അയോധ്യയിലെത്തി രാജഭാരം ഏറ്റ രാമന്‍ പിന്നീട് സീതദേവിയ്ക്ക് നേരെ ആരോപണമുയര്‍ന്നപ്പോള്‍ അവരെ ഉപേക്ഷിക്കുന്നു.രാമന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങുന്നത് ഈ സീതാപരിത്യാഗത്തിലാണ്.ഒരു രാജ്യത്തിന്റെ സന്താനങ്ങളാണ് അവിടെ വസിക്കുന്ന പ്രജകള്‍. പിതാവിന്റെയും മാതാവിന്റെയും സ്ഥാനമാണ് മഹാരാജാവിനും മഹാറാണിയ്ക്കുമുള്ളത്. അവരാണ് പ്രജകളുടെ മാതൃക . അവരുടെ ഓരോ പ്രവൃത്തിയും ജനങ്ങളില്‍ സ്വാധീനം ചെലുത്തും. സീത സ്വയം തന്നെ രാജ്യത്തിനും പ്രജകള്‍ക്കും ഭര്‍ത്താവായ ശ്രീരാമനും വേണ്ടി രാജ്യമുപേക്ഷിക്കാന്‍ തയാറായി . ഇതിലൂടെ മഹാറാണിയുടെ കര്‍ത്തവ്യവും വിവാഹവേളയില്‍ ഏത് ദുഃഖത്തിലും ഭര്‍ത്താവിനൊപ്പം ഉണ്ടാകുമെന്നും ഭര്‍ത്താവിന്റെ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന വാക്കും സീത ദേവി പാലിക്കുന്നു.താന്‍ കാരണം മറ്റുള്ളവര്‍ തന്റെ ഭര്‍ത്താവിനെ അപമാനിക്കുന്നത് ദേവിയ്ക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു.
ഗര്‍ഭിണിയായ സീതയെ ഉപേക്ഷിക്കാന്‍ ശ്രീരാമന്‍ ആദ്യം തയാറായിരുന്നില്ല. എന്നാല്‍ സീത ദൃഢനിശ്ചയമെടുത്തിരുന്നു. ഒടുവില്‍ ശ്രീരാമന്‍ സീതയുടെ നിര്‍ണയം അംഗീകരിച്ചു എന്നാല്‍ സീതയുടെ പക്കല്‍ നിന്നും ഒരു വാക്ക് അദ്ദേഹം വാങ്ങി. മറ്റുള്ളവരെല്ലാം സീത സ്വയം രാജ്യം ഉപേക്ഷിച്ചതല്ലെന്നും താന്‍ കാരണമാണ് പോവുന്നതെന്നും കരുതണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സീത നീറുന്ന മനസ്സോടെ പതിയുടെ ആവശ്യം അംഗീകരിച്ചു. ഇതിലൂടെ ശ്രീരാമന്‍ ഉയര്‍ത്തിക്കാട്ടാന്‍ നോക്കുന്നത് സീതയുടെ പാതിവ്രത്യമാണ്. സീത സ്വയം രാജ്യം ഉപേക്ഷിച്ചു എന്ന് വന്നാല്‍ തെറ്റ് ചെയ്യാത്ത സീത കുറ്റക്കാരിയാകും. ഭര്‍ത്താവിന്റെ സാമീപ്യം ഏറ്റവും അവശ്യമായ തന്റെ ഗര്‍ഭിണിയായ ഭാര്യയെ, ഉപേക്ഷിക്കാന്‍ സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തിനെ വിവശനാക്കിയപ്പോള്‍, അദ്ദേഹം ആ കുറ്റം സ്വയം ഏറ്റെടുക്കാന്‍ ആഗ്രഹിച്ചു.
ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ്. രാമന്‍ ഒരിക്കല്‍പോലും സീതയെ അവിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ സീത മാത്രമായിരുന്നു. അശ്വമേധ യജ്ഞത്തില്‍ ഭാര്യയുടെ സാന്നിധ്യം ആവശ്യമായിരുന്നു, എന്നിരുന്നാല്‍ കൂടി അദ്ദേഹം വേറെ വിവാഹം ചെയ്തില്ല, സീതയുടെ സ്വര്‍ണ പ്രതിമ തന്റെയൊപ്പം വയ്ക്കുകയാണ് ചെയ്തത്. അതേപോലെ സീത പോയതിന് ശേഷം രാമന്‍ രാജകീയ ആര്‍ഭാടങ്ങളും ഉപയോഗിച്ചില്ല. വനത്തില്‍ സീത കഴിയുന്ന പോലെ തന്നെ അദ്ദേഹവും സാധാരണ ജീവിതം നയിച്ചു. അതേപോലെ സുരക്ഷിതമായ വാത്മീകി മഹര്‍ഷിയുടെ ആശ്രമ പരിസരത്താണ് സീതയെ ലക്ഷ്മണന്‍ രാമന്റെ അജ്ഞയാല്‍ ഉപേക്ഷിച്ചത്. ഇതിലൂടെയെല്ലാം അദ്ദേഹത്തിന് സീതയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് കാണാന്‍ സാധിക്കുന്നത് . ഇതാണ് ശ്രീരാമനെ മര്യാദ പുരുഷോത്തമനാക്കി മാറ്റുന്നത്. അതേപേലെ സീതയെ പതിവ്രതാ രത്നമാക്കുന്നതും.
സീത പരിത്യാഗത്തിലൂടെ തന്റെ പുത്രന്മാര്‍ സഹിക്കേണ്ടി വരുമായിരുന്ന പഴിയില്‍ നിന്നും ശ്രീരാമന്‍ അവരെ സംരക്ഷിച്ചു. അതേപോലെ വാത്മീകി ആശ്രമം പോലെയൊരു ശ്രേഷ്ഠമായ സ്ഥലമാണ് തന്റെ പുത്രന്മാര്‍ക്ക് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത്.സീതയും രാമനും രണ്ടല്ല മറിച്ച് ഒന്നാണ്. ഇരുവരും രണ്ട് ശരീരമെങ്കിലും ഒരു മനമാണ്. അതുകൊണ്ടുതന്നെയാണ് സീതയുടെ നാമം രാമനു മുന്നില്‍ ഉച്ചരിക്കുന്നത്.
സീത ഭൂമിയില്‍ മറഞ്ഞപ്പോള്‍ അതിതീവ്രശോകത്താല്‍ ഗ്രസിതനായി രാമന്‍ വാവിട്ടുകരഞ്ഞു. യജ്ഞദണ്ഡ് നിലത്ത് ഊന്നി നിന്നുകൊണ്ട് കരയുന്ന രാമന്‍ പറഞ്ഞു: തനിക്ക് തന്റെ സീതയെ വേണം. തനിക്ക് തന്റെ സീതയെ തന്നില്ലെങ്കില്‍ സീത പോയിടത്തേക്ക് തനിക്കും ഇടം തരിക. സീത മറഞ്ഞപ്പോള്‍ ലോകം ശൂന്യമായതായി രാമന് തോന്നി. സ്വര്‍ഗ്ഗത്തിലോ പാതാളത്തിലോ എവിടെ വേണമെങ്കിലും താന്‍ തന്റെ സീതയുമൊത്തു വസിച്ചുകൊള്ളാം. സീതാതിരോധാനം മൂലമുള്ള ശോകം രാമനെ ഉന്മത്തനാക്കി. ഭൂഗര്‍ഭത്തില്‍ മറഞ്ഞ ജനകജയെ അതേ രൂപത്തില്‍ തിരികെ തന്നില്ലെങ്കില്‍ താന്‍ ഭൂമിയെ മുടിച്ച് കരയെല്ലാം വെള്ളത്തിലാഴ്ത്തുമെന്നും കോദണ്ഡപാണിയായ രാമന്‍ അമര്‍ഷത്തോടെ പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് രാമനെ സമാശ്വസിപ്പിച്ചു.
അനന്യഹൃദയയാണ് സീത എന്ന് രാമന് അറിയാമായിരുന്നു. തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിതയായ സീതയാണ് തന്റെ ചിത്തത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്ന് രാമനറിയാമായിരുന്നു. ഏകപത്നീവ്രതനിഷ്ഠനായ രാമന്‍ സീതയെയല്ലാതെ മറ്റൊരുവളെ സ്മരിക്കുകയില്ലെന്ന് സീതയ്ക്കും അറിയാമായിരുന്നു. യജ്ഞത്തില്‍ പത്നീസമേതനായി ക്രിയ ചെയ്യേണ്ടിവന്നപ്പോഴെല്ലാം ജനകജയുടെ സ്വര്‍ണ്ണപ്രതിമയെയാണ് രാമന്‍ പത്നീ സ്ഥാനത്ത് ഇരുത്തിയത്. സൂര്യന്റെ പ്രഭ പോലെ തന്നില്‍ അന്തര്‍ലീനയായിരിക്കുന്ന സീത ഹൃദയത്തില്‍ പ്രതിഷ്ഠിതയായതുകൊണ്ട് രാമന്‍ എന്നും സീതാസമേതനായിരുന്നു. അതുകൊണ്ട് എല്ലാ യജ്ഞങ്ങളും അവര്‍ രണ്ടുപേരും അഭിന്നരായാണ് അനുഷ്ഠിച്ചത്. അനേകായിരം യജ്ഞങ്ങള്‍ ഹൃദയസ്ഥിതയായ സീതാസമേതനായും കാഞ്ചനസീതാ സമേതനായും അനുഷ്ഠിച്ച് രാമന്‍ അയോദ്ധ്യയെ സമ്പന്നവും ഐശ്വര്യപൂര്‍ണ്ണവുമാക്കി. ജനകനായ ദശരഥന്റെ വിയോഗം വന്നപ്പോള്‍ യുദ്ധകാണ്ഡത്തില്‍ അസ്ത്രമേറ്റ് അസ്തപ്രാണനായി കിടക്കുന്ന ലക്ഷ്മണകുമാരനെ കണ്ടപ്പോള്‍ രാമന്‍ കരഞ്ഞു. പക്ഷേ, ആരണ്യകാണ്ഡത്തിലും, കിഷ്‌കിന്ധാകാണ്ഡത്തിലും, സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും രാമന്‍ അലമുറയിട്ടു കരഞ്ഞത് സീതാവിയോഗത്താലായിരുന്നു.
പിന്നീട്, രാമന്‍ താന്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളൊന്നൊന്നായി ചെയ്തു തീര്‍ത്തു. ഭരതന്റെ അമ്മാവനായ യുധാജിത്തിന്റെ സന്ദേശവുമായി ഒരുദിനം ബ്രഹ്മര്‍ഷി ഗാര്‍ഗ്യന്‍ അയോധ്യയിലെത്തി. സദായുദ്ധസദ്ധരായി നിന്ന ഗന്ധര്‍വ്വന്മാരെ തോല്പിച്ച് ഗന്ധര്‍വ്വ രാജ്യത്ത് രണ്ട് നഗരികള്‍ സ്ഥാപിക്കണമെന്നതായിരുന്നു യുധാജിത്തിന്റെ ആവശ്യം. ഭരതന്‍ രാമനിര്‍ദ്ദേശമനുസരിച്ച് ഗന്ധര്‍വ്വരാജ്യം കീഴടക്കി രണ്ട് നഗരങ്ങള്‍-തക്ഷശിലയും പുഷ്‌കലാവനവും സ്ഥാപിച്ചു. തക്ഷശില ഭരതപുത്രനായ തക്ഷനും പുഷ്‌കലാവനം പുഷ്‌കലനും ഭരിച്ചു. ലക്ഷ്മണ പുത്രന്മാരായ അംഗദന് കാരുപഥമെന്ന സ്ഥലത്ത് അംഗദീയം എന്ന നഗരം നല്കി രാജാക്കന്മാരാക്കി. രണ്ടാമത്തെ മകനായ ചന്ദ്രകേതുവിനെ ചന്ദ്രകാന്തമെന്ന പുരത്തും രാജാവാക്കി വാഴിച്ചു. ശത്രുഘ്നന്റെ മധുര രാജ്യം രണ്ടായി വിഭജിച്ച് തന്റെയും പുത്രന്മാരായ സുബാഹുവിനെ മധുരയിലും ശത്രുഘാദിയെ വിദശയിലും വാഴിച്ചു. ഭരതന്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കോസലം രണ്ടായി വിഭജിച്ച് ദക്ഷിണ ദേശം കുശനും ഉത്തരദേശം ലവനും നല്കി. ദശരഥപുത്രന്മാര്‍ നാലുപേരും രാജ്യഭാരം ഒഴിഞ്ഞു.
താപസ വേഷത്തിലെത്തിയ യമധര്‍മ്മ രാജാവ് രാമനുമായി കൂടിക്കാഴ്ച നടത്താനെത്തി. താന്‍ നടത്താനാഗ്രഹിക്കുന്നത് രഹസ്യ സംഭാഷണമാണെന്നും അത് മറ്റാരും കേള്‍ക്കരുതെന്നും യമധര്‍മ്മന്‍ പറഞ്ഞു. കാര്യത്തിന്റെ ഗൗരവം ഗ്രഹിച്ച രാമന്‍ ലക്ഷ്മണനെ കാവല്‍ നിര്‍ത്തി ആരെയും അകത്തു കയറ്റി വിടരുതെന്നും ആജ്ഞ ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്നും പറഞ്ഞു. ലക്ഷ്മണന്‍ കാവല്‍നിന്നു കൊണ്ടിരിക്കെയാണ് ദുര്‍വ്വാസാവ് അവിടെ എത്തിയത്. തനിക്ക് ഉടനെ രാമനെ കാണണമെന്നും കൂടിക്കാഴ്ചയ്ക്ക് കാലതാമസം വരുത്തിയാല്‍ താന്‍ ശപിച്ച് രാജ്യത്തെ മുടിക്കുമെന്നും കോപിഷ്ഠന്‍ പറഞ്ഞു. ലക്ഷ്ണന്‍ കഴിവതും ശ്രമിച്ചുനോക്കി. പക്ഷേ, ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് അടങ്ങിയില്ല. രാമന്റെ ആജ്ഞ ലംഘിച്ചാല്‍ രാജ്യം മുടിയും. ദുര്‍വ്വാസാവ് ഋഷിയായിരുന്നു. എങ്കിലും ഔചിത്യം തീരെ ഇല്ലായിരുന്നു. രാജ്യം നശിക്കുന്നതിനെക്കാള്‍ നല്ലത് താന്‍ വധിക്കപ്പെടുന്നതാണെന്നു കരുതിയ ലക്ഷ്മണന്‍ അകത്തു ചെന്നു കാര്യം പറഞ്ഞു. പുറത്തു വന്ന രാമന്‍ ദുര്‍വ്വാസാവിനെ സംതൃപ്തനാക്കി.
ബ്രഹ്മാവ് അനുവദിച്ച ഭൗമവാസകാലം അവസാനിച്ചു എന്നറിയിക്കാനാണ് യമദേവന്‍ എത്തിയത്. അത് രാമനും അറിയാമായിരുന്നു. അതോടൊപ്പം ആജ്ഞ ലംഘിച്ച ലക്ഷ്മണനെ ശിക്ഷിക്കണം എന്നോര്‍ത്തപ്പോള്‍ രാമഹൃദയം ദുഃഖത്തില്‍ ആണ്ടു. എന്തു ചെയ്യണമെറിയാന്‍ അമാത്യന്മാരേയും ഉപാദ്ധ്യായനേയും വിളിച്ചു വരുത്തി ആലോചിച്ചു. തന്നെ ശിക്ഷിക്കുന്ന കാര്യത്തില്‍ ജ്യേഷ്ഠന്‍ പരിതപിക്കേണ്ടന്നും ധര്‍മ്മാനുസരണം താന്‍ ശിക്ഷിക്കപ്പെടണമെന്നും ലക്ഷ്മണനും പറഞ്ഞു. വധശിക്ഷയ്ക്ക് തുല്യമാണ് പരിത്യാഗമെന്നും അതുകൊണ്ട് ലക്ഷ്മണനെ ത്യജിച്ച് ശിക്ഷ നടപ്പിലാക്കണമെന്നും ബുധജനം സമ്മതം നല്കി. ലോകധര്‍മ്മത്തെ രക്ഷിക്കാനായി രാമന്‍ ലക്ഷ്മണനേയും പരിത്യജിച്ചു. സത്യം ആചരിച്ച് ധര്‍മ്മം സംരക്ഷിക്കുതിനായി രാജ്യത്തേയും സീതയേയും ലക്ഷ്മണനേയും താന്‍ ത്യജിക്കുമെന്ന് അഭിഷേക വിഘ്നം സംഭവിച്ച്, കാനനവാസത്തിനായി ഇറങ്ങിത്തിരിക്കാനിരിക്കെ കൈകേയിയോട് രാമന്‍ പറഞ്ഞത് അങ്ങനെ സത്യമായി ഭവിച്ചു. സ്വാര്‍ത്ഥം നോക്കിയിരുന്നെങ്കില്‍ രാജ്യം ത്യജിക്കാതിരിക്കാനായി കാരണങ്ങള്‍ ഒന്നിലേറെ കണ്ടെത്താമായിരുന്നു. സീതയെ ത്യജിക്കാതിരിക്കാനും കാരണമുണ്ടായിരുന്നു. അനന്യ ഹൃദയയായ സീത പരിശുദ്ധയാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുണ്ടെന്നു പറയാമായിരുന്നു. ലക്ഷ്മണ പരിത്യാഗം വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. കാരണം, ദുര്‍വ്വാസാവ് എന്ന അവിവേകിയും ക്ഷിപ്രകോപിയുമായ ഋഷിയുടെ ശാപത്തില്‍ നിന്നും അയോദ്ധ്യയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ലക്ഷ്മണന്‍ ആജ്ഞ ലംഘിച്ചത് എന്നു പറഞ്ഞ് ന്യായീകരിക്കാമായിരുന്നു. മാത്രമല്ല, ലക്ഷ്മണനും രാമനും മാത്രം അറിയാമായിരുന്ന ഉത്തരവായിരുന്നുഅത്. കേവല ധര്‍മ്മത്തെ ആസ്പദമാക്കി ഋഷിയെ പോലെ കര്‍മ്മം ചെയ്യുന്നവനും അസത്യവാക്ക് പറയാത്തവനുമായ രാമന് പക്ഷേ, അത്തരം കുമാര്‍ഗ്ഗങ്ങളൊന്നും അസ്വീകാര്യമായിരുന്നു. അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് അധര്‍മ്മത്തിന്റെ ഏറ്റവും നല്ല ഉദാഹരണം.
അര്‍ത്ഥഭോഗങ്ങള്‍ ഒന്നൊന്നായി പരിത്യജിച്ച രാമന്‍ ഒടുവില്‍ മഹാ പ്രസ്ഥാനത്തിന് തയ്യാറായി. രാമനെ അനുഗമിക്കാന്‍ ഭരതനും ശത്രുഘ്നനും തയ്യാറായി. രാമന്‍ അവര്‍ക്ക് അനുഗമിക്കാന്‍ അനുജ്ഞയും നല്‍കി. അംഗദനെ രാജ്യഭാരം ഏല്പിച്ചു രാമന്റെ അടുത്തെത്തിയ സുഗ്രീവനെ പിന്‍തുടരാന്‍ അനുവദിച്ചു. ലങ്കേശനായ വിഭീഷണനെ ഒന്നും പറയാന്‍ അനുവദിക്കാതെ ലങ്കയിലേക്ക് മടക്കി അയച്ചു. ഹനുമാനോടാകട്ടെ സത്യം ചെയ്തത് തെറ്റിക്കരുതെന്നു പറഞ്ഞു. ലോകത്ത് രാമകഥ പ്രചരിപ്പിക്കുത്രയും കാലം ജീവിച്ചിരിക്കാന്‍ വരംവാങ്ങിയ കാര്യം ഓര്‍മ്മിപ്പിച്ചു. മാരുതി ഹര്‍ഷോന്മാദത്തോടെ അതു സമ്മതിച്ചു. ജാംബവാന്‍, മൈന്ദന്‍, ദ്വിവിന്ദന്‍ എന്നിവരോട് ത്രേതായുഗാവസാനം വരെ ജീവിച്ചിരിക്കാന്‍ പറഞ്ഞു. മറ്റുള്ള വാനരന്മാരോടും ഋഷീവരന്മാരോടും തന്നോടൊപ്പം ചെല്ലാനും രാമന്‍ അനുവാദം നല്‍കി.
അടുത്ത ദിവസം പ്രഭാതത്തില്‍ മഹാപ്രസ്ഥാനം തുടങ്ങി. വാജപേയാതപത്രവും ദീപ്താഗ്‌നിഹോത്രവും ഏന്തി ബ്രാഹ്മണര്‍ മുന്‍പേ നടന്നു. വെള്ളവസ്ത്രം ധരിച്ച്, പരബ്രഹ്മ മന്ത്രം ജപിച്ച് വിരലുകളില്‍ ദര്‍ഭയിഴ ചേര്‍ത്ത് നിശബ്ദനും നിര്‍ദ്വന്ദ്വനുമായി ശ്രീരാമന്‍ കൊട്ടാരം വിട്ട് ഇറങ്ങി. പരിസേവിതരായ മന്ത്രദേവതകളും വലതുവശം ചേര്‍ന്നു മഹാലക്ഷ്മി, ഇടതുവശത്ത് ഐശ്വര്യലക്ഷ്മിയും അനുഗമിച്ചു. കോദണ്ഡമടക്കമുള്ള എല്ലാ ആയുധങ്ങളും ആള്‍രൂപം സ്വീകരിച്ച് അകമ്പടി സേവിച്ചു. വേദങ്ങളും ഓങ്കാര മന്ത്രങ്ങളും രാമനോടൊപ്പം ഉണ്ടായിരുന്നു. അന്തപ്പുര വധുക്കള്‍, ദാസിമാര്‍, ബാലന്മാര്‍, വൃദ്ധന്മാര്‍, ഷണ്ഡന്മാര്‍, പത്നിസമേതരായി ഭരതശത്രുഘ്നന്മാരും രാമനെ പിന്തുടര്‍ന്നു. എല്ലാ ഭൃത്യന്മാരും ബന്ധുക്കളും പിന്നാലെ കൂടി. സല്‍ഗുണ സമ്പരായ സകല പ്രജകളുംകുടുബസമേതം പിന്‍തുടര്‍ന്നു. പക്ഷിമൃഗാദികളും മഹാപ്രസ്ഥാനത്തില്‍ പങ്കാളികളായി. ഭൂതജാലങ്ങളും പരമാണുക്കളും വരെ ആ യാത്രയില്‍ രാമനെ അനുഗമിച്ചു. സര്‍വ്വഭൂതഹിതാനുവര്‍ത്തിയായ ഒരു രാജാവിന്റെ ആനന്ദകരമായ വിയോഗാനുഭവത്തിന്റെ ഭാഗമായി അവരെല്ലാം ചേര്‍ന്നു.
മഹാപ്രസ്ഥാനയാത്ര സരയുവില്‍ എത്തിച്ചേര്‍ന്നു. അയോദ്ധ്യയില്‍ നിന്നു തുടങ്ങിയ ധര്‍മ്മവിഗ്രഹമായ രാമന്റെ യാത്ര സരയൂനദിയിലെ ജലസമാധിയില്‍ പര്യവസാനിച്ചു. മുനികുലത്തിന്റെ യാഗരക്ഷ നടത്തുതിനുവേണ്ടി കൗമാരപ്രായത്തില്‍ തോളേറ്റിയ കോദണ്ഡവും രാമനോടൊപ്പം ലസമാധിയില്‍ ലയിച്ചു. സ്വാര്‍ത്ഥലേശമില്ലാതെ ലോകഭോഗങ്ങളുടെ പരിത്യാഗമാണ് ധര്‍മ്മാചരണം എന്നു ഉദ്ഘോഷിച്ച രാമവിഗ്രഹം അധര്‍മ്മത്തോട് അരുതെന്ന് ആജ്ഞാപിച്ചു. അധര്‍മ്മത്തോട് അരുത് എന്ന് ആജ്ഞാപിക്കണമെന്നാണ് ആദികവി എന്നും പറയുന്നത്. അതുകൊണ്ടാണ് രാമായണം ആദികാവ്യമായതും.
Content Highlights: ramayana masam 2025
Published: 14 Aug 2025, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented