സാധാരണ ഒരു മാസംകൊണ്ട് സാധിക്കുന്നതിലുപരി നന്മയും ആത്മീയപ്രഭാവവും റംസാന്‍ പകര്‍ന്നുനല്‍കുന്നു. റംസാന് ഇത്രയേറെ മഹത്ത്വം കിട്ടിയതിന്റെ കാരണങ്ങള്‍ പലതാണ്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണതില്‍ പ്രധാനം. മറ്റൊന്നാണ് വ്രതാനുഷ്ഠാനം. നോമ്പ് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. നോമ്പനുഷ്ഠിക്കുന്നതിനുള്ള കാലം നിര്‍ണയിച്ചപ്പോള്‍ അതിന്റെ പ്രത്യേകതകൂടി അല്ലാഹു എടുത്തുപറയുന്നു: ''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും സന്മാര്‍ഗത്തിനും സത്യാസത്യ വിവേചനത്തിനുമുള്ള തെളിവുകളായും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റംസാന്‍. അതിനാല്‍ അതില്‍ സാധ്യമുള്ളവര്‍ നോമ്പനുഷ്ഠിക്കട്ടെ''.

To advertise here,

ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതോടെ റംസാനിന്റെ പവിത്രതയും പ്രധാന്യവുമേറി. നബിയോട് ഒരാള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ സത്യം വിശ്വസിക്കുകയും സക്കാത്ത് നല്‍കുകയും അഞ്ചുനേരം നമസ്‌കരിക്കുകയും റംസാന്‍ നോമ്പനുഷ്ഠിക്കുകയും റംസാനിലെ നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍പ്പെട്ടവനാകും?'' നബി പറഞ്ഞു: ''രക്തസാക്ഷികളിലും പുണ്യവാന്മാരിലും''.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് പാപമോചനം. പാപക്കറ പുരളാനേറെ സാധ്യതയുള്ള സാഹചര്യമാണിന്നുള്ളത്. അങ്ങനെ സംഭവിച്ചാല്‍ അതില്‍നിന്ന് രക്ഷപ്പെടാനും ശുദ്ധീകരിക്കാനുമുള്ള അവസരംവേണം. റംസാനില്‍ പാപം പൊറുക്കപ്പെടുമെന്നുമാത്രമല്ല, ആ അവസരം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുമുണ്ട്.