വെള്ളിത്തിരയില്‍ മുഖം കാണിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും മലയാളികള്‍ക്ക് ഇപ്പോഴും അയലത്തെ വീട്ടിലെ കുട്ടിയെപ്പോലെയാണ് സംവൃത സുനില്‍. അമേരിക്കയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത അവിടുത്തെ ഓണവിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

To advertise here,

കുട്ടിക്കാലത്തെ ഓണാഘോഷമാണ് തെളിമയോടെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നത്. സിനിമയില്‍ അഭിനയിച്ചിരുന്നകാലത്ത് ഓണത്തിനൊക്കെ എപ്പോഴും തിരക്കാവും. ഓണം റിലീസുകളും ടിവി ചാനലുകളിലെ അഭിമുഖവും പരിപാടികളും യാത്രയുമൊക്കെയായി തിരക്കോടുതിരക്കുള്ള നാളുകളാണ്. 

ചിങ്ങം ഒന്ന് തുടങ്ങിയാല്‍ പിന്നെ മൊത്തം ഓണം വൈബ് ആവും. എന്നാലും എങ്ങനെയെങ്കിലും ഓണക്കാലത്ത് വീടുപിടിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു. യു എസ്സില്‍ വന്നതിനുശേഷം പ്രത്യേകിച്ച് പരിപാടികളൊന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്യാറില്ലെങ്കിലും ഓണത്തിന് സദ്യ എന്തായാലും ഉണ്ടാക്കും. 

നാട്ടിലുള്ളതുപോലെ ഓര്‍ഡര്‍ ചെയ്ത് സദ്യ വരുത്തിക്കാനൊന്നും ഇവിടെ പറ്റില്ലല്ലോ. ഞങ്ങളും അടുത്ത വീട്ടിലെ സുഹൃത്തുക്കളും ഒന്നിച്ചാവും സദ്യയുണ്ണുക. ഒന്നുകില്‍ അവരുടെ വീട്ടില്‍, അല്ലെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ വെച്ചാവും ആഘോഷം.

ഭര്‍ത്താവ് അഖിലും മക്കളായ അഗസ്ത്യയും രുദ്രയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ഞങ്ങളുടേത്. അഖിയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമൊക്കെ വെവ്വേറെ സ്ഥലങ്ങളിലാണ്. അപ്പോള്‍ എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്നുള്ള ഓണം കല്യാണത്തിന് ശേഷം ഉണ്ടായിട്ടില്ല. 

കുട്ടികള്‍ക്ക് ഈയൊരു സമയം വരുമ്പോഴറിയാം ഓണക്കാലമാണ്, പൂക്കളമൊരുക്കണം സദ്യയുണ്ടാക്കണം എന്നൊക്കെ. കഴിഞ്ഞ പ്രാവശ്യം പൂവിടുമ്പോള്‍ വാരിയെടുത്തുകൊണ്ടുപോവുന്ന പ്രായമായിരുന്നു ഇളയ ആള്‍ രുദ്രയ്ക്ക്. അഗസ്ത്യയ്ക്ക് ഓണവും കഥകളുമൊക്കെ അറിയാം. അത്തം തൊട്ട് പൂവിടണം എന്നൊക്കെ. അവന് ഓണക്കോടി ഉടുക്കുന്നതൊക്കെ ആവേശം നിറയ്ക്കുന്ന കാര്യങ്ങളാണ്. 

എന്നും കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം.