ത്രിമൂര്‍ത്തികളില്‍ ഒരാളായ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തേ അവതാരമായാണ് പുരാണങ്ങള്‍ ശ്രീരാമനെ വാഴ്ത്തുന്നത്. അയോദ്ധ്യയിലെ രാജാവായിരുന്നു രാമനെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയില്‍ ജനിച്ച പുത്രനാണ് രാമന്‍. രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു.
ഹൈന്ദവ വിശ്വാസപ്രകാരം രാമചരിതം ധര്‍മ്മചരിതമാണ്. ഉത്തമപുരുഷനും പൂര്‍ണ മനുഷ്യനുമായിരുന്നു രാമന്‍. ദശരഥന്‍ തന്റെ മൂന്നാമത്തെ ഭാര്യയായ കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു പതിന്നാലു വര്‍ഷം രാമന്‍ വനവാസത്തിന് പോകണം എന്നുള്ളതും ഭരതന്‍ രാജാവാകണം എന്നുള്ളതും. പത്‌നി സീതക്കും അനുജന്‍ ലക്ഷ്മണനും ഒപ്പമാണ് രാമന്‍ വനത്തിലേക്കു പോകുന്നത്. വനവാസത്തിനിടയ്ക്ക് രാവണന്‍ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയില്‍ ഉണ്ടെന്ന് ഹനുമാന്‍ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവില്‍ രാവണനെ നിഗ്രഹിച്ച് രാമന്‍ സീതയെ വീണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോദ്ധ്യയുടെ രാജാവായി അവരോധിക്കപ്പെടുകയും ചെയ്തു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നല്‍കിയ രാമന്‍ ഒടുവില്‍ പുത്രന്മാരായ ലവ-കുശന്മാര്‍ക്ക് രാജ്യം നല്‍കി സരയൂനദിയിലിറങ്ങി സ്വര്‍ഗ്ഗാരോഹണം ചെയ്തു. രാമായണത്തില്‍ ശ്രീരാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ ഉണ്ടെന്നു പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്ന് കൂട്ടിക്കൊണ്ടുപോകുന്ന ഭാഗമാണ്. നീണ്ട 14 വര്‍ഷത്തെ മഹായാത്രയ്ക്ക് വേണ്ടിയുള്ള ഒരു മുന്‍ പരിശീലനം ആയിരുന്നു വിശ്വാമിത്രനുമായുള്ള യാത്രയെന്നാണ് പണ്ഠിത മതം.
'ജ്ഞാനമാവാസ്യ തോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന യാഗത്തെ മുടക്കുന്നോര്‍
മാരീച സുബാഹു മുഖ്യന്മാരാം നക്തഞ്ചര
ന്മാരിരുവരുമനുചരന്മാരായുള്ളോരും
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനായി
മഹീപതേ രാമദേവനെയയക്കണം'.
എന്നായിരുന്നു ദശരഥനോട് വിശ്വാമിത്രന്‍ അപേക്ഷിച്ചത്.
അയോദ്ധ്യയില്‍ നിന്നും 20 കി.മി ദൂരെയാണ് സരയു. ഈ സരയു ഭാഗം കടന്നാണ് കുമാരന്മാരും മുനിയും പോയത്. യാത്രയില്‍ മുനി അതിവിശിഷ്ടമായ രണ്ട് മന്ത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട് ബലയും അതിബലയും. രാജകുമാരന്മാര്‍ക്ക് വിശപ്പും ദാഹവും ക്ഷീണവും ക്ലേശിപ്പിക്കാതിരിക്കുവാനായിട്ടാണ് മഹര്‍ഷി അവര്‍ക്ക് ബല, അതിബല എന്ന മന്ത്രങ്ങള്‍ ഉപദേശിക്കുന്നത്. തുടര്‍ന്ന് അവര്‍ ഗംഗ കടന്ന് മുന്നോട്ട് സഞ്ചരിച്ച് താടകാ വനത്തിലെത്തി. താടക അതിഭയങ്കരിയായ രാക്ഷസിയായിരുന്നു. ആയിരം ആനകളുടെ ശക്തിയുള്ളവള്‍.
'അവളെ പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസി ജനം, ഭുവനേശ്വരി പോറ്റി'
എന്നാണ് വിശ്വാമിത്രന്‍ താടകയെ വിശേഷിപ്പിച്ചത്.
വിശ്വാമിത്രന്റെ നിര്‍ദ്ദേശത്തില്‍ രാമന്‍ താടകയെ വധിക്കുന്നു. മഹര്‍ഷി വിശ്വാമിത്രന്‍ പ്രീതിച്ച് രാമന് അമോഘങ്ങളായ ബ്രഹ്മശിരസ്സ്, വിഷ്ണുചക്രം, ഐന്ദ്രാസ്ത്രം മുതലായ അസ്ത്രശസ്ത്രങ്ങള്‍ നല്‍കിയനുഗ്രഹിക്കുന്നു. രാമന്‍ ഇവയൊക്കെ ലക്ഷ്മണനും നല്‍കുന്നു. പിന്നീട് വിശ്വാമിത്രന്റെ ആശ്രമത്തില്‍ അഞ്ച് ദിനരാത്രങ്ങള്‍ രാമലക്ഷ്മണന്മാര്‍ യാഗത്തിനു കാവല്‍ നില്‍ക്കുന്നു. ആറാം ദിവസം യാഗം മുടക്കാനെത്തിയ സുബാഹുവിനെ രാമന്‍ ആഗ്‌നേയാസ്ത്രം കൊണ്ടു വധിച്ചു, മാരീചനെ മാനവാസ്ത്രമെയ്ത് നൂറു യോജന ദൂരേ സാഗരത്തില്‍ വീഴ്ത്തി.
യാഗം പൂര്‍ത്തിയായശേഷം മൂവരും വിദേഹ രാജ്യത്തേക്ക് പുറപ്പെട്ടു. ദേവേന്ദ്രന്റെ മായയാല്‍ കബളിപ്പിക്കപ്പെട്ടു, തന്റെ ഭര്‍ത്താവായ ഗൗതമ മുനിയുടെ ശാപമേറ്റ് ആയിരം വര്‍ഷം ദുഃഖമയിയായി വായു മാത്രം ഭക്ഷിച്ചു ആരുടെയും കണ്ണില്‍ പെടാതെ ഗൗതമാശ്രമത്തില്‍ മൂടല്‍ മഞ്ഞില്‍ എന്നപോലെ ചാരത്തില്‍ മറഞ്ഞു കിടന്ന ബ്രഹ്മപുത്രിയായ അഹല്യയെ അവരുടെ പാദങ്ങളില്‍ നമസ്‌കരിച്ചു രാമന്‍ പൂര്‍വസ്ഥിതിയിലാക്കി.
മിഥിലയിലെത്തിയ രാമന്‍ രുദ്രഭഗവാന്റെ വില്ല് കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, അയ്യായിരം പേര്‍ എടുത്തുകൊണ്ടുവന്നു എട്ട് ചക്രങ്ങളുള്ള കൂറ്റന്‍ ഇരുമ്പു പേടകത്തില്‍ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റന്‍ വില്ല് അനേകരാജാക്കന്മാരുടെ മുന്നില്‍ വെച്ചു രാമന്‍ ഞാണേറ്റുകയും രാമന്റെ കരബലം താങ്ങാനാവാതെ വില്ല് രണ്ടായി ഒടിഞ്ഞു നിലം പതിക്കുകയും ചെയ്തു. ആര്‍ക്കും ഇന്നേവരെ കുലയേറ്റന്‍ സാധിക്കാത്ത വില്ല് രാമന്‍ ഒടിച്ചതിനാല്‍, അയോനിജയയായി ഉഴവുചാലില്‍ നിന്നും ലഭിച്ച മഹാലക്ഷ്മിയുടെ അവതാരമായ ജനകന്റെ വളര്‍ത്തുമകള്‍ സീത രാമന്റെ ധര്‍മ്മപത്‌നിയായിത്തീര്‍ന്നു. ലക്ഷണന്‍ സീതയുടെ സഹോദരി ഊര്‍മിളയും ഭരതന്‍ ജനകസഹോദരപുത്രി മാണ്ഡവിയെയും ശത്രുഘ്‌നന്‍ ശ്രുതകീര്‍ത്തിയെയും വിവാഹം ചെയ്യുന്നു. പിന്നീട് ഏവരും അയോദ്ധ്യയിലേക്ക് മടങ്ങുന്നവഴിക്ക് പരശുരാമനെ കണ്ടുമുട്ടുന്നുന്നു. ശിവധനുസ്സ് രാമന്‍ മുറിച്ചതില്‍ കോപിഷ്ഠനായ പരശുരാമന്‍ ശ്രീരാമനോട് തന്റെ കൈവശമുള്ള വൈഷ്ണവധനുസ്സ് ആവശ്യപ്പെടുന്നു. ശ്രീരാമന്‍ അപ്രകാരം ചെയ്തപ്പോള്‍ അദ്ദേഹം സാക്ഷാല്‍ വിഷ്ണുഭഗവാന്‍ തന്നെ എന്നു തിരിച്ചറിഞ്ഞ ഭാര്‍ഗവന്‍ തന്നില്‍ ശേഷിച്ച വൈഷ്ണവാംശവും ശ്രീരാമന് നല്‍കി മടങ്ങി. അയോദ്ധ്യയില്‍ തിരിച്ചെത്തി എല്ലാവരും സസന്തോഷം ചിരകാലം വസിച്ചു.
രണ്ടാമതൊരിക്കല്‍ കൂടി രാമന്‍ സഞ്ചാരം ആരംഭിക്കുന്നത് കൈകേയിയുടെ ആവശ്യപ്രകാരം 14 വര്‍ഷത്തെ വനവാസ കാലത്തിലാണ്.
'ഇപ്പോള്‍ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമരണ്യവാസത്തിനു പോകണം
മുല്‍പാടു കേകയ പുത്രിയായമ്മക്ക്
മല്പിതാരണ്ടു വരം കൊടുത്തീടിനാള്‍
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതും
എന്നെ വനത്തിനയക്കെന്നു മറ്റേതും.'
ഇങ്ങനെ കൗസല്യ മാതാവിനോട് രാമന്‍ പറയുന്നുണ്ട്. രാജവേഷങ്ങള്‍ അഴിച്ചുവച്ചശേഷം മരവുരിയണിഞ്ഞാണ് രാമനും ലക്ഷ്മണനും കൂടെ സീതയും സുമന്ത്രരുടെ തേരില്‍ കയറി കാട്ടിലേക്ക് പോകുന്നത്. തമസാ നദിവരെ അയോദ്ധ്യാവാസികള്‍ രാമനോടൊപ്പം കൂടെ പോയി. അന്ന് അര്‍ദ്ധരാത്രി ജനങ്ങള്‍ അറിയാതെ രാമന്‍ ഒളിച്ചു പോയി തമസാ നദിക്കരയില്‍ രാത്രി ഉറങ്ങി.
'ശ്രീരാമനും തമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയ മാത്രമുപജീവനം ചെയ്ത്
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷമൂലേ ശയനം ചെയ്തുറങ്ങിനാന്‍.'
ഗുഹന്‍ ശ്രുംഗിവേരം എന്ന തന്റെ രാജ്യത്തു നിന്ന് ശ്രീരാമനെ കാണാന്‍ വരുന്നു. മരച്ചുവട്ടില്‍ കിടക്കുന്ന രാമനെയും സീതയേയും കണ്ടു ദുഃഖിക്കുന്നു. തുടര്‍ന്ന് രാമന്‍ ഗുഹനുമൊത്ത് വനത്തില്‍ കയറി പ്രയാഗയിലേക്കാണ് പോയത്. ഗംഗ, യമുന, സരസ്വതി, എന്നി നദികളുടെ സംഗമ ഭൂമിയായ പ്രയാഗ സംഗത്തിലായിരുന്നു, പ്രസിദ്ധമായ ഭരദ്വാജമുനിയുടെ ആശ്രമം. ആശ്രമം കാണിച്ച ശേഷം ഗുഹന്‍ തിരികെ മടങ്ങി. ഭരദ്വാജാശ്രമത്തില്‍ നിന്ന് രാമന്‍ വീണ്ടും യാത്ര തുടര്‍ന്ന് കാളിന്ദി കടന്ന് വാല്‍മീകിയുടെ ആശ്രമത്തില്‍ എത്തുകയാണ്. നായകന്‍ കവിയെ കാണുന്ന അപൂര്‍വ്വത. ഈ സ്ഥലം ഇന്നത്തെ ഉത്തര്‍പ്രദേശിലെ ചിത്രകൂടം ആണ്. യഥാര്‍ത്ഥത്തില്‍ വാല്‍മീകിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാമന്‍ ചിത്രകൂടത്തില്‍ തന്റെ ആശ്രമം ഉണ്ടാക്കുന്നത്. ദശരഥന്റെ മരണവാര്‍ത്തയുമായി വന്ന ഭരതന്‍ ചിത്രകൂടത്തില്‍ വന്നാണ് രാമനെ കാണുന്നതും പാദുകങ്ങള്‍ വാങ്ങിച്ച് കൊണ്ട് പോകുന്നതും ഇവിടെ വച്ചാണ്. ശ്രീരാമന്‍ പിതാവിന്റെ ദേഹവിയോഗം അറിയുന്നതും മന്ദാകിനിയില്‍ ബലി ഇടുന്നതും ഈ സമയത്താണ്.
ചിത്രകൂടത്തിനുശേഷം രാമന്‍ ഘോര വനത്തിലേക്കിറങ്ങി. ആദ്യമായി അത്രിയുടെ ആശ്രമത്തിലെത്തി ഇവിടെ നിന്നും ഇറങ്ങിയ രാമന്‍ വിധാന്‍ എന്ന അസുരനെ വധിച്ചു. ഉത്തര്‍പ്രദേശിലെ അമരാവതിക്കടുത്ത് വിരാധ്കുണ്ട് ഇപ്പോഴും ഉണ്ട്. ഇവിടെ നിന്നും രാമന്‍ ശരഭംഗ ആശ്രമത്തിലേക്ക് പോകുന്നു. ശരഭംഗാശ്രമം മദ്ധ്യപ്രദേശിലെ സത്നയ്ക്കടുത്താണെന്ന് പറയപ്പെടുന്നു. ശരഭംഗാശ്രമത്തില്‍ നിന്നും സുതീഷ്ണ മുനിയുടെ ആശ്രമത്തില്‍ രാമന്‍ എത്തുന്നു.
സുതീഷ്ണ മുനിയുടെ ഗുരുവായ അഗസ്ത്യമുനിയെ കാണുന്നു. അഗസ്ത്യരുടെ നിര്‍ദ്ദേശപ്രകാരം രാമന്‍ പഞ്ചവടിയില്‍ താമസം തുടങ്ങി. അങ്ങനെ രാമന്‍ പഞ്ചവടിയില്‍ താമസിച്ചുവരവേ ലക്ഷ്മണന്‍ ശൂര്‍പ്പണകയുടെ നാസിക അരിഞ്ഞു. ഇതാണ് സ്ഥലത്തിനു ഈ പേരു കിട്ടാന്‍ കാരണമായത്. സീതയെ തട്ടിക്കൊണ്ടുപോകപ്പെട്ട ശേഷം രാമന്‍ തന്റെ സീതാന്വേഷണ യാത്രയ്ക്കിടയില്‍ കബന്ധനെ വധിക്കുന്നു. കബന്ധന്‍ ഗന്ധര്‍വ്വനായി മാറുന്നു. കബന്ധന്റെ നിര്‍ദ്ദേശമനുസരിച്ച് രാമന്‍ ശബരിയുടെ ആശ്രമത്തില്‍ വരുന്നു. ശബരി രാമനോട് സുഗ്രീവനെ കാണാന്‍ നിര്‍ദ്ദേശിക്കുന്നു. ശബരി സ്വയം സ്വാദ് നോക്കിയ ശേഷം പഴം രാമനെ കൊണ്ട് കഴിപ്പിക്കുന്നു.
സുഗ്രീവന്റെ ആശ്രിതനായിരുന്ന ഹനുമാന്‍ രാമനെയും ലക്ഷ്മണനെയും വന്നു കാണുന്ന സ്ഥലം ഹനുമാന്‍ ഹംപി, കൊപാല്‍ എന്നാണറിയപ്പെടുന്നത്. സുഗ്രീവന്‍ ഋഷ്യമുകാചലത്തില്‍ ബാലിയെ ഭയന്ന് കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യമായിരുന്നു കിഷ്‌കിന്ധ. ഇത് ഹംപിയില്‍ നിന്ന് നാല് കി.മി മാത്രം ദൂരമുള്ള സ്ഥലമാണ്. തുടര്‍ന്ന് രാമന്‍ രാമേശ്വരത്തിനു പോകുന്നു. ഇവിടെ ചേടുകര എന്ന ഗ്രാമത്തില്‍ രാമസേതുവിന്റെ ആദ്യത്തെ കാല്‍ പാകി എന്നാണ് പറയുന്നത്. വിഭീഷണന്‍ ലങ്കയില്‍ നിന്ന് ഓടി രാമന്റെ അടുത്ത് രക്ഷതേടുന്നത് ഈ സ്ഥലത്ത് വച്ചാണ്. കടലിലെ മണലെടുത്ത് ശ്രീരാമന്‍ സ്ഥാപിച്ച ശിവക്ഷേത്രമാണത്രേ രാമേശ്വരം. ഈ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റർ കഴിഞ്ഞുള്ള സ്ഥലത്താണ് വാനരന്മാര്‍ കടല്‍പ്പാലം ലങ്കയിലേക്ക് ഉണ്ടാക്കിയത്. കടലിനടിയില്‍ ഈ ഒരു പാലമുണ്ടായിരുന്നു എന്ന് ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്. ചരിത്രകാരന്‍മാരുടെ ഭാഷയില്‍ ഉത്തരോത്തരമായ നേപ്പാള്‍ തുടങ്ങി ദക്ഷിണ പ്രദേശത്തുള്ള രാമേശ്വരം വരെ നീണ്ട പൂര്‍ണഭാരത പ്രയാണമായിരുന്നു രാമന്റെത്. യാത്രയില്‍ ധര്‍മ്മരക്ഷക്കായി ആശ്രമങ്ങളെ സംരക്ഷിച്ചും അധര്‍മ്മികളെ ഇല്ലായ്മ ചെയ്തും വര്‍ഷങ്ങള്‍ രാമന്‍ വനസഞ്ചാരം ചെയ്തു എന്ന് ചിന്തിക്കാം.
Content Highlights: ramayana masam 2025
Published: 09 Aug 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented