മലപ്പുറം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ തൃശ്ശൂര്‍ മാജിക് എഫ്.സി.ക്കെതിരേ ഇന്‍ജുറി ടൈമില്‍ വിജയം കുറിച്ച് കണ്ണൂര്‍ വാരിയേഴ്‌സ്. 70 മിനിറ്റുവരെ മുന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ വഴങ്ങിയാണ് തൃശ്ശൂരിന്റെ തോല്‍വി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഭിജിത്താണ് തൃശ്ശൂരിനെ മുന്നിലെത്തിച്ചത്. കണ്ണൂര്‍ വാരിയേഴ്‌സിനായി ഡേവിഡ് ഗ്രാന്‍ഡേ, അല്‍വാരോ അല്‍വാരസ് എന്നിവര്‍ ഗോള്‍ നേടി. 

To advertise here,

37-ാം മിനിറ്റിലാണ് തൃശ്ശൂരിന്റെ ആദ്യ ഗോള്‍ പിറന്നത്. സൂപ്പര്‍ താരം സി.കെ. വിനീത് ബോക്‌സിനകത്തുവെച്ച് നല്‍കിയ പാസ്, അഭിജിത്ത് പിഴവില്ലാതെ വലയിലേക്ക് തൊടുത്തു. തൃശ്ശൂരിന്റെ ആധിപത്യത്തോടെ ആദ്യ പകുതി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കണ്ണൂര്‍ രണ്ടുതവണ നിറയൊഴിച്ച് കൡതിരിച്ചുപിടിക്കുന്നതിനാണ് പയ്യനാട് സാക്ഷ്യം വഹിച്ചത്. 

71-ാം മിനിറ്റില്‍ വികാസ് എറിഞ്ഞ ത്രോ നേരെ ചെന്നുവീണത് ബോക്‌സിനകത്ത് സ്പാനിഷ് താരം ഡേവിഡ് ഗ്രാന്‍ഡേയുടെ കാലിലേക്കാണ്. മികച്ച ഒരു ഷോട്ടിലൂടെ ഗ്രാന്‍ഡേ അത് ഗോളാക്കി മാറ്റി. ഇതിനിടെ കണ്ണൂര്‍ താരത്തെ ഫൗള്‍ ചെയ്തതിന് തൃശ്ശൂരിന്റെ ഹെന്‍ഡ്രി അന്റോനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ പ്രഗ്യാന്‍ സുന്ദര്‍  എടുത്ത കോര്‍ണര്‍ അല്‍വാരോ അല്‍വാരസ് ഹെഡറിലൂടെ വലയിലെത്തിച്ചു.