അനുഗൃഹീതമായ റംസാന്‍ ആഗതമായിരിക്കുന്നു. വിശ്വാസികള്‍ക്കിത് അനുഗ്രഹങ്ങളുടെയും ആത്മീയാനുഭൂതിയുടെയും സവിശേഷകാലം. സര്‍വമേഖലകളും നന്മകള്‍കൊണ്ട് ധന്യമാകുന്ന പവിത്രമായ ദിനരാത്രങ്ങളാണിത്. കാരുണ്യത്തിന്റെയും മാനവികതയുടെയും സന്ദേശം സര്‍വരിലേക്കും എത്തിക്കാനുള്ള സുവര്‍ണാവസരമാണിത്. നമസ്‌കാരവും മറ്റ് അനുഷ്ഠാനകര്‍മങ്ങളും വര്‍ധിപ്പിക്കുന്നതിനൊപ്പം വിശുദ്ധമതത്തിന്റെ സൗന്ദര്യവും ലാളിത്യവും ജനങ്ങളെ പരിശീലിപ്പിക്കാനുള്ള സമയംകൂടി നാം കണ്ടെത്തേണ്ടതുണ്ട്. പ്രസ്തുതപരിശീലനങ്ങള്‍ക്ക് അവനവന്റെ കര്‍മങ്ങളില്‍നിന്നാണ് നാന്ദികുറിക്കേണ്ടത്. നല്ലമനുഷ്യനാകാനുള്ള തയ്യാറെടുപ്പിന്റെ ഭൂരിഭാഗവും ഈ പുണ്യമാസത്തില്‍ പരിശീലിക്കാനും പകര്‍ന്നുകൊടുക്കാനും നാം പ്രത്യേകം ശ്രദ്ധിക്കണം.

To advertise here,

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികഘടനയെ ക്രമപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളിയാകേണ്ട വേളയായി ഈ വ്രതക്കാലത്തെ പുനഃക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ആരാധനകളില്‍ ഏറ്റവും സന്ദര്‍ഭോചിതമായ ശൈലി ഇതായിരിക്കും. എല്ലാവിധ അരാജകത്വങ്ങളും സമൂഹത്തില്‍ അതിവേഗം വ്യാപിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സര്‍വാംഗീകൃതമൂല്യങ്ങള്‍ അന്യംനില്‍ക്കുന്ന കാലഘട്ടമാണിത്. മാതാവിനെ കൊന്നശേഷമുള്ള മൊഴിയെടുപ്പില്‍ ജനിപ്പിച്ചതിനുള്ള ശിക്ഷയാണെന്നു പറയുന്ന മക്കളുള്ള ലോകം. സ്വന്തക്കാരായ അഞ്ചുപേരെ നിഷ്‌കരുണം കൊലചെയ്ത വാര്‍ത്തകേട്ട മരവിപ്പ് ഇപ്പോഴും നമ്മെ വിട്ടുമാറിയിട്ടില്ല. കൊലയും അക്രമവും നിത്യവാര്‍ത്തയായിരിക്കുന്നു. ഉറ്റവരും ഉടയവരുമാണ് ഇരകളെന്നത് ഏറെ ഗൗരവതരം.

പാരമ്പര്യമായി സംരക്ഷിച്ചുപോരുന്ന നമ്മുടെ കുടുംബസംവിധാനം തകര്‍ന്നിരിക്കുന്നു. പരസ്പരം സംസാരിക്കാനുള്ള അവസരം ലഭ്യമാകുന്നേയില്ല. മകന്റെയും മകളുടെയും ലോകം ഏതാണെന്നു തിരിച്ചറിയാന്‍സാധിക്കാത്ത അവസ്ഥ. ലഹരിമാഫിയ നമ്മുടെ സാമൂഹികഘടനയെ അതിരഹസ്യമായി അട്ടിമറിച്ചിരിക്കുന്നു. ഏതുസമയത്തും എല്ലാവരും അകപ്പെടാവുന്നവിധത്തിലുള്ള കെണികള്‍ നമ്മുടെ കുട്ടികളെ വലയംചെയ്തിരിക്കുന്നു. കുടുംബത്തിലെ അരക്ഷിതാവസ്ഥ, മാതാപിതാക്കളുടെ പെരുമാറ്റം, ലക്ഷ്യബോധമില്ലായ്മ തുടങ്ങി വിവിധകാരണങ്ങള്‍ക്ക് കേവലപരിഹാരമായാണ് നമ്മുടെ മക്കള്‍ ലഹരിയില്‍ അഭയംതേടുന്നത്. നമ്മള്‍പോലും അറിയാതെ ഭാവിതലമുറയെ നമുക്ക് നഷ്ടപ്പെടുകയാണ്.

ലഹരിനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി എല്ലാവരും ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വന്തം ക്ലാസിലെ വിദ്യാര്‍ഥിയെ ആക്രമിച്ച്, അതില്‍ ആഹ്ലാദംകൊണ്ട് വാട്സാപ്പ് ഗ്രൂപ്പില്‍ വോയ്സ് വിടുന്ന സമീപനങ്ങളുടെ കാലുഷ്യങ്ങള്‍ നാം അനുഭവിക്കുന്നു. താമരശ്ശേരിയിലെ പത്താംക്ലാസുകാരന്‍ ഷഹബാസിന്റെ കൊലപാതകമാണ് അവസാന ഉദാഹരണം. സംസാരിച്ചാല്‍ തീരാവുന്ന ചെറിയപ്രശ്‌നങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുന്ന സാഹചര്യങ്ങളുടെ ഇരയായി അവന്‍. ഗൗരവത്തോടെയും ജാഗ്രതയോടെയും ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്.

പുതിയ ജീവിതക്രമങ്ങള്‍ തുടങ്ങാന്‍ എല്ലാവരും താത്പര്യപ്പെടുന്ന റംസാനില്‍ കൃത്യമായ പരിശീലനങ്ങള്‍ മക്കള്‍ക്കുനല്‍കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. മാതാവും പിതാവും സഹോദരന്മാരും അധ്യാപകരും അവരുടെ സൗഹൃദങ്ങളുടെ മുന്‍ഗണനാലിസ്റ്റില്‍വരണം.

കൗമാരക്കാര്‍ക്ക് കൃത്യമായ മെന്ററിങ് സിസ്റ്റം നടപ്പാക്കാന്‍ മഹല്ലുകളും സന്നദ്ധപ്രവര്‍ത്തകരും കൂട്ടായ്മകളും ക്ലബ്ബുകളും മുന്നോട്ടുവരണം. ഓരോ വിദ്യാര്‍ഥിയും കടന്നുപോകുന്ന സാഹചര്യങ്ങള്‍, ചുറ്റുപാടുകള്‍, സൗഹൃദവലയങ്ങള്‍ എന്നിവ കൃത്യമായി പഠിച്ചുകൊണ്ട് ഓരോ കുട്ടിക്കും ഒരു മെന്റര്‍ അല്ലെങ്കില്‍ നിശ്ചിതഗ്രൂപ്പുകള്‍ക്ക് ഒരു മെന്റര്‍ എന്നനിലയില്‍ മെന്റര്‍ഷിപ്പ് സംവിധാനം വികസിപ്പിക്കുകയും സാമൂഹികശാസ്ത്ര വിഷയങ്ങളിലും ട്രെയിനിങ് മേഖലകളിലും താത്പര്യക്കാരായവരെ മെന്റര്‍മാരായിനിര്‍ത്തി തലമുറയെ സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്വമായിക്കാണണം.

ശരിയായ രക്ഷാകര്‍ത്തൃത്വത്തിന് അവസരംനല്‍കുകയും പൗരബോധവും മൂല്യബോധവും കൗമാരക്കാരില്‍ സന്നിവേശിപ്പിക്കാനുള്ള ബഹുജനപദ്ധതികള്‍ സര്‍ക്കാര്‍സംവിധാനങ്ങളും സ്വകാര്യസംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുകയും പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുകയുംവേണം. വിശ്വാസികള്‍ ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും സഹകരിച്ചും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ നല്‍കിയും വ്രതനാളുകളെ സമീപിക്കേണ്ടത് നിര്‍ബന്ധബാധ്യതകൂടിയാണ്.

ബാല്യവും കൗമാരവും യുവത്വവുമെല്ലാം സാമൂഹികക്രമത്തിന്റെ ഉന്നമനം പ്രതീക്ഷിക്കുന്ന ജൈവഘടികാരങ്ങളാണ്. അത് സുരക്ഷിതമാവുന്ന ഇടങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിച്ചിറങ്ങാം. വിദ്യാര്‍ഥിത്വം വീടിനും നാടിനും പ്രത്യാശനല്‍കുന്ന മേഖലയാണ്. വ്രതവസന്തം നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിന്റെ വസന്തംകൂടിയാവട്ടെ.