“താൻ എപ്പോഴും എന്റെ കൂടെ കാണണം.” -ഉമ്മൻചാണ്ടി എന്റെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞ വാക്കുകളും അതായിരുന്നു. അപ്പോഴേക്കും അസുഖം വല്ലാതെ കൂടിയിരുന്നു. അത് ഉമ്മൻചാണ്ടിയെ മാനസികമായി തളർത്തി. ഭാര്യയും മക്കളുമെല്ലാം അദ്ദേഹത്തെ നെഞ്ചോടുചേർത്തുപിടിക്കുന്നുണ്ടായിരുന്നുവെങ്കിലും കൂട്ടുകാരനായി ഒരാൾ കൂടിയുണ്ടാകണമെന്ന് അദ്ദേഹം വിചാരിച്ചിരിക്കണം. എന്നെ വെറും കൂട്ടുകാരനെപ്പോലെയല്ല കണ്ടിരുന്നത്, കൂടപ്പിറപ്പായിട്ടാണ്.

To advertise here,

ഉമ്മൻചാണ്ടി പറഞ്ഞാൽ അനുസരിക്കുകയാണ് ശീലം. പണ്ടുതൊട്ടേ അങ്ങനെയാണ്. അനാവശ്യമായൊന്നും ആവശ്യപ്പെടുകയുമില്ല. അത് അദ്ദേഹത്തിന്റെ ആവശ്യവുമായിരിക്കില്ല, മറ്റാരുടെയോ അത്യാവശ്യമായിരിക്കും. ആദ്യമായാണ് സ്വന്തമായി ഒരുകാര്യം ആവശ്യപ്പെട്ടത്. ഏറെ വേദനയോടെ ഞാൻ അത് കേട്ടു. ജർമനിയിലും ബെംഗളൂരുവിലും ചികിത്സയ്ക്കായി ഒപ്പംപോയി, കൂടെത്തന്നെ നിന്നു.

ബെംഗളൂരുവിൽ ഒടുവിൽ കാണുമ്പോൾ സംസാരിക്കാനാകാത്ത അവസ്ഥയിലായിരുന്നു ഉമ്മൻചാണ്ടി. അപ്പോഴും അദ്ദേഹം എന്റെ കൈകൾ കുറേനേരം അമർത്തിപ്പിടിച്ചു. “കൂടെ തന്നെയുണ്ടല്ലോ” എന്നായിരിക്കണം പറയാതെ പറഞ്ഞത്. ഞാനപ്പോൾ ഞങ്ങൾ ഒരുമിച്ച് വിളിച്ച മുദ്രാവാക്യങ്ങളോർത്തു, ഒരുകാലം ഓർത്തു.

കോൺഗ്രസ് എന്ന പ്രസ്ഥാനം ഒരുമിപ്പിച്ചതാണ് ഞങ്ങളെ. ഒരുമിച്ച് പ്രവർത്തിച്ചു, സമരംചെയ്തു, പദയാത്രകളിൽ ഒരുമിച്ച് കൈകോർത്തുനടന്നു. ഒടുവിൽ സഹോദരങ്ങളെപ്പോലെയായി. എത്രയോ സന്ദർഭങ്ങളിൽ പരസ്പരം താങ്ങുംതണലുമായി.

ഞാൻ ഇന്നും വിശ്വസിക്കുന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയെന്നനിലയിൽ എടുത്ത ഏറ്റവും മനുഷ്യത്വമുള്ള തീരുമാനങ്ങളുടെ മുൻനിരയിലാണ്, കേൾവിശക്തിയില്ലാത്ത കുട്ടികൾക്കുവേണ്ടിയുള്ള കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയാപദ്ധതി. എന്റെ മകന് കേൾവിശക്തിയില്ല. അവൻ താരാട്ടും കിളികളുടെ പാട്ടും കേട്ടിട്ടില്ല. 'മോനേ' എന്ന് വിളികേൾക്കാത്ത ഒരു കുഞ്ഞിന്റെ അച്ഛനമ്മമാരുടെ വേദനയറിഞ്ഞവരാണ് ഞാനും ഭാര്യയും. ഉമ്മൻചാണ്ടിക്കും അതറിയാനായി. ഈ മനസ്സാണ് ഉമ്മൻചാണ്ടിയെ അനേകരുടെ നാവും കാതും കണ്ണുമാക്കിയത്. പദ്ധതി നടപ്പാക്കിയ ശേഷം ഒരുദിവസം കണ്ടപ്പോൾ ഉമ്മൻചാണ്ടി പറഞ്ഞു: ‘‘ആ തീരുമാനമെടുക്കുമ്പോൾ എന്റെ മനസ്സിൽ നിങ്ങളുടെ മകൻ വേണുവിന്റെ മുഖമായിരുന്നു.”

അനേകം കുട്ടികൾ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ ബധിരതയുടെ ഭാഗമായുള്ള മൂകതയെ ജയിച്ചു. അത്തരം കുട്ടികളുടെ സംഗമത്തിൽ പ്രാർഥന ചൊല്ലിയ രണ്ട് കുട്ടികൾ പാടി: 'തിരുമാനകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ...' നിശബ്ദതയുടെ നോവറിഞ്ഞ കുരുന്നുകളുടെ നാവിലെ ശബ്ദമാകുകയായിരുന്നു ഉമ്മൻചാണ്ടി.

ഉമ്മൻചാണ്ടി പങ്കെടുത്ത ഒരു പൊതുചടങ്ങിൽ ഒരു കുട്ടി നീട്ടി വിളിച്ചു.“ഉമ്മൻചാണ്ടീീീീ...”സ്കൂളിൽ കൂടെപ്പഠിക്കുന്ന കുട്ടിക്ക് വീടില്ലെന്നും അവന്റെ അച്ഛനും അമ്മയ്ക്കും അസുഖമാണെന്നും പറയാൻ വന്നതാണ്. ആ കുഞ്ഞിന്റെ വിളിയും ഉമ്മൻചാണ്ടി കേട്ടു. രണ്ടാംക്ലാസുകാരിക്ക് പേരെടുത്തുവിളിക്കാനുള്ള അധികാരത്തിന്റെ പേര് കൂടിയാണ് ഉമ്മൻചാണ്ടി.

മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലേറ് കൊണ്ടിട്ടുണ്ട് ഉമ്മൻചാണ്ടിക്ക്. കല്ലെറിഞ്ഞ കേസിലെ പ്രതിയായ എം.എൽ.എ. പിന്നീട് ഒരുദിവസം നിയമസഭയിൽ നിവേദനവുമായി അദ്ദേഹത്തിനടുത്തുചെന്നു. പിണക്കത്തിന്റെ ഒരു കണികപോലുമില്ലാതെ ഉമ്മൻചാണ്ടി ആ പരാതിക്കടലാസ് വാങ്ങി. ഞങ്ങൾ ചോദിച്ചു: “അത് അങ്ങയെ കല്ലെറിഞ്ഞ കേസിലെ പ്രതിയല്ലേ..?” അദ്ദേഹം പറഞ്ഞു: “ആ കടലാസിൽ ഞാൻ എം.എൽ.എ.യെ അല്ല കണ്ടത്.

അതിൽ ഒരു രോഗിയുടെ സങ്കടമാണുണ്ടായിരുന്നത്.” ഒരു മന്ത്രിയെയും രോഗിയെയും ഒരുമിച്ച് കണ്ടാൽ ആദ്യം രോഗിയുടെ അടുത്തേക്ക് ചെല്ലുന്ന ഒരു മുഖ്യമന്ത്രിക്കല്ലാതെ മറ്റാർക്ക് കഴിയും, ഇങ്ങനെ പറയാൻ...