ജനകന്‍ തന്റെ നാല് പുത്രിമാരെയും ഒരേ കൊട്ടാരത്തിലേക്ക് വിവാഹം ചെയ്തു കൊടുത്തത് അവര്‍ ജീവിതകാലം മുഴുവനും പിരിയാതെ കഴിയട്ടെ എന്ന ആഗ്രഹം കൊണ്ടാവാം. സീതാ രാമന്മാരുടെ വിവാഹം ആഘോഷപൂര്‍വം നടന്നു. അയോധ്യയില്‍ രാമനെ കാത്തിരുന്നത് ദുരന്തങ്ങള്‍ ആയിരുന്നു. അന്തപ്പുരം ആശങ്കകളാല്‍ നീറി നിന്നു. അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ സര്‍വാത്മനാ സന്നദ്ധനായ രാമന്‍. ആകെ തകര്‍ന്നു കരയുന്ന പിതാവിനെ ആശ്വസിപ്പിക്കുന്ന രാമന്റെ മുഖവും നമ്മള്‍ കണ്ടു. അഭിഷേകം മുടങ്ങിയിട്ടും അധികാരം നഷ്ടപ്പെട്ടിട്ടും കുലുങ്ങാത്ത രാമന്‍ അമ്മമാരോട് യാത്രാനുമതിക്കായി അന്തപ്പുരത്തില്‍ എത്തുന്നു.

To advertise here,

അവിടെ സീത അനുയാത്രക്ക് നിര്‍ബന്ധം പിടിക്കുന്നു. രാമന്റെ സഹായത്തിനു കൂടെ പോകാന്‍ ലക്ഷ്മണനും ഒരുങ്ങുന്നു. ലക്ഷ്മണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. യാത്രാദുരിതങ്ങളെ കുറിച്ച് പറയുമ്പോള്‍ സീത ആവര്‍ത്തിച്ചു പറയുന്നുണ്ട്. രാമന്‍ കൂടെ ഉണ്ടെങ്കില്‍ കല്ലും മുള്ളും കാടും മലയും ഒന്നും തന്നെ വിഷമിപ്പിക്കില്ലെന്ന്. ഭര്‍ത്താവിന്റെ പാദങ്ങളില്‍ ആണ് ഭാര്യയുടെ സുഖം. സീത തന്റെ വാദമുഖങ്ങളാല്‍ രാമന്റെ തീരുമാനം മാറ്റുന്നു. ലക്ഷ്മണനോട് അമ്മ പറയുകയാണ്... രാമനെ ദശരഥനായി കാണണം, സീതയെ അമ്മയായി കാണണം, കാടിനെ അയോധ്യ ആയി കാണണം. അങ്ങനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം.

ഈ സമയത്ത് ഊര്‍മിള കാത്തുനില്‍ക്കുന്നുണ്ട്. തന്നെ കൂടി കൊണ്ടുപോകുമെന്നും അങ്ങനെ കാട്ടില്‍ ആണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിക്കാം എന്നും ഉള്ള പ്രതീക്ഷ അവള്‍ക്ക് ഉണ്ടായിരുന്നിരിക്കാം.  ഊര്‍മിള ലക്ഷ്മണനോട് കൂടെ വരട്ടെ എന്ന ചോദിച്ചപ്പോള്‍, കാട്ടില്‍ രാമനെയും സീതയേയും സംരക്ഷിക്കാന്‍ ഞാനുണ്ട്, ഇവിടെ ഈ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മിള കൊട്ടാരത്തില്‍ നില്‍ക്കണമെന്ന്. ഊര്‍മിള വാശിപിടിച്ചില്ല. ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന് നിര്‍ബന്ധിച്ചില്ല.. യാത്രാവേളയില്‍ ലക്ഷ്മണന്‍ ഊര്‍മിളയോട് ഒന്നേ ആവശ്യപ്പെട്ടുള്ളു. കരയരുത്. അത് ഊര്‍മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി ഊര്‍മ്മിള മാറി.
 വനവാസക്കാലം പതിനാലു കൊല്ലമാണ്. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചു. ഒരിക്കല്‍ നിദ്രാദേവി ലക്ഷ്മണനെ സന്ദര്‍ശിച്ചു. വനവാസക്കാലത്ത് ഒരിക്കല്‍ പോലും ലക്ഷ്മണന്‍ ഉറങ്ങിയിട്ടില്ല. ആ സമയത്താണ് നിദ്രാദേവിയുടെ വരവ് ലക്ഷ്മണനോട് എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ലക്ഷ്മണന്‍ പറഞ്ഞു കൊട്ടാരത്തില്‍ ഊര്‍മിള ഉണ്ട്. അവള്‍ക്കു വരം കൊടുക്കാന്‍. ദേവി നേരെ കൊട്ടാരത്തില്‍ ചെന്ന് ഊര്‍മിളയെ കണ്ടു കാര്യം പറഞ്ഞു. ഊര്‍മിള ആവശ്യപ്പെട്ടത്, വനവാസക്കാലത്ത് ലക്ഷ്മണന്‍ ഊര്‍മിളയെ ഓര്‍ക്കാതെ ഇരിക്കണം. അല്ലാത്ത പക്ഷം സീതയേയും രാമനെയും ശുശ്രൂഷിക്കുന്നതില്‍ വീഴ്ച്ചവരുമെന്ന്. സ്വന്തം ഭര്‍ത്താവ് ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക എന്നത് എക്കാലത്തേയും അത്ഭുതമാണ്. അതും ജ്യേഷ്ഠനെയും ജ്യേഷ്ഠ പത്നിയേയും സംരക്ഷിക്കാന്‍!. ഇവിടെ രാമായണകഥയിലെ ഊര്‍മിളയെ കഥാപാത്രം അസാധാരണ വലുപ്പമാര്‍ജിക്കുന്നു.

വനവാസം കഴിഞ്ഞു തിരിച്ചെത്തി കുറച്ചുകാലം സന്തോഷത്തോടെ കഴിഞ്ഞു. വീണ്ടും ഗതികേട് അവരെ പിടികൂടി. ഗര്‍ഭിണിയായ സീത സംശയത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നു. രാമന്‍ സന്യാസിയെപ്പോലെ ജീവിക്കുന്നു. ആ സമയത്തും ഒരു ദാസനെ പോലെ കാല്‍ച്ചുവട്ടില്‍ തന്നെയായിരുന്നു ലക്ഷ്മണന്‍. അവിടെയും മാറ്റി നിര്‍ത്തപ്പെട്ടത് ഊര്‍മിളയെ ആണ്. അവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ടായി അങ്കതനും ധര്‍മ്മകേതുവും. കൊട്ടാരത്തിനുള്ളില്‍ ഏകയായി ജീവിച്ച്, സങ്കടങ്ങളെ നെഞ്ചിലൊതുക്കി ജീവിച്ച അസാമാന്യ കഥാപാത്രമായി മാറിയ ഊര്‍മ്മിള.
രാമായണകാവ്യം പരത്തുന്ന പ്രേമസൗരഭ്യത്തെ ഉപമിക്കാന്‍തക്ക കൃതികളോ കഥാതന്തുക്കളോ വിരളം. ത്യാഗത്തിലും വിരഹത്തിലും കാത്തിരിപ്പിലും മോഹഭംഗത്തിലും, മൃതിയിലും പ്രേമമുണ്ടെന്ന് നമ്മെ ആദികവി പഠിപ്പിക്കുന്നു. സീതാരാമന്മാരെ സംരക്ഷിക്കാനായി നിദ്രാദേവി ലക്ഷ്മണന് പതിാലു സംവത്സരത്തെ ജാഗ്രത്ത് വരമായി നല്കിയെന്നും, അത്രയും നാളത്തെ നിദ്ര ഊര്‍മിളയ്ക്ക് വിധിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. രാവണപുത്രനായ ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷ്മണന് ആകുന്നത് പതിനാലുസംവത്സരങ്ങളിലെ നിദ്രാവിഹീനതയാണത്രേ.

കഴിവുറ്റ ചിത്രകലാകാരിയും രാജതന്ത്രവിദഗ്ധയുമായിരുന്ന ഊര്‍മിള, രാമന്റെ അഭാവത്തില്‍ ഭരത-ശത്രുഘ്‌നന്‍മാര്‍ക്കൊപ്പം ഭരണനിര്‍വഹണത്തില്‍ പങ്കെടുത്തു എന്നും പറയപ്പെടുന്നു
ആദികവി രണ്ടു വരികളില്‍ ചുരുക്കിയ കഥാപാത്രത്തെ പിന്നീടുവന്ന രാമായണ വ്യാഖ്യാതാക്കള്‍  സ്വഭാവകല്പനകള്‍ നല്കി, മുന്‍നിരകഥാപാത്രങ്ങളുടെ പട്ടികയില്‍ വരച്ചിട്ടതില്‍ വ്യക്തിപരവും വ്യക്തിഹിതവുമയ വ്യാഖ്യാനസമുച്ചയങ്ങള്‍ക്കുള്ള പങ്ക്  വളരെ വലുതാണ്. ഭാര്യാവിരഹം 'രാമായണത്തിലെ രാമനില്‍' പോലും അസഹനീയമായ അല്ലലുണ്ടാക്കി എന്ന് പറയാന്‍ കവി മറക്കുന്നില്ല. 'ഹാ! ഹാ! വല്ലഭേ! സീതേ, ഹാ! ഹാ! മൈഥിലീ നാഥേ!' എന്ന് വിലപിക്കുന്ന രാമനില്‍ സാധാരണമനുഷ്യന്റെ ഭാവപ്രകടനമാണ് നാം കാണുന്നത്. എന്നാല്‍ഊര്‍മിളയുടെ വിരഹദുഖം മാത്രം വാത്മീകി കാണുന്നില്ല എന്ന ആക്ഷേപമുണ്ട്.
'പതിയുടെ താങ്ങില്ലാത്ത സ്ത്രീ അമ്പില്ലാത്ത ആവനാഴി' എന്ന് സീതാദേവി  വനവാസകാലശേഷം പറയുമ്പോള്‍ അത് ശ്രവിക്കുന്ന ഊര്‍മിളയുടെ മാനസികവ്യാപാരം എന്തായിരിക്കാം. ത്യാഗത്തിന്റെയും കാവ്യമായ ആദികാവ്യത്തില്‍ ഉയര്‍ന്നൊരു ശീര്‍ഷകം ഇവള്‍ക്കും തീര്‍ക്കേണ്ടതായിരുന്നു. ടാഗോര്‍ അഭിപ്രായപ്പെട്ടത് പോലെ ഭാരതസാഹിത്യത്തിലെ വിസ്മരിക്കപ്പെട്ട നായികമാരില്‍ പ്രഥമ ഊര്‍മിള എന്ന് പറയാം. പില്‍ക്കാലങ്ങളില്‍ പക്ഷെ, ഊര്‍മിളയുടെ ചിന്താകോണില്‍ നിന്നും ആദികാവ്യം മുഴുവനായി പരിണാമവിധേയമാക്കാന്‍ പോലും മൈഥിലീ ശര ഗുപ്തയെ പോലുള്ള സാഹിത്യകാരന്മാര്‍ തുനിഞ്ഞു. കവിതകേന്‍ രചിച്ച 'സീതാസ് സിസ്റ്റര്‍' എന്നപുസ്തകവും ഇതേ വിഷയം പ്രതിപാദിക്കുന്നു. സുഗതകുമാരിയുടെ 'ഒരു ഭാരത രംഗം' എന്ന കവിതയും എടുത്ത് പറയേണ്ടിയിരിക്കുന്നു.
ചില കഥകള്‍, ചില കഥാപാത്രങ്ങള്‍ ഇങ്ങനെയാണ്. അതിനെ പറ്റി, അവരെ പറ്റി അധികം അറിഞ്ഞെു വരില്ല. പക്ഷേ അവര്‍ മനസ്സില്‍ എന്നും തറച്ചു നില്‍ക്കും. നേരിയ വേദനയോടൊപ്പം അല്പം  സുഖം പകര്‍ന്നു മറവിയ്ക്ക് അടിമപ്പെടാതെ അവര്‍ നിലക്കൊള്ളും. കവി ഭാഷയില്‍
'അല്ലയോ ഊര്‍മിളേ,
നീ വിസ്മരിക്കപ്പെട്ടവളല്ലെന്നറിക!
നിന്റെ ചുടുകണ്ണീര്‍കണങ്ങള്‍  കാലയവനി-
കയ്ക്കിപ്പുറം പെയ്തിറങ്ങീടുന്നതറിക,
മാനവഹൃത്തിനെ തൊട്ട്, നോവിച്ച്, കരയിച്ച്,
ഒരു കുറ്റപത്രത്തിന്‍ പേമാരിയായി!
പുരാണങ്ങളുടെയും ചരിത്രത്തിന്റെയും മിത്തുകളുടെയും പാലാഴി കടഞ്ഞാല്‍ അമൃതു പോലുള്ള കഥാപാത്രങ്ങള്‍ മിഴിവോടെ കാലത്തിന്റെ അഗാധയില്‍ നിന്നും പൊങ്ങിവരും.അത്തരത്തില്‍ കാലം മറന്നുവെച്ചൊരു കണ്ണുനീര്‍ മുത്താണ്  ലക്ഷ്മണപത്‌നിയായ ഊര്‍മിളയെന്നു വിവക്ഷിക്കുന്നു.
നിരൂപക മതത്തില്‍ ഊര്‍മിളയുടെ തട്ട് വലരെയധികം ഉയരുന്നുണ്ട്. അത് ഇങ്ങനെയാണ്. ആദികാവ്യമായ രാമായണം രാമന്റെ മാത്രം അയനമായി മാറിയപ്പോള്‍ സീത സഹനത്തിന്റെയും പാതിവ്രത്യത്തിന്റെയും മൂര്‍ത്തരൂപമായി വാഴ്ത്തപ്പെട്ടു.കണ്ണുനീരിന്റെ പര്യായമായി ജാനകി മാറി ...സീതയുടെ മൂര്‍ത്തഭാവത്തെ ആവോളം ആദികവിയും കാലവും വര്‍ണിച്ചപ്പോള്‍ നിഴലായി മാഞ്ഞുപോയ സ്ത്രീരത്‌നമാണ് ഊര്‍മിള .ജനകരാജാവിന്റെ സ്വന്തം രക്തത്തില്‍ ജനിച്ച ഒരേയൊരു പുത്രിയായിരുന്നിട്ടും അവളെ ജാനകിയെന്നു വാല്മീകി വിളിച്ചില്ല. മിഥിലാപുരിയുടെ യഥാര്‍ത്ഥ അവകാശി അവളായിരുന്നിട്ടും അവളെ മൈഥിലിയെും ആരും വിളിച്ചില്ല .. വിരഹത്തിന്റെ താപാഗ്‌നിയില്‍ പതിനാലുകൊല്ലം ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന പേരും അവള്‍ക്കു ലഭിച്ചില്ല. എന്നും സീതയുടെ നിഴലായി ചരിത്രത്തില്‍ ഇടം നേടാനായിരുന്നു അവളുടെ വിധി.
അവഗണിക്കപ്പെട്ട സ്ത്രീജന്മത്തിന്റെ പ്രതീകമാണ് ഊര്‍മിള . അവളോടുള്ള അവഗണന ജനനം മുതല്‍ കവി കാട്ടുന്നുണ്ട്. സ്വപിതാവില്‍ നിന്നും അര്‍ഹതപ്പെട്ട സ്‌നേഹവും അവകാശവും മറ്റൊരാള്‍ക്ക് കൂടുതലായി ചെന്നുചേരുന്നതിനു സാക്ഷ്യം വഹിച്ച അവളിലെ കുഞ്ഞുമനസ്സ് എന്തിനോടും പൊരുത്തപ്പെടാനുള്ള ശക്തി നേടിയിട്ടുണ്ടാവണം എന്ന് ചിലര്‍ വാചാലമാകുന്നു. ..
ഇരുപത്തിനാലായിരം ശീലുകളുള്ള രാമായണത്തിന്റെ പരിമിതമായ ഏടുകളില്‍ ഊര്‍മിളയെ ഒതുക്കിയത് എന്തിനുവേണ്ടിയായിരുന്നിരിക്കണം എന്ന ചോദ്യം ഉയരുന്നുണ്ട്. രാഘവനെ ആണ്മയുടെ പ്രതീകമായി മുഖ്യധാരയിലേക്ക് പുരുഷോത്തമനായി കൊണ്ടുവന്ന വാല്മീകി പരാജയപ്പെട്ടത് ഊര്‍മിളയുടെ മുന്നിലായിരുന്നു എന്ന് പറയപ്പെടുന്നു..അവളിലെ മൗനത്തിലൊളിപ്പിച്ച ചോദ്യശരങ്ങളെ നേരിടാനാവാതെ, ദുര്‍ബലനായി പോയതുകൊണ്ടാവാം അവളെ വെറും വരികളില്‍ ഒതുക്കിയത് എന്ന് കരുതുന്നു.
നിഴല്‍ മൂടിയ സത്യങ്ങള്‍ കനലുകളായി തിളങ്ങുമ്പോള്‍ രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ കഥാപാത്രമായി ഊര്‍മിള കാലാതിവര്‍ത്തിയായി നിലക്കൊള്ളുന്നുണ്ട്..രാമായണം മുഴുവനായി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ കൊളുത്തിവച്ച കെടാദീപമായി ഊര്‍മിള മാറിപ്പോകുുവെങ്കില്‍ ജയിക്കുന്നത് ആദികവി നിഴല്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ച പെണ്മയാണ്. തോല്‍ക്കുന്നത് നീര്‍ക്കുമിള പോലെ വീര്‍പ്പിച്ച ആണത്തത്തിന്റെ സ്വത്വവും. ഉറങ്ങാതിരിക്കുന്ന തന്റെ ഭര്‍ത്താവിനു തന്നെ ഓര്‍മ വരാതിരിക്കാനുള്ള വരം നിദ്രാദേവിയോടു ചോദിച്ച ഇവളോളം ശ്രേഷ്ഠത മറ്റൊരു സ്ത്രീക്ക് ഉണ്ടാകുമോ. സ്വപതിയുടെ നിയോഗത്തിന് ഭംഗം വരാതിരിക്കുവാന്‍ തന്റെ ഓര്‍മകളെപ്പോലും അവനില്‍ നിന്നും മറയ്ക്കാന്‍ ശ്രമിച്ച ഊര്‍മ്മിളയാണ് യഥാര്‍ത്ഥ സ്ത്രീരത്‌നം .