ശബരിമല: ശരണവഴിയിൽ ആരോഗ്യവകുപ്പിന്റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഈ മണ്ഡലകാലത്ത് രക്ഷിക്കാനായത് വിലപ്പെട്ട 76 ജീവനുകൾ. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്കുള്ള വഴിയിൽ അടിയന്തര ഘട്ടങ്ങളിൽ സേവനത്തിന് ഒരുക്കിയിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗൂർഖ വാഹനത്തിലുള്ള ആംബുലൻസ് സംവിധാനം ഉപയോഗിച്ചാണ് 76 പേർക്ക് കൃത്യസമയത്ത് അടിയന്തര ചികിത്സ നൽകാനായത്. സന്നിധാനം, അപ്പാച്ചിമേട്, ചരൽമേട് തുടങ്ങിയ ശരണപാതകളിലാണ് ആംബുലൻസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം പമ്പയിലെ സർക്കാർ ആശുപത്രിയിലേക്കാണ് മാറ്റുന്നത്.
കൂടുതൽ വിദഗ്ധ ചികിത്സ വേണ്ടവരെ കോന്നി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ, പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ അയയ്ക്കും. മണ്ഡലകാലം തുടങ്ങി വ്യാഴാഴ്ചവരെ 45,105 പേരാണ് സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
മലകയറിയെത്തിയതിനെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾക്കാണ് ചികിത്സ തേടിയവരിൽ ഏറെപ്പേരും സന്നിധാനത്തെ ആശുപത്രിയെ സമീപിച്ചിട്ടുള്ളത്. ദിവസവും 1500 പേരിൽ കൂടുതൽ സന്നിധാനത്തെ ആശുപത്രി ഒ.പി.യിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഹൃദയാഘാതം പാമ്പ് വിഷബാധ തുടങ്ങി ഏത് അടിയന്തരഘട്ടത്തെയും നേരിടാനുള്ള മരുന്നുകൾ സന്നിധാനത്തെ ആശുപത്രിയിൽ ലഭ്യമാണ്. 18-ബെഡ്, അഞ്ച് ഐ.സി.യു., മൂന്നു വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ സന്നിധാനം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷൻ, ഓർത്തോപീഡിക്സ്, ഇ.എൻ.ടി. എന്നിങ്ങനെ സ്പെഷ്യലിസ്റ്റുകളടക്കം 10 ഡോക്ടർമാർ സേവനത്തിനുണ്ട്. ആറ് സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടെ നാൽപ്പതോളം ആരോഗ്യപ്രവർത്തകരുമായി 24 മണിക്കൂർ സേവനമാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്.
Content Highlights: 45,105 people sought treatment at Sannidhanam Hospital
Published: 22 Dec 2023, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented