അധ്യാപികയും എഴുത്തുകാരിയുമായ വി.കെ. ദീപ റംസാന്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു

ഇരുപത്തിയേഴാം രാവിന് അമ്മമ്മയുടെ കൂട്ടുകാരി പാത്തു ഉമ്മച്ചി കൊടുത്തയച്ചിരുന്ന നാളികേരക്കൊത്തിട്ട കല്‍ത്തപ്പവും നെയ്യപ്പവും ആയിരുന്നു കുട്ടിക്കാലത്ത് എനിക്ക് റംസാന്‍.

To advertise here,

യു.പി. ക്ലാസില്‍ എത്തിയപ്പോഴാണ് മൈമൂനത്ത് പ്രിയ കൂട്ടുകാരിയായി വന്നത്. നോമ്പുകാലങ്ങളില്‍ ക്ലാസില്‍ തളര്‍ന്നു ക്ഷീണിച്ചിരിക്കുന്ന അവള്‍ അദ്ഭുതക്കാഴ്ചയായിരുന്നു. അവളാണ് നോമ്പിനെക്കുറിച്ചും റംസാന്‍ കാലത്തിന്റെ മഹിമയെക്കുറിച്ചും ചിട്ടകളെക്കുറിച്ചും പറഞ്ഞു തന്നത്. 'ശരിക്കും പച്ചവെള്ളം കൂടെ കുടിക്കാന്‍ പാടില്ലേ ?'ഞാന്‍. അവിശ്വസനീയതയോടെ ചോദിച്ചു. അവള്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോള്‍ അവള്‍ക്ക് മുന്നിലിരുന്ന് ഭക്ഷണംകഴിക്കാന്‍ മടി തോന്നി. വിശപ്പുകൊണ്ട് വലഞ്ഞപ്പോള്‍ അവള്‍ കാണാത്തിടത്തിരുന്ന് കുറ്റബോധമടക്കി ഭക്ഷണം കഴിച്ചു.

ലഞ്ച് സമയത്ത് ക്ലാസില്‍ നിന്ന് ഉയരുന്ന പലതരം ഭക്ഷണവസ്തുക്കളുടെ ഗന്ധത്തിനെതിരേ അവള്‍ വിശക്കുന്ന വയറുമായി ജനലിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുന്നത് ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.

ഒരു ദിവസം അവള്‍ നോമ്പുതുറയ്ക്ക് വീട്ടിലേക്ക് വിളിച്ചു.

വൈകീട്ട് അഞ്ചിന് ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് വിരുന്നുപോകുന്നത് ആദ്യമായിട്ടായിരുന്നു. സുഖകരമായ ഗന്ധങ്ങള്‍ പൊന്തുന്ന അടുക്കളയില്‍ എങ്ങനെയാണ് അവളുടെ ഉമ്മയും താത്തയും വിശന്നൊട്ടിയ വയറുമായി മാനസിക നിയന്ത്രണത്തോടെ പാചകം ചെയ്യുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

നോമ്പുതുറ സമയമായി.. . ജ്യൂസും തരിക്കഞ്ഞിയും പഴങ്ങളും ഈന്തപ്പഴവും ചെറു കടികളും ഒക്കെയായി ആദ്യ ഘട്ടം.

പിന്നീട് വിളമ്പിയത് ബിരിയാണിയും പൊരിച്ച ചിക്കനും . അതും ധാരാളം. ആണ്ടിനും സംക്രാന്തിക്കും ഒക്കെ വല്ലപ്പോഴും ഒരു മൂത്ത നാടന്‍ കോഴിക്കഷണത്തില്‍ ഒതുങ്ങിയിരുന്ന മാംസഭക്ഷണമായിരുന്നു വീട്ടില്‍ കിട്ടിയിരുന്നത്. അതു കൊണ്ടു തന്നെ ഞാന്‍ പരിചയമില്ലാത്ത പലതരം മാംസഭക്ഷണങ്ങളുടെ വിചിത്ര ലോകത്ത് അകപ്പെട്ടുപോയി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പെരുന്നാളിനും വിളിച്ചു. വീടിനകത്ത് പുതുവസ്ത്രവും മൈലാഞ്ചിയും അണിഞ്ഞ ബന്ധുക്കള്‍. അവളുടെ കൂട്ടുകാരി എന്ന നിലയില്‍ മുന്തിയ പരിഗണന തന്നെ ലഭിച്ചു. ചക്കയുടെ വെളഞ്ഞി ഉരുക്കി കൈയിലൊറ്റിച്ച് കൈനിറച്ച് മൈലാഞ്ചി ഇട്ടു തന്നു ഒരു അമ്മായി. മധുരപലഹാരങ്ങള്‍, ബിരിയാണി, നെയ്‌ച്ചോറ്, പോത്തിറച്ചി. വിവിധതരം വിഭവങ്ങള്‍. അടുത്തു നിന്ന് വിളമ്പി തീറ്റിച്ചു അവളുടെ ഉമ്മ..

വര്‍ത്തമാനങ്ങളും ഒപ്പനപ്പാട്ടും കളിചിരിയും ആയി ഒരു ആഹ്ലാദദിവസം..

വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വല്യുമ്മ 'ഒരു സൂത്രം കൂടെ തരാം .അപ്പോഴേ പെരുന്നാള്‍ മുഴുവനാവൂ' എന്ന് പറഞ്ഞ് അലമാര തുറന്നു. അതിനുള്ളില്‍ ഭംഗിയുള്ള കുഞ്ഞുകുഞ്ഞ് കുപ്പികള്‍. ഞാനാദ്യമായാണ് അത്തര്‍ കുപ്പി കാണുന്നത്, അത്തര്‍ മണക്കുന്നത്.

അവര്‍ ഒരു ചെറിയ കോലുകൊണ്ട് അത്തര്‍ തോണ്ടിയെടുത്ത്‌ ൈകയിന്റെ പുറത്തും ചെവിക്കു പിന്നിലും പുരട്ടിത്തന്നു.

മനസ്സും വയറും നിറഞ്ഞ ആ റംസാന്‍ കാലത്തിനുശേഷമാണ് ഉള്ളില്‍ നിറയുന്ന സ്‌നേഹാദരങ്ങളോടെ റംസാനും പെരുന്നാളുമൊക്കെ എന്റേതു കൂടെയായത്.

കേരളത്തിനു പുറത്ത് പഠിക്കുന്ന എന്റെ മകള്‍ അവളുടെ കൂട്ടുകാര്‍ക്ക് ഒപ്പം പെരുന്നാള്‍ കൂടാന്‍ ഓടിവരുമ്പോഴൊക്കെയും ഓര്‍മ്മകളില്‍ മൈമൂനത്തും അത്തര്‍ സുഗന്ധവും നിറയും.