കൊച്ചി:''പാപ്പയുടെ ഇഷ്ടവിഷയമായ സാഹോദര്യം ഭരണഘടനയുടെ മുഖവുരയിലുണ്ട്...'' ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു മുന്നില്‍ ഇന്ത്യയുടെ ഭരണഘടനയുടെ താള്‍ തുറന്നു കാട്ടിക്കൊണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കൗതുകത്തിന്റെ കണ്ണുകള്‍ വിടര്‍ത്തിയ പാപ്പയ്ക്ക് ആ വരികളില്‍ വിരല്‍വെച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് വായിച്ചു കൊടുത്തു, 'FRATERNITY assuring the dignity of the individual...' അതുകേട്ട് പുഞ്ചിരിയോടെ ആ ഭരണഘടന പാപ്പ സ്വീകരിച്ചു. മുന്‍പ് മൂന്നു തവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട, കുര്യന്‍ ജോസഫിന്റെ നാലാമത്തെ സന്ദര്‍ശനമായിരുന്നു അത്, അവസാനത്തേതും.

To advertise here,

''പാപ്പയെ ഒന്നിലേറെ തവണ കാണാനും സംസാരിക്കാനും കഴിഞ്ഞതും വലിയ ഭാഗ്യമായാണ് കരുതുന്നത്. നാലില്‍ മൂന്നുതവണയും ഇന്ത്യയില്‍ വരാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് സാധിക്കാത്തതില്‍ പാപ്പയ്ക്ക് വിഷമവുമുണ്ടായിരുന്നു...'' ജസ്റ്റിസ് കുര്യന്‍ ജോസഫ് പറയുന്നു. ആദ്യ തവണത്തെ കാഴ്ച ഒറ്റയ്ക്കായിരുന്നു. പിന്നീട് ഭാര്യ റൂബിയുമൊന്നിച്ച്. മൂന്നാം തവണ മുന്‍ കേന്ദ്രമന്ത്രിയും പരേതയുമായ സുഷമാ സ്വരാജിനൊപ്പമായിരുന്നു പാപ്പയെ കണ്ടത്. ''അന്ന് സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നു. മദര്‍ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്യുന്നതിന്റെ നടപടിയുമായി ബന്ധപ്പെട്ടായിരുന്നു ആ കാഴ്ച.

അന്ന് സുഷമാ സ്വരാജിന് മാര്‍പാപ്പ ഒരു കൊന്ത സമ്മാനിച്ചിരുന്നു. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ആ കൊന്ത വിശുദ്ധമായി സൂക്ഷിക്കുന്നുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞിരുന്നു.''

അവസാനമായി പാപ്പയെ കണ്ടത് എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ടാണ്. അന്ന് മുന്‍ അംബാസഡറും നയതന്ത്ര വിദഗ്ധനുമായ കെ.പി. ഫാബിയാന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബ്, പ്രൊഫ. മോനമ്മ കോക്കാട് എന്നിവരായിരുന്നു സംഘത്തില്‍. ''എന്നെ പേരു ചൊല്ലി വിളിച്ച് സംസാരിച്ചു. സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.''

ഒരു അധ്യായത്തിന്റെ അവസാനമാണ്, പാപ്പയുടെ വിടവാങ്ങലെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. ദൈവശാസ്ത്രത്തെ മനുഷ്യവര്‍ഗത്തിന്റെ സമഗ്ര വിമോചനവുമായി അഭേദ്യമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച വ്യക്തിയാണ് പാപ്പയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.