സ്‌നേഹവും സമാധാനവും നന്മയുംനിറഞ്ഞ സന്തുഷ്ടജീവിതമാണ് ഏതൊരാളുടെയും ആഗ്രഹവും അഭിലാഷവും. അതിനുവേണ്ടിയാണ് മനുഷ്യന്‍ സദാ ചിന്തിക്കുന്നതും പകലന്തിയോളം പണിയെടുക്കുന്നതും. എന്നാല്‍, അധികാരം, പ്രശസ്തി, പണം, ഭക്ഷണം, ലഹരി, ലൈംഗികത തുടങ്ങിയ പലതരത്തിലുള്ള ആസക്തികളാണ് മനഷ്യനെ പിടികൂടുന്നത്. അതില്‍ പ്രധാനമാണ് പേരിനും പെരുമയ്ക്കുമുള്ള ആസക്തിയും ആദരവിനും അംഗീകാരത്തിനുമുള്ള അമിത താത്പര്യവും. ഇത്തരം ആസക്തികളെ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

To advertise here,

ആസ്വാദന തത്പരതയും ധനമോഹവും ഔന്നിത്യചിന്തയുമാണ് ആസക്തികളുടെ അടിസ്ഥാനഹേതു. പ്രവാചകര്‍ പറഞ്ഞു: ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്വര ലഭിച്ചാല്‍, രണ്ട് താഴ്വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറയ്ക്കുകയില്ല.'' ധനത്തോടുള്ള ആര്‍ത്തി വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുപോകാനും ഉറ്റവരെത്തന്നെ ഒറ്റപ്പെടുത്താനും കൊല്ലാക്കൊല നടത്താനും പ്രേരിപ്പിക്കും.

തിന്മകളോടുള്ള ആഭിമുഖ്യം ഉച്ചാടനം ചെയ്യുന്നതിനുള്ള വ്യത്യസ്ത പരിശീലനങ്ങള്‍ സര്‍വമതങ്ങളും സമര്‍പ്പിക്കുന്നുണ്ട്. വിശുദ്ധ ഇസ്ലാം ആസക്തികളുടെ ദൂഷ്യങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മദ്യാസക്തിയുടെ ഭവിഷ്യത്തുകളെ ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ: 'നിശ്ചയം പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും സ്രഷ്ടാവിനെ ഓര്‍ക്കുന്നതില്‍നിന്നും നിസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്) വിരമിക്കാന്‍ ഒരുക്കമുണ്ടോ?'' (സൂറതുല്‍ മാഇദ: 91).

ആസക്തികളുടെ വേരുകളറുത്തു മാറ്റാന്‍ ശരിയായ ആരാധനകളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഉപവാസമാണ് ആസക്തിളെ ജയിക്കാനുള്ള ഏറ്റവും വലിയ ആയുധം.