ആര്‍ഷ ദര്‍ശനത്തിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ണാണ് ഭാരതം. രാമായണം പിറന്നത് ഈ മണ്ണിലാണ്. രാമനേപോലൊരു പുത്രനെ സൃഷ്ടിച്ച മണ്ണ്, സീതയെപോലൊരു പുത്രിയെ സൃഷ്ടിച്ച മണ്ണ്, ഊര്‍മ്മിളയേ പോലൊരു ഭാര്യയെ സൃഷ്ടിച്ച മണ്ണ്, ജനകനെപോലൊരു പിതാവിനെ സൃഷ്ടിച്ച മണ്ണ്, ദശരഥനെപോലൊരു രാജാവിനെ സൃഷ്ടിച്ച മണ്ണ്. ലോകത്തിനു വെളിച്ചമായി നിന്ന നാട്.
ഇതിഹാസമാണ് രാമായണം. ഇതി എന്നാല്‍ ഇപ്രകാരം ഹാ എന്നാല്‍ ഇവിടെ ആസം എന്നാല്‍ സംഭവിച്ചു. ഇതിഹാസം എന്നാല്‍ ഇപ്രകാരം ഇവിടെ സംഭവിച്ചു എന്നര്‍ത്ഥം. ഇതിഹാസത്തിനു ഭാരതത്തിന്റെ പൂര്‍വ്വസൂരികള്‍ നല്‍കിയിരിക്കുന്ന ലക്ഷണം
ധര്‍മ്മാര്‍ത്ഥ കാമമോക്ഷാണാം
ഉപദേശ സമന്വിതം
പൂര്‍വ്വവൃത്തം കഥായുക്തം
ഇതിഹാസം പ്രചക്ഷതേ! എന്നാണ്. പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെ പറഞ്ഞുതരുന്നതോടൊപ്പം ഒരു കഥാവസ്തു ഉള്ളതുമായ പുസ്തകങ്ങളെയാണ് ഇതിഹാസം എന്നു വിളിക്കുന്നത്.
വാത്മീകിയാണ് രാമായണത്തിന്റെ കര്‍ത്താവ്.ലോകത്ത് കവികള്‍ രണ്ടുതരത്തിലുണ്ട്. കാലം സൃഷ്ടിച്ച കവികളും കാലത്തെ സൃഷ്ടിച്ച കവികളും.വാത്മീകി കാലത്തെ സൃഷ്ടിച്ച കവിയാണ്.
രാമായണം ബോധമനസ്സിന്റെ നിറകാവ്യമാണ്. ആദ്യമായി അക്ഷരം പഠിച്ച കാട്ടാളന്‍ താപസനായി മാറുന്നതും ആ താപസന്‍ പിന്നീട് കവിയായി മാറുന്നതുമായ മഹാ പരിണാമം. അതു കാലത്തിന്റെ നിയോഗം. ഭാരതീയ ജീവിതത്തെ രാമായണം പോലെ സ്വാധീനിച്ച മറ്റൊരു കാവ്യമില്ല. ഗുരുവില്‍നിന്നു ശിഷ്യനിലേക്ക് വാമൊഴിയായി പകര്‍ന്നുവന്ന കാവ്യം നാടോടി ശീലുകള്‍പോലെ ജനഹൃദയങ്ങളില്‍ നിറഞ്ഞാടി. കാലങ്ങള്‍ക്കപ്പുറത്തേക്ക് ഒരു കാവ്യം സഞ്ചരിക്കുമ്പോള്‍ അതിന്റെ എഴുത്തുകാരന്‍ കാലത്തെ സൃഷ്ടിച്ച കവിയാകുന്നത് സ്വാഭാവികം മാത്രം. കവി ക്രാന്തദര്‍ശിയാകുമ്പോള്‍ കാവ്യം കാലാതിവര്‍ത്തിയാകുന്നതു സ്വാഭാവികം.
ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും. ഇവ തമ്മിലുള്ള സംഘര്‍ഷം അനാദികാലം മുതല്‍ മനുഷ്യചരിത്രത്തില്‍ നടന്നുവരുന്നതാണ്. മനുഷ്യന്റെ ഉള്ളില്‍തന്നെയാണ് ഇവയെല്ലാമെന്നു പൂര്‍വ്വ ഗ്രന്ഥങ്ങള്‍ പറയുന്നു. ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മില്‍ പൊരുതുമ്പോള്‍ ആത്യന്തികമായ വിജയം ധര്‍മ്മത്തിനും സത്യത്തിനുമാണെന്നു രാമായണം പഠിപ്പിക്കുന്നു. എന്നാല്‍ ഇടയ്‌ക്കൊക്കെ തിന്മയുടെ ശക്തികള്‍ കരുത്താര്‍ജ്ജിക്കുമെന്നും അവയെ നേരിടാന്‍ ആത്മീയബോധംകൊണ്ടു സാധിക്കുമെന്നും രാമായണം പഠിപ്പിക്കുന്നു. ആധ്യാത്മികവും സാംസ്‌ക്കാരികവും കലാപരവുമായ കൃതിയാണ് രാമായണം. രാമായണത്തില്‍ നായകന്‍ രാമനാണ്. ഒരു പച്ചയായ മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളും രാമന്‍ പ്രകടിപ്പിക്കുന്നുണ്ട്.
രത്‌നാകരന്‍ എന്ന കാട്ടാളന്‍ വാത്മീകത്തിലിരുന്ന് ആത്മജ്ഞാനം നേടി വാല്മീകിയാകുമ്പോള്‍ അത് തപോചൈതന്യത്തിന്റെ വിശുദ്ധി മാത്രമല്ല അറിവ് നേടലിന്റെ പൂര്‍ണ്ണതകൂടിയാണ് വെളിവാക്കുന്നത്. തപസ്സ് എന്നത് അറിവ് നേടലാണ്. തപശക്തി എന്നത് അറിവാല്‍ ആര്‍ജ്ജിക്കുന്ന സമ്പത്തും. തങ്ങളുടെ കൈവശമുള്ള ധനം തപശക്തി മാത്രമാണെന്നു സപ്തര്‍ഷികള്‍ രത്‌നാകരനോടു പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തം.
ആബാലവൃദ്ധം ജനങ്ങളും ഗൃഹങ്ങളും നാടുതന്നെയും എത്രയോ കാലങ്ങളായി രാമായണം വായിക്കുന്നു. മറ്റൊരു പുരാണഗ്രന്ഥത്തിനുമില്ലാത്ത അംഗീകാരം പണ്ടുമുതലേ രാമായണത്തിനുണ്ടായിരുന്നു. നാമം എന്നുപറഞ്ഞാല്‍ 'രാമനാമം' തന്നെയാണ്. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍ പണ്ടും ഇന്നും നാളെയും അത്യന്തം മികവോടെ എല്ലാവരിലും ജീവിക്കുന്നു.
ത്യാഗം, സത്യം, ധര്‍മം, ഭക്തി, സ്നേഹം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുടെ വിളനിലമാണ് രാമായണം. ഇവയുടെ ആകെത്തുകയാണ് 'രാമരാജ്യം' എന്ന മഹത്തായ സങ്കല്‍പം.
ഭാരതീയ സംസ്‌ക്കാരത്തിന്റെ മുഖ്യ സ്രോതസ്സുകളിലൊന്നാണ് വാത്മീകി രാമായണം. രാ മായണം അഥവാ ഇരുട്ട് ഇല്ലാതാകണം എന്നാണ് പൊതുവേ വാക്കര്‍ത്ഥമെങ്കിലും രാമായണകാവ്യത്തിന്റെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്. കൃതികള്‍ മനുഷ്യകഥാനുഗായികള്‍ അഥവാ മനുഷ്യന്റെ കഥപറയുന്നതാവണം യഥാര്‍ത്ഥകൃതികളെന്നു പില്‍ക്കാലത്ത് കുമാരനാശാനേപാലെയുള്ളവര്‍ പറഞ്ഞത് അക്ഷരം പ്രതി രാമായണ കാവ്യത്തിനു ചേരും. ഇതിലെ ഓരോ കഥകളും മനുഷ്യജീവിതത്തെയാണ് കാട്ടിത്തരുന്നത്.
അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന ഗംഗപോലെയാണ് ഭാരതീയ സംസ്‌കൃതിയില്‍ രാമായണ മഹാകാവ്യം ഒഴുകുന്നത്. കാലദേശങ്ങളേയും ജനപഥസഹസ്രങ്ങളേയും മറികടന്നു രാമായണം എന്ന ഇതിഹാസ കാവ്യം ഇന്നും അഭംഗുരമായി ശോഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെ ന്നു മനസ്സിലാക്കണം. രാമായണം, മഹാഭാരതം, ഭാഗവതം എന്നിവ ഭാരതീയരുടെ ആധ്യാത്മിക ത്രിവേണികളായാണറിയപ്പെടുന്നത്. വേദമാകുന്ന തുഷാരഗിരിയില്‍ നിന്ന് പുറപ്പെടുന്ന കാളിന്ദിയും ഭാഗീരഥിയും സരസ്വതിയുമാണ് അവ എന്നു സിദ്ധിനാഥാനന്ദ സ്വാമികള്‍ അഭിപ്രായപ്പെടുന്നു.
രാമായണം ഇതിഹാസമെന്നതിനൊപ്പം തന്നെ ആദി കാവ്യവുമാണ്. അതോടൊപ്പം തന്നെ ധര്‍മ്മശാസ്ത്രവുമാണ്. ഒരു കാവ്യത്തിനുവേണ്ട എല്ലാ ഗുണഗണങ്ങളും രാമായണത്തിനുണ്ട്. സ്തീകള്‍ പാതിവ്രത്യം പരമധര്‍മ്മമായി സ്വീകരിച്ചിരുന്ന ഒരുകാലഘട്ടത്തിലാണ് രാമായണം പിറന്നത്. പിന്നീടുണ്ടായ ഭാരതീയ കാവ്യങ്ങള്‍ക്കെല്ലാം മാതൃകയായതു രാമായണമാണ്. ചിലരുടെ ദൃഷ്ടിയില്‍ രാമനൊരു മനുഷ്യനാണ് . സാധാരണ മനുഷ്യന്‍. ഒരു മനുഷ്യനുവേണ്ട എല്ലാ ഗുണങ്ങളും ദോഷങ്ങളും രാമനുണ്ട്. ചിലര്‍ക്കു രാമന്‍ ഈശ്വരനാണ്. വിശ്വചക്രവാളത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ഈശ്വരന്‍.
സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം രാമായണം ഒരു കാവ്യമാണ്. കാവ്യം സുഖേയം കഥ രാഘവീയം...എന്ന് ചൊല്ലുന്നു. സന്മാര്‍ഗ്ഗ നിഷ്ഠനു രാമായണം ഒരു ഇതിഹാസമാകുമ്പോള്‍ ആത്മാന്വേഷിക്കു രാമായണം ഒരു ധര്‍മ്മശാസ്ത്രമാണ്. ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം സ്മൃതം എന്ന് പ്രമാണം പറയുന്നു. വിഭക്തിയില്‍കൂടി നോക്കുന്ന സാഹിത്യകാരനു രാമായണം വെറുമൊരു കാവ്യമായി തോന്നുമ്പോള്‍ യുക്തിയില്‍കൂടി നോക്കുന്ന ചരിത്രകാരനു രാമായണം വെറുമൊരു ഇതിഹാസമാണ്. ഭക്തിയുടെ വീക്ഷണകോണിലൂടെ നോക്കുവര്‍ക്കാണ് രാമായണം ഈശ്വരചരിതമായും ധര്‍മ്മശാസ്ത്രമായും തോന്നുന്നത്.
വാത്മീകി രാമായണത്തില്‍ നിന്ന് എത്രയോ മാറ്റങ്ങളാണ് എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിലുള്ളത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായാണ് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം ഉണ്ടായത്. മലയാളക്കരയില്‍ കര്‍ക്കിടകമാസത്തില്‍ പാടുന്നത് എഴുത്തച്ഛന്റെ യോഗവൈഖരിയാണ്.
കര്‍ക്കടക മാസത്തെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസമായി നാം കണ്ടുതുടങ്ങിയത് അടുത്തകാലത്താണ്. കാല്‍നൂറ്റാണ്ടിനപ്പുറത്തെ ചരിത്രമൊന്നും ഇതിനില്ല. ഇതിനു പിന്നില്‍ ഭക്തിയുടെ വലിയ തലമുണ്ട്. ഇതിനെ സൃഷ്ടിച്ചെടുത്തതാണെന്നു കാണാം. അതിനു ചില കാരണങ്ങളുണ്ട്. വറുതിയുടെ മാസമായിരുന്നു കര്‍ക്കടകം. ദുഖത്തിന്റെയും ദുരിതത്തിന്റെയും കാലം. അതില്‍നിന്ന് രക്ഷനേടാന്‍ ഈശ്വരചിന്തകൊണ്ട് കഴിയമെന്ന് പൂര്‍വ്വസൂരികള്‍ ചിന്തിച്ചതിന്റെ ഫലം.
അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം. എന്നും രാവിലെ കുളിച്ചു ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹനിച്ചു സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണു രാമായണ പാരായണത്തിലൂടെ കൈവരുന്നതെന്ന് ആചാര്യന്‍മാര്‍ പറയുന്നു.
രാമായണ മാസം പിറന്നാല്‍ ഓരോ മലയാളി ഭവനങ്ങളിലും തുഞ്ചന്റെ കിളിയുടെ ചിറകടി ശബ്ദം ഉയരും.ഒരു മാസം കൊണ്ടു വായിച്ചു തീര്‍ക്കേണ്ടത് രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്. രാവിലെ കുളിച്ചു ദീപം തെളിയിച്ചു രാമായണം തൊട്ടു വന്ദിച്ചു വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ചു തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.
ഋതുക്കള്‍ക്കു ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ കല്‍പിച്ചതെന്നു വിശ്വസിക്കുന്നു. കൂടാതെ ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കടകം.
രാമായണത്തിലെ നായക കഥാപാത്രം രാമനാണ്. അതിലുപരി സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്. യുദ്ധവീരന്‍മാരുടെ പരാക്രമം വര്‍ണ്ണിക്കാന്‍ വേണ്ടി മാത്രമല്ല മറിച്ച് യുദ്ധത്തില്‍ വിജയിച്ചവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നു എന്ന് അനുവാചകരോടു പറയുവാന്‍ കൂടിയാണ് ഉത്തരരാമചരിതം എന്ന ഭാഗം കൂടി എഴുതിയിരിക്കുന്നത്.
രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമാണ്. 'രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്‌കാര ചരിത്രത്തിലുണ്ടായിട്ടില്ല'' - എന്നാണ് സ്വാമി വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ചു പറഞ്ഞത്.
ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കരുതെന്നൊരു വിശ്വാസമുണ്ട്. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ചു കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് വിശ്വാസത്തിലധിഷ്ഠിതമായ തികച്ചും പ്രാദേശികമായ ഒരു സങ്കല്പമാണ്. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ വാത്മീകിരാമായണത്തില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണുവിന്റെ അവതാരമായ രാമന്റെ കഥയാണ് പറയുന്നത്. രാമന്റെ പേരു പറയേണ്ട സന്ദര്‍ഭങ്ങളിലെല്ലാം നിരവധി ഈശ്വരനാമങ്ങല്‍കൊണ്ടാണ് അത് പറയുന്നത്. അതിനാല്‍ മുട്ടിനുമുട്ടിനു ഈശ്വരസ്തുതികള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ രാമായണം ചൊല്ലിക്കുന്നത്.
രാമായണം പല തലമുറകളിലൂടെ നൂറുകണക്കിനു തവണ രചിക്കപ്പെട്ടിട്ടുണ്ടെന്നു കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്. ബി.സി 300 മുതല്‍ വാത്മീകിരാമായണം ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ ആധ്യാത്മിക പരിവേഷം ആര്‍ജ്ജിച്ചിരുന്നു.കൂടാതെ നിരവധി പ്രാദേശിക ഭാഷാവ്യവഹാരങ്ങളില്‍ രാമായണം കഥ എഴുതപ്പെട്ടിട്ടുണ്ട്. 27 കാണ്ഡങ്ങളുള്ള അത്ഭുതരാമായണത്തില്‍ രാവണനെ വധിച്ചത് സീതയാണെന്ന് വര്‍ണ്ണിച്ചിരിക്കുന്നു. ഹനുമാന്‍ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നതാണ് ആനന്ദരാമായണം.
Content Highlights: ramayana masam 2025
Published: 19 Jul 2025, 04:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented