Photo: MB Archives
ആണവശാസ്ത്ര മുന്നേറ്റങ്ങള്‍ക്ക് ഇന്ത്യയെ പാകപ്പെടുത്തിയ ഊര്‍ജതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഹോമി ജഹാംഗീര്‍ ഭാഭ ശാസ്ത്രലോകത്ത് സമാദരണീയനാകുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ശാസ്ത്രമുന്നേറ്റങ്ങള്‍ക്കു നേതൃത്വപരമായ ദിശാബോധം നല്‍കിയത് ഭാഭയാണ്.
ആണവോര്‍ജത്തിന്റെ പ്രസക്തിയും പ്രയോജനവും ദശാബ്ദങ്ങള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞ അദ്ദേഹം രാജ്യത്തെ ആണവശക്തിയാക്കുന്നതിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കി. വൈദ്യുതോത്പാദനത്തില്‍ ആണവോര്‍ജത്തിന്റെ പ്രാധാന്യമുറപ്പിക്കുന്നതിലും മികച്ച ശാസ്ത്രസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലുമൊക്കെ ആ ദീര്‍ഘദര്‍ശിയുടെ കൈയൊപ്പുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞരിലൊരാളായി പരിഗണിക്കപ്പെടുന്ന ഹോമി ഭാഭയുടെ ജീവിതം ശാസ്ത്രത്തിനായി മാറ്റിവെച്ചതുകൊണ്ട് ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളനവധിയാണ്.
1909 ഒക്ടോബര്‍ 30-ന് മുംബൈയില്‍ ഒരു പാര്‍സി കുടുംബത്തില്‍ ജനിച്ച ഭാഭയുടെ പിതാവ് ജഹാംഗീര്‍ ഭാഭ പ്രശസ്തനായ ഒരു അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഇന്ത്യയിലെ ആദ്യ തുണിമില്ല് സ്ഥാപിച്ച സര്‍ ദിന്‍ഷാ മനേക്ജി പെറ്റിറ്റിന്റെ പൗത്രിയും. കലയും സാഹിത്യവും സംഗീതവും നിറഞ്ഞ അന്തരീക്ഷം ഹോമി ഭാഭയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
മുംബൈയിലെ പ്രശസ്തമായ കത്തീഡ്രല്‍ ജോണ്‍ കോനന്‍ സ്‌കൂളില്‍ വിദ്യാഭ്യാസമാരംഭിച്ച ഭാഭയുടെ ബിരുദപഠനം മുംെബെയിലെ എല്‍ഫിന്‍സ്റ്റണ്‍ കോളേജിലായിരുന്നു. കോളേജിനു സമീപത്തുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രായോഗികമായ ചില പരീക്ഷണങ്ങള്‍ക്കു വേദിയായി. അദ്ദേഹത്തിന്റെ പിതാവിന്റെ നിര്‍ദേശപ്രകാരം 1927-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ചേര്‍ന്നു. ജംഷേദ്പുരില്‍ പ്രവര്‍ത്തിച്ചിരുന്ന വിഖ്യാതസ്ഥാപനം ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുടെ ചുമതല ഭാഭയെ ഏല്പിക്കാനായിരുന്നു നീക്കം. അദ്ദേഹത്തിന്റെ അമ്മാവന്‍ സര്‍ ഡൊറാബ് റ്റാറ്റയുടെ പ്രേരണയും ഇതിനു പിന്നിലുണ്ടായിരുന്നു. കേംബ്രിഡ്ജിലെ പഠനകാലത്ത് സര്‍വകലാശാലയിലെ ലൂക്കേഷ്യന്‍ പ്രൊഫസറായിരുന്ന ഊര്‍ജതന്ത്ര നൊബേല്‍ ജേതാവ് പോള്‍ ഡിറാകിന്റെ പ്രേരണമൂലം ഭാഭയുടെ ശ്രദ്ധ ഊര്‍ജതന്ത്രത്തിലേക്കും ഗണിതശാസ്ത്രത്തിലേക്കും തിരിഞ്ഞു.
അച്ഛന്റെ ആഗ്രഹപ്രകാരം മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയെങ്കിലും തനിക്കു പ്രിയപ്പെട്ട മാത്തമാറ്റിക്സ് ട്രിപ്പോസ് പഠനം തുടര്‍ന്ന ഭാഭ അതിലും മികച്ച വിജയം കരസ്ഥമാക്കി. ഊര്‍ജതന്ത്രത്തില്‍ ഡോക്ടറേറ്റ് ലക്ഷ്യമാക്കി കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. കാവന്‍ഡിഷ് ലബോറട്ടറി അക്കാലത്ത് ഊര്‍ജതന്ത്രലോകത്തെ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രസ്ഥാനമായിരുന്നു. ന്യൂട്രോണ്‍ എന്ന കണിക കണ്ടെത്തിയ ജെയിംസ് ചാഡ്വിക്, ആറ്റമിക വിഭജനത്തിന്റെ പിതാക്കന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ജോണ്‍ കോക്രോഫ്റ്റ്, ഏര്‍ണസ്റ്റ് വാള്‍ട്ടണ്‍ തുടങ്ങിയവര്‍ കാവന്‍ഡിഷിലെ അംഗങ്ങളായിരുന്നു.
സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ പരീക്ഷണശാലകള്‍ സന്ദര്‍ശിച്ച ഭാഭ വുള്‍ഫ്ഗാങ് പോളി, എന്റികോ ഫെര്‍മി തുടങ്ങിയ മഹാരഥന്മാരെ പരിചയപ്പെട്ടു. ആണവശാസ്ത്രത്തിന്റെ ലോകത്തേക്ക് ഭാഭയെ എത്തിച്ചത് ഈ കൂടിക്കാഴ്ചകളാണ്.
1933-ല്‍ കോസ്മിക് തരംഗങ്ങളുടെ പഠനത്തിന് ഡോക്ടറേറ്റ് നേടിയ ഭാഭ ക്വാണ്ടം ബലതന്ത്രത്തില്‍ ശ്രദ്ധേയമായ ചില കണ്ടെത്തലുകള്‍ നടത്തി. ഇലക്ട്രോണ്‍, പോസിട്രോണ്‍ എന്നീ കണികകളുടെ ഈ പ്രസരണം ഇന്ന് 'ഭാഭ സ്‌കാറ്ററിങ്' എന്നറിയപ്പെടുന്നു. അദ്ദേഹത്തിനു ലഭിച്ച സ്‌കോളര്‍ഷിപ്പിന്റെ പിന്‍ബലത്തില്‍ 1939 വരെ കോംബ്രിഡ്ജില്‍ പരീക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ ഇന്ത്യയിലെത്തിയ ഭാഭ സി.വി.രാമന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്നു. 1941-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോയായി തിരഞ്ഞെടുക്കപ്പെട്ട ഭാഭ 1943-ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഊര്‍ജതന്ത്രവിഭാഗത്തിന്റെ അധ്യക്ഷനായി. ഹോമി ഭാഭയുടെ പ്രേരണയാല്‍ 1945-ല്‍ അടിസ്ഥാനശാസ്ത്രവിഷയങ്ങളില്‍ ഗവേഷണപഠനങ്ങള്‍ക്കായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈയില്‍ സ്ഥാപിച്ചു. ഇന്ത്യയിലെ മികച്ച ഗവേഷണസ്ഥാപനങ്ങളിലൊന്നായി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു അത്. ഭാഭയുടെ പ്രേരണയാല്‍ ജവഹര്‍ലാല്‍ നെഹ്റു 1948-ല്‍ ആറ്റമിക് എനര്‍ജി കമ്മിഷന്‍ സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു അതിന്റെ ആദ്യ ചെയര്‍മാന്‍. 1954-ല്‍ പദ്മഭൂഷണ്‍ നേടിയ ഭാഭ 1955-ല്‍ ഐക്യരാഷ്ട്രസഭയുടെ ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങള്‍ക്കായുള്ള സമ്മേളനത്തിന്റെ അധ്യക്ഷനായി. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിന്റെ വളര്‍ച്ചയിലും ഭാഭയുടെ പങ്കു ശ്രദ്ധേയമാണ്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് 1962-ലെ ഇന്തോ-ചൈന യുദ്ധത്തോടെ മനസ്സിലാക്കിയ ഭാഭ അതിനായി രാഷ്ട്രീയനേതൃത്വത്തെ ബോധവത്കരിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. 1963-ല്‍ മഹാരാഷ്ട്രയിലെ താരാപ്പൂരില്‍ ആദ്യ ആണവ റിയാക്ടറും 1965-ല്‍ പ്ലൂട്ടോണിയം റിയാക്ടറും സ്ഥാപിക്കുന്നതില്‍ ഭാഭയുടെ നേതൃത്വഗുണം തുണയായി. ഇന്ത്യയിലെ ആണവശാസ്ത്രമുന്നേറ്റങ്ങളുടെ പിതാമഹനെന്നറിയപ്പെടുന്ന ഹോമി ഭാഭ 1966 ജനുവരി 24-ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ ആല്‍പ്സ് പര്‍വതനിരകളിലെ മോന്റ്ബ്ലാങ്ക് കൊടുമുടിക്കു സമീപമുണ്ടായ വിമാനാപകടത്തില്‍ മരണമടഞ്ഞു.
ഇന്ത്യയിലെ ആണവഗവേഷണത്തിന്റെ ചുക്കാന്‍പിടിക്കുന്ന ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഹോമി ജഹാംഗീര്‍ ഭാഭയുടെ കര്‍മോത്സുകതയുടെ ഉന്നത സ്മാരകങ്ങളാണ്. 1974-ലും 1998-ലും ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങള്‍ ഹോമി ജഹാംഗീര്‍ ഭാഭയുടെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും സൃഷ്ടികളായി പരിഗണിക്കപ്പെടുന്നു.
Content Highlights: Dr Homi Jehangir Bhabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..