മലപ്പുറം : ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ ആദ്യജയമെന്ന ആഗ്രഹവുമായി മലപ്പുറം എഫ്.സി. ബുധനാഴ്ച സൂപ്പർ ലീഗ് കേരളയിൽ പന്തുതട്ടും. മലപ്പുറത്തെ മികച്ച ഗോൾ ശരാശരിയിൽ തോൽപ്പിച്ച് ഒന്നാമതാകുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന കണ്ണൂർ വാറിയേഴ്‌സാണ് എതിരാളികൾ. വൈകീട്ട് 7.30-ന് പയ്യനാട് സ്റ്റേഡിയത്തിലാണ് കളി.

To advertise here,

പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ് കണ്ണൂർ. മലപ്പുറം നാലാംസ്ഥാനത്തും. റൗണ്ട് മൂന്ന്‌ പൂർത്തിയായപ്പോൾ ഒരു ജയവും രണ്ടു സമനിലയുമാണ് കണ്ണൂരിനുള്ളത്. ഉദ്ഘാടനമത്സരത്തിൽ ജയിച്ച മലപ്പുറത്തിനു പിന്നീട് നടന്ന കളികളിൽ ജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു തോൽവിയും സമനിലയുമായിരുന്നു ഫലം.

മലപ്പുറത്തെ മികച്ച ഗോൾശരാശരിയിൽ തോൽപ്പിച്ചാൽ കണ്ണൂരിനു ടേബിളിൽ ഒന്നാമതെത്താം. കണ്ണൂരിനെ വൻ മാർജിനിൽ തോൽപ്പിച്ചാൽ രണ്ടാംസ്ഥാനത്തെത്താം എന്ന നേട്ടം മലപ്പുറത്തിനുമുണ്ട്.

ഗോളടിക്കാൻ മറക്കല്ലേ

റൗണ്ട് രണ്ടിൽ നടന്ന കാലിക്കറ്റ് എഫ്.സി.യുമായുള്ള കളിയിൽ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മലപ്പുറം തോറ്റത്. റൗണ്ട് മൂന്നിൽ തൃശ്ശൂർ മാജിക് എഫ്.സി.യുമായി ഗോൾരഹിത സമനില. ഇതാണ് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ രണ്ടു ഹോം മാച്ചുകളിലും മലപ്പുറത്തിനുണ്ടായ ഫലം. സ്വന്തം കാണികൾക്കു മുൻപിൽ ജയിക്കാനോ ഗോളടിക്കാനോ ഇതുവരെ എം.എഫ്.സി.ക്കു കഴിഞ്ഞിട്ടില്ല.

ഫിനിഷിങ് പോരായ്‌മകളാണ് ടീമിന്റെ പ്രശ്‌നം. സെറ്റ് പീസുകൾ മുതലാക്കാനും സാധിക്കുന്നില്ല. തൃശ്ശൂരുമായുള്ള കളിയിൽ അവസാന നിമിഷങ്ങളിൽ ലഭിച്ച അഞ്ചു കോർണറുകളിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാഞ്ഞത് കോച്ചിന്റെ ഉറക്കം കളഞ്ഞിട്ടുണ്ടാകും.

ഇതിനു പരിഹാരമായി ആദ്യ ഇലവനിൽ ഐ-ലീഗ് സൂപ്പർ താരം അലക്സ് സാഞ്ചസ്, ഉറുഗ്വേക്കാരൻ പെഡ്രോ മൻസി എന്നിവരെ മുന്നേറ്റനിരയിൽ ഇറക്കാനാകും കോച്ച് ജോൺ ഗ്രിഗറി തീരുമാനിക്കുക. സ്‌പാനിഷ് താരങ്ങളായ റൂബൻ, ജോസബ എന്നിവർക്കൊപ്പം കഴിഞ്ഞമത്സരത്തിൽ കളിച്ച ബുജൈറും ഫസലുവും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. ഫിനിഷിങ് കുറവുകൾ പരിഹരിച്ച് ആരാധകർ മോഹിച്ച വിജയം സമ്മാനിക്കാനാണ് ടീം ഒരുങ്ങുന്നതെന്ന് നായകൻ അനസ് എടത്തൊടിക പറഞ്ഞു.

ഹോം ഗ്രൗണ്ടിലെ ആദ്യകളിയിൽ 15,318 പേരും രണ്ടാമത്തെ കളിയിൽ 8589 പേരും പയ്യനാട്ട്‌ കളി കാണാനെത്തി. പക്ഷേ, ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ടീമിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആ കാത്തിരിപ്പ് ബുധനാഴ്ച അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് എം.എഫ്.സി.യുടെ ആരാധകരായ അൾട്രാസ്.

കണ്ണൂർ ജയിച്ച സ്റ്റേഡിയം

സ്വന്തം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ ഇരമ്പിയെത്തുന്ന ആരാധകർക്കു മുൻപിൽ ജയിക്കണമെന്ന സ്വപ്‌നമാണ് എം.എഫ്.സി.ക്കുള്ളത്. എന്നാൽ പയ്യനാട് സ്റ്റേഡിയത്തിൽ ജയിച്ച കഥയാണ് കണ്ണൂരിനുള്ളത്. ടൂർണമെന്റിലെ രണ്ടാംമത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്.സി.യെ 2-1ന് തോൽപ്പിച്ച കണ്ണൂർ മൂന്നുപോയിന്റാണ് സ്വന്തമാക്കിയത്. മലപ്പുറത്തിനൊപ്പം തൃശ്ശൂരിന്റെയും ഹോംഗ്രൗണ്ടാണ് പയ്യനാട്.

ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെയാകും ടീം ഇറങ്ങുക. അജ്മൽ വല കാക്കുമ്പോൾ വികാസും അൽവാരോയും കോട്ടകെട്ടും. റിഷാദും അക്ബറും പാർശ്വങ്ങളിലൂടെ ആക്രമണം നയിക്കും.

സ്‌പാനിഷ് താരങ്ങളായ അഡ്രിയാൻ സെർദിനെറോയും ഐസിയർ ഗോമസും ഗോളടിക്കാൻ അവസരം നോക്കും. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടാംപകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച കഥയാണ് കണ്ണൂരിനു പറയാനുള്ളത്. അതുകൊണ്ട് വീറും വാശിയുമുള്ള പോരാട്ടം കാണികൾക്കു പ്രതീക്ഷിക്കാം.

സഞ്ജു വരില്ല?

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയും ഇന്ത്യൻ ‍ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ബുധനാഴ്ച നടക്കുന്ന സൂപ്പർ ലീഗ് കേരള മത്സരം കാണാൻ വരില്ലെന്ന് റിപ്പോർട്ട്. നേരത്തേ സഞ്ജു കളികാണാൻ വരുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത്‌ രഞ്ജി ട്രോഫി പരിശീലനം ആരംഭിക്കും. പരിശീലനത്തിൽ സഞ്ജു പങ്കെടുക്കാൻ സാധ്യതയുണ്ട്.