തൃശ്ശൂർ: കഴുത്തിനു താഴേക്ക് ചലനശേഷിയില്ലാത്ത വിൻസെന്റ് കാവീട് മാവേലിയായി എത്തിയപ്പോൾ വീൽച്ചെയറിൽ ഇരുന്ന് നൂറോളംപേർ ആർപ്പുവിളിച്ചു. ഓണത്തിന്റെ ആരവമായി അതു മാറി. ഓൾ കേരള വീൽച്ചെയർ റൈറ്റ്‌സ് ഫെഡറേഷൻ സംഘടിപ്പിച്ച ഓണാഘോഷമായിരുന്നു വേദി.

To advertise here,

വടംവലിയും ബലൂൺ പൊട്ടിക്കലുമെല്ലാമായി മറ്റെല്ലാ ഓണാഘോഷത്തേക്കാളും സജീവമായിരുന്നു നടത്തം നിലച്ചവരുടെ ഈ ആഘോഷം. വീൽച്ചെയറിലുള്ള കവിത, നസീർ, കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്നാണ് പൂക്കളമൊരുക്കിയത്. ‘ഇത്രയും സുന്ദരമായി ഭൂമിയിൽ ജീവിച്ച നാം എത്ര ഭാഗ്യവാന്മാർ’- ഇവർക്കിടയിൽനിന്നുയർന്ന പാട്ട് മറ്റുള്ളവരുടെ നിരാശയെപ്പോലും തൂത്തുകളയുന്നതായിരുന്നു.

വടംവലി മത്സരത്തിന്റെ വീറും ഇവിടെ തെളിഞ്ഞു. വീൽച്ചെയറിൽനിന്ന് വീണുപോയിട്ടും വടത്തിൽനിന്ന് പിടിവിട്ടില്ല മത്സരാർഥികൾ. ശരീരത്തിന്റെ ബലംകൊണ്ടല്ല മനസ്സിന്റെ ബലംകൊണ്ടാണ് നമ്മൾ മത്സരിക്കുന്നതെന്ന വടംവലിയുടെ ശീർഷവാചകം അന്വർഥമാക്കുന്നതായിരുന്നു അവരുടെ പ്രകടനം. വീൽച്ചെയറിലായവരുടെ ബന്ധുക്കളും ആരവങ്ങളിൽ പങ്കുചേർന്നു. മത്സരങ്ങൾക്കൊടുവിൽ ഓണസ്സദ്യയോടെയാണ് ആഘോഷം പൂർത്തിയായത്.