കേരളീയരുടെ ഓണമെന്ന ആഘോഷം പ്രകൃതിയുടെ സമൃദ്ധിയും പരമ്പരാഗത കൃഷിയുടേയും സാംസ്‌കാരിക മൂല്യങ്ങളുടേയും സാക്ഷ്യമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയുന്നത്. അതുകൊണ്ട് തന്നെ ഓണക്കാലം വാണിജ്യവ്യാപാരങ്ങളുടെയും സുവർണ കാലമാണ്. ഓണക്കാലമാകുമ്പോൾ കൂടുതൽ പ്രാധാന്യം ലഭിക്കുന്ന ഒന്നാണ് കൈത്തറി മേഖല. ഓണക്കാലത്താണ് കൈത്തറി വസ്ത്രങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ  വിപണി നെയ്തെടുക്കുന്ന തിരക്കിലാണ് കൈത്തറി വ്യാപാരികൾ. ഓണക്കാല വിപണിയെ കുറിച്ചും കൈത്തറി മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും  സംസാരിക്കുകയാണ്  കണ്ണൂർ കാഞ്ഞിരോട് വീവേഴ്‌സ് സെക്രട്ടറി മഹേഷന്‍ എന്‍. 

To advertise here,

കേരളത്തിലെ കൈത്തറി മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്.

കൈത്തറി മേഖല നേരിടുന്ന പ്രധാന പ്രശ്നം ജോലി ചെയ്യാൻ പുതുതായി തൊഴിലാളികൾ  വരുന്നില്ല എന്നതാണ്. കഴിഞ്ഞ പത്താണ്ടുകളുടെ ഇടവേളയിൽ തൊഴിൽ സാധ്യതകളുടെയും സാങ്കേതിക പരിഷ്കാരങ്ങളുടെയും വളർച്ചകൾക്കൊപ്പം, പുതുതലമുറ പുതിയ സ്വപ്നങ്ങളും പുതിയ വഴികളും തിരഞ്ഞെടുക്കുന്നു. പലർക്കും കൈത്തറി മേഖലയുടെ കഠിനാദ്ധ്വാനം ആവശ്യമില്ലാത്ത ഒരു മേഖലയായി മാറിയിരിക്കുന്നു, പണ്ട് മുതൽക്കേ ചാലിയ സമുദായം കേരളത്തിലെ ശ്രദ്ധേയമായ കൈത്തറി നെയ്ത്തുകാരാണ്. ഇവർ കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ പരമ്പരാഗത കഴിവുകളും ശാസ്ത്രീയ നയങ്ങളും പിന്തുടരുന്നവരാണ്. പക്ഷേ, ഇപ്പോൾ ജാതിഭേദമന്യേ പല സ്ഥാപനങ്ങളും കൈത്തറി തൊഴിൽ  ചെയ്തുവരുന്നു. എന്നിരുന്നാലും ഈ മേഖലയിലേക്ക് പുതുതായി വരുന്നവരൊക്കെയും കുറച്ച് പ്രായം ചെന്നവരാണ് അതുകൊണ്ടുതന്നെ അധികനേരം ജോലി ചെയ്യുവാനൊക്കെ ബുദ്ധിമുട്ട് നേരിടേണ്ടി വരും. എങ്കിലും ഏകദേശം 250 പേര്‍ കാഞ്ഞിരോട് വീവേഴ്‌സിൽ കൈത്തറി ജോലി ചെയ്തു ജീവിക്കുന്നു. അവരൊക്ക കണ്ണൂരിൽ നിന്നുതന്നെയുള്ളവരാണ്.

placeholder
കൈത്തറി വസ്ത്രങ്ങള്‍ 

കൈത്തറി മേഖലയ്ക്കായി സംസ്ഥാന / കേന്ദ്രസർക്കാരുകളുടെ പദ്ധതികൾ എന്തെങ്കിലും നിലവിലുണ്ടോ? അവയിൽ നിന്ന് എത്രത്തോളം സഹായം ലഭ്യമാകുന്നുണ്ട്.

കൈത്തറി വ്യവസായത്തിനായി കേന്ദ്ര ഗവൺമെൻ്റിന്റെ പലതരത്തിലുള്ള പദ്ധതികൾ ഉണ്ട്. അതിലൊന്നാണ് ക്ലസ്റ്റർ പ്രോജക്റ്റ്‌. മൂന്ന് വർഷത്തെ കാലാവധിയുള്ള ക്ലസ്റ്റർ പ്രോജക്റ്റ്‌ ആണ് ഞങ്ങൾ ചെയ്തത്. അതിന്റെ സമയം കഴിഞ്ഞു. അതിൽ ഞങ്ങൾക്ക് ലഭിക്കുന്നത്, തറികൾ/ആക്സസറികൾ പോലുള്ള ഇനങ്ങളുടെ വിതരണം, ലൈറ്റിങ് യൂണിറ്റുകൾ, വർക്ക്-ഷെഡുകളുടെ നിർമാണം, ഡിസൈനറുടെ ഇടപെടൽ, ഉൽപ്പന്നവികസനം തുടങ്ങിയവയൊക്കെയാണ്.

ഓണം, വിഷു തുടങ്ങിയ ആഘോഷാവസരങ്ങളിൽ സ്വാഭാവികമായും വിപണനം വർധിക്കുമല്ലോ. അത്തരം അവസരങ്ങൾക്കായുള്ള പ്രത്യേക ഒരുക്കങ്ങൾ വിശദമാക്കാമോ.

ഓണത്തിന് മുൻപ് കൈത്തറി മേഖലയിൽ വളരെ ആവേശകരമായ ഒരു കാലയളവാണ്. അത് കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്നതാണ്. വിപണനം തീർച്ചയായും ഉണ്ടാകും, മറ്റെല്ലാ ഉത്സവങ്ങളെയും അപേക്ഷിച്ച് ഓണത്തിനാണ് ഏറ്റവും കൂടുതൽ വിപണനം നടക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ മുന്നൊരുക്കങ്ങൾ വിഷു സീസൺ കഴിയുന്നതോടെ തന്നെ ആരംഭിക്കും. മാത്രമല്ല സർക്കാർ ഒരുക്കുന്ന വിലക്കിഴിവും ഉണ്ടാകും നൂറ് രൂപയ്ക്ക് ലഭിക്കുന്ന തുണിത്തരങ്ങൾ ആ സമയത്ത് എൺപത് രൂപയ്ക്ക് വരെ ലഭിക്കും. വിഷുവിന് സാധാരണ ഒമ്പത് ദിവസമാണ് കിഴിവ് ഉണ്ടാകുന്നത് ഓണക്കാലത്ത് അത് 22 ദിവസമാവും. 

placeholder
കൈത്തറി സാരി 

തുണിത്തരങ്ങളുടെ ഡിസൈൻ സംബന്ധിച്ചുള്ള തീരുമാനമൊക്കെ ഏതുവിധത്തിലാണ്? ഒരു സാരി നെയ്തെടുക്കാൻ ഏകദേശം എത്ര ദിവസം വേണ്ടിവരും.

ഓണം സീസണിൽ കൈത്തറി മേഖലയിലെ തുണിത്തരങ്ങളുടെ രൂപകൽപ്പന സംബന്ധിച്ച തീരുമാനങ്ങൾ വളരെ സൂക്ഷ്മമായ രീതിയിലാണ് നിർണയിക്കുന്നത്. ഓരോ സീസണിലും ട്രെൻഡ് മാറി വരികയാണല്ലോ അതുകൊണ്ട് തന്നെ നമ്മൾ തിരഞ്ഞെടുക്കുന്ന ഡിസൈനിലും ഒരുപാട് മാറ്റങ്ങൾ വരും. അത് കളറിന്റെ കാര്യത്തിൽ ആണെങ്കിലും ഡിസൈനിന്റെ കാര്യത്തിൽ ആണെങ്കിലും അങ്ങനെയാണ്. പഴമയും പുതുമയും കൈകോർക്കുന്ന ഡിസൈനുകൾക്ക് വിപണിയിൽ കൂടുതൽ സ്വീകാര്യതയുണ്ട്. അതുകൊണ്ട് തന്നെ പരമ്പരാഗത ഡിസൈനുകൾ പുനരാവിഷ്കരിച്ച് പുതുതായി അവതരിപ്പിക്കുന്ന ഡിസൈനുകൾ വിപണിയിൽ വലിയ രീതിയിൽ ഹിറ്റാകുന്നുണ്ട്. 

placeholder
മഹേഷന്‍ എന്‍.

സാധാരണയായി ഒരു കൈത്തറി സാരി നെയ്യാൻ  എത്ര ദിവസം എടുക്കും എന്നത് അതിന്റെ ഡിസൈനും ബാക്കി കാര്യങ്ങളും നോക്കിയാണ്. ഡിസൈൻ ഒന്നും ഇല്ലാത്ത സാധാരണ ഒരു സാരി നെയ്തെടുക്കാൻ ഏകദേശം രണ്ട് ദിവസം മതിയാവും. ഡിസൈനർ സാരി ആണെങ്കിൽ ഡിസൈനിന്റെ വലിപ്പം പോലെ ആയിരിക്കും സാരി നെയ്‌തെടുക്കുന്ന സമയം. ചെറിയ ഡിസൈൻ ആണെങ്കിൽ അധികം ദിവസം വേണ്ടിവരില്ല. 

ഉപഭോക്താക്കളുടെ താൽപര്യങ്ങൾ നിരീക്ഷിക്കുകയും അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കുകയും ചെയ്യുന്ന പതിവുണ്ടോ.

ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾക്ക് ഞങ്ങൾ  മുഖ്യമായ പ്രാധാന്യം നൽകുകയും അത് ഓരോ രൂപകൽപ്പനയിലും എങ്ങനെയാണോ പ്രതിഫലിപ്പിക്കാൻ പറ്റുന്നതെന്ന് നോക്കുകയും ചെയ്യും. രൂപകൽപ്പനയുടെ തുടക്കത്തിൽ തന്നെ ഉപഭോക്താക്കളെ മനസിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. അവരാണല്ലോ ഏതൊരു വ്യവസായത്തിൻ്റെയും കരുത്ത്. സീസൺ വിപണനം അല്ലാത്ത സമയത്ത് സാധാരണ വിപണനം നടക്കുമ്പോൾ ഉപയോക്താക്കൾ കടകളിൽ വരുമല്ലോ. അപ്പോൾ അവരുമായി  നേരിട്ടുള്ള  ബന്ധം സ്ഥാപിച്ചുള്ള സംവാദങ്ങൾ, ഡിസൈനിങ്ങിനും ഉൽപാദനത്തിനും വലിയ പ്രചോദനമാകും. മാത്രമല്ല  ഉപഭോക്താവിന്‍റെ ഇഷ്ടത്തിനനുസരിച്ച് നമുക്ക് പറ്റുന്ന രീതിയിൽ മാറ്റം വരുത്തിക്കൊടുക്കാറുണ്ട്. 

കൈത്തറി മേഖല പുതിയ പരീക്ഷണങ്ങൾക്ക് മുതിരാറുണ്ടോ? പുതിയ സാങ്കേതികവിദ്യയൊക്കെ ഉപയോ​ഗപ്പെടുത്തുന്നില്ലേ.

പുതിയ പരീക്ഷണങ്ങൾ സ്വീകരിക്കാനുള്ള മനസ്സ് ഈ മേഖലയിൽ ഉണ്ട്. എന്നാൽ പരമ്പരാഗതത്വത്തെ മാഞ്ഞുപോകാൻ അനുവദിക്കാതെ, ഒരു സമ്മിശ്ര നിലപാടിലാണ്  കൂടുതലായും ഇത് പരീക്ഷിക്കുന്നത്. സാങ്കേതികവിദ്യകൾ കൈത്തറി മേഖലയെ തന്റെ സ്വാഭാവികമായ മാറ്റങ്ങളുടെ പാതയിൽ നിന്ന് മാറ്റുമോ എന്നൊരു ഭയം പലർക്കും ഉണ്ട്. എന്നിരുന്നാലും പുതിയ പരീക്ഷണങ്ങളിലേയ്ക്ക് കടക്കുമ്പോൾ കൈത്തറി വസ്ത്രങ്ങളുടെ വില കുത്തനെ ഉയരുന്നത് പലപ്പോഴും സാധാരണക്കാരായ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാക്കാറില്ല. ഒരുപാട് അളവ് തുണിത്തരങ്ങളുണ്ടെങ്കിൽ മാത്രമേ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുകയുള്ളൂ. കുറച്ചുമാത്രം നെയ്യുന്നതിനായി സാങ്കേതികവിദ്യയുടെ കാര്യം നമുക്ക് ഇല്ലല്ലോ. പിന്നെ യു.കെയിലേയ്ക്കും യുഎസിലേക്കുമൊക്ക നമ്മൾ വസ്ത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്. അങ്ങനയുള്ള സാഹചര്യങ്ങളിൽ അവർ തന്നെ ഡിസൈനും കാര്യങ്ങളും തരും. അതുകൊണ്ട് അങ്ങനെ നെയ്തെടുക്കാറുണ്ട്.

ഓണത്തിന് വേണ്ടി പുതിയ ഡിസൈനുകൾ എന്തെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ.

ഓണക്കാലത്ത് ആ സമയത്തെ ട്രെൻഡ് അനുസരിച്ച് കൂടുതൽ ശ്രദ്ധേയമായ ഡിസൈനുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഓണത്തിന് പ്രത്യേകമായി 'കണ്ണൂർ പുടവ' എന്ന പേരിൽ ഉത്പാദനം നടക്കുന്നുണ്ട്. ഇലക്ട്രോണിക് ജാക്കാർഡ് മെഷിനിൽ ആണ് അതിനായുള്ള പുടവകൾ നെയ്തെടുക്കുന്നത്. ഇലക്ട്രോണിക്ക് ജാക്കാർഡ് മെഷീനുകൾ അവിശ്വസനീയമായ സുതാര്യതയോടും ഏറ്റവും പരിപൂർണമായ ശേഷിയോടും കൂടിയ നെയ്ത്തുകൾ സൃഷ്ടിക്കുന്നു. നമ്മുടെ ഇഷ്ടാനുസരണം അതിൽ ഓരോ ഡിസൈൻ കൊടുത്തുകൊണ്ട് നമ്മൾക്കു ചെയ്തെടുക്കാവുന്നതാണ്.