
വടകര: സ്കൂൾ യൂണിഫോം നെയ്ത നെയ്ത്തുതൊഴിലാളികൾക്ക് നൽകാൻ സർക്കാർ മാർച്ച് വരെയുള്ള കൂലികുടിശ്ശിക അനുവദിച്ചപ്പോൾ ജില്ലയിലെ തൊഴിലാളികൾക്ക് ഇരുട്ടടി. മാർച്ച് വരെയുള്ള കുടിശ്ശിക നൽകാൻ ജില്ലയ്ക്ക് 1.53 കോടി രൂപ വേണം. കിട്ടിയതാകട്ടെ വെറും 44.34 ലക്ഷം രൂപ. ജില്ലാ വ്യവസായകേന്ദ്രം ഉദ്യോഗസ്ഥർ സംസ്ഥാന കൈത്തറി ഡയറക്ടറേറ്റിന് നൽകിയ കണക്കിലെ പിഴവാണ് ഇതിനിടയാക്കിയത്.
ഓണം കണക്കിലെടുത്ത് തിങ്കളാഴ്ചയാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. മറ്റെല്ലാ ജില്ലകൾക്കും മാർച്ചുവരെയുള്ള കുടിശ്ശിക കിട്ടിയപ്പോൾ ജില്ലയിലെ തൊഴിലാളികൾക്ക് കിട്ടിയത് 2025 ഒക്ടോബർവരെയുള്ള കൂലിമാത്രമാണ്. ഓണത്തിനുമുൻപേ കുടിശ്ശിക കിട്ടുമെന്ന് പ്രതീക്ഷിച്ച തൊഴിലാളികൾക്ക് ഇത് തിരിച്ചടിയായി.
കൈത്തറിമേഖലയ്ക്ക് ഏറെ താങ്ങായ പദ്ധതിയാണ് സ്കൂൾ യൂണിഫോം പദ്ധതി. എന്നാൽ, കൂലി കൃത്യമായി കിട്ടാത്തത് സ്ഥിരംപ്രശ്നമാണ്. കഴിഞ്ഞ സർക്കാർ പടിയിറങ്ങുമ്പോൾ ആറുമാസത്തെ കുടിശ്ശികയുണ്ടായിരുന്നു. പുതിയ സർക്കാർ വന്നതോടെ കുടിശ്ശിക ഒൻപതുമാസമായി.
ഈ മേഖലയിലെ തൊഴിലാളി യൂണിയൻ- അസോസിയേഷൻ പ്രതിനിധികളും ജനപ്രതിനിധികളും വ്യവസായമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും മറ്റും വിഷയം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഓണത്തിന് മുന്നോടിയായി മാർച്ച് വരെയുള്ള കുടിശ്ശിക നൽകാൻ 18 കോടി രൂപ അനുവദിച്ചു.
ഈ പദ്ധതിയിൽ ഒറ്റത്തവണയായി ഒരു സർക്കാർ അനുവദിച്ച ഏറ്റവും ഉയർന്ന തുകയാണിത്. ഇതുപ്രകാരം വലിയൊരു തുക ഓരോ തൊഴിലാളിക്കും കിട്ടണം. ഉദ്യോഗസ്ഥരുടെ പിഴവുമൂലം ജില്ലയിലെ തൊഴിലാളികൾക്ക് ഇതിനുള്ള അവസരമില്ലാതായി. ഇപ്പോൾ കിട്ടിയ തുക ഒരുമാസത്തെ കൂലിനൽകാൻപോലും തികയില്ല. ഒരു തൊഴിലാളിക്ക് 1500 രൂപയോ 2000 രൂപയോ കിട്ടിയാലായി.
മാർച്ച് വരെയുള്ള കൂലികുടിശ്ശിക കൊടുക്കാൻ ജില്ലയ്ക്ക് ഇനിയും 1.13 കോടി രൂപ വേണം. ഓണത്തിനുമുൻപ് ഇത് കിട്ടാൻ സാധ്യതയില്ല. മാർച്ച് വരെയുള്ള കൂലികുടിശ്ശികയുടെ കണക്ക് കൊടുത്തിരുന്നെങ്കിൽ ഈ തുക കിട്ടുമായിരുന്നിരിക്കെ വലിയ അനാസ്ഥയാണ് ഉദ്യോഗസ്ഥർ കാണിച്ചതെന്ന് ആക്ഷേപമുണ്ട്.
ഒരു കണക്കും നൽകിയില്ലെന്ന് ആക്ഷേപമുണ്ട്. എല്ലാ ജില്ലകൾക്കും നൽകിയശേഷം ബാക്കിവന്ന തുക ജില്ലയ്ക്ക് നൽകിയതാണെന്നാണ് സൂചന. ഫണ്ട് കുറഞ്ഞ വിഷയം കൈത്തറി ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ തുക കിട്ടാൻ ശ്രമം നടത്തുന്നുണ്ടെന്നും വ്യവസായകേന്ദ്രം അധികൃതർ പറഞ്ഞു.
വ്യവസായകേന്ദ്രത്തിൽ പ്രതിഷേധം
കോഴിക്കോട്: ജില്ലയ്ക്കുള്ള വിഹിതം ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കുറഞ്ഞതിനെതിരേ ജില്ലാ വ്യവസായകേന്ദ്രം ഓഫീസിൽ നെയ്ത്തുതൊഴിലാളികളുടെയും സംഘം പ്രതിനിധികളുടെയും പ്രതിഷേധം. ജില്ലയിൽ 18 നെയ്ത്തുസംഘങ്ങളാണ് സ്കൂൾ യൂണിഫോം നെയ്യുന്നത്.
സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും തൊഴിലാളികളുമെല്ലാം ബുധനാഴ്ച പ്രതിഷേധവുമായി ഓഫീസിലെത്തി. എന്നാൽ, ജനറൽ മാനേജർ ഇവിടെയില്ല. പകരം ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാറും അവധിയെടുത്ത് പോയി.
പിന്നെയുള്ളത് ഡി.പി. മാനേജർ മാത്രമാണ്. ഇദ്ദേഹത്തെ ഉപരോധിക്കുകയും ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. 21 മുതൽ ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘങ്ങളുടെ തീരുമാനം.
Content Highlights: Handloom workers received only 44.34 lakh rupees against the required 1.53 crore rupees for wage arrears up to March. Official calculation errors by the District Industries Centre caused the severe fund shortage. Workers and cooperative society representatives staged a protest at the District Industries Centre office.
Published: 20 Aug 2026, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented