കോഴിക്കോട്: സംവിധായകനും ചലച്ചിത്രതാരവുമായ ബേസില്‍ ജോസഫ് സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ക്ലബ്ബ് കാലിക്കറ്റ് എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസഡറായി. കാലിക്കറ്റ് എഫ്.സി.യുടെ ആദ്യ മത്സരം കാണാനും ടീമിനെയും ആരാധകരെയും പ്രോത്സാഹിപ്പിക്കാനും ബേസില്‍ ജോസഫും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തും.

To advertise here,

ആദ്യ മാച്ചിന്റെ ടിക്കറ്റ് വില്‍പ്പനയില്‍നിന്ന് നടത്തുന്ന നറുക്കെടുപ്പിന്റെ സമ്മാനദാനവും മത്സരവേദിയില്‍ ബേസില്‍ നിര്‍വഹിക്കും. യുവത്വത്തിന്റെ പള്‍സറിയുന്ന ബേസില്‍ ജോസഫിനെപ്പോലുള്ള താരത്തിന്റെ സാന്നിധ്യം കാലിക്കറ്റ് എഫ്.സി.ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് ഫ്രാഞ്ചൈസി ഉടമയും ഐ.ബി.എസ്. ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.

മലയാള സിനിമയില്‍ നിന്ന് നേരത്തേ തന്നെ താരങ്ങള്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, നിവിന്‍ പോളി, എന്നിവര്‍ വിവിധ ക്ലബുകളുടെ സഹ ഉടമകളാണ്. പൃഥ്വിരാജ് ഫോഴ്‌സ കൊച്ചി എഫ്സിയുടെയും ആസിഫ് അലി കണ്ണൂര്‍ വാരിയേഴ്സിന്റെയും നിവിന്‍ പോളി തൃശൂര്‍ മാജിക്ക് എഫ്സിയുടെയും സഹ ഉടമകളാണ്.