ശബരിമല: കനത്ത മൂടല്‍മഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള സത്രം-പുല്ലുമേട് കാനനപാത വഴി തിങ്കളാഴ്ച ഭക്തരെ കടത്തിവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ നിര്‍ദേശം ജില്ലാ ഭരണകൂടവും അംഗീകരിച്ചതോടെ സത്രത്തില്‍ എത്തിയിരുന്ന ഭക്തരെ പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസ്സ് തയ്യാറാക്കി പമ്പയിലെത്തിച്ചു. ചിലർ സ്വന്തം വാഹനത്തിലും പമ്പയിലേക്ക് മടങ്ങി. 

To advertise here,

സത്രത്തില്‍നിന്ന് പുല്ലുമേടിലേക്ക് ആറ് കിലോമീറ്ററും പുല്ലുമേട്ടിൽനിന്ന് സന്നിധാനത്തേക്ക് ആറ് കിലോമീറ്ററുമാണുള്ളത്. ഇതില്‍ സത്രത്തില്‍നിന്ന് തുടങ്ങുന്ന ഭാഗം ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. ഈ ഭാഗങ്ങളിലൊക്കെ ഞായറാഴ്ച മുതല്‍ക്കുതന്നെ ശക്തമായ മൂടല്‍ മഞ്ഞായിരുന്നു.

കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസംതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും പ്രത്യേക അറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ, മൂടല്‍മഞ്ഞും മഴയും മാറാതെ വന്നതോടെയാണ് വഴി താല്‍ക്കാലികമായി അടച്ചത്. കാലാവസ്ഥ അനുകൂലമായാല്‍ ഈ വഴി വീണ്ടും തുറന്നുകൊടുക്കും.