ശബരിമല: ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ. രാധാകൃഷ്ണനും ഉദ്യോഗസ്ഥരും സന്നിധാനത്തെത്തി. തീർഥാടകർക്കായുള്ള സൗകര്യങ്ങൾ വിലയിരുത്തിയശേഷം തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി, ദേവസ്വം ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചയും നടത്തി. നിലയ്ക്കലിൽ 500 വാഹനങ്ങൾക്കുകൂടി അധികം പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

To advertise here,

ശബരിമലയിലേക്കുള്ള റൂട്ടിൽ വാഹന പാർക്കിങ് സൗകര്യത്തോടെ, ആളുകൾക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി സുരക്ഷിത താവളങ്ങൾ സജ്ജമാക്കാൻ പോലീസിനും വനംവകുപ്പിനും നിർദേശം കൊടുത്തു. പമ്പയിൽ സ്ത്രീകൾക്കായി 66 ടോയ്‌ലറ്റ് കോംപ്ലക്‌സ് കൂടി സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ബയോ ടോയ്‌ലറ്റ് സൗകര്യവും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ നിർദേശമനുസരിച്ച് രണ്ട് ആംബുലൻസ് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ സുരക്ഷ ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ പുതിയ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കൽ സുരക്ഷാസംവിധാനവും സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്യൂ കോംപ്ലക്‌സിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലായിടത്തും ദേവസ്വവും മറ്റ് വകുപ്പുകളും അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ബിസ്‌ക്കറ്റും ഉറപ്പാക്കുന്നുണ്ട്. കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്തും. അവധി ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വെർച്വൽ ക്യൂ വഴി ബുക്കിങ് പരിമിതപ്പെടുത്തിയാലും മറ്റ് കാനനപാതകളിലൂടെയെല്ലാം അനേകായിരം ഭക്തരാണ് എത്തുന്നത്. ഇവരുടെ സുരക്ഷകൂടി ഉറപ്പാക്കി മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെ.യു. ജെനീഷ് കുമാർ എം.എൽ.എ., ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സ്‌പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ബോർഡ് മെമ്പർ ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സൂരജ് ഷാജി, ഐ.ജി. സ്പർജൻ കുമാർ, എ.എസ്.പി. തപോഷ് ബസുമതരി, എക്സിക്യുട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ് കുമാർ, എക്സിക്യുട്ടീവ് എൻജിനീയർ ശ്യാമപ്രസാദ് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വൈകുന്നേരം പമ്പയിൽനിന്നു മന്ത്രി മടങ്ങി.