
കൊച്ചി: അശ്വന്ത് കോക്ക് തുടങ്ങിയ എഫ് എഫ് സി എന്ന രഹസ്യ ഗ്രൂപ്പിലുണ്ടായിരുന്നവരാണ് മലയാള സിനിമകൾക്കെതിരേ വ്യാജ പ്രചരണം നടത്തുന്നതെന്ന് 'റാഹേൽ മകൻ കോര' എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാം. 35,000 മുതൽ ഒരു ലക്ഷം രൂപ വരെ കൊടുത്താല്‍ സിനിമ കണ്ടന്റ് പറക്കുമെന്നും ഇല്ലെങ്കിൽ നെഗറ്റീവ് വാർത്ത പ്രചരിപ്പിക്കുമെന്നും ഉബൈനി പറയുന്നു. സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ ഉബൈനിയുടെ പരാതിയെ തുടർന്ന് കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. യൂട്യൂബ്, ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളടക്കം ഒൻപത് പേർക്കെതിരേയാണ് കേസ്. സിനിമ റിവ്യൂ ബോംബിങിനെതിരേ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. സിനിമ റിവ്യൂ ബോംബിങിനെതിരേ താൻ കേസ് കൊടുത്ത പശ്ചാത്തലത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് 'റാഹേൽ മകൻ കോര'യുടെ സംവിധായകൻ ഉബൈനി.
സിനിമയുടെ റിലീസിന് മുമ്പ് തന്നെ സിനിമ മോശമാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയാണോ?
തന്റെ സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ മറ്റൊരു രാജ്യത്ത് നിന്നും ചിത്രത്തിനെതിരേ നെഗറ്റീവ് റിവ്യൂ ഒരാൾ കൊടുത്തിരുന്നു. ആ പോസ്റ്റ് കാണുന്നവർ സ്വാഭാവികമായും സിനിമ കാണാതിരിക്കാനായിരിക്കും ശ്രമിക്കുക. ഇതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് സിനിമ റിലീസ് ആയതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ സിനിമ മോശമാണെന്ന് പറഞ്ഞ് ഒരു യൂട്യൂബ് ചാനലിൽ വീഡിയോ വന്നിരുന്നു. അവരുടെ ഒരേ കണ്ടന്റ്, ഒരേ അവതാരക, മൂന്നോ നാലോ ചാനലുകളിലായി കണ്ടു. റിവ്യൂ അല്ല പകരം റോസ്റ്റിങ് ആണ് ചെയ്യുന്നത്. ഇതുപോലെ തന്നെ സിനിമ കാണാതെ ആരോ പറയുന്നു എന്ന് വിശ്വസിപ്പിച്ചുകൊണ്ട് മലയാള സിനിമയേയും സിനിമാപ്രവർത്തകരേയും അശ്വന്ത് കോക്ക് എന്ന വ്യക്തി അവഹേളിക്കുന്നതിന്റെ യഥാർത്ഥ വസ്തുത എന്താണെന്നും ഉബൈനി ചോദിക്കുന്നു.
യൂട്യൂബും ഫെയിസ്ബുക്കും മറുപടി പറയണം
യൂട്യൂബും ഫെയ്സ്ബുക്കും അനുവദിച്ചിട്ടാണ് ഇത്തരത്തിൽ നെഗറ്റീവ് വീഡിയോ ചെയ്യുന്നത്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിനാണ് തങ്ങളുടെ കണ്ടന്റ് കൊടുത്തിട്ടുള്ളത്. അത് പണം നൽകി അവർ വാങ്ങിയതാണ്. എന്നാൽ യൂട്യൂബിൽ റാഹേൽ മകൻ കോര എന്ന് ടെെപ്പ് ചെയ്യുമ്പോൾ ഇത്തരത്തിൽ റോസ്റ്റിങ് നടത്തുന്നവർ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കണ്ടന്റുകളും അവിടെ കൊണ്ടുവന്ന് ഇട്ടിരിക്കുകയാണ്. കൂടാതെ അത് നെഗറ്റീവ് റിവ്യൂസും ആണ്. അങ്ങനെ വരുമ്പോൾ പണം കൊടുത്ത് നമ്മുടെ കണ്ടന്റ് വാങ്ങിയ മ്യൂസിക് 247 ന്റെ പ്രാധാന്യം എവിടെപ്പോയി. ഇത് അനുവദിക്കുന്നത് യൂട്യൂബും ഫേസ്ബുക്ക് ആണ്. ഞാൻ കൊടുത്ത പരാതിയിലെ പ്രതികളാണ് ഇവർ. യൂട്യൂബും ഫെയ്സ്ബുക്കും ഇതിന് മറുപടി പറയണം.
മുപ്പത്തി അയ്യായിരം മുതൽ ഒരു ലക്ഷം രൂപവരെ; തട്ടിപ്പ് പലവിധം
സിനിമയുമായി ബന്ധപ്പെട്ട് പല തട്ടിപ്പുകളും നടക്കുന്നുണ്ട്. അതിലൊന്നാണ് മെസേജ് ക്യാമ്പെയിൻ. അവർക്ക് കണ്ടന്റ് കൊടുത്തു കഴിഞ്ഞാൽ എല്ലാ സിനിമ ഗ്രൂപ്പുകളിലേയ്ക്കും കണ്ടന്റ് വേഗത്തിൽ അയക്കുമെന്നാണ് പറയുന്നത്. ഇതിനായി 35,000 മുതൽ ഒരു ലക്ഷം രൂപവരെയാണ് പലരും ആവശ്യപ്പെടുന്നത്. പ്രമോഷൻ ഫീൽഡിൽ ഇത്തരം തട്ടിപ്പുകളെല്ലാം ഇപ്പോൾ നടക്കുന്നുണ്ട്. പണം കൊടുത്തില്ലെങ്കിൽ ഇത് നെഗറ്റീവായി പ്രമോട്ട് ചെയ്യുമെന്നതാണ് പ്രത്യേകത.
റീച്ച്, സബ്സൈക്രബേഴ്സ്, റവന്യൂ
കഴിഞ്ഞദിവസം ഒരു വീഡിയോ കണ്ടിരുന്നു. കുറച്ചു ഫോളോവേഴ്സ് മാത്രമാണ് അവർക്കുള്ളത്. "ഞങ്ങൾക്ക് കുറച്ചുദിവസമായി കണ്ടന്റൊന്നുമില്ലായിരുന്നു, ഞങ്ങൾ വീഡിയോ തുടങ്ങുകയാണ് എന്ന് പറഞ്ഞാണ് തുടക്കം... പിന്നീട് സിനിമയെ റോസ്റ്റ് ചെയ്യുകയാണ്. അതിന് ചുവടെയായി കൊടുത്തിരിക്കുന്നതെല്ലാം ഞങ്ങളുടെ സിനിമയുടെ ഹാഷ് ടാഗും മറ്റുമാണ്. കോടതിയിൽ ഞാൻ സമർപ്പിക്കാൻ പോകുന്ന പ്രധാനപ്പെട്ട ഒരു വീഡിയോയും അതാണ്. കണ്ടന്റുകൾ കിട്ടാത്തതുകൊണ്ടും വരുമാനം ഉണ്ടാക്കാനും സബ്സ്ക്രൈബേഴ്സിനെ കൂട്ടാനും കണ്ടെത്തുന്ന മാർഗമായി മാറുകയാണ് ഇത്തരത്തിൽ സിനിമ റിവ്യൂ. നിർമാതാവ് പണം മുടക്കി നിർമിക്കുന്ന സിനിമയുടെ പോസ്റ്ററുകളും വീഡിയോ കണ്ടന്റുകളും സിനിമക്കെതിരായി മറ്റൊരാൾ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതിനൊരു കടിഞ്ഞാൺ വേണം. മറ്റൊരാൾ നിർമ്മിച്ച സിനിമ, വീഡിയോ, സിനിമയിൽ അഭിനയിച്ച ആൾക്കാർ ഇവരെയെല്ലാം വ്യക്തിഹത്യ നടത്തിയാണ് വ്‌ളോഗേഴ്‌സ് അല്ലെങ്കിൽ കണ്ടന്റ് ക്രിയേറ്റേഴ്സ് പണം സമ്പാദിക്കുന്നത്. ഇത് വലിയൊരു വിഷയമാണ്. സിനിമ ഇറങ്ങി 24 മണിക്കൂർ പോലും ആകുന്നതിന് മുമ്പാണ് ഇത്തരത്തിൽ നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത്. ഇത് സിനിമക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നില്ല.
മലയാള സിനിമയുടെ ആസ്ഥാന ജഡ്ജസ് ആണ് പലരും
അശ്വന്ത് കോക്ക് എന്നൊരു വ്യക്തിയാണ് മലയാള സിനിമയിൽ 'റോസ്റ്റിംഗ്' എന്ന പരിപാടി കൊണ്ടുവന്നത്. തമിഴ്നാട്ടിൽ ഇയാളെപോലൊരു വ്യക്തിയുണ്ടായിരുന്നു. വലിയ വലിയ താരങ്ങളെയെല്ലാം തെറി പറഞ്ഞ് പ്രശസ്തരായ പലരേയും നമുക്കറിയാം. രാജ്യത്തിന് പുറത്തിരുന്നാണ് മുമ്പ് പലരും ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്. അവർക്കെതിരേ പ്രതികരിക്കാൻ ആർക്കും പറ്റിയിട്ടില്ല. ഒരു മത്സരം നടക്കുന്നതുപോലെയാണ് സിനിമയെ കാണുന്നതും വിധിയെഴുതുന്നതും. മലയാള സിനിമയുടെ ആസ്ഥാന ജഡ്ജസ് ആയാണ് പലരും സ്വയം വിശേഷിപ്പിക്കുന്നത്. അവർ പറഞ്ഞാലേ സിനിമ നല്ലതാവുകയുള്ളൂവെന്നാണ് പലരും കരുതിയിരിക്കുന്നത്. അശ്വന്ത് കോക്ക് തുടങ്ങി വെച്ചൊരു എഫ് എഫ് സി എന്നൊരു സീക്രട്ട് ഗ്രൂപ്പുണ്ട്. അതിൽ നിന്ന് പിരിഞ്ഞവരാണ് വ്യാജ ഐഡികളിലൂടെ സിനിമകൾക്കെതിരേ വ്യാജ പ്രചരണം നടത്തുന്നത്. എല്ലാത്തിനെതിരേയും നെഗറ്റീവായി പറഞ്ഞാൽ അതിനെതിരേ പ്രതികരിക്കാനാളില്ലെന്ന് കണ്ടാൽ ഇതൊരു തെരുവ് യുദ്ധമായി മാറും, സിനിമ റിവ്യൂ ബോംബിങിന് കടിഞ്ഞാണിടണം. സാധാരണക്കാരനായ ഒരാൾ ഇതെല്ലാം കാണുമ്പോൾ സിനിമ മോശമായി കൊണ്ടിരിക്കുകയാണെന്നായിരിക്കും ചിന്തിക്കുക.
കൃത്യമായ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരേണ്ടതുണ്ട്
റാഹേൽ മകൻ കോര എത്ര ദിവസം തിയേറ്ററിൽ നിൽക്കുമെന്നത് രണ്ടാമതാണ്. മലയാള സിനിമ ഇവിടെ നിലനിൽക്കേണ്ടുന്ന വ്യവസായമാണ്. ചാവേർ പോലുള്ള വൻ ബജറ്റിലുള്ള ചിത്രങ്ങളെല്ലാം കോടികൾ മുടക്കിയാണ് നിർമിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് എത്രത്തോളം രൂപ കളക്ഷൻ വരുമെന്ന് ചിന്തിക്കാവുന്നതാണ്. ഇനീഷ്യൽ കളക്ഷനെയാണ് ഇത്തരം നെഗറ്റീവ് റിവ്യൂകൾ വഴി ഇല്ലാതാവുക. സിനിമ നിർമിക്കുമ്പോൾ പതിനെട്ട് ശതമാനം ടാക്സ് കൊടുക്കുന്നുണ്ട്. സിനിമ റിവ്യൂ ബോംബിങിനെതിരേ കോടതിയും സർക്കാരുമെല്ലാം ഇതിനായി കൃത്യമായൊരു നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Film will be boosted if given thirty five thousand to one lakh rupees, otherwise negative review
Published: 25 Oct 2023, 07:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented