ഉത്തരകോസലം, ദക്ഷിണകോസലം എന്നിങ്ങനെ രണ്ടു രാജ്യങ്ങളുള്ളതിൽ ദക്ഷിണകോസലത്തിലെ രാജകുമാരിയാണ് രാജ്യനാമം കൂടി ധരിക്കുന്ന കൗസല്യ. അവളെ ഉത്തരകോസലാധിപനായ ദശരഥന്‍ വിവാഹം ചെയ്തു. സൗശീല്യവതിയാണ് കൗസല്യ. ദശരഥന്റെ ധര്‍മ്മപത്‌നിയും പട്ടമഹിഷിയുമായി അവര്‍ വളരെ വര്‍ഷങ്ങള്‍ കഴിച്ചു. പിന്നീടു സുമിത്രയും കൈകേയിയും ഭാര്യമാരായി വന്നുവെങ്കിലും രാജ്യത്തിലെ പ്രഥമവനിത എന്ന സ്ഥാനം കൗസല്യയ്ക്കുതന്നെ ആയിരുന്നു.രാമായണത്തിന്റെ രചയിതാവായ വാല്മീകി കൗസല്യയുടെ മാതാപിതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ല. പക്ഷേ അയോധ്യാകാണ്ഡത്തില്‍ അവളെ കോസലേന്ദ്രദുഹിത (അതായത്, കോസല രാജാവിന്റെ മകള്‍) എന്നാണ് വിശേഷിപ്പിക്കുന്നത് . അയോധ്യ തലസ്ഥാനമായ പുരാതന ഇന്ത്യയിലെ ഒരു പ്രദേശമായിരുന്നു കോസലം. കൗസല്യ ഒരു കോസല രാജകുമാരന്റെ മകളായിരുന്നുവെന്ന് പത്മപുരാണം വിശദീകരിക്കുന്നു.

To advertise here,

പില്‍ക്കാല ഗ്രന്ഥങ്ങള്‍ അവളെ ദക്ഷിണ കോസല രാജാവായ സുകൗശലിന്റെയും രാജ്ഞി അമൃതപ്രഭയുടെയും മകളായി വിശേഷിപ്പിക്കുന്നു. പരമ്പരാഗതമായി അവരുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സ്ഥലത്ത മാതാ കൗശല്യ ക്ഷേത്രം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രം നിലവിലുണ്ട്. ഒരുപക്ഷേ അവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നായിരിക്കാം ഇത്. ഛത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയിലെ ചന്ദ്ഖുരിയിലാണ് മാതാ കൗശല്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ഭക്തിയുടെ പ്രതീകമായി കൗസല്യയെ രാമായണത്തിലുടനീളം കാണാം. വിവാഹത്തിലെ വിശ്വസ്തതയുടെ ഉദാഹരണമായി കൗസല്യ രാമായണത്തിലും ഒരു പങ്കു വഹിക്കുന്നു.

രാമായണത്തിലെ ബാലകാണ്ഡത്തിലാണ് കൗസല്യ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പുത്രന്മാര്‍് അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ദശരഥനും അദ്ദേഹത്തിന്റെ മറ്റ് രണ്ട് ഭാര്യമാരായ സുമിത്രയ്ക്കും കൈകേകിക്കും ഒപ്പം പുത്രകാമേഷ്ഠി യാഗം നടത്തുന്നു. ഋഷ്യശൃംഗന്‍ നയിച്ച ഈ യാഗത്തില്‍  ഒരു ദിവ്യന്‍ ദശരഥന് ദേവന്മാര്‍ തയ്യാറാക്കിയ പായസം  നിറച്ച ഒരു സ്വര്‍ണ്ണ പാത്രം സമ്മാനിക്കുന്നു. ദശരഥന്‍ ഈ ദിവ്യ ഭക്ഷണത്തിന്റെ പകുതി കൗസല്യയ്ക്കും, പകുതി കൈകേകിക്കും നല്‍കുന്നു. ഇരുവരും തങ്ങള്‍ക്കു കിട്ടിയതിന്റെ ഒരു ഭാഗം സുമിത്രയ്ക്കും നല്‍കുന്നു. കൗസല്യ രാജകുമാരന്‍ രാമനെയും , കൈകേയി ഭരതനെയും , സുമിത്ര രാജകീയ ഇരട്ടകളായ ലക്ഷ്മണനെയും ശത്രുഘ്‌നനെയും പ്രസവിക്കുന്നു. രാമന്‍ വിഷ്ണുവിന്റെ അവതാരമായി അറിയപ്പെടുന്നു. രാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തില്‍ കൗസല്യയുടെ ധര്‍മ്മനിഷ്ഠ കാരണം അവളെ 'സ്ത്രീകളില്‍ ഏറ്റവും മികച്ചവള്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. കൈകേയി ദശരഥനു കൂടുതല്‍ പ്രിയപ്പെട്ടവളാണ് എന്ന തോന്നല്‍ പൊതുവെ കൗസല്യക്കുണ്ടായിരുന്നു. പുത്രകാമേഷ്ടിയിലൂടെ പുത്രവതികളായ മൂവരും ഏറെക്കുറെ ഒത്തൊരുമയോടെയാണ് കഴിഞ്ഞുപോന്നത്. പക്ഷെ, ചെറിയ അസ്വാരസ്യങ്ങള്‍ ക്രമേണ ഉടലെടുത്തു.

മകന്റെ നന്മയ്ക്കുവേണ്ടി പ്രത്യേകമായ ലഷ്മീപൂജകള്‍ ചെയ്യുന്നുണ്ടു കൗസല്യ. അവിടേയ്ക്കാണ് യുവരാജാവായി രാമനെ അഭിഷേകം ചെയ്യാന്‍ പോകുന്ന വിവരവുമായി ഭൃത്യര്‍ എത്തുന്നത്. ഉടനെ ലക്ഷ്മീദേവിക്കു നമസ്‌ക്കാരവും സ്തുതിയും പറയുകയായി കൗസല്യ. അടുത്ത നിമിഷത്തില്‍
''കാമുകനല്ലോ നൃപതി ദശരഥന്‍
കാമിനി കൈകേയി ചിത്തമെന്തീശ്വരാ!''
എന്ന ഉത്കണ്ഠയോടെയാണു കൗസല്യ മകനു നല്ലതുവരുത്താന്‍ ലക്ഷ്മീദേവിയോട് അപേക്ഷിക്കുന്നത്. കൗസല്യയുടെ ശങ്ക അസ്ഥാനത്തായിരുന്നില്ല. കൈകേയി ഭരതനെ രാജാവാക്കാന്‍ മാത്രമല്ല, ശ്രീരാമനെ പതിനാലു സംവത്സരം കാട്ടിലയയ്ക്കാനും ദശരഥനോടു ആവശ്യപ്പെട്ടു. ശ്രീരാമന്‍ തന്റെ അടുക്കല്‍ വന്നു കണ്ടപ്പോള്‍, നാളത്തെ യുവരാജാവല്ലേ എന്ന സന്തോഷത്തോടെയാണ് മകനെ കെട്ടിപ്പുണരുന്നത്. പിതാവിന്റെ സത്യപാലനത്തിനുവേണ്ടി താന്‍ കാട്ടിലേയ്ക്കു പോവുകയാണ് എന്നു രാമന്‍ അറിയിക്കുമ്പൊള്‍ ആ അമ്മ കോപകുലയും ദുഃഖിതയുമാകുന്നു.
''നിന്റെ കൂടെ ഞാനും വരുന്നു കാട്ടിലേയ്ക്ക്. ഇല്ലെങ്കില്‍ എന്റെ സ്ഥാനം ചുടുകാട്ടിലാകും. ഭരതന്‍ നാടു വാണോട്ടെ. പക്ഷെ, നിന്നെ കാട്ടിലയയ്ക്കുതെന്തിന. ഇതെന്തു നീതി. അച്ഛന്‍ അങ്ങനെ പറഞ്ഞോട്ടെ. അമ്മയായ ഞാന്‍ പറയുന്നു നീ കാട്ടില്‍ പോകരുതെന്ന്. അമ്മയെ നീ അനുസരിക്കേണ്ടതല്ലേ.''എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ രാമനോട് കൗസല്യ ചോദിക്കുന്നുണ്ട്.
കൗസല്യയുടെ ഈ ചോദ്യങ്ങളെല്ലാം തന്നെ വളരെ യുക്തിസഹങ്ങളാണ്. ഒരമ്മയുടെ വാത്സല്യത്തികവും ഉല്‍ക്കണ്ഠയും കോപവുമെല്ലാം കൗസല്യയില്‍ കാണാം. വളരെ യുക്തിസഹമായി രാമന്‍ അതിനെ നേരിടുകയും അമ്മയെ സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.

രാമവിയോഗത്താല്‍ വീണുപോയ ദശരഥന്റെ നേരെ നിര്‍ദ്ദയമായ വാക്ശരങ്ങളുതിര്‍ക്കാന്‍ കൗസല്യ ആദ്യം മടിക്കുന്നില്ല. ക്രമേണ അതിന്റെ ശക്തി കുറഞ്ഞുവന്നു. കാരണം മറ്റൊന്നുമല്ല. വിഷസര്‍പ്പത്തെയെന്നോണം കൈകേയിയെ ദശരഥന്‍ വെറുത്തിരിക്കുന്നു. പശ്ചാത്താപവിവശനായ അദ്ദേഹം പിന്നീട് കൗസല്യയ്ക്കരികിലാണുള്ളത്. ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കലാണ് തന്റെ ധര്‍മ്മം എന്ന് ആ മഹതി  തിരിച്ചറിഞ്ഞു.
ശ്രീരാമന്‍ കാട്ടിലേക്ക് പോയതിനുശേഷം അസഹ്യ  ദുഃഖത്തില്‍ കോപാകുലയായി  ആദ്യം സംസാരിക്കുന്ന കൗസല്യയോട്  ദശരഥന്‍ മാപ്പിരക്കുന്നു.  'ഗുണദോഷങ്ങള്‍ വേര്‍തിരിച്ചു കാണുന്ന ലോകജ്ഞയായ നീ   ദുഃഖിതനായ എന്നോട് പരുഷം  പറയരുതെന്ന് അദ്ദേഹം അപേക്ഷിക്കുന്നു. 'ഭര്‍ത്താവ് തന്നോട് യാചിക്കുന്ന അവസ്ഥ ഉണ്ടാക്കിയതില്‍ സ്വയം കുറ്റപ്പെടുത്തുന്ന  കൗസല്യ  ദശരഥന്റെ  പ്രവര്‍ത്തികളെ മനസ്സില്‍  ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹത്തെ പരിചരിക്കുന്നു.  സാന്ത്വന വചസ്സുകള്‍ പറഞ്ഞു ആശ്വസിപ്പിക്കുന്നു. എന്നിട്ടും പുത്ര ശോകം സഹിക്കാന്‍ വയ്യാതെ ദശരഥമഹാരാജാവ് ആറാം ദിവസം ദിവസം ഇഹലോകവാസം വെടിയുന്നു.  കേകയ  രാജ്യത്തുനിന്ന് തിരിച്ചെത്തിയ ഭരതന്‍ തന്റെ അമ്മയുടെ പ്രവര്‍ത്തിയില്‍ കൗസല്യയോട്  മാപ്പിരക്കുകയാണ്.പിന്നീട് രാമനെ കൂട്ടിക്കൊണ്ടു വരാന്‍ ഭരതന്‍ കാട്ടിലേക്ക് പോകുമ്പോള്‍ കൗസല്യയും പോകുന്നു.ശ്രീരാമന്റെയും  സീതയുടെയും  വനവാസ ജീവിതം  കൗസല്യയെ വീണ്ടും ദുഃഖിപ്പിക്കുന്നു.രാമന്‍ തിരിച്ചു വരണമെന്ന് ഭരതന്‍ ആവശ്യപ്പെടുമ്പോള്‍ ശ്രീരാമന്‍ പക്ഷേ തയ്യാറാകുന്നില്ല. രാജ്യഭാരം ഏറ്റെടുത്തു മാതാക്കളെ സംരക്ഷിച്ചു ഭരതന്‍ 14 വര്‍ഷം രാജ്യം ഭരിച്ചു കഴിയുമ്പോള്‍ താന്‍ തിരികെയെത്തുമെന്നദ്ദേഹം വാക്കു കൊടുക്കുന്നു. പിന്നീട് കൗസല്യ ഭരതന്റെ  സംരക്ഷണയില്‍ കഴിയുന്നു .  പട്ടാഭിഷേക ത്തിന് ശേഷം രാമന്‍ സീതയെ പരിത്യജിക്കുമ്പോള്‍ കൗസല്യ ഏറെ ദുഃഖിതയാണ്. സീതയുടെ ഭൂമിയിലേക്കുള്ള തിരോധാനത്തിനു ശേഷം താമസിയാതെ കൗസല്യ ഇഹലോകവാസം വെടിയുന്നു.
 സപത്‌നിമാരെത്തിയ ശേഷം ഭര്‍ത്താവിന്റെ അവഗണന  മനസ്സിലാക്കിയിട്ടും  കൗസല്യ ക്ഷമയോടെ സന്ദര്‍ഭോചിതമായി പെരുമാറുന്നത് രാമായണത്തില്‍ കാണാം.തനിക്ക് കിട്ടുന്നതില്‍ മാത്രം തൃപ്തിപ്പെട്ട് ജീവിക്കുന്ന കൗസല്യ സ്ത്രീയുടെ സഹനമാണ്. മകനെ കാട്ടിലേക്ക് അയച്ചതിന്  ഭര്‍ത്താവിനോട് പരുഷ വാക്ക് പറഞ്ഞെങ്കിലും അദ്ദേഹത്തെ പരിചരിക്കുന്നത് സ്വധര്‍മ്മമായവര്‍ കരുതി .അദ്ദേഹത്തിനെ അവസാന സമയങ്ങളില്‍ സാന്ത്വനിപ്പിക്കുന്നത് കൗസല്യയാണ്. ജീവിതാവസാനം ദശരഥന്‍് തിരിച്ചറിയുന്നു, ധര്‍മിഷ്ഠയായ സ്ത്രീയുടെ പ്രതീകമാണ് കൗസല്യയെന്ന്.

ദശരഥന്‍ മരിക്കുമ്പോള്‍ കൈകേയിയെ കുറ്റപ്പെടുത്തി കൗസല്യ പലതും പുലമ്പുന്നുണ്ട്. പക്ഷെ, ഭരതന്റെ ആഗമനം അവള്‍ ഭയന്നതുപോലെ ആയിരുന്നില്ല. കൗസല്യ ഭരതനെ ആശ്ലേഷിച്ചു. ശ്രീരാമനെ വനത്തില്‍ നിന്നും പിന്തിരിപ്പിച്ച് അയോദ്ധ്യയിലേക്കു കൊണ്ടുവരാനുള്ള ഭരതന്റെ നീക്കത്തില്‍ കൗസല്യ സന്തോഷിക്കുകയും ചെയ്തു. തെറ്റുകളില്‍ പശ്ചാത്തപിച്ച കൈകേയിയുടെ മനസ്സും അപ്പോള്‍ മാറിക്കഴിഞ്ഞിരുന്നു. അമ്മമാര്‍ മൂവരും ഭരതന്റെ സംഘത്തില്‍ ചേര്‍ന്നു ചിത്രകൂട പര്‍വ്വതത്തിലോളം പോയി ശ്രീരാമസീതാലക്ഷ്മണന്മാരെ കാണുകയുണ്ടായി.യാത്രകൊണ്ട് ഉദ്ദേശിച്ച ഫലപ്രാപ്തി ആര്‍ക്കും ഉണ്ടായില്ലെങ്കിലും മനസ്സിനു വല്ലാത്തൊരു കുളിര്‍മ അതു പ്രദാനം ചെയ്തു. അമ്മമാരെല്ലാം തുല്യദുഃഖിതരാണെന്ന അവസ്ഥ വന്നു. അവര്‍ ഏകമനസ്സുള്ളവരായി മക്കളുടെ വരവിനുവേണ്ടി പ്രാര്‍ത്ഥനകളോടെ കാത്തിരുന്നു. പതിനാലുവര്‍ഷം കഴിഞ്ഞു. ശ്രീരാമപട്ടാഭിഷേകം കണ്ടു ചരിതാര്‍ത്ഥതയോടെ അവര്‍ ആനന്ദബാഷ്പം ചൊരിഞ്ഞു.വനവാസം കഴിഞ്ഞ് രാമന്‍ തിരിച്ചെത്തിയപ്പോള്‍ സ്‌നേഹാധിക്യത്താല്‍ കൗസല്യക്ക് പാല്‍ ചുരന്നതായി രാമായണത്തില്‍ പറയുന്നു. അത്രമേല്‍ പുത്രസ്‌നേഹം നിറഞ്ഞ കൗസല്യാദേവി പുത്രരക്ഷയ്ക്കായി ദേവകളോട് നടത്തിയ പ്രാര്‍ത്ഥന ലക്ഷ്മണോപദേശത്തിലാണ് വിവരിക്കുന്നത്.
രാമനെ കിരീടാവകാശിയാക്കിയാല്‍ കൗസല്യ രാജമാതാവാകുമെന്നും, കൗസല്യയെ തന്നേക്കാള്‍ ശക്തയായ രാജ്ഞിയാക്കുമെന്നും, ഭരതന്റെ വംശാവലിയെ സിംഹാസനത്തില്‍ നിന്ന് ഇല്ലാതാക്കുമെന്നും തോഴിയായ മന്ദര പറഞ്ഞത് കൈകേയി വിശ്വസിച്ചതാണ്  രാമനെ നാടുകടത്താനുള്ള പദ്ധതിക്ക് പ്രചോദനം നല്‍കുന്നത്. തുടര്‍ന്ന് കൈകേയി ദശരഥനെ ഉപയോഗിച്ച് രാമനെ പതിനാലു വര്‍ഷത്തേക്ക് വനത്തിലയച്ച് ഭരതനെ കിരീടാവകാശിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ദശരഥന്‍ തന്നെ കാട്ടിലേക്ക് വിടുകയാണെന്ന് കൗസല്യയെ അറിയിക്കുന്നത് രാമനാണ്. കൗസല്യയും ലക്ഷ്മണനും ചേര്‍ന്ന് രാമനെ കാട്ടിലേക്ക് പോകരുതെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. അവളുടെ ശ്രമങ്ങള്‍ പാഴാകുമ്പോള്‍ കൗസല്യ രാമനോട് തന്നെ കാട്ടിലേക്ക് കൊണ്ടുപോകാന്‍ അപേക്ഷിക്കുന്നു, എന്നാല്‍ തന്റെ കടമ പിതാവിന്റെ കല്‍പ്പനകള്‍ പാലിക്കുക എന്നതാണെങ്കിലും, കൊട്ടാരത്തിലെ തന്റെ കുടുംബത്തോടും രാജ്യത്തോടുമുള്ള കടമയെക്കുറിച്ച് രാമന്‍ അവളെ ഓര്‍മ്മിപ്പിക്കുന്നു.  അയോധ്യയില്‍ നിന്ന് വനവാസം ആരംഭിക്കാന്‍ രാമന്‍ പുറപ്പെടുമ്പോള്‍, ദശരഥനും കൗസല്യയും രഥത്തിന് പിന്നാലെ ഓടുന്നു. ആ കാഴ്ച സഹിക്കാന്‍ കഴിയാതെ രാമന്‍ തന്റെ സാരഥിയായ സുമന്ത്രനോട് രഥത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ പറയുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകന്‍ സിംഹാസനത്തില്‍ കയറിയതോടെ കൗസല്യ രാജ മാതാവായി ബഹുമാനിക്കപ്പെട്ടു. പില്‍ക്കാലത്തെ ചില ഗ്രന്ഥങ്ങളില്‍, ശാന്തയെ കൗസല്യയുടെ മകളായും ദശരഥന്റെ മൂത്ത കുട്ടിയായും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, രാമായണത്തിലെ ബാലകാണ്ഡത്തില്‍ , ദശരഥന്റെ സുഹൃത്തായിരുന്ന അംഗരാജാവായ ലോമപാദന്റെ മകളായി മാത്രമേ വാല്‍മീകി ശാന്തയെ കുറിച്ച് എഴുതുന്നുള്ളൂ. രാമായണത്തിലെ മറ്റു പല കഥാപാത്രങ്ങളെയും പോലെ കൗസല്യയുടെ കഥാപാത്രവും മനുഷ്യ വികാരത്തിന്റെയും സ്വയം തിരിച്ചറിവിന്റെയും കഥ ചിത്രീകരിക്കുന്നു. ഭര്‍ത്താവ് പുനര്‍വിവാഹം കഴിക്കല്‍, മകന്‍ നാടുകടത്തല്‍, ഭര്‍ത്താവ് മരിക്കല്‍ തുടങ്ങിയ ദുരന്തങ്ങളുമായി അവള്‍ പോരാടുന്നു.

രാമായണത്തിലൂടെ മാതൃപുത്രബന്ധത്തിന്റെ പവിത്രത ഏറ്റവും മനോഹരമായി വര്‍ണ്ണിക്കുന്നുണ്ട് എഴുത്തച്ഛന്‍. മകനെ പിരിയുമ്പോള്‍ അമ്മയുടെ വേദന ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണെന്ന് കൗസല്യാദേവി നമുക്ക് കാട്ടിത്തരുന്നത്. രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ ശ്രീരാമന്റെ മാതാവെങ്കിലും അവഗണനയനുഭവിച്ച   കഥാപാത്രമാണ് കൗസല്യ. പത്‌നിമാരില്‍ സൗന്ദര്യത്തിലും കാമകുശലതയിലും മുന്നില്‍ നിന്ന കൈകേയിയോടായിരുന്നു ദശരഥന് ഇഷ്ടം കൂടുതല്‍. താന്‍ പ്രഥമ പത്‌നിയായിട്ടും  രാജാവ്  കൈകേയിയോട് ഇഷ്ടക്കൂടുതല്‍ കാണിക്കുന്നതിന്  കൗസല്യ മൂകസാക്ഷിയായി.  
ശ്രീരാമന്‍ കാട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ കൗസല്യ  തേങ്ങി കരഞ്ഞു കൊണ്ട് അത് ശരിവെക്കുന്നുണ്ട്. 'പതി പൗരുഷത്തില്‍ നിന്ന് ഉണ്ടാകുന്ന സൗഭാഗ്യങ്ങളൊന്നും തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. പുത്രനെ കൊണ്ട് കിട്ടുന്ന സൗഭാഗ്യ സുഖങ്ങള്‍ ഉണ്ടാകും എന്ന് താന്‍ ആശിച്ചിരുന്നുവെന്ന് പറയുന്നുണ്ട്.'നിസ്സഹായയായി വിലപിച്ചു കൊണ്ട് തനിക്കൊപ്പം പോരാന്‍ തുടങ്ങുന്ന അമ്മയെ രാമന്‍ നിരുത്സാഹപ്പെടുത്തുന്നു.   സത്യവ്രതനായ പിതാവ് കൈകേയി മൂലം ദുഃഖിതനായിരിക്കുന്നു.താന്‍ കാട്ടില്‍ പോകുന്നത് അദ്ദേഹത്തിന് സഹിക്കാനാവില്ല. അമ്മ കൂടി  ഉപേക്ഷിച്ചാല്‍ പിതാവ് ജീവിച്ചിരിക്കില്ലയെന്ന് രാമന്‍ ഭയപ്പെട്ടു . അദ്ദേഹത്തെ ശുശ്രൂഷിക്കണമെന്ന്  അമ്മയോട് പറഞ്ഞിട്ട് ശ്രീരാമന്‍ സീതാ  ലക്ഷ്മണന്‍മാര്‍ക്കൊപ്പം  കാട്ടിലേക്ക് പുറപ്പെടുകയാണ്. അവിടെ തന്റെ കടമ കൗസല്യ തിരിച്ചറിയുന്നു. നീചനാകിലും നാഥന്‍ ദൈവതം കുലസ്ത്രീയ്ക്ക് എന്ന ധര്‍മ്മബോധം കൗസല്യക്കുണ്ടായിരുന്നു.