
ഓണം എന്നുമുതലാണ് ആഘോഷിച്ചു തുടങ്ങിയതെന്നതിൽ കൃത്യമായ ഉത്തരമില്ലെങ്കിലും കുറഞ്ഞത് രണ്ട് നൂറ്റാണ്ടുകൾക്കുമുന്നേ ഓണം മലയാളമണ്ണിന്റെ ഭാഗമായിട്ടുണ്ടെന്നാണ് ചരിത്രകാരൻമാർ അടയാളപ്പെടുത്തുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിനു പിന്നിൽ ഒട്ടേറെ ഐതിഹ്യങ്ങളുമുണ്ട്. ഇതിൽ പ്രധാനമായത് മഹാബലി ചക്രവർത്തിയെയും വാമനാവതാരത്തെയും കുറിച്ചുള്ള കഥകളാണ്.
ജനങ്ങളെല്ലാവരും സമാധാനത്തിലും സമൃദ്ധിയിലും ജീവിച്ചിരുന്ന കാലമാണ് മഹാബലിയുടെ ഭരണകാലം. അസുര വംശജനായിരുന്നെങ്കിലും മഹാബലി ധാർമികനും ജനഹൃദയങ്ങളിൽ വലിയ സ്ഥാനമുണ്ടായിരുന്ന രാജാവുമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് വർഗ്ഗ-മത-ജാതി ഭേദമില്ലാതെ എല്ലാവരും ഒറ്റ സമൂഹമായി ജീവിച്ചിരുന്നതായി ഐതിഹ്യം പറയുന്നു. എന്നാൽ, ദേവന്മാർക്ക് മഹാബലിയുടെ ശക്തിയും ജനപ്രീതിയും സഹിക്കാൻ കഴിഞ്ഞില്ല. വിഷ്ണു വാമനാവതാരമായി എത്തി മൂന്നടിയിടം ചോദിച്ചു. വിശ്വരൂപത്തിൽ വാമനൻ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമത്തെ അടി വയ്ക്കാനായി മഹാബലി തന്റെ ശിരസ്സ് കാണിച്ച് കൊടുത്തു. അതോടെ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്‍ത്തി. പക്ഷേ, തന്റെ ജനങ്ങളെ കാണാനായി വർഷത്തിൽ ഒരിക്കൽ ഭൂമിയിലെത്താൻ അദ്ദേഹത്തിന് അനുമതി ലഭിച്ചു. അങ്ങനെ മഹാബലി തന്റെ പ്രജകളെ കാണാൻ ഭൂമിയിലെത്തുന്ന ദിവസം ഓണമായി എന്നാണ് ഒരു ഐതിഹ്യം.
ഓണത്തിന് അത്തപ്പൂക്കളമിട്ട് ഓണത്തപ്പനെ വരവേൽക്കും. കളിമണ്ണ് കുഴച്ച് പിരമിഡ് ആകൃതിയിൽ ഉണ്ടാക്കിയെടുക്കുന്ന രൂപമാണ് ഓണത്തപ്പൻ. എന്നാൽ ആരാണ് ഈ ഓണത്തപ്പനെന്നതിൽ രണ്ട് വിശ്വാസം നിലനിൽക്കുന്നുണ്ട്. ഒരു കൂട്ടർക്ക് മഹാബലിയാണ് ഓണത്തപ്പനെങ്കിൽ മറ്റൊരു കൂട്ടർക്ക് വാമനനാണ് ഓണത്തപ്പൻ. എറണാകുളം ജില്ലയിലെ തൃക്കാക്കരയുമായി ബന്ധപ്പെട്ട് ഓണത്തപ്പന് ഒരു ഐതിഹ്യമുണ്ട്. ഇവിടെ ഓണത്തപ്പൻ തൃക്കാക്കരയപ്പനെന്നും അറിയപ്പെടുന്നു. ഓണനാളിൽ തൃക്കാക്കരയിൽ എത്തിച്ചേരാൻ സാധിക്കാത്തവർ വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്നായിരുന്നു.
കളിമണ്ണ് കുഴച്ച് പതംവരുത്തി നിറത്തിന് ഇഷ്ടികപ്പൊടിയും ചേർത്ത് മയപ്പെടുത്തി ത്രികോണ ആകൃതിയിലാണ് ഓണത്തപ്പനെ നിർമ്മിക്കുന്നത്. ഉത്രാടത്തിന് മുന്നേ ഓണത്തപ്പനെ നിർമ്മിച്ചുവെക്കും. തിരുവോണനാളിൽ പൂക്കളത്തിന് സമീപം നാക്കിലയിൽ അഞ്ച് ഓണത്തപ്പൻമാരെ വയ്ക്കുകയാണ് പതിവ്. നടുവിൽ വലിയ ഓണത്തപ്പനും ഇരുവശങ്ങളിലും ചെറിയ രണ്ട് ഓണത്തപ്പൻമാരെയുമാണ് വയ്ക്കാറുള്ളത്. അരിമാവ് കൊണ്ടണിയിച്ച് കൃഷ്ണകിരീടം, തുമ്പ, ചെണ്ടുമല്ലി, ചെമ്പരത്തി എന്നിവക്കൊണ്ട് അലങ്കരിക്കും. അഞ്ചാം ഓണദിവസം വരെയും ഓണത്തപ്പനെ വയ്ക്കും.
ഇത്തരത്തിൽ പൂക്കളത്തിന് സമീപം ഓണത്തപ്പനെ വയ്ക്കുന്നതിന് മാതേര് വയ്ക്കുക എന്നും പറയാറുണ്ട്. തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് ഓണത്തപ്പനെ ഏറ്റവും കൂടുതലായി നിർമ്മിക്കുന്നത്. ഓണക്കാലത്ത് വഴിയരികിൽ ഓണത്തപ്പനെ വിൽപ്പനയ്ക്ക് വയ്ക്കുന്നതും ഒരു കാഴ്ചയാണ്.
ഓണത്തപ്പനും ഓൺലൈനിൽ
കാലം മാറിയപ്പോൾ ഓണത്തപ്പനും വലിയ മാറ്റങ്ങൾ വന്നുതുടങ്ങി. കളിമണ്ണിൽ മാത്രമല്ല തടിയിൽ നിർമ്മിച്ച ഓണത്തപ്പനും ഓൺലൈനിൽ ഉൾപ്പെടെ ലഭിക്കുന്നുണ്ട്. ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളിൽ 499 രൂപയിൽ തുടങ്ങുന്ന, മരംകൊണ്ടുള്ള ഓണത്തപ്പന്റെ വിൽപ്പന പൊടിപൊടിക്കുകയാണ്. മൂന്നുമുതൽ അഞ്ചുവരെയുള്ള സെറ്റായി ഇവ ലഭിക്കും. മരത്തിന്റെ ഗുണമേന്മയനുസരിച്ചും വലിപ്പം കൂടുന്നതനുസരിച്ചും ഓണത്തപ്പന്റെ വിലയിലും മാറ്റംവരും. മൂന്നെണ്ണം വരുന്ന സെറ്റ് ഓണത്തപ്പന് 499 രൂപ മുതലാണ് വില. അഞ്ചെണ്ണം വരുന്ന സെറ്റിന് 999 രൂപയാണ് വില. 13 സെന്റിമീറ്റർ തൊട്ട് 31 സെന്റീമീറ്റർ ഉയരമുണ്ട് ഇവയ്ക്ക്.
Content Highlights: Onam's Iconography: Unraveling the Mystery of Onathappan
Published: 02 Sept 2025, 05:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented