ജീവിതം ശുദ്ധീകരിക്കാനും കുറവുകളെ പരിഹരിക്കാനും ഊര്‍ജ്ജസ്വലതയുള്ള പുതിയ മനുഷ്യനെ നിര്‍മിക്കാനുമുള്ള വലിയ അവസരമാണ് റംസാന്‍ വാഗ്ദാനം ചെയ്യുന്നത്. നന്മയും അവസരങ്ങളും പ്രതിഫലങ്ങളും കാരുണ്യവുമടക്കം ഒട്ടേറെ സുഗന്ധങ്ങളാണ് ഈ വ്രതകാലത്തിന്റെ സമ്മാനങ്ങള്‍. റംസാനിന്റെ അകക്കാമ്പ് തൊട്ടറിഞ്ഞ് സത്കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ അതി ശ്രദ്ധാലുക്കളായിരുന്നു മുന്‍ഗാമികളായ മഹത്തുക്കള്‍. സവിശേഷനാളുകളെ അവര്‍ അതി പ്രാധാന്യത്തോടെ കണ്ടു. മനുഷ്യരുടെ വഴികാട്ടിയായ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാല്‍ത്തന്നെ ഖുര്‍ആന്‍ പാരായണംകൊണ്ട് അവര്‍ ഈ കാലത്തെ സമ്പന്നമാക്കി. രാവു പുലരുംവരെ നിസ്‌കരിച്ചും ദാനധര്‍മങ്ങള്‍ ചെയ്തും സ്രഷ്ടാവിലേക്ക് കൂടുതലടുക്കാന്‍ അവര്‍ മത്സരിച്ചു. പ്രതിസന്ധികളും പ്രയാസങ്ങളും തീക്ഷ്ണമായ ഇക്കാലത്ത് കൂടുതല്‍ ഉത്സാഹത്തോടെ ആരാധനകള്‍ നിര്‍വഹിക്കാനും ആത്മധൈര്യവും സമ്പന്നതയും കൈവരിക്കാനും വിശ്വാസികള്‍ തയ്യാറാവേണ്ടതുണ്ട്.

To advertise here,

ആമാശയത്തോടൊപ്പം മറ്റു അവയവങ്ങളെക്കൂടി പരിരക്ഷിക്കുമ്പോഴാണ് വ്രതം കൂടുതല്‍ മൂല്യമുള്ളതാവുന്നത്. നേത്രം, ചെവി, നാവ്, കൈകാലുകള്‍ എന്നിവയെ സംരക്ഷിക്കാന്‍ ഇക്കാലയളവില്‍ വിശ്വാസി സജീവശ്രദ്ധ നല്‍കണം.

മുഹമ്മദ് നബി(സ) പറയുന്നു: 'അഞ്ചു കാര്യങ്ങള്‍ നോമ്പിനെ ഫലശൂന്യമാക്കുന്നു. അസത്യം, ഏഷണി, പരദൂഷണം, കള്ളസാക്ഷിത്വം, വികാരപൂര്‍ണ ദര്‍ശനം.'

റംസാനില്‍ മുഹമ്മദ് നബിയുടെ ധര്‍മം അടിച്ചുവീശുന്ന മാരുതനെ വെല്ലുന്നതായിരിക്കുമെന്ന് ഹദീസുണ്ട്. എല്ലാവര്‍ക്കും കാരുണ്യവും സ്‌നേഹവും നല്‍കുന്നതായിരുന്നു നബിയുടെ വ്രതകാലം. പട്ടിണി കിടക്കുന്നവര്‍ക്ക് നോമ്പ് പൂര്‍ത്തിയാക്കാനാവശ്യമായ ഭക്ഷണങ്ങള്‍ എത്തിച്ചും വൃദ്ധര്‍, കുട്ടികള്‍, രോഗികള്‍, വിധവകള്‍ തുടങ്ങിയവരെ പ്രത്യേകം പരിഗണിച്ചുമായിരുന്നു തിരുനബി റംസാനിനെ ഉപയോഗപ്പെടുത്തിയത്. മാതാപിതാക്കള്‍, ഭാര്യ, സന്താനങ്ങള്‍, കുടുംബം, അയല്‍വാസികള്‍ തുടങ്ങിയവരെ റംസാനില്‍ പ്രത്യേകം പരിഗണിക്കണം.