കണ്ണൂര്‍: വൈകീട്ടോടെ പരിയാരം മെഡിക്കല്‍ കോളേജ് മൈതാനം ചുവപ്പണിഞ്ഞു. പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ബസില്‍ നിന്നിറങ്ങി ചുവപ്പ് ജേഴ്സിയണിഞ്ഞ് നിരയായി അവര്‍ മൈതാനത്തെത്തി. കണ്ണൂരിന്റെ ആദ്യ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീം കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി. ചിട്ടയായ പരിശീലനത്തിലൂടെ കേരള സൂപ്പര്‍ ലീഗ് കിരീടം ഉറപ്പിക്കാനാണ് അവരുടെ ഒരുക്കം. വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെയാണ് പരിശീലനം. വാമപ്പില്‍ തുടങ്ങി ടെക്നിക്കല്‍ സെഷനിലേക്ക്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ജിം സെഷനുമുണ്ട്. ടാക്ടിക്കല്‍ സെഷനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് സ്പാനിഷ് കോച്ച് മാനുവല്‍ സാഞ്ചസ് മുരിയാസ് പറയുന്നത്. വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് സഹപരിശീലകന്‍.

To advertise here,

രണ്ടരയാഴ്ചയായി പരിശീലനം തുടങ്ങിയിട്ട്. പരിശീലനത്തിന്റെ ഭാഗമായി ഇടയ്ക്കിടെ മത്സരങ്ങളും കളിക്കുന്നുണ്ട്. ഇനി ബുധനാഴ്ചയും ശനിയാഴ്ചയും മത്സരങ്ങളുണ്ട്. ഓഗസ്റ്റ് ഒന്‍പതിനാണ് പരിശീലനം തുടങ്ങിയത്.

21 അംഗ ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ആറ് വിദേശതാരങ്ങളില്‍ അഞ്ചുപേരും സ്‌പെയിനില്‍ നിന്നുള്ളവരാണ്. അഡ്രിയാന്‍ സാര്‍സിനേറോ സ്പാനിഷ് ലാലിഗയില്‍ കളിച്ചിട്ടുണ്ട്. ഫ്രാന്‍സിസ്‌കോ ഡേവിഡ് ഗ്രാന്‍ഡേ ഐ.എസ്.എലില്‍ ജംഷേദ്പുരിനു കളിച്ച താരമാണ്. അല്‍വാരോ അല്‍വാരെസ്, അസീര്‍ ഗോമസ്, ഇലോയ് ഒര്‍ഡോണെസ് എന്നിവരാണ് സ്‌പെയിനില്‍ നിന്നുള്ള മറ്റുതാരങ്ങള്‍. നൈജീരിയ സ്വദേശി ലാവ സാസ ആണ് മറ്റൊരു വിദേശതാരം. മുന്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്‍, ഐ.എസ്.എല്‍. താരം മുണ്‍മുണ്‍ തിമോത്തി എന്നിവരും വാരിയേഴ്സിനൊപ്പമുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് തൃശ്ശൂരുമായാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ ആദ്യമത്സരം. നാലുതാരങ്ങള്‍ ഇനിയും ടീമിനൊപ്പം ചേരാനുണ്ട്. ഗോവയ്ക്കായി സന്തോഷ് ട്രോഫി കളിച്ച ഫഹീസും ടീമിലുണ്ട്. അശ്വിന്‍കുമാറാണ് കണ്ണൂരിന്റെ താരം.

ഉടമകള്‍: ആസിഫ് അലി, ഡോ. എം.പി. ഹസന്‍കുഞ്ഞി, മിബു ജോസ് നെറ്റിക്കാടന്‍, സി.എ. മുഹമ്മദ് സാലിഹ്, ഡോ. അജിത് റോയ്.

പരിശീലനഗ്രൗണ്ട്: പരിയാരം മെഡിക്കല്‍ കോളേജ് മൈതാനം

കോച്ച് മാനുവല്‍ സാഞ്ചസ് മുരിയാസ് സംസാരിക്കുന്നു

+കണ്ണൂര്‍ വാരിയേഴ്സിലേക്കുള്ള വരവ്

കേരളത്തിലെ ഫുട്ബോളിന്റെ ഭാവിയെ ഉയരങ്ങളിലെത്തിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള പദ്ധതിയാണ് ടീം ഉടമകള്‍ക്കുള്ളത്. അവര്‍ക്ക് ഫുട്ബോളിനോടുള്ള അഭിനിവേശവും പ്രതിബദ്ധതയുമാണ് ആകര്‍ഷിച്ചത്

+ടീമിന്റെ കരുത്ത്

അനുകൂലമായ സാഹചര്യവും പിന്തുണയും ലഭിക്കുന്നതിനാല്‍ മികച്ച ടീമാകാനും റിസല്‍ട്ടുണ്ടാക്കാനും കഴിയും. എല്ലാ കളിക്കാരും സാങ്കേതികമികവും മനക്കരുത്തും മത്സരസ്വഭാവമുള്ളവരുമാണ് എന്നതും നേട്ടമാകും.

+കോച്ച് എന്ന നിലയിലെ വെല്ലുവിളി

ആദ്യമായാണ് ഇന്ത്യയിലെത്തുന്നത് എന്നതിനാല്‍ ഇവിടെയുള്ള പലരീതികളും പുതിയതാണ്. എന്നാല്‍, ഈ വെല്ലുവിളികള്‍ ആവേശത്തോടെയാണ് നേരിടുന്നത്. പരിശീലകനെന്ന നിലയില്‍ വളരാനും ക്ലബ്ബിനെ ലക്ഷ്യത്തിലെത്തിക്കാനും ഇത് സഹായകരമാവും. ആരാധകരില്‍ സന്തോഷവും ഫുട്ബോള്‍ പ്രേമികള്‍ക്കുമുന്നില്‍ ആകര്‍ഷകമായ ഫുട്ബോള്‍ കാഴ്ചവെക്കാനും ഈ അവസരം പ്രയോജനപ്പെടുത്തും.