രാമായണ മഹാകാവ്യത്തില്‍, ലക്ഷ്മണോപദേശം, താരോപദേശം തുടങ്ങി, വളരെ ഗഹനമായ അര്‍ത്ഥതലങ്ങളുള്ള കുറെയേറെ ഉപദേശങ്ങള്‍ ഉണ്ട് എങ്കില്‍ തന്നെയും അതിലൊക്കെ പ്രാധാന്യമുള്ളതാണ് അതിലളിതമായ 'സുമിത്രോപദേശം'.
രാമം ദശരഥം വിദ്ധി,
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി,
ഗച്ഛ താത, യഥാ സുഖം.
രാമനെ ദശരഥനെന്ന് അറിയുക, സീതയെ അമ്മ (സുമിത്ര) എന്നും,
വനത്തെ അയോദ്ധ്യ എന്നും വിചാരിച്ച് മകനേ യഥാ സുഖം പോയി വരൂ.
രാമായണത്തിലെ ഏറ്റവും പ്രധാന ശ്ലോകമാണിത്. അച്ഛന്റെ സത്യം പാലിക്കുവാന്‍ 14 വര്‍ഷത്തെ വനവാസത്തിനു പോവുന്ന ശ്രീരാമനെ അനുഗമിക്കുന്ന അനുജനായ ലക്ഷ്മണനോട് മാതാവായ സുമിത്ര പറയുന്നതാണിത്.
സുമിത്രയെ ഏതാണ്ട് രണ്ട് അവസരങ്ങളില്‍ മാത്രമാണ് രാമായണ മഹാകാവ്യത്തില്‍ നമ്മള്‍ കാണുന്നത്. ഒന്ന്: പുത്രകാമേഷ്ടി നടത്തി കൈവന്ന ദേവനിര്‍മ്മിതമായ ആ പായസം, ദശരഥന്‍ തന്റെ പത്‌നിമാര്‍ക്ക് പങ്കു വയ്ക്കുമ്പോള്‍.
രണ്ട്: ശ്രീരാമ-ലക്ഷ്മണന്മാര്‍ സീതാദേവിയോടൊത്ത് വനവാസത്തിനായി അയോധ്യാ രാജധാനി വിട്ടിറങ്ങുമ്പോള്‍. ഈ രണ്ടവസരങ്ങളിലല്ലാതെ കാര്യമായി മറ്റെങ്ങും നമുക്ക് സുമിത്രയെ രാമായണത്തില്‍ കാണാനാവില്ല.
ദശരഥന്റെ മൂന്ന് പത്‌നിമാരില്‍ ഒരുവളാണ് സുമിത്ര. കവി ഭാവനയില്‍ പരഞ്ഞാല്‍ ഒരു പരിഭവമോ അമിതാഹ്ലാദമോ അമിത ദുഃഖമോ ഒന്നും ഇല്ലാതെ, സ്വസ്ഥമായൊഴുകുന്ന ഒരു ചെറു അരുവി പോലെ, അങ്ങിനെ ശാന്തമായി ജീവിച്ച തീര്‍ത്തും നിസ്വാര്‍ത്ഥയായ ഒരു പാവം രാജ്ഞി. സ്വന്തം ഭര്‍ത്താവായ ദശരരഥനു മേല്‍ പോലും അനാവശ്യമായ ഒരു സമ്മര്‍ദ്ദത്തിനും മുതിരാത്തവള്‍. കൊട്ടാര അകത്തളങ്ങളിലെ ഒരു ഗൂഢാലോചനകളിലും പങ്കില്ലാത്തവള്‍.
പുത്രകാമേഷ്ഠിയാഗത്തില്‍ ലഭിച്ച പായസം പങ്കുവയ്ക്കലില്‍ ദശരഥന്‍ ആദ്യമെത്തുന്നത് കൗസല്യയുടെ അടുത്തേയ്ക്കാണ്. പകുതി അവിടെ നല്‍കി. ബാക്കി പകുതി കൈകേയിയ്ക്കും നല്‍കി. സുമിത്ര എന്ന രാജ്ഞിയെ, ഒരുവേള ഓര്‍ക്കുന്നു പോലുമില്ല അവിടെ ദശരഥന്‍.എന്നാല്‍ അതിലൊരു പരിഭവവും ആ പാവം കാണിച്ചില്ല.
പിന്നീട കൗസല്യയും കൈകേയിയും അവരുടെ പങ്കില്‍ നിന്നും കുറച്ചു വീതം പായസം പകുത്തു നല്കുമോമ്പോഴും പരിഭവമേതുമില്ലാതെ അത് വലിയ സന്തോഷത്തോടെ കൈക്കൊള്ളുന്നുമുണ്ട് ഈ സുമിത്ര. അവിടെയാണ സുമിത്രയുടെ ആ സൗമ്യ സ്വഭാവത്തെ നമ്മള്‍ വേറിട്ട് കാണുന്നതും മനസ്സുകൊണ്ട് നമസ്‌ക്കരിക്കുന്നതും.
സുമിത്രയുടെ സ്വഭാവഗുണം നമ്മള്‍ ശരിയ്ക്കും മനസിലാക്കുന്നത്, രണ്ടാമത്തെ അവസരത്തിലാണ്. ശ്രീരാമ-ലക്ഷ്മണന്മാര്‍, സീതാദേവിയോടൊത്ത് വനവാസത്തിനായി പുറപ്പെടുന്ന സമയത്ത ലക്ഷ്മണന്‍ തന്റെ അമ്മയോട് യാത്ര ചോദിയ്ക്കുന്നു. ഇവിടെയാണ് സുമിത്ര എന്ന അമ്മയുടെ വലുപ്പം നമ്മള്‍ അറിയുന്നത്. സ്വന്തം പുത്രനായ ലക്ഷ്മണന്‍, ജ്യേഷ്ഠനായ രാമനൊപ്പം കാനനവാസത്തിനു പോകണം, അതും പതിന്നാലു കൊല്ലത്തേക്ക്, എന്ന് പറയുമ്പോള്‍ ആ അമ്മ മകനെ തടയുന്നതേയില്ല. ഒരു പക്ഷേ, മറ്റേതൊരമ്മയും അത്തരമൊരു അവസരത്തില്‍ അത് ചെയ്തു പോയേക്കും. തന്റെ രാജകൊട്ടാരത്തില്‍ തനിയ്‌ക്കൊപ്പം സര്‍വ സുഖസൗകര്യങ്ങളോടുകൂടി ഒരു രാജകുമാരനായി വാഴേണ്ട മകന്‍, പിതാവിന്റെ വാക്ക് പാലിയ്ക്കാന്‍ വേണ്ടി വനവാസത്തിനു പുറപ്പെടുന്ന ജ്യേഷ്ഠന്റെ കൂടെ, സ്വന്തം ഇഷ്ടപ്രകാരം കൂട്ട് പോകുന്നു എന്ന് പറയുമ്പോള്‍, ഏതൊരമ്മയാണ് തടയാന്‍ ശ്രമിക്കാത്തത്. രാമന്‍ ലഷ്മണന്റെ സ്വന്തം സഹോദരനല്ല. അര്‍ധസഹോദരന്‍ മാത്രമായ ഒരു ജ്യേഷ്ഠനോപ്പം പോകാന്‍ അനുവാദം ചോദിക്കുമ്പോള്‍ ആ അമ്മയ്ക്ക് വേണമെങ്കില്‍ തടയാം.എന്നാല്‍ ആ മകനെ ചേര്‍ത്ത് നിര്‍ത്തി അനുഗ്രഹം നല്‍കിയ ശേഷം ആ അമ്മ പരഞ്ഞത് ഇങ്ങനെയാണ്.
ലക്ഷ്മണ വീരന്‍ സുമിത്രയാമമ്മയെ
തല്‍ക്ഷണെ കൗസല്യകൈയില്‍ സമര്‍പ്പിച്ചു
വന്ദിച്ച നേരം സുമിത്രയും പുത്രനെ
നന്ദിച്ചെടുത്തു സമാശ്ലേഷവും ചെയ്തു
നന്നായാനുഗ്രഹം ചെയ്തു തനയനു
പിന്നെയുപദേശവാക്കുമരുള്‍ ചെയ്താള്‍:
'അഗ്രജന്‍ തന്നെപ്പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ.
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കില്‍ സുഖമായ് വരിക തേ.'
'മകനേ, നീ നിന്റെ ജ്യേഷ്ഠനായ രാമനെ പിതാവായ ദശരഥന് തുല്യം കാണണം. ഒരു കാരണവശാലും നീ ജ്യേഷ്ഠനെ പിരിയരുത്. സീതാദേവിയെ ഞാനായി തന്നെ,അതായത്, സ്വന്തം അമ്മയായി തന്നെ, കാണണം. 'നീ ആ കാനനത്തെ അയോദ്ധ്യയായി തന്നെ കാണുക. അങ്ങിനെയെങ്കില്‍ സര്‍വവും ശുഭമായി തന്നെ വരും..' കവി പറയുന്നു ഇതാണ്, നന്മ മാത്രം മനസിലുള്ള ആ നല്ല മാതാവിന്റെ പക്ഷം. ആ അമ്മയുടെ മാനസിക ഔന്നത്യം മനസ്സിലാക്കുവാന്‍ ഇതിലും കൂടുതല്‍ സന്ദര്‍ഭങ്ങള്‍ ആവശ്യമില്ല.
നല്ല സഹോദരബന്ധം നിലനില്‍ക്കേണ്ടതിന്റെ ആവശ്യംകൂടിയാണ് ആ അമ്മ നമുക്ക് നല്‍കുന്നത്. ഒരു നല്ല സഹോദരന്‍, തന്റെ കൂടെപ്പിറപ്പിന്റെ നല്ല കാലത്തു മാത്രമല്ല, ഏറ്റവും മോശം കാലത്തും കൂടെ നില്‍ക്കുന്നവനും, ഒരു വേള സംരക്ഷകന്‍ തന്നെയും ആകണം. അതിനു വേണ്ടി, ഒരുപക്ഷേ തന്റെ രാജ്യം തന്നെഉപേക്ഷിയ്‌ക്കേണ്ടി വന്നാല്‍ പോലും, അതൊരു നഷ്ടമായി കാണരുത് എന്നാണ് ഇവിടെ വിവക്ഷിയ്ക്കുന്നത്.
രാമായണത്തില്‍ സുമിത്ര ലക്ഷ്മണനു കൊടുക്കുന്ന ഉപദേശം ഏറ്റവും മഹത്തരവും പ്രധാനവുമായിത്തീരുന്നു. ഉത്തമമായ ഒരു മാതാവിനു മാത്രം നല്‍കാന്‍ കഴിയുന്ന ഈടുറ്റ ഉപദേശമാണ് രാമായണത്തിലെ ഏറ്റവും പ്രധാന ശ്ലോകമായത്. ഇതില്‍ സ്വാര്‍ഥതയില്ല, മകന്‍ തന്നെ പിരിയുന്ന ദുഃഖമില്ല, ജ്യേഷ്ഠന്റെ യാതന പങ്കിടുന്നതിന്റെ പരിഭവമില്ല, സുഖങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ നഷ്ടബോധമില്ല, മറിച്ച് മകനെ കടമകളെക്കുറിച്ച് പ്രാപ്തയാക്കുകയാണ് ആ അമ്മ ചെയ്തത്.
ദശരഥപത്നിമാരില്‍ കൗസല്യയെക്കാളും, കൈകേയിയെക്കാളും പ്രാധാന്യം കുറഞ്ഞവളായിരുന്നു സുമിത്ര. പക്ഷേ ആ അമ്മ സ്വന്തം മകനു കൊടുത്ത ഈ മഹത്തായ ഉപദേശം കൊണ്ട് മറ്റെല്ലാവരെക്കാളും ശ്രേഷ്ഠയായി.
രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നു പറയുന്നു. സുമിത്ര എന്ന പേര് സംസ്‌കൃതത്തില്‍ നിന്നുള്ളതാണ്, ഇതിനെ സു എന്നര്‍ത്ഥം വരുന്ന 'സു' എന്നും മിത്ര എന്നര്‍ത്ഥം വരുന്ന 'സുഹൃദ്' എന്നും രണ്ടായി തിരിക്കാം . അതിനാല്‍ , അവളുടെ പേരിന്റെ അര്‍ത്ഥം 'ഒരു നല്ല സുഹൃത്ത്' അല്ലെങ്കില്‍ 'സൗഹൃദ സ്വഭാവമുള്ളവള്‍' എന്നാണ്.
വാല്മീകി അവളുടെ പിതൃത്വത്തെക്കുറിച്ച് മൗനം പാലിക്കുമ്പോള്‍, പില്‍ക്കാല ഗ്രന്ഥങ്ങള്‍ അവളെ കാശിയിലെയോ മഗധയിലെയോ രാജകുമാരിയെന്നും ഹൈഹെയ വംശത്തില്‍ പെട്ടവളെന്നും പലവിധത്തില്‍ വിശേഷിപ്പിച്ചു . കാളിദാസന്റെ രഘുവംശം അനുസരിച്ച് അവളെ മഗധയുടെ മകള്‍ എന്ന് വിളിക്കുന്നു .'പര്‍വ്വതങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ സമുദ്രത്തെ ആശ്ലേഷിക്കുന്നതുപോലെ, മഗധ, കോസല, കൈകേയ എന്നീ രാജാക്കന്മാരുടെ പുത്രിമാര്‍ ദശരഥ രാജാവിനെ ഭര്‍ത്താവായി സ്വീകരിക്കുന്നതില്‍ സന്തോഷിക്കുന്നു.'
പ്രധാന രാജ്ഞിയോ പ്രിയപ്പെട്ട ഭാര്യയോ ആയിരുന്നില്ലസുമിത്ര. വനവാസകാലത്ത് രാമനെ സേവിക്കാന്‍ രാമനോടൊപ്പം പോകാനുള്ള ലക്ഷ്മണന്റെ തീരുമാനത്തെ പിന്തുണച്ചു എന്നു മാത്രമല്ല മകന്റെ വേര്‍പാടിനുശേഷം കൗസല്യയെ ആശ്വസിപ്പിക്കുന്നതും സുമിത്രയാണ്.
'ഹേ ദേവീ, ദുഃഖവും മോഹവും ഉപേക്ഷിച്ച്, ശ്രീരാമന്‍ വനവാസത്തില്‍ നിന്ന് മടങ്ങിവരുന്നത് നീ തീര്‍ച്ചയായും കാണും. ഹേ പാപരഹിതയായവനേ, ഹേ കല്യാണീ, ഹേ പുണ്യാത്മാവേ, ഉദയചന്ദ്രനെപ്പോലെ നിന്റെ പുത്രനെ നീ കാണും. സിംഹാസനത്തില്‍ രാജാവിന്റെ ഖജനാവിന്റെ ഉടമസ്ഥതയില്‍ നിങ്ങളുടെ മകന്‍ പ്രതിഷ്ഠിക്കപ്പെടുന്നത് കണ്ട് നീ സന്തോഷക്കണ്ണീര്‍ പൊഴിക്കും. ഹേ ദേവീ, ദുഃഖിക്കരുത്, നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകരുത്, രാമനെക്കുറിച്ച് അശുഭകരമായ ഒന്നും ഞാന്‍ കാണുന്നില്ല. സീതയോടും ലക്ഷ്മണനോടും ഒപ്പം നിങ്ങളുടെ മകനെ നീ ഉടന്‍ കാണും. ഹേ പാപമില്ലാത്ത രാജ്ഞി, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് നിങ്ങളാണ്, അതിനാല്‍, ഇപ്പോള്‍ എന്തിനാണ് നിങ്ങളുടെ ഹൃദയത്തെ ദുഃഖിപ്പിക്കുന്നത്? ഹേ ദേവീ, ദുഃഖിക്കരുത്, ലോകത്തില്‍ രാമനേക്കാള്‍ സദ്വൃത്തനായ മറ്റാരുമില്ല. രാമന്‍ തന്റെ സുഹൃത്തുക്കളോടൊപ്പം നിന്നെ വണങ്ങുന്നത് കണ്ട്, മഴക്കാലത്ത് മേഘങ്ങളെപ്പോലെ നീ ആനന്ദക്കണ്ണീര്‍ പൊഴിക്കും. ചുരുക്കത്തില്‍, ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങളുടെ മകന്‍ ശ്രീരാമന്‍, മടങ്ങിവരുന്നു. തലസ്ഥാനത്തേക്ക്, അവന്റെ മൃദുലമായ കൈകളാല്‍ നിങ്ങളുടെ കാലുകള്‍ അവനിലേക്ക് അമര്‍ത്തും. നിങ്ങളുടെ മകന്‍ നിങ്ങളുടെ കാല്‍ക്കല്‍ വണങ്ങുന്നത് കാണുമ്പോള്‍, മേഘങ്ങള്‍ പര്‍വതങ്ങളെ മഴ കൊണ്ട് മൂടുന്നതുപോലെ നിങ്ങള്‍ അവനെ കണ്ണുനീര്‍ കൊണ്ട് മൂടും.
സുമിത്ര ഒരു വൈശ്യപ്രഭുവിന്റെ മകളാണെന്നും മകളെ അദ്ദേഹം രാജാവിന്നു സമ്മാനിച്ചതാണെന്നും കഥയുണ്ട്. രാമനെ കാട്ടിലയയ്ക്കുന്ന പ്രശ്‌നത്തില്‍ കൗസല്യ ദുഃഖിക്കുമ്പൊഴും ഭരതന്‍ രാജാവാകുമല്ലോ എന്നോര്‍ത്തു കൈകേയി ആഹ്ലാദിക്കുമ്പൊഴും സുമിത്ര സന്തുലിതമായ മനസ്സിന്റെ ഉടമയായി നിന്നു. നിരൂപകരുടെ അഭിപ്രായത്തില്‍ സുമിത്ര എന്ന പേരും വളരെ അര്‍ത്ഥവത്തായിട്ടുണ്ട്. കൗസല്യയ്ക്കും കൈകേയിക്കും ഇടയില്‍, രാമനും ഭരതനും ഇടയില്‍, സൗമിത്രത്തിന്റെഅഥവാ സാഹോദര്യത്തിന്റെ പൊന്‍ചരടാണവള്‍. കാടും നാടും സുമിത്രയ്ക്ക് ഒരുപോലെയാണ്. സുഖവും ദുഃഖവും അവള്‍ക്ക് ഒരുപോലെയാണ്. ഒരു മകന്‍ കാട്ടില്‍ പോയതിന്റെ ദുഃഖമാകട്ടെ, മറ്റൊരു മകനായ ശത്രുഘ്‌നന്‍ നാട്ടില്‍ അടുത്തുണ്ടല്ലോ എന്ന സന്തോഷമാകട്ടെ സുമിത്രയെ വലുതായി ബാധിക്കുന്നില്ല. സമത്വബുദ്ധിയും സന്തുലിതമായ മനസ്സും കൊണ്ട് സുമിത്ര ഒരു തത്വചിന്തകയുടെ ഔന്നത്യം കൈവരിച്ചതുപോലെ തോന്നാം. സൗമ്യവും ശാന്തവുമായ പ്രകൃതം അവളെ അധികനേരവും കൗസല്യയുടെ കൂടെ കഴിയാന്‍ പ്രേരിപ്പിച്ചു.
Content Highlights: ramayana masam 2025
Published: 14 Aug 2025, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented