ജാതിമതഭേദമില്ലാതെ മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കൽപ്പിക്കാൻകൂടി കഴിയില്ല. ''കാണം വിറ്റും ഓണം ഉണ്ണണ്ണം'' എന്നാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. ഓണസദ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയിൽനിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റെതായ പ്രാധാന്യമുണ്ട്.

To advertise here,

ചോറ്

ചെമ്പാവരി ചോറിൽ 'ബി' വിറ്റാമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ അവശ്യ അമിനോആസിഡുകളും ഗാമാ-അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.

പരിപ്പ്, പപ്പടം, നെയ്യ്

ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികൾക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചർമം പ്രധാനം ചെയ്യുന്നു.

നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് ഉയർന്നതോതിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റിആസിഡുകൾ, വിറ്റമിൻ 'എ', ആരോഗ്യകരമായ കൊഴുപ്പുകളും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചർമം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകൾ സഹായിക്കുന്നു.

ഇഞ്ചിക്കറി

ഇഞ്ചിക്കറി നൂറു കറികൾക്ക് തുല്യമാണ്. ദഹന പ്രശ്‌നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളേയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.

അച്ചാർ

നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകൾ. ഇത് വിറ്റമിൻ 'സി' യുടെ നല്ലൊരു ശ്രോതസ്സാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂട് കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാർദ്ധക്യത്തിൽനിന്നും സംരക്ഷിക്കുന്നു.

കിച്ചടി

വെള്ളരിക്കയും പാവയ്ക്കയും ആണ് മലയാളികൾ കിച്ചടിക്ക്‌ പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവർക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയിൽ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, ബീറ്റകരോട്ടീൻ, കാൽസ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

പച്ചടി

പച്ചടിയിൽതന്നെയുണ്ട് പല വകഭേദങ്ങൾ. പൈനാപ്പിൾ, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേർത്ത് പച്ചടി തയ്യാറാക്കാം. പൈനാപ്പിളിലുള്ള ബ്രേമിലിൻ എന്ന എൻസൈമുകൾ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ ബീറ്റാസിയാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിൻ 'സി', 'ഇ', ബീറ്റാകരോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്. മത്തങ്ങയിൽ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

അവിയൽ

പലതരത്തിലുള്ള പച്ചക്കറികളും, തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന അവിയൽ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകൾ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്.

സാമ്പാർ

സ്വാദിന് മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാർ. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണിത്. നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീൻ സമ്പുഷ്ടമാണ് സാമ്പാർ. വെണ്ടയ്ക്ക, വെള്ളരിക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകൾ.

ചുക്കുവെള്ളം

സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാൻ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

പുളിശ്ശേരി (കാളൻ), മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ മോരിലുണ്ട്. അവ കുടൽസംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതിൽ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ലെവിൻ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകൾക്കും വൈറസ് ബാധകൾക്കുമെതിരായ നല്ലൊന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാൽ തയ്യാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

തോരൻ

പലതരം പച്ചക്കറികൾ കൊണ്ട് തോരൻ തയ്യാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയിൽ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയർ എന്നിവവെച്ചും തോരൻ തയ്യാറാക്കാറുണ്ട്. കാബേജിലുള്ള സൾഫോറാഫാൻ, ഗ്ലൂട്ടാമിൻ എന്നിവ ആന്റിഇൻഫ്ളമേറ്ററി ഏജന്റ് ആയി പ്രവർത്തിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂർണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങൾ ഓണത്തിന് തയ്യാറാക്കാറുണ്ട്. അടപ്രഥമനും പാൽപ്പായസവുമാണ് അതിൽ പ്രധാനം. ശർക്കരകൊണ്ട് തയ്യാറാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ധാരാളമായിട്ടുണ്ട്. എന്നാൽ കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവ നിറഞ്ഞതാണ് പാൽപ്പായസം.

സദ്യ കഴിക്കുന്നതിനും ഒരു ചിട്ടയുണ്ട്

'ഓണത്തപ്പാ കുടവയറാ
തിരുവേണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
വാഴയ്ക്കാച്ചുണ്ടുപ്പേരി
മാമ്പഴമിട്ട പുളിശ്ശേരി
കാച്ചിയ മോരും നാരങ്ങാക്കറീം
പച്ചടി കിച്ചടിയച്ചാറും...'

ഓണം ഇങ്ങെത്തിക്കഴിഞ്ഞു, ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. ഈ പാട്ടുംപാടി കൂട്ടുകാരുമൊത്ത് ചിരട്ടപ്പാത്രത്തിൽ മൺചോറും പച്ചിലക്കറികളും ഒരുക്കി വട്ടയിലയിൽ സദ്യവിളമ്പി കഴിച്ചിരുന്ന കുട്ടിക്കാലം ഏതൊരു മലയാളിയുടെയും എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഓർമയാണ്.

അങ്ങനെ കളിക്കുമ്പോൾ പോലും ഇലയിലുള്ളതെല്ലാം വിളമ്പിയ ആൾ കാണാതെ പിന്നിൽ കളഞ്ഞ് ഇല വടിച്ചു വൃത്തിയാക്കി വയറുനിറയെ സദ്യ കഴിച്ചതായി കാണിച്ചിരുന്ന നമുക്ക് പക്ഷേ ഇന്നും വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ വൃത്തിയായി കഴിച്ചു തീർക്കാനറിയില്ല.

വിളമ്പുന്ന മുറയ്ക്ക് ചുമ്മാ കഴിക്കാം എന്നല്ലാതെ ഏത് ഏതിനൊപ്പം എങ്ങനെ കഴിക്കണം എന്നത് മിക്കവർക്കും ഇന്നും വലിയ ഒരു സമസ്യയാണ്. എന്തിനാണ് ഇത്രയധികം കറികൾ എന്നു ചോദിക്കുന്ന ന്യൂജെൻ പിള്ളേര് പിന്നാലെ. സദ്യ കഴിക്കാൻ ഇവർക്കൊന്നും അറിയില്ല എന്നുള്ളതാണ് സത്യം.

അങ്ങനെ തോന്നിയപടി വാരിവലിച്ചു കഴിക്കാനുള്ളതല്ല സദ്യ. അതിനു ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്. ഓണസദ്യ ഒരുക്കാൻ ഏകദേശമൊക്കെ എല്ലാവർക്കും അറിയാമായിരിക്കും എന്നാൽ ചിട്ടയോടെ ഓണസദ്യ കഴിക്കാൻ എത്രപേർക്കറിയാം.

അത്തം തുടങ്ങുമ്പോൾ തന്നെ തുടങ്ങുന്ന സദ്യയുടെ ഒരുക്കങ്ങളുടെ കലാശക്കൊട്ടാണ് തിരുവോണനാളിലെ ഓണസദ്യ. പഴമക്കാർ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേകം ക്രമം അനുശാസിച്ചിരുന്നു. അത് ഇങ്ങനെയാണ്;

എരിവു കുറഞ്ഞ പരിപ്പ് കറിക്കൊപ്പം എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ വേണം കഴിക്കാൻ. എരിവു കൂടിയ സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേർത്ത കിച്ചടികളും. അത്യാവശ്യം നല്ല അളവിൽ വയറ്റിലെത്തിയ എരിവിന് ആശ്വാസമായി വേണം പായസം കുടിക്കാൻ.

പായസത്തിന്റെ മധുരം കാരണം വായ് ചൊടിക്കാതെയിരിക്കാനാണ് അതിനോടൊപ്പം നാരങ്ങാ അച്ചാർ തൊട്ടു കൂട്ടേണ്ടത്. പായസം കുടിച്ചുകഴിഞ്ഞാൽ പുളിശ്ശേരിയിലേക്ക് കടക്കാം. പുളിശ്ശേരിക്കൊപ്പം വേണം മാങ്ങാ അച്ചാർ കഴിക്കാൻ. ദഹനത്തിനായി ഓലനും കഴിക്കാം.

ഇനി രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഇതോടെ സദ്യയുടെ ദഹനത്തിനുള്ള വകയായി. ഏറ്റവും ഒടുവിലായി പച്ചമോരും പാവയ്ക്കാച്ചാറും. ഇത് വായുക്ഷോഭം ശമിപ്പിക്കും.

ചുരുക്കത്തിൽ എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ ഷഡ് രസങ്ങളും ചേർന്നതാണ് ഓണസദ്യ. കൃത്യമായ ഈ വ്യവസ്ഥപ്രകാരമാണ് സദ്യ കഴിക്കേണ്ടത്. അല്ലാത്തപക്ഷം ആരോഗ്യത്തെ തന്നെ സദ്യ ദോഷകരമായി ബാധിച്ചേക്കാം.