ശബരിമല: സന്നിധാനത്ത് ഭക്തർക്ക് ഏതാവശ്യത്തിനും ഓടിച്ചെല്ലാവുന്ന ഇടമാണ് അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ഓഫീസ്.പതിറ്റാണ്ടുകളായി അയ്യപ്പൻമാർക്ക് ആശ്രയവും അഭയവുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനം, ഈ മണ്ഡലകാലത്തും സേവന പ്രവർത്തനങ്ങളുമായി സജീവമാണ്.

To advertise here,

രാജ്യത്തെമ്പാടും അയ്യപ്പസന്ദേശം എത്തിക്കുന്ന സംഘടനയ്ക്ക് വലിയൊരുകൂട്ടം ഭക്തരുടെ നിസ്സീമമായ പിന്തുണയുമുണ്ട്. അടിസ്ഥാനസേവനങ്ങളൊരുക്കി നിരവധി സന്നദ്ധ പ്രവർത്തകരാണ് പൂങ്കാവനത്തിൽ പ്രവർത്തിക്കുന്നത്.

സന്നിധാനത്ത് നേരത്തേ അന്നദാനം ഒരുക്കിയിരുന്നെങ്കിലും കോടതിവിധി അനുസരിച്ച് ഇപ്പോൾ അന്നദാനം നടത്തുന്നില്ല. എന്നാൽ, അപ്പാച്ചിമേട്, അഴുത, പെരിയാനവട്ടം, എരുമേലി എന്നിവിടങ്ങളിൽ ഭക്തർക്ക് അന്നദാനം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ ആംബുലൻസ് സർവീസും പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ മികച്ച സേവനമാണ് അയ്യപ്പസേവാസംഘം നടത്തുന്നത്. സന്നിധാനത്തും കാനനപാതയിലും സ്‌ട്രെച്ചർ സർവീസിന്റെ ചുമതല അയ്യപ്പസേവാസംഘം വൊളന്റിയർമാർക്കാണ്. സന്നിധാനത്ത് മാത്രം ഒരേസമയം 150 വൊളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്.

അസുഖമോ, മറ്റ് കാരണങ്ങളാലോ, കുഴഞ്ഞുവീഴുകയോ ക്ഷീണം തോന്നുകയോ ചെയ്യുന്ന ഭക്തർക്ക് സ്ട്രച്ചർ സർവീസിന്റെ സഹായം തേടാം. വളരെപ്പെട്ടെന്ന് ഇവരെ ആശുപത്രികളിൽ എത്തിക്കുകയും ജീവൻരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

എത്ര തിരക്കിനിടയിലും വളരെപ്പെട്ടെന്ന് സ്ട്രച്ചറുമായി കാനപാതകളിലും ഇവർ ഓടിയെത്തും. ഈ സീസണിൽ 200-ലധികം ഭക്തർക്കാണ് ഇവർ ആശ്രയമാണ്. സന്നിധാനത്ത് സൗജന്യ ചുക്കുവെള്ള വിതരണവും അയ്യപ്പസേവാ സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വരിനിൽക്കുന്ന ഭക്തർക്ക് ബിസ്‌കറ്റ് വിതരണവും ചെയ്യുന്നുണ്ട്. വലിയ നടപ്പന്തലിലും സന്നിധാനത്തും ഭക്തരുടെ സമീപമെത്തി ചുക്കുവെള്ളം നൽകും.

കൂടാതെ, വിരി വെയ്‌ക്കുന്നിടത്തും വൊളന്റിയർമാരുടെ സേവനം ഉറപ്പാണ്. മലകയറി വരുന്നവർക്ക് അപ്പാച്ചിമേട്ടിലും ഇവർ ചുക്കുവെള്ളം നൽകും. പോലീസുകാർക്കും അയ്യപ്പസേവാസംഘത്തിന്റെ പ്രവർത്തനം സഹായകമാകുന്നുണ്ട്.

ദേവസ്വം ബോർഡിന്റെ വിവിധ കരാർ ജോലികൾക്കായി തമിഴ്‌നാട്ടിൽനിന്ന് അയ്യപ്പസേവാസംഘം വഴി 1000 പേരെ എത്തിച്ചിട്ടുണ്ട്. റാന്നി സ്വദേശിയായ ബാലനാണ് ക്യാമ്പ് ഓഫീസർ. ത്രിച്ചി സ്വദേശിയായ എസ്.മുത്തു ജോയിന്റ് ക്യാമ്പ് ഓഫീസർ. നാഗവേൽ, ആദിമണി, രാമയ്യ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.