സമയത്തോളം വിലയേറിയ മറ്റൊന്നില്ല. ശതകോടികള്‍ നഷ്ടമായാല്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍, നഷ്ടമായ സമയത്തില്‍ ഒരു സെക്കന്‍ഡുപോലും തിരിച്ചുലഭിക്കില്ല. ''നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം''എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ വാക്കുകള്‍ നമുക്കുള്ള വലിയ സന്ദേശമാണ്. സമയമാണ് ജീവിതം, സമയം പാഴാക്കുക എന്നാല്‍, ജീവിതം പാഴാക്കുക എന്നാണതിനര്‍ഥം.

To advertise here,

അതുകൊണ്ട്, വെറുംവര്‍ത്തമാനങ്ങളിലും മറ്റും സമയം പാഴാക്കാതെ തങ്ങളുടെ നിയോഗദൗത്യം പൂര്‍ത്തീകരിക്കാന്‍ നാം കര്‍മനിരതരാകണം. താബിഉകളില്‍ പ്രമുഖനായ ആമിറുബ്നു ഖൈസിനോട് ഒരാള്‍ വന്ന് വല്ല ഉപദേശവും നല്‍കൂ എന്ന് പറഞ്ഞപ്പോള്‍, സൂര്യനെ പിടിച്ചുവെക്കൂ, എന്നാല്‍ ഞാന്‍ സംസാരിക്കാം എന്നായിരുന്നു പ്രതിവചിച്ചത്. എന്റെ ആയുസ്സില്‍നിന്ന് ഒരു ദിവസം കുറഞ്ഞുപോവുകയും എന്റെ സത്കര്‍മങ്ങളില്‍ ഒന്നും ഏറാതിരിക്കുകയും ചെയ്യുന്ന ഒരു ദിവസമോര്‍ത്ത് ഞാന്‍ ദുഃഖിച്ചതുപോലെ മറ്റൊരു കാര്യമോര്‍ത്തും ഞാന്‍ ദുഃഖിച്ചില്ല എന്ന് പരിതപിച്ചത് പ്രമുഖ സ്വഹാബിവര്യന്‍ അബ്ദുല്ലാഹിബ്നു മസ്ഊദാ(റ)യിരുന്നു.

ഒന്നില്‍മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവെക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്മെന്റ് എന്ന് പറയുന്നത്. ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ് ഭൂരിപക്ഷവും. അതിനാല്‍ സദാ നാം കര്‍മനിരതരാകേണ്ടതുണ്ട്. 'നിങ്ങള്‍ ഒരു ജോലിയില്‍നിന്ന് വിരമിച്ചാല്‍ അടുത്തതില്‍ വ്യാപൃതരാവുക' എന്ന ഖുര്‍ആന്‍ വചനം ചൂണ്ടിക്കാട്ടുന്നതും അതുതന്നെയാണ്.

ജീവിച്ച ആയുസ്സിലെ ദിവസങ്ങളുടെ എണ്ണത്തെക്കാള്‍ പേജുകള്‍ ഗ്രന്ഥരചന നടത്തിയ മഹാമനീഷികള്‍ നമുക്കു മുന്‍പേ കടന്നുപോയിട്ടുണ്ട്. അവര്‍ക്കെല്ലാം ഒരുദിവസത്തില്‍ 24 മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.