
ശബരിമല: സന്നിധാനത്ത് ഭക്തർക്ക് ആശ്വാസമേകാൻ ആയുർവേദ ആശുപത്രി. ദിവസവും ആയിരത്തോളം ആളുകളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്.ഇത്തവണ 20000 പേർക്ക് ഇതുവരെ ഇവിടെനിന്ന് ചികിത്സ ലഭിച്ചുകഴിഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ എട്ട് ഡോക്ടർമാരും തെറാപ്പിസ്റ്റുകളുമുൾപ്പെടെ 24 പേർ ജോലി നോക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ സ്‌പെഷ്യലിസറ്റ് ഡോക്ടർമാരും ഉണ്ട്.
മലകയറിയെത്തുന്ന ഭക്തർക്ക് പേശി, അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. ആയുർവേദ ചികിത്സയിലൂടെ ഇത് പെട്ടന്ന് പരിഹരിക്കാമെന്നത് ഭക്തർക്കും ആശ്വാസമാണ്. ഏറെ നേരം നടന്നും വരിനിന്നും കാലിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും ഇവിടെനിന്ന് ചികിത്സകിട്ടും. ഇങ്ങനെയുള്ളവർക്ക് തൈലം പുരട്ടിക്കൊടുത്തും ചൂട് പിടിപ്പിച്ചും ബാൻഡേജ് ചുറ്റിയും രോഗം ഭേദമാക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അലർജി തുടങ്ങിയവയുമായും ധാരാളംപേർ ചികിത്സതേടി എത്തുന്നുണ്ട്. ഇതിനെല്ലാം എപ്പോഴും മരുന്നും ഉറപ്പാക്കുന്നുണ്ട്.
ആവി പിടിക്കാനുള്ള സൗകര്യവുമുണ്ട്. പോലീസുകാർ, ദേവസ്വം ജീവനക്കാർ, മറ്റ് ജോലിക്കെത്തിയവർ എന്നിവർക്കെല്ലാം ആയുർവേദ ആശുപത്രി അനുഗ്രഹമാവുകയാണ്. കഴിഞ്ഞദിവസം വലിയ ഭക്തജനത്തിരക്കുണ്ടായ ദിവസം മറ്റ് സേവനങ്ങൾക്കും ഇവിടത്തെ ജീവനക്കാർ തയ്യാറായി. ഏറെനേരം വരിനിന്ന് തളർന്ന കുട്ടികൾക്കും പ്രായമായവർക്കും ആശുപത്രിയിൽ അഭയം നൽകി. തളർന്നുവീഴാറായവരെ കൈപിടിച്ച് ആശുപത്രിയിലെത്തിച്ചു. ഇവർക്ക് തങ്ങാനുള്ള ഇടമൊരുക്കിയ ജീവനക്കാർ ഭക്ഷണവും കുടിവെള്ളവും മരുന്നും നൽകി. ചികിത്സയെന്നതിന് പുറമേ ഭക്തർക്ക് എല്ലാ അർഥത്തിലും കൈത്താങ്ങായി മാറുകയാണ് ആശുപത്രിയും ഇവിടത്തെ ജീവനക്കാരും. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്നാണ് ആശുപത്രി പ്രവർത്തിപ്പിക്കുന്നത്. ആശുപത്രിയുടെ കെട്ടിടത്തിന്റെ സുവർണജൂബിലി ആഘോഷം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ബി. കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ഒ. ഷൈജു അധ്യക്ഷനായി. പത്തനംതിട്ട ഡി.എം.ഒ.(ഐ.എസ്.എം.) ഡോ. പി.എസ്. ശ്രീകുമാർ, ഡോ.ആർ. ഷാജു, ഡോ. അനീഷ് കെ.സോമൻ, ഡോ.കെ.എം. ജോസഫ്, ജിയൂഷ് സി.ടി. എന്നിവർ സംസാരിച്ചു.
Content Highlights: ayurvedha hospital at sabarimala sannidhanam
Published: 14 Dec 2023, 05:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented