വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള സാധുജനങ്ങളെ നെഞ്ചോടുചേർത്ത ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച മണ്ണിലേക്കു മടങ്ങും. തിങ്കളാഴ്ച ദിവംഗതനായ മാർപാപ്പയുടെ മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം റോമിലെ സാന്ത മരിയ മാർജറി ബസിലിക്കയിൽ സംസ്കരിക്കും.

To advertise here,

യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും രാഷ്ട്രപതി ദ്രൗപദി മുർമുവും ഉൾപ്പെടെ വിവിധരാജ്യങ്ങളിൽനിന്ന് 130 േനതാക്കൾ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന അന്ത്യശുശ്രൂഷയിൽ പങ്കെടുക്കും. മൂന്നുദിവസമായി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന മൃതശരീരത്തിൽ വെള്ളിയാഴ്ചവരെ 1,28,000 പേർ അന്ത്യാഞ്ജലിയർപ്പിച്ചു. പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി എട്ടുവരെയാണ് പൊതുദർശനം.

ശനിയാഴ്ചത്തെ പ്രാർഥനകൾക്കുശേഷം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് വിലാപയാത്രയായി മൃതശരീരം സാന്താ മരിയ മാർജറി ബസിലിക്കയിലേക്കു കൊണ്ടുപോകും. റോമിലെ പുരാതനദേവാലയങ്ങൾ സ്ഥിതിചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നാകും യാത്ര. പാവങ്ങളുടെ പാപ്പയായിരിക്കാൻ ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാൻ സാന്താ മരിയ മാർജറിയിൽ അശരണരുടെ ഒരുസംഘമുണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു. ചെറുപ്രാർഥനയ്ക്കുശേഷം പാപ്പയെ ഇവിടെ തറയിൽ അടക്കും. ‘ഫ്രാൻസിസ്കസ്’ (ഫ്രാൻസിസ് എന്നതിൻറെ ലത്തീൻ നാമം) എന്നുമാത്രമേ ശവകുടീരത്തിൽ എഴുതൂ. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമാണ് ഇതുരണ്ടും. ഞായറാഴ്ച രാവിലെമുതൽ ജനങ്ങൾക്ക് ശവകുടീരം സന്ദർശിക്കാം.

സംസ്കാരച്ചടങ്ങിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് വത്തിക്കാനിലും റോമിലും ഒരുക്കിയിരിക്കുന്നത്. ദൂരത്തേക്ക് കൃത്യമായി വെടിയുതിർക്കാൻ പാടവമുള്ള സ്നൈപ്പറുകളെ കെട്ടിടങ്ങൾക്കുമുകളിൽ വിന്യസിച്ചു. യുദ്ധവിമാനങ്ങളും സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

ഫ്രാൻസിസ് പാപ്പയുടെ സംസ്കാരം നടന്ന് 15-20 ദിവസത്തിനുശേഷം പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിൽ തുടങ്ങും.

അതിനിടെ, മാർപാപ്പയുടെ മരണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച വൈകി അനുശോചിച്ചു. നെതന്യാഹു അനുശോചനം അറിയിക്കാതിരിക്കുന്നതും വിദേശകാര്യമന്ത്രാലയത്തിന്റെ അനുശോചന സന്ദേശം പിൻവലിച്ചതും ചർച്ചയായിരുന്നു. ഗാസായുദ്ധത്തിൻറെപേരിൽ ഫ്രാൻസിസ് പാപ്പ ഇസ്രയേലിനെ ആവർത്തിച്ചുവിമർശിച്ചതാണ് കാരണമെന്നാണ് വിലയിരുത്തൽ.