മനുഷ്യജീവനും അഭിമാനത്തിനും സുരക്ഷയ്ക്കുമൊക്കെ വലിയ പവിത്രത കല്പിച്ച മതമാണ് ഇസ്ലാം. ഘാതകന് ഇസ്ലാം അനുശാസിക്കുന്നത് തുല്യശിക്ഷയാണ്. വധിച്ചവര്‍ കൂടുതലുണ്ടെങ്കിലും സര്‍വരും കൊല്ലപ്പെടും. മനുഷ്യജീവന്റെ വിലയാണത് വിളിച്ചോതുന്നത്.

To advertise here,

കൊലപാതകം സര്‍വവ്യാപിയായിരിക്കുകയാണ്. നിസ്സാരകാര്യങ്ങള്‍ക്കുപോലും അപരരുടെ ജീവനെടുക്കാന്‍ മടിക്കാത്ത ചില നരാധമന്മാര്‍ നമുക്കിടയില്‍ ജീവിക്കുന്നു.

ആദിമപിതാവ് ആദംനബിയുടെ മകന്‍ ഖാബീലാണ് ഭൂമിയിലെ പ്രഥമഘാതകന്‍. സഹോദരന്‍ ഹാബീലിനോടുള്ള വൈരാഗ്യമായിരുന്നു വധത്തിന്റെ കാരണം. ലോകത്തുണ്ടാകുന്ന ഏത് കൊലപാതകത്തിന്റെയും ഒരു വിഹിതം ഖാബീലിനുണ്ടായിരിക്കും.

ലോകത്തെ ആദ്യകൊലപാതകം സംബന്ധിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ''ഈ വധമുണ്ടായ കാരണത്താല്‍, ഇസ്രയേല്യര്‍ക്ക് ഇപ്രകാരം നാം വിധി നല്‍കി: പ്രതിക്രിയയായോ നാട്ടില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാള്‍ മറ്റൊരാളെ വധിച്ചാല്‍ മര്‍ത്ത്യകുലത്തെ ഒന്നടങ്കം അവന്‍ കൊന്നതുപോലെയാണ്. ഒരാളെ കൊലയില്‍നിന്ന് വിമുക്തനാക്കിയാല്‍ മനുഷ്യരെ മുഴുവന്‍ അതില്‍നിന്ന് രക്ഷിച്ചതുപോലെയും. നമ്മുടെ ദൂതന്മാര്‍ സ്പഷ്ടദൃഷ്ടാന്തങ്ങളും കൊണ്ടുചെന്നിട്ടും അവരിലധികംപേരും പിന്നെയും ഭൂമിയില്‍ അതിക്രമം കാട്ടുകയാകുന്നു.''

ജീവിക്കാനുള്ള അവകാശം സ്രഷ്ടാവ് മനുഷ്യന് വകവെച്ചുനല്‍കിയതാണ്. അത് നിഷേധിക്കാന്‍ അടിമകളായ മനുഷ്യര്‍ക്ക് അവകാശമില്ല. എല്ലാ മതത്തിലും മനുഷ്യവധം അതിഗുരുതരമായ പാതകംതന്നെ.