വിശ്വാസിയുടെ ആരാധനാ അനുഷ്ഠാന ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവമാണ് നോമ്പ്. നമസ്‌കാരത്തിന്റെ സവിശേഷത, അതിന്റെ നൈരന്തര്യവും ആവര്‍ത്തനവുമാണ്. നോമ്പിന്റെ സവിശേഷത അത് തീവ്രമായി ശരീരത്തെയും ആത്മാവിനെയും സ്പര്‍ശിക്കുന്നു എന്നതാണ്.

To advertise here,

നോമ്പിന്റെ ചങ്ങലകളിലാണ് പിശാചിനെ തളച്ചിടുന്നത്. ആ കെട്ടറുക്കാന്‍ പിശാചിന് സാധിക്കുന്നുവെങ്കില്‍ വ്രതത്തിന്റെ പാശം ദുര്‍ബലമാണ് എന്നര്‍ഥം. വിശ്വാസത്തിന്റെ, ഭക്തിയുടെ, മോഹമുക്തിയുടെ ഇഴയടുപ്പമുള്ള കയറിനെ ഭേദിക്കാന്‍ പിശാചിനാവുകയില്ല. .

ആസക്തികളില്‍നിന്നുള്ള വിടുതിയാണ് നോമ്പ് ലക്ഷ്യംവെക്കുന്നത്. എത്ര ദാഹിക്കുമ്പോഴും കൈയെത്തും അകലെയുള്ള പാനീയങ്ങളോട് വേണ്ടാ എന്നുപറയാനുള്ള പരിശീലനം, എത്രവിശന്നാലും സമയമാകട്ടെ എന്ന് വിശപ്പിനെ ശാസിച്ചടക്കാനുള്ള തന്റേടം, ജീവിതകാമനകളെ കയറൂരിവിടാതിരിക്കാനുള്ള വിവേകം, സ്വശരീരത്തെ അവനവന്റെ വരുതിയില്‍നിര്‍ത്താനുള്ള പരിശീലനം- ഇതെല്ലാം ചേര്‍ന്നതാണ് റംസാന്‍ നോമ്പ്.

എല്ലാ ഇടുക്കങ്ങളില്‍നിന്നുമുള്ള മോചനമാണ് നോമ്പ്. അതു തുറന്നിടുന്നത് വിശാലമായ ആകാശവും പ്രവിശാലമായ ഭൂമിയുമാണ്. അത്രമേല്‍ ഉദാരനാക്കും നോമ്പ് മനുഷ്യനെ. അവനവന്റെ കണ്ണാടിയില്‍ ലോകത്തെമുഴുവന്‍ നോമ്പ് പ്രതിഫലിപ്പിക്കുന്നു. ആ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ ലോകത്തെ അതിന്റെ യഥാര്‍ഥരൂപത്തില്‍ കാണാന്‍സാധിക്കുന്നു. ചമയങ്ങളില്ലാത്ത ലോകം ദുഃഖങ്ങളുടേതും ഖേദങ്ങളുടേതുമാണ്. ആ ലോകത്തെ ചേര്‍ത്തുനിര്‍ത്തലാണ് ജഗദീശ്വരനോടുള്ള കൃതജ്ഞത.

യഥാര്‍ഥത്തില്‍ നോമ്പ് ആത്മസമരമാണ്. ആത്മസമരത്തില്‍ ജയിക്കലാണ് മറ്റെല്ലാ സമരങ്ങളിലെയും ജയം ഉറപ്പുവരുത്താനുള്ള അനിവാര്യമായ മാര്‍ഗം.

അബൂഹുറൈറ (റ) നിവേദനം: നബി (സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പുകാരന്‍ തെറ്റായ പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠകൂടുകയോ അവനെ ശകാരിക്കുകയോ ചെയ്‌തെങ്കില്‍ അവന്‍ നോമ്പുകാരനാണെന്ന് അവന്‍ പറയട്ടെ. നോമ്പെടുത്ത് വിശുദ്ധി നേടിയവന്റെ പരിപാടി അടുത്ത നോമ്പുകാലവും കാത്തിരിപ്പല്ല. നിരന്തരമായ അധ്വാനത്തിലൂടെ ജീവിതമാകുന്ന സമരഭൂമിയെ സജീവമാക്കലും അതില്‍ ജയിച്ച് മുന്നേറലുമാണ്.