
ഡബ്ബിങ് ആർട്ടിസ്റ്റായി സിനിമയിലേയ്ക്ക് ചുവടുവെക്കുകയും പിന്നീട് നടിയായി ശ്രദ്ധ നേടുകയും ചെയ്ത താരമാണ് രവീണ രവി. മാമന്നനിൽ ഫഹദ് അവതരിപ്പിച്ച കൊടൂര വില്ലൻ രത്നവേലിന്റെ ഭാര്യ ജ്യോതിയും ലവ് ടുഡേയിലെ ദിവ്യയും റോക്കിയിലെ അമുദയും ഒക്കെ അവയിൽ ചിലതുമാത്രം. ദീപിക പദുകോൺ, എമി ജാക്സൺ, കൃതി ഷെട്ടി, നയൻതാര തുടങ്ങി നിരവധി നടിമാരുടെ ശബ്ദമായി ശ്രദ്ധ നേടിയ രവീണ, അമ്മയായ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെടേയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും പാതയാണ് പിന്തുടരുന്നത്.
ചെന്നെെയിൽ ജനിച്ചുവളർന്ന രവീണയ്ക്ക് ഓണവും വിഷുവുമെല്ലാം തമിഴ്നാട്ടിൽ തന്നെയാണ്. സിനിമയിലുള്ള തമിഴ് സഹതാരങ്ങൾക്ക് കേരള സദ്യ ഒരുക്കുന്നത് തന്നെയാണ് രവീണയുടെ ഓണത്തിന്റെ പ്രധാന ഭാഗവും. ഓണത്തിന്റെ ഓർമകൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് താരം.

'ഞാൻ ചെന്നെെിലാണ് ജനിച്ചതും വളർന്നതും. പഠിത്തവും ഇവിടെ തന്നെയായിരുന്നു. ഷൂട്ടിങ് സമയത്താണ് കൂടുതലും കേരളത്തിലേയ്ക്ക് വരുന്നത്. എനിക്ക് എല്ലാ ഇൻഡസ്ട്രിയിലും വർക്ക് ചെയ്യാൻ ഇഷ്ടമാണ്. എവിടെയാണെങ്കിലും പ്രശ്നമില്ല. പ്രോജ്കട് അനുസരിച്ചാണ് എന്റെ കംഫർട്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ അമ്മ എന്റെ കൂടെ ചെന്നെെയിൽ തന്നെയാകും ഉണ്ടാവുക.
രണ്ടുവർഷം മുൻപ് കോവിഡ് സമയത്താണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. അച്ഛൻ ഉണ്ടായിരുന്നത് വരെ ഞങ്ങൾ ഇവിടെ ചെന്നെെയിൽ ഓണം ആഘോഷിക്കുമായിരുന്നു. അന്നൊക്കെ ഞാനും അച്ഛനും കൂടി ഓണസമയത്ത് ഹോൾസെയിൽ മാർക്കറ്റിൽ പോകും. നാട്ടിൽ കിട്ടാത്ത തരം പൂക്കളൊക്കെ അവിടെയുണ്ടാകും. അതൊക്കെ വാങ്ങി വരും. പിന്നെ ഫാമിലി ഫ്രണ്ട്സിനെയൊക്കെ വിളിക്കും. സിനിമയിൽ നിന്നും ഒരുപാട് പേർ വരും.

ആ സമയത്ത് ഞങ്ങൾ വർക്ക് ചെയ്യുന്ന സിനിമയിലെ ആൾക്കാരാകും കൂടുതലും വരിക. കുറെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉണ്ടാകും. വീട്ടിൽ അമ്മയും അച്ഛനും ചേർന്ന് പാചകം ചെയ്യും. ഞാനും സഹായിക്കാൻ കൂടെ കൂടും. നല്ല ഫൺ ആയിരിക്കും ആ ദിവസങ്ങൾ. എല്ലാ വർഷവും ഇത്തരതത്തിൽ ആഘോഷമുണ്ടാകും. ഇതിനുപുറമേ കേരള സമാജത്തിന്റെയൊക്കെ ആൾക്കാരെ ക്ഷണിക്കും. തിരുവോണ ദിനത്തിനല്ല, അതിന് മുൻപോ ശേഷമോ ആയിരിക്കും ഇവരെ ക്ഷണിക്കുക.
ഒരു ഓണത്തിന് ആദ്യത്തെ സിനിമയിലെ ക്രൂവിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു. സംവിധായകനും അസിസ്റ്റന്റുമാരും നായകനും കുറച്ച് ആർട്ടിസ്റ്റുകളും എത്തിയിരുന്നു. വീട്ടിൽ ഞങ്ങൾ തന്നെയാണ് സദ്യ ഒരുക്കിയത്. അവർക്ക് കേരള സദ്യ ഒരു പുതിയ സംഭവമായിരുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ മധുരയിൽ നിന്നുള്ള ആളായിരുന്നു. അദ്ദേഹമൊക്കെ ആദ്യമായിട്ടായിരുന്നു ഇങ്ങനത്തെ ഭക്ഷണം ഒക്കെ കഴിക്കുന്നത്.

ഇപ്പോൾ ഓണത്തിന് ആഘോഷങ്ങളൊന്നുമില്ല, വിഷുവിനും അങ്ങനെ തന്നെ. ആഘോഷിക്കാനുള്ള താത്പര്യമൊക്കെ പോയി. എന്റെ ഓർമയിൽ ഓണസമയത്ത് നാട്ടിൽ ഉണ്ടായിട്ടില്ല. ഇത്തവണ ഓണത്തിന് കൊച്ചിയിൽ ഷൂട്ടിൽ ആവാനാണ് സാധ്യത', രവീണ രവി പറഞ്ഞു.
Content Highlights: actress dubbing artist raveena ravi about onam
Published: 20 Aug 2023, 03:09 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented