ബ്രഹ്മാവിന്റെ മാനസപുത്രന്‍മാരായ സനത്കുമാരന്‍മാര്‍ ഒരിക്കല്‍ വൈകുണ്ഠം സന്ദര്‍ശിച്ചപ്പോള്‍ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാര്‍ അവരെ തടഞ്ഞുനിര്‍ത്തുകയും ഇതില്‍ കോപിച്ച് സനത് കുമാരന്‍മാര്‍ അവരെ മൂന്നു ജന്‍മം അസുരന്‍മാരായി ഭൂമിയില്‍ പിറന്ന് വിഷ്ണുവിനെ ദുഷിച്ച് ജീവിക്കുവാന്‍ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജന്‍മങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവര്‍ അരുളിചെയ്തു.
ഈ ശാപത്താല്‍ ആദ്യത്തെ ജന്‍മം അവര്‍ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജന്‍മം ഇവര്‍ രാവണനും കുംഭകര്‍ണ്ണനും ആയി പിറന്നു. രാമാവതാരത്തില്‍ ഇവര്‍ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തില്‍ ഇവരും നിഗ്രഹിക്കപ്പെട്ടു.
വാല്മീകിയുടെ രാമായണത്തിനു മുമ്പ് അഫ്ഗാന്‍ പ്രദേശത്തെ ഇടയരുടെ നാടോടിക്കഥയാണ് രാമായണത്തിന്റെ മൂല കഥ എന്ന് കരുതപ്പെടുന്നു. പിന്നീട് ജൈന രാമായണവും, ബൗദ്ധരുടെ ദശരഥ ജാതകവും ഉണ്ടാകുന്നുണ്ട്. ഇതിനും ശേഷമാണ് വാല്മീകി രാമായണം രൂപപ്പെടുന്നത്. രാവണനെ വിശേഷപ്പെട്ട സന്യാസിയുടെ സ്ഥാനത്താണ് ജൈനര്‍ കാണുന്നത്. ദശരഥ ജാതകത്തില്‍ രാവണനെയില്ല. ഇതില്‍ നിന്നും അറിയാവുന്നത് ദേവപക്ഷത്തിനു വേണ്ടി വാദിച്ചവര്‍ രാവണനെ കുറ്റവാളിയുടെയും തിന്മയുടെയും പക്ഷത്തു നിര്‍ത്തി എന്നാണ്. ശൂര്‍പ്പണഖയുടെ ചെവിയും മൂക്കും മുലയും രാമ- ലക്ഷ്മണന്മാര്‍ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയത്.
കുലം മുടിക്കാന്‍ തക്ക വിധമുള്ള രാവണന്റെ ദുഷ്പ്രവൃത്തികള്‍ മൂലം വീഭീഷണന്‍ എന്ന സഹോദരന്‍ ധര്‍മ്മപക്ഷത്തേക്ക് മാറിയിരുന്നു. സദുപദേശങ്ങള്‍ നല്‍കിയ വിഭീഷണനെ രാവണന്‍ സ്വരാജ്യത്തു നിന്നും ആട്ടിയോടിക്കുകയാണ് ചെയ്തത്. പിതാവ് ബ്രാഹ്മണനായിട്ടും ഉത്തമ ഭക്തനായി വളര്‍ന്നിട്ടും തന്റെ മോശം ചെയ്തികള്‍ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓര്‍ക്കണം. രാവണനെ വധിച്ചതിന്റെ പ്രായശ്ചിത്തമായി ബ്രഹ്മഹത്യാ പാപം നീക്കുന്ന ചടങ്ങുകള്‍ ശ്രീരാമന്‍ നിര്‍വ്വഹിച്ചിരുന്നു. തിന്മയുടെ പ്രതീകമായി രാവണനെ നിര്‍ത്തുന്നത് ഏകപക്ഷീയത കൊണ്ടു മാത്രമാണ് എന്ന വാദഗതി ഉയര്‍ത്തുന്നവരും ഉണ്ട്.
രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാവണനെ കഥകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകള്‍ രാവണന് 'ദശമുഖന്‍' , 'ദശഗ്രീവന്‍' 'ദശകണ്ഠന്‍' എന്നീ പേരുകള്‍ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
വിശ്രവസ്സ് എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണന്‍ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകള്‍ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാള്‍ ശക്തികുറഞ്ഞവര്‍ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയില്‍ തിരഞ്ഞ് ഒടുവില്‍ വിശ്രവസ്സിനെ ഭര്‍ത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണന്‍ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.
രാവണന്‍ വിശ്രവസ്സിന്റെ മക്കളില്‍ ഏറ്റവും മൂത്തയാള്‍ ആയിരുന്നു. പത്തു തലകളുമായി ആണ് രാവണന്‍ ജനിച്ചത് .ചില കഥകള്‍ അനുസരിച്ച് ജനനസമയത്ത് പിതാവ് നല്‍കിയ ഒരു പളുങ്കുമാലയില്‍ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകള്‍ വന്നത് എന്നാണ്. മറ്റു ചില കഥകളില്‍ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത് എന്നു കാണാം.
രാവണന്റെ സഹോദരര്‍ വിഭീഷണനും കുംഭകര്‍ണ്ണനും ആയിരുന്നു. തായ്വഴിയായി രാവണന്‍ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരന്‍ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു. മീന്‍പോലെയുള്ള കണ്ണുകള്‍ ഉള്ളവള്‍ എന്നാണ് വാക്കര്‍ത്ഥം. പില്‍ക്കാലത്ത് ശൂര്‍പ്പണഖ (കൂര്‍ത്ത നഖങ്ങള്‍ ഉള്ളവള്‍) എന്നപേരില്‍ കുപ്രസിദ്ധയായത് മീനാക്ഷിയാണ്.
രാവണന്‍ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വിശ്രവസ്സ് രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവസ്സിന്റെ ശിക്ഷണത്തില്‍ രാവണന്‍ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാര്‍ഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണന്‍. രാവണന്റെ കൊടിയടയാളം വീണയുടെ ചിത്രമാണ്. രാവണന്‍ ദൈത്യരുടെ സദ്ഗുണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.
രാവണന്‍ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകര്‍മാവ് കുബേരന് വേണ്ടി നിര്‍മിച്ചതാണ്.രാവണന്‍ കുബേരനോട് ലങ്ക മൊത്തത്തില്‍ വേണമെന്ന് പറഞ്ഞു. രാവണനെ തോല്പിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ കുബേരന്‍ അതിനു സമ്മതിക്കുകയെന്ന വഴിയുണ്ടാരുന്നുള്ളു. രാവണന്‍ നല്ലൊരു ഭരണകര്‍ത്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയില്‍ പട്ടിണി എന്തെന്ന് പ്രജകള്‍ അറിഞ്ഞിട്ടില്ല.
വര്‍ഷങ്ങള്‍ നിണ്ടു നില്‍ക്കുന്ന ബ്രഹ്മതപസ്യ എന്ന സമയത്ത് അദ്ദേഹം തന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമര്‍പിച്ചു. ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അര്‍പിക്കാന്‍ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാന്‍ പറയുകയും ചെയ്തു.രാവണന്‍ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാല്‍ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത് വരമായി നല്‍കി. അത് അദ്ദേഹത്തിന്റെ പൊക്കിള്‍ കോടിക്ക് താഴെ സൂക്ഷിച്ചു. അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആര്‍ക്കും വധിക്കാന്‍ കഴിയില്ല എന്ന വരം നല്‍കി. തന്നെ ഈശ്വരന്‍മാരായ ആര്‍ക്കം കൊല്ലാന്‍ കഴിയരുത് എന്ന് വരം കൂടി രാവണന്‍ അവശ്യപെട്ടു .എന്നാല്‍ മനുഷ്യനെ അതില്‍ ഉള്‍പെടുത്താന്‍ രാവണന്‍ മറന്നു പോയി,വിഷ്ണുവിന്റെ മനുഷ്യജന്മമാണ് (രാമന്‍) രാവണനെ വധിച്ചത്. രാവണനെശ്രീരാമനും ബഹുമാനിച്ചിരുന്നു.മരണാസനനായിക്കിടക്കുന്ന രാവണന്റെ സമക്ഷമെത്തി ഉപദേശം സ്വീകരിക്കാന്‍ രാമന്‍ ലഷ്മണനോട് ആവശ്യപ്പെടുന്നുണ്ട്.
Content Highlights: ramayana masam 2025
Published: 16 Aug 2025, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented