സാധുവായ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡോ, എന്‍.ആര്‍.കെ ഐ,ഡി കാര്‍ഡോ ഉളള പ്രവാസികേരളീയര്‍ക്കും നോര്‍ക്ക സ്റ്റുഡന്റ് ഐഡി കാര്‍ഡുളള വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കും നോര്‍ക്ക കെയര്‍ പരിരക്ഷയില്‍ എന്‍റോള്‍ ചെയ്യാനാകും.

To advertise here,

നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ്

വിദേശത്ത് താമസിക്കുന്ന കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആണ് നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്. ഈ പദ്ധതിയില്‍ അംഗമാകുന്ന പ്രവാസിക്ക് അപകടം മൂലമുള്ള മരണത്തിന് നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും, അപകടം മൂലമുള്ള ഭാഗികമോ/സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കിവരുന്നു. ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസികേരളീയരെ കണ്ടെത്തുന്നതിനും അവരുടെ വിവരശേഖരണത്തിനും ഐഡി കാര്‍ഡ് സേവനം സഹായകരമായി. പ്രായപരിധി 18-70 വരെ. 2019 മുതല്‍ 2025 മാര്‍ച്ച് 10 വരെ 7,53,310 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും 76 പേര്‍ക്ക് 1,99,88,000 രൂപയുടെ ക്ലെയിം തുക നല്കുവാനും സാധിച്ചിട്ടുണ്ട്.

സ്റ്റുഡന്റ് ഐഡി കാര്‍ഡ്

വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് സ്റ്റുഡന്റ് ഐഡി കാര്‍ഡ്. 2020 ഏപ്രില്‍ മുതലാണ് ഇത് നിലവില്‍ വന്നത്. വിദേശ രാജ്യങ്ങളില്‍ പഠനാവശ്യത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ ഒരു ഡാറ്റാബാങ്കായി ഇത് പ്രവര്‍ത്തിക്കുന്നു. ഈ കാര്‍ഡ് മുഖേന അപകടം മൂലമുള്ള മരണത്തിന് നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകടം മൂലമുള്ള ഭാഗികമോ/സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു. 2020 ഏപ്രില്‍ മുതല്‍ 2021 വരെ 4170 പേര്‍ക്ക് തിരിച്ചല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 2021 മുതല്‍ 2025 മാര്‍ച്ച് 10 വരെയുളള കണക്കനുസരിച്ച് 10,257 വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡ് നല്‍കാനായി.

എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്

രണ്ടു വര്‍ഷമായി കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയര്‍ക്കാണ് എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിവരുന്നത്. 2016 മുതല്‍ 2025 ജനുവരി 10 വരെ 34,450 പ്രവാസികേരളീയര്‍ക്ക് എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുകയും 13 പേര്‍ക്ക് 34,00,000/ രൂപ ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്.