവും നടയിരുത്തിയ പദ്മനാഭന്‍, 1996 മേയ് 23-ന് ഗുരുവായൂര്‍ എസ്.ബി.ടി. ജനറല്‍ മാനേജരായിരുന്ന നന്ദകുമാര്‍ എന്ന ഭക്തന്‍ നടയിരുത്തിയ ഗുരുവായൂര്‍ നന്ദന്‍ എന്നിങ്ങനെ ഗുരുവായൂരപ്പന്റെ സ്വര്‍ണത്തിടമ്പേറ്റി ഭഗവദനുഗ്രഹം നേടിയ 4 ആനകള്‍ തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവിലേക്കും തിരുവമ്പാടിയിലേക്കും വര്‍ഷങ്ങള്‍തോറും മാറിമാറി കോലമേറ്റി സാരഥ്യം വഹിച്ച ഗജകേസരികളാണ്.
85 വര്‍ഷംമുന്‍പ് 1938-ലെ തൃശ്ശൂര്‍ പൂരത്തിന് ഗുരുവായൂര്‍ കേശവനെ 25 ക. ഏക്കം നല്‍കി മുന്‍കൂറായി ബുക്ക് ചെയ്തുവെങ്കിലും കേശവന് മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ എഴുന്നള്ളിക്കാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ ഏക്കം തിരിച്ചുനല്‍കിയ കൗതുകകരമായ കഥയും സാമൂതിരിരേഖകളില്‍ പഴമയുടെ പെരുമയിലെ ചരിത്രരേഖകളാണ്. വലിയ പദ്മനാഭനും ഗജരാജന്‍ കേശവനും ഗജരത്നം പദ്മനാഭനും കാലയവനികയ്ക്കുള്ളില്‍ മണ്‍മറഞ്ഞുപോയി. ലോകപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് ഗുരുവായൂരപ്പന്റെ സാന്നിധ്യമായി ഈ വര്‍ഷം ഗുരുവായൂര്‍ ദേവസ്വം നന്ദന്‍ കോലമേറ്റുമ്പോള്‍ 2011-ലെ പൂരത്തിന് ആദ്യമായി പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ നന്ദന് ഒരുദശാബ്ദത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ട്.
39 അംഗങ്ങളുള്ള ഗുരുവായൂരപ്പന്റെ ഗജകുടുംബത്തിലെ വളരെ പ്രശസ്തരും പ്രഗല്ഭരുമായ ആനകള്‍ സിദ്ധാര്‍ത്ഥന്‍, രാജശേഖരന്‍, കൃഷ്ണനാരായണന്‍, ജൂനിയര്‍ വിഷ്ണു, ഗോപീകൃഷ്ണന്‍ എന്നിങ്ങനെ 5 ഗജകേസരികള്‍ നന്ദനോടൊപ്പം തൃശ്ശൂര്‍ പൂരം പ്രൗഢഗംഭീരമാക്കാന്‍ പുന്നത്തൂര്‍ക്കോട്ടയിലെ ആനത്താവളത്തില്‍ തയ്യാറായിക്കഴിഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് ഗുരുവായൂരിന്റെ സാന്നിധ്യം അറിയിക്കാന്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റാന്‍, കേരളത്തിന്റെ അഭിമാനം കൂടിയായ ഗുരുവായൂര്‍ നന്ദനും സിദ്ധാര്‍ത്ഥനും രാജശേഖരനും കൃഷ്ണനാരായണനും ദേവദാസും പൂരനഗരിയില്‍ അണിനിരക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പ് പൂരത്തിന് തലയെടുപ്പോടെ കോലമേറ്റിയും പറ്റാനകളായും നിറഞ്ഞുനിന്ന ഗുരുവായൂരപ്പന്റെ മണ്‍മറഞ്ഞ ഗജകേസരികളുടെ ഓര്‍മയില്‍ പൂരനഗരി ആഹ്‌ളാദത്തിമര്‍പ്പിലമരുന്നു. തൃശ്ശൂര്‍ പൂരത്തിന് പതിനഞ്ചാനകള്‍ക്കു നടുവില്‍ പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരം മനോഹരമാകുമ്പോള്‍ നന്ദനിലൂടെ പൂരനഗരിയില്‍ ഈ വര്‍ഷവും ഗുരുവായൂരപ്പന്റെ സാന്നിധ്യം നിറഞ്ഞുകവിയട്ടെ.
Content Highlights: elephants of kannan and thrissur pooram
Published: 18 Apr 2024, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented