അധ്യാത്മരാമായണ മഹാത്മ്യം ശ്രദ്ധയോടെ വായിക്കുന്നവരും കേൾക്കുന്നവരും ദേവന്മാരാൽ പൂജിക്കപ്പെടുമെന്നത് രാമായണത്തിലെ ആമുഖ വരികളാണ്. ആലസ്യംവിട്ട് നിത്യവും ഭക്തിയോടെ രാമായണത്തെ പൂജിച്ച് വായിക്കുന്നവർ അശ്വമേധയാഗം കഴിച്ച ഫലപ്രാപ്തിയിലെത്തുമെന്നുമാണ് വിശ്വാസം. പാരായണത്തിലെ ഓരോ അക്ഷരത്തിനും ലഭിക്കുന്ന ഫലം ഗായത്രീമന്ത്രത്തിന്റെ പൂർണപഠന ഫലങ്ങളാണെന്ന്‌ പാരമ്പര്യമായി ഉറച്ചവിശ്വാസമാണ്. കർക്കടകം ഒന്നുമുതൽ 31 വരെ ഓരോ ഭാഗമായാണ് സാധാരണ രാമായണം വായിക്കാറുള്ളത്. പതിനഞ്ചാംദിവസം ബാലിവധവും ഇരുപത്തിയഞ്ചാംദിവസം കുംഭകർണവധവും ഇരുപത്തിയെട്ടാം ദിവസം രാവണവധവും മുപ്പതാംദിവസം പട്ടാഭിഷേകവും ചൊല്ലി പൂർത്തിയാക്കുകയാണ് പതിവ്. സംസാര ദുഃഖത്തിൽനിന്ന്‌ മോചനംനേടാൻ ആഗ്രഹിക്കുന്നവർ അധ്യാത്മരാമായണം നിത്യവും വായിക്കുന്നതും ഫലപ്പെടും. രാമായണം കേൾക്കുന്നതും ലക്ഷമോ കോടിയോ ഗോദാനം ചെയ്താൽ ലഭിക്കുന്ന ഫലവുമാണ്. ശ്രീശങ്കര സ്വരൂപമായ ഗിരിയിൽനിന്നു നിർഗളിച്ച രാമസ്വരൂപമായ സമുദ്രത്തിൽ ചേരുന്ന രാമായണം ഗംഗാജലമാണെന്നും അത് ത്രിലോകത്തെയും പവിത്രീകരിക്കുന്നെന്നും രാമായണത്തിലെ ആമുഖത്തിൽ ചേർത്തിട്ടുണ്ട്. ഇങ്ങനെ രാമായണ മഹത്ത്വം ഒട്ടും ചോർന്നുപോകാതെ കർക്കടകം മുഴുവൻ മുടങ്ങാതെ വായിക്കുന്ന ഒട്ടേറെ ആധ്യാത്മിക സമിതികളും യുഎഇയിലുമുണ്ട്. കടൽക്കടന്നും എഴുത്തച്ഛന്റെ രാമായണകാവ്യം പ്രചരിക്കപ്പെടുന്നെന്നതാണ് പ്രസക്തം.

To advertise here,

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലെ കുടുംബവീടുകൾ കേന്ദ്രീകരിച്ചാണ് രാമായണംവായന കൂടുതലും. ഒന്നാംദിവസത്തെ രാമായണമഹാത്മ്യംതൊട്ട് അവസാനദിവസത്തെ അയോധ്യാ പ്രവേശം, പട്ടാഭിഷേകംവരെയുള്ള ഭാഗങ്ങളെല്ലാം ക്രമവും ചിട്ടയും പാലിച്ചുകൊണ്ടാണ് പ്രവാസികളും വായിക്കുന്നത്. പാരമ്പര്യവിശ്വാസപ്രകാരം വീടുകളിൽ സന്ധ്യക്ക്‌ ഏഴുമണികഴിഞ്ഞ് രാത്രി 10 മണിവരെയുള്ള ദുർഗായാമംവരെയാണ് രാമായണ വായനയുടെ ഉത്തമസമയം. എന്നാൽ, യുഎഇയിലെ പ്രവാസികൾ ജോലിസമയം കണക്കാക്കിയ പ്രാദേശിക സമയം എട്ടുമണികഴിഞ്ഞാണ് വായന തുടങ്ങുക. മുന്നിൽ കത്തിച്ചുവെച്ച നിലവിളക്കും വിളക്കിൽ പാർവതീ - പരമേശ്വരന്മാരും ഗണപതിയും ഹനുമാനും ദേവതകളും വായനയിൽ സാന്നിധ്യമാകുന്നെന്നാണ് വിശ്വാസം. പലകമേലോ വിരിപ്പിലോ ഇരുന്ന് ഉയർന്നപീഠത്തിൽ രാമായണം വെച്ചുകൊണ്ട് പാരായണം വേണമെന്നാണ് പ്രാചീനരീതി. അതും പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് പ്രവാസികൾ പരിഹരിക്കുന്നെന്നുവേണം പറയാൻ. ആദ്യം രാമസ്തുതികൾ ചൊല്ലിയും തുളസിയോ പൂക്കളോകൊണ്ട് വിളക്കുപൂജയും പൂർത്തിയാക്കി വാല്‌മീകിയും എഴുത്തച്ഛനും ഗണപതിയും സരസ്വതിയും ഗുരുക്കന്മാരും ശ്രീമഹാദേവനും വിഷ്ണുവും ഹനുമാനും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ് വായനയുടെ തുടക്കം. പ്രവാസികുടുംബങ്ങൾ അതത് ഭവനങ്ങളിൽ രാമായണം വായിക്കുമ്പോൾ കേരളത്തിൽനിന്ന്‌ പ്രായമേറിയവരും ഓൺലൈനിൽ പങ്കെടുക്കുന്നു. അപ്പോൾ രാമായണം നൂറ്റാണ്ടുകൾക്കുമുൻപുള്ള പാരമ്പര്യ വായനയിൽ മാത്രമല്ല നൂതന സാങ്കേതികതലങ്ങളിലും സ്പർശിക്കുകയാണ്. കേരളത്തിൽനിന്ന്‌ സന്ന്യാസിവര്യർ, അധ്യാപകർ, എഴുത്തുകാർ, സാംസ്കാരികപ്രവർത്തകർ, തത്ത്വജ്ഞാനികൾ തുടങ്ങിയവരും രാമായണവേദികളിൽ പ്രഭാഷണങ്ങളും നടത്തുന്നു. അതത് ദിവസത്തെ വായനയുടെ അർഥങ്ങൾ ഏറ്റവും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതങ്ങളിൽ രാമായണം ചേർന്നിട്ടുണ്ടെന്നും ശ്രീരാമചന്ദ്രനും സീതാദേവിയും സർവ ചരാചരങ്ങൾക്കും അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ടെന്നും രൂഢമൂലമായ വിശ്വാസമാണ്. ദിവസം ശരാശരി 20 മിനിറ്റുവെച്ച് രാമായണം വായിച്ചാൽ ഒരുമാസംകൊണ്ട് വായന മുഴുമിപ്പിക്കാമെന്നും യാഥാർഥ്യമാണ്.

ആയിരംതവണ വായിച്ചിട്ടും സംശയങ്ങൾ ബാക്കിയാവുന്ന കാവ്യം
ആയിരംതവണ വായിച്ചിട്ടും സംശയങ്ങൾ ബാക്കിയാകുമെന്നതാണ് ഇതിഹാസകാവ്യമായി രാമായണത്തിന്റെ പ്രത്യേകത. കാരണം രാമായണം വായിച്ചുകൊണ്ടേയിരിക്കുന്നെന്ന് സാരം. പുണ്യപുരാണ രാമായണത്തിൽ രാമനും സീതയും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും എന്നും ജീവിച്ചിരുന്നാൽ മാത്രമേ മനുഷ്യകുലത്തിൽ ഭ്രാതൃത്വവും പത്നിത്വവും ഭർത്തൃത്വവും നിലനിൽക്കുകയുള്ളൂ. അതുപോലെ ഭക്തിയുടെ പ്രതീകമായി ഹനുമാനും ഇന്നും ലോകത്തെവിടെയോ ജീവിക്കുന്നുണ്ട്. അത്തരത്തിൽ മനുഷ്യനെ രൂപപ്പെടുത്തിയ ഒരു മഹാകാവ്യത്തെ കടൽക്കടന്നും ഭാരതീയർ നെഞ്ചേറ്റുന്നെന്നു പറയാം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണ പൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ രാമായണം പ്രതിഫലിച്ചിട്ടുണ്ട്. രാമനെ ഈശ്വരനായി ഉദ്ഘോഷിക്കപ്പെടുന്ന എത്രയോ മുഹൂർത്തങ്ങളുമുണ്ട്. അങ്ങനെ ഭാരതത്തിലെ പ്രധാനവും സവിശേഷവുമായ രാമായണകാവ്യം പ്രവാസിമലയാളികളും ഏറ്റുചൊല്ലുകയാണ്. മലയാളികൾ ധാരാളമുള്ള യുഎഇയിൽ രാമായണം കൂടുതൽ വായിക്കപ്പെടുന്നതോടൊപ്പം ആഘോഷിക്കപ്പെടുന്നുമുണ്ട്.
സകലലോകങ്ങളും സഞ്ചരിക്കുന്ന യോഗീന്ദ്രനായ നാരദമഹർഷിയോട് സ്വയംഭൂവായ ബ്രഹ്മാവ് ചോദിക്കുന്നുണ്ട്, ‘‘മുനിശ്രേഷ്ഠാ, നിങ്ങളെന്താണ് എന്നിൽനിന്ന്‌ അറിയാൻ ആഗ്രഹിക്കുന്നത്?’’ അപ്പോൾ നാരദൻ പറഞ്ഞു, ‘‘ശുഭാശുഭ കർമങ്ങളെക്കുറിച്ച് അങ്ങയുടെ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്. എന്നോട് ദയതോന്നിക്കൊണ്ട് വളരെ രഹസ്യമായി ഒരു കാര്യം അരുളിച്ചെയ്യണം. കലിയുഗത്തിൽ മനുഷ്യർ പുണ്യകർമങ്ങളൊക്കെ വെടിയും. സത്യത്തോട് വൈമുഖ്യം കാണിക്കും. മറ്റുള്ളവരെ നിന്ദിക്കും. പരസ്ത്രീകളിൽ ചിത്തം രമിപ്പിക്കുകയും പരഹിംസയിൽ മുഴുകുകയും ചെയ്യും. അവർ മൂഢശരീരത്തെ ആത്മാവായി കരുതും. അവരുടെ ബുദ്ധി മൃഗതുല്യമാകും...’’ ഇങ്ങനെപോകുന്നു മനുഷ്യകുലത്തെക്കുറിച്ചുള്ള നാരദന്റെ ആശങ്കകൾ. ധനസമ്പാദനത്തിനുമാത്രമായി വിദ്യ അഭ്യസിക്കുകയും ബ്രാഹ്മണ്യത്തിന്റെയും വിദ്യയുടെയും പേരിൽ അഹങ്കരിക്കുകയും ചെയ്യും. സമൂഹത്തിൽ ചതിയും ആത്മവഞ്ചനയും പെരുകുമെന്നും പരലോകപ്രവേശം അത്തരം മനുഷ്യർക്ക് സാധ്യമാകില്ലെന്നും നാരദൻ കമലാസനെ ഉണർത്തുന്നു. സശ്രദ്ധം നാരദന്റെ വാക്കുകൾ കേട്ട ബ്രഹ്മാവ് ഉത്തരം നൽകുന്നതിങ്ങനെ, ‘‘ഋഷിവര്യാ, താങ്കളുടെ ആശങ്കയ്ക്ക് ഉത്തരം തരാം. പണ്ട് ഭക്തവത്സലയായ പാർവതി ത്രിപുരാന്തകനായ ഭഗവാൻ ശങ്കരനോട് ശ്രീരാമതത്ത്വത്തോടുള്ള അമിതമായ ജിജ്ഞാസയാൽ വിനയപൂർവം ചോദിച്ചതിന് ശ്രീമഹാദേവൻ നൽകുന്ന ഉത്തരമായി നൽകിയ രഹസ്യകഥയാണ് സർവോത്തമമായ രാമായണം. ഇന്നിപ്പോൾ ജഗദംബയായ പാർവതീദേവി രാമായണത്തെ പൂജിച്ചുകൊണ്ട് രാവുംപകലും അതുമാത്രം മനനംചെയ്ത് ആത്മാനന്ദത്തിൽ ലയിച്ചിരിക്കുകയാണ്. ലോകർക്ക് ഭാഗ്യംനേടാൻ രാമായണം ജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന കാലംവരും. അന്നത് വായിച്ചുകൊണ്ട് ലോകം സദ്ഗതി നേടിയെടുക്കും.’’ ബ്രഹ്മാവിൽനിന്ന്‌ ഇത്രയും കേട്ടപ്പോൾ അധ്യാത്മ രാമായണത്തിന്റെ ഉദയംവരെ മാത്രമേ ലോകത്തിൽ കലിയുഗം തിമിർക്കുകയുള്ളൂവെന്ന് നാരദനും ബോധ്യമായി. രാമായണം ലോകത്തിൽ പ്രകാശിതമാകുന്ന കാലംവരെയേ യമദൂതന്മാരുടെ പരാക്രമവും നിലനിൽക്കുകയുള്ളൂ. അധ്യാത്മരാമായണത്തിലെ ഒരു ശ്ലോകംപോലുംവേണ്ട അരശ്ലോകം മതിയാകും ഭക്തിയോടെ വായിച്ചാൽ മനുഷ്യന് പാപമുക്തിനേടാനെന്നും ബ്രഹ്മാവ് ഓർമ്മിപ്പിക്കുന്നുണ്ട്. രാമായണം ചെല്ലുന്നത് കേൾക്കുന്നതും മോചനത്തിലേക്കുള്ള വഴിതുറക്കലാണ്. രാമായണം സമ്പൂർണമായി എഴുതി പുസ്തകരൂപത്തിൽ രാമഭക്തർക്ക് നൽകുന്നവർ ഗായത്രീമന്ത്രത്തിന്റെ പൂർണപഠന ഫലമാണ് ലഭിക്കുകയെന്നും ബ്രഹ്മാവ് നാരദനെ ഉപദേശിക്കുന്നു.

അരുതെന്ന വിലക്കിൽനിന്നൊരു മഹാകാവ്യം
ശിഷ്യരോടൊത്ത് താമസാനദിയിൽ സ്നാനത്തിനായി പോകുമ്പോൾ ക്രൗഞ്ചമിഥുനങ്ങളിലൊന്നായ ഇണപ്പക്ഷിയെ കാട്ടാളൻ അമ്പെയ്തുവീഴ്ത്തുന്നതുകണ്ട വാല്‌മീകി സങ്കടവും രോഷവും കലർന്ന് ‘അരുത്’ എന്നുപറയുന്നു. അങ്ങനെ ‘അരുത്’ എന്ന വാക്കിൽനിന്ന്‌ ആരംഭിച്ച മഹാകാവ്യമാണ് രാമായണം. ആൺപക്ഷിയുടെ ദാരുണാന്ത്യവും പെൺപക്ഷിയുടെ വിലാപവുംചേർന്ന രാമകഥ ലോകത്തിന്റെ സങ്കടംകൂടിയാണ്. ‘മാ നിഷാദ’ എന്നുതുടങ്ങുന്ന ആദ്യ ശ്ലോകം എഴുതിത്തീരുമ്പോഴേക്കും  ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും അതേരൂപത്തിൽ രാമകഥ പൂർത്തിയാക്കാൻ വാല്‌മീകിയോട് നിർദേശിക്കുകയും ചെയ്തു. അങ്ങനെ 20,000 ശ്ലോകംകൊണ്ട് 500 അധ്യായങ്ങളിലായി രാമായണകാവ്യം വാല്‌മീകി പൂർത്തിയാക്കി. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായി ശ്രീരാമകഥ ലോകത്തിൽ നിറഞ്ഞുനിൽക്കുന്നു.യാതൊരു ഉപാധിയുമില്ലാതെ ശ്രീരാമനെ വരിച്ച ജാനകിയും രാമനിലൂടെ അറിയപ്പെട്ടു. രാമായണത്തിലെ ഓരോ കഥാപാത്രവും പ്രധാനവും ജ്ഞാനസമ്പാദനം നേടിയവരുമാണ്. അങ്ങനെ ശ്രീരാമകഥ ഉമാമഹേശ്വര സംവാദമായാണ് അധ്യാത്മരാമായണത്തിൽ ഇതൾവിരിഞ്ഞ് പരിലസിക്കുന്നത്. ബാലകാണ്ഡത്തിലെ ഒന്നാംസർഗത്തിൽ രാമന്റെ മഹത്ത്വം പറയുന്നതോടൊപ്പം സംസാരത്തിൽനിന്ന്‌ മോചനം നേടാൻ ഭക്തിമാർഗം സ്വീകരിക്കുന്നതാണ് നല്ലതെന്ന തത്ത്വവുമുണ്ട്. അയോധ്യാപുരിയിൽ അത്യന്തം പാവനമായ രഘുകുലത്തിൽ ജനിക്കുകയും പിന്നീട് വിശ്വാമിത്രന്റെ സഹായിയാവുകയും യജ്ഞകാര്യം നിർവഹിക്കുകയും ചെയ്യുകയാണ് തുടക്കത്തിൽ രാമൻ.

അഹല്യയെ ശാപമുക്തയാക്കി ശ്രീമഹാദേവന്റെ ചാപം ഭേദിച്ചിട്ട് ജാനകിയെ ജീവിതസഖിയാക്കിയ രാമൻ പരശുരാമന്റെ ഗർവം ശമിപ്പിക്കുകയും അതിനുശേഷം സീതയോടൊപ്പം 12 വർഷം അയോധ്യയിൽ താമസിക്കുകയുമാണ്. പിന്നീടാണ് ദണ്ഡകാരണ്യത്തിലേക്ക് യാത്രതിരിക്കുന്നത്. വിരാധനെയും മായാമൃഗരൂപിയായ മാരീചനെയും കൊല്ലുകയും മായാസീത അപഹരിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് ജടായുവിനും കബന്ധനും മോക്ഷം നൽകുകയും ശബരിയുടെ പൂജ കൈക്കൊള്ളുകയും ചെയ്യുകയാണ്. സുഗ്രീവനൊത്ത് മൈത്രീബന്ധം സ്ഥാപിക്കുകയും അനന്തരം രാമന്റെ കൈകളാൽ ബാലി വധിക്കപ്പെടുകയും ചെയ്യുന്നു. സീതയെ കാണുകയും സമുദ്രം ലംഘിക്കുകയും ലങ്കയെ വളയുകയും പുത്രർക്കൊപ്പം ദുരാത്മാവായ രാവണനെ യുദ്ധത്തിൽ നിഗ്രഹിക്കുകയും വിഭീഷണനെ ലങ്കയിൽ വാഴിക്കുകയും ചെയ്യുന്നുണ്ട്. പുഷ്പകവിമാനത്തിൽ സീതയോടൊത്ത് അയോധ്യയിലേക്ക് മടങ്ങുകയും പിന്നീട് അഭിഷിക്തനാവുകയുമാണ് രാമൻ. രാമന്റെ ദുഃഖവും വിജയവും പര്യവസാനവുമെല്ലാം ജാനകിയിൽനിന്ന്‌ തുടങ്ങുകയും ഒടുങ്ങുകയുമാണെന്ന് ജാനകിയുടെ വാക്കുകളിലൂടെത്തന്നെ  ബാലകാണ്ഡം ഒന്നാം സർഗത്തിൽ കാവ്യരൂപത്തിൽ ലോകത്തെ അറിയിക്കുന്നു. അങ്ങനെ രാമൻ മഹാവിഷ്ണുവിന്റെ അവതാരമായും സാധാരണ മനുഷ്യനായെല്ലാം പലവിധ രാമായണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സീതാദേവി രാവണന്റെ പുത്രിയായതും ഇതര രാമായണവ്യാഖ്യാനത്തിൽ കാണാം. രാമന്റെ ദൈവികഭാവങ്ങളും അമാനുഷികതയും പറയുമ്പോൾ പല ഭാഗങ്ങളിലും വെറും സാധാരണമനുഷ്യനെയാണ് രാമനിലൂടെ ദർശിക്കാൻ സാധിക്കുക.