എന്താണ് രാമായണത്തിന്റെ മഹത്വം എന്ന ചോദ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ വേദാന്തദര്‍ശനം പറഞ്ഞ കൃതിയാണ് രാമായണം എന്നാണ് വാഴ്ത്തപ്പെടുന്നത്. ആ ദര്‍ശനം 'താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ' എന്നതാണ്. ഇത് രാമായണത്തില്‍ പറയുന്നത് രാമായണത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വലിയ കഥാപാത്രങ്ങളൊന്നുമല്ല. രത്നാകരന്റെ ഭാര്യയായ കാട്ടാളസ്തീയാണ്. നിരക്ഷരനായ കാട്ടാളന്റെ മക്കളെ പെറ്റുവളര്‍ത്തിയ നിരക്ഷരകുക്ഷിയായ കാട്ടാള സ്തീയെക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വേദാന്തദര്‍ശനം വാത്മീകി പറയിച്ചു എന്നതാണ് രാമായണത്തിന്റെ വൈശിഷ്യം.
സപ്തര്‍ഷികളുടെ കൈവശമുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ചെന്ന രത്നാകരന്‍ എന്ന കാട്ടാളനെ കണ്ടപ്പോള്‍ ദീര്‍ഘദര്‍ശികളായ സന്യാസിമാര്‍ക്ക് ഇവന്റെ ബുദ്ധി ശരിയായ രീതിയില്‍ വഴിതിരിച്ചുവിട്ടാല്‍ തങ്ങളെക്കൊണ്ട് ഈ ലോകത്തിനു ചെയ്യാന്‍ കഴിയാത്തത് ഈ കാട്ടാളന് ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലായി. അതിനാല്‍ അവന്റെ ബുദ്ധിയിലേക്ക് യുക്തിപൂര്‍വ്വം ഒരു ചോദ്യം ഇട്ടുകൊടുത്തു. നീ ചെയ്യുന്ന ഈ തെറ്റുകളുടെ ഫലം നിന്റെ വീട്ടുകാര്‍ കൂടി അനുഭവിക്കുമോ എന്ന് ചോദിച്ചിട്ടു വരിക. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കാട്ടാള സ്ത്രീ പറഞ്ഞത്.
അവിടെയാണ് രത്നാകരന് പുനര്‍വിചിന്തനം ഉണ്ടായത്. കാട്ടാളനില്‍ നിന്ന് സന്യാസിയിലേക്കുള്ള പരിണാമം ഇവിടെയാണ് തുടങ്ങുന്നത്. മാത്രമല്ല തുടര്‍ന്ന് സപ്തര്‍ഷികളുടെ സമീപത്തെത്തിയ രത്നാകരനോട് ആ മരം..ഈ മരം..എന്ന് അഥവാ രാമമന്ത്രം ഉച്ചരിക്കാന്‍ പറഞ്ഞു എന്നാല്‍ അക്ഷരം പഠിപ്പിച്ചു എന്നു കൂടി അര്‍ത്ഥം കാണണം. പുറത്തിരുട്ടകറ്റുവാന്‍ വിളക്കുകള്‍ കൊളുത്തണം, അകത്തിരുട്ടകറ്റുവാന്‍ അക്ഷരം പഠിക്കണം എന്ന തത്വമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്.
അക്ഷരം പഠിച്ച രത്നാകന്റെ അകത്തെ അജ്ഞാനമാകുന്ന ഇരുട്ട് നീങ്ങുകയും കാട്ടാളന്‍ സന്യാസിയായി മാറുകയും ചെയ്തു. വാത്മീകി ചരിതത്തെക്കുറിച്ച് അധ്യാത്മരാമായണത്തിലും മറ്റും കാണുന്നത് രത്നാകരനെന്ന കാട്ടാളന്‍ സപ്തര്‍ഷികളുടെ ഉപദേശമനുസരിച്ച് രാമമന്ത്രം തിരിച്ച് മരാ മരാ എന്ന് പറഞ്ഞ് ധ്യാനനിമഗ്‌നനായി വാത്മീകാവൃതനായി വാത്മീകത്തിനുള്ളില്‍വെച്ച് മുനിയായി വാത്മീകിയായി മാറി എന്നാണ്.പക്ഷെ സ്വന്തം പൂര്‍വ്വചരിത്രത്തെക്കുറിച്ച് നമുക്ക് വാത്മീകി രാമായണത്തില്‍ നിന്ന് വളരെ കുറച്ച് അറിവുമാത്രമേ ലഭിക്കുന്നുള്ളൂ.പ്രചേതസോഹം ദശമ പുത്രോ.. ഞാന്‍ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണ് എന്ന് വാത്മീകി പറയുന്നുണ്ട്.
തപസ്വിയായ വാത്മീകി നാരദരോട് ചോദിക്കുന്ന 'കോന്വസ്മിന്‍ സാബ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍' എന്ന് അഥവാ ജീവിച്ചിരിക്കുന്നവരില്‍ ഗുണവാനും വീര്യവാനും ആയവന്‍ ആര് എന്ന ചോദ്യത്തോടെയാണ് രാമായണത്തിന്റെ ആരംഭം. വാത്മീകി രാമായണത്തില്‍ രാമന്‍ വനവാസകാലത്ത് വാത്മീകിയെ കണ്ടതായി പറയുന്നില്ല.അധ്യാത്മരാമായണത്തിലാണ് വനവാസകാലത്ത് രാമനും സീതയും ഉള്‍പ്പെടെ വാത്മീകിയുടെ ആഥിത്വം സ്വീകരിച്ചു താമസിക്കുന്നതിനെക്കുറിച്ച് പറയുന്നത്. വാത്മീകി രാമായണത്തില്‍ വാത്മീകിയെക്കുറിച്ചുള്ള പരാമര്‍ശം വരുന്നത് ഉത്തരകാണ്ഡത്തിലാണ്. സീതയെ ഉപേക്ഷിക്കാന്‍ തീര്‍ച്ചയാക്കിയ ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ച് സീതയെ ഗംഗാനദിയ്ക്കക്കരെ തമസാനദിയുടെ തീരത്തുള്ള വാത്മീകിയുടെ ആശ്രമത്തിനു സമീപം കൊണ്ടുവിടുക എന്ന് പറയുന്നു.വാത്മീകി സീതയെ തന്റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നതു തന്നെ ജനകനന്ദിനിയും ദശരഥസ്നുഷയും രാമമഹിഷിയുമായ അല്ലയോ പതിവ്രതേ ഭവതിയ്ക്കു സ്വാഗതം എന്നാണ്.
രാമന് വാത്മീകിയോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല. രാമന്‍ ഉപേക്ഷിച്ച സീതയെ പരിപാലിക്കുന്നതും പുത്രന്‍മാരെ വളര്‍ത്തുന്നതും രാമചരിത്രം അനശ്വരമാക്കുന്നതും വാത്മീകിയാണ്. നൈമിഷാരണ്യത്തില്‍ ശ്രീരാമന്‍ അശ്വമേധയാഗം നടത്തുമ്പോള്‍ കുശലവന്‍മാരോടുകൂടി വാത്മീകി അവിടെയെത്തി താന്‍ രചിച്ചു പഠിപ്പിച്ച രാമചരിതം ഋഷിവാടങ്ങളിലും രാമഭവനത്തിലും തെരുവോരങ്ങളിലും കീര്‍ത്തിക്കാന്‍ നിയോഗിക്കുന്നു.തുടര്‍ന്ന് ലവകുശന്‍മാര്‍ സ്വന്തം പുത്രന്‍മാരാണെന്ന് തിരിച്ചറിഞ്ഞ രാമന്‍ ദൂതന്‍മാരെ വിളിച്ച് സീത സഭയില്‍വന്ന് ശപഥം ചെയ്ത് പരിശുദ്ധിതെളിയിക്കട്ടെ എന്ന സന്ദേശം വാത്മീകിയെ അറിയിക്കാന്‍ ആജ്ഞ നല്‍കി.
വാത്മീകിയുടെ പിന്നാലെ കൈകള്‍ കൂപ്പി ഋഷിവാടത്തിലെത്തിയ സീതയെ നോക്കി സീത പതിവ്രതയും ലവകുശന്‍മാര്‍ രാമന്റെ പുത്രന്‍മാരുമാണെന്ന് വാത്മീകി രാമനോടു പറഞ്ഞു. തുടര്‍ന്ന് സീതയുടെ ശപഥത്തിനുള്ള രംഗം ഒരുങ്ങുമ്പോള്‍ രാമനെ നിനച്ചുകൊണ് ഭൂപുത്രി മാതാവിനോടൊപ്പം അന്തര്‍ധാനം ചെയ്തു.അങ്ങനെ സീതാരാമ ചരിതത്തിന്റെ ദൃക്സാക്ഷിയാണ് രാമായണത്തിലെ വാത്മീകി ത്രേതായുഗത്തിന്റെ ഗാഥകള്‍ പാടിയ ആദികവി രാമന്റെ കഥ പറഞ്ഞു പറഞ്ഞ് അത് സീതായനമായി മാറിയെന്ന് ഒരു ഒക്ഷേപമുണ്ട്. രാമായണം, സൂര്യവംശരാജാവായ ദശരഥന്റെയും കുടുംബത്തിന്റെയും അതില്‍ പ്രധാനമായും ശ്രീരാമചന്ദ്രനെക്കുറിച്ചുള്ള കഥയാണ്- സംഭവകാവ്യമാണ്. രാമായണത്തിലെ അംഗങ്ങളെല്ലാം ത്യാഗത്തിന്റെ മൂര്‍ത്തിമദ് ഭാവങ്ങളാണ്. പ്രജാക്ഷേമതല്‍പരനായ ദശരഥ മഹാരാജാവ് ഒത്തൊരുമയുള്ള ഭാര്യമാര്‍, കൗസല്യ, കൈകേയി, സുമിത്ര. പിതാവിന്റെ സത്യം സംരക്ഷിക്കുവാന്‍ വേണ്ടി രാജ്യം ത്യജിക്കുന്ന ശ്രീരാമന്‍. സ്വന്തം സഹോദരനു കിട്ടാത്ത രാജ്യം ത്യജിക്കുന്ന അനുജന്‍ ഭരതന്‍. ഭര്‍ത്താവിനു ലഭിക്കാത്ത രാജ്യസുഖം ത്യജിക്കുന്ന ഭാര്യയായ സീതാദേവി. ധര്‍മത്തിനുവേണ്ടി സ്വന്തം കുലത്തെപ്പോലും ത്യജിക്കുന്ന വിഭീഷണന്‍. ഇവരോരോരുത്തരും എല്ലാക്കാലത്തും മാതൃകയാണ്.
വാത്മീകി എന്ന ആചാര്യന്‍ ലോകകല്യാണത്തിനു വേണ്ടിയാണ് രാമായണം ചമച്ചിരിക്കുന്നത് എന്നു കാണാം.വാല്മീകിരാമായണത്തിനു മുമ്പേ തന്നെ രാമകഥയെ ആസ്പദമാക്കിയുള്ള ആഖ്യാനങ്ങള്‍ നിരവധി പ്രചാരത്തിലുണ്ടായിരുന്നുവത്രെ. എന്നാല്‍ ആ ആഖ്യാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീര്‍ന്നത്.
Content Highlights: ramayana masam 2025
Published: 29 Jul 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented