ഹാന്‍ഡ്ബോളിന് പിറകേ ദേശീയ ഗെയിംസിനുള്ള കേരള വോളിബോള്‍ ടീമും ആശങ്കയില്‍. കളി നടത്തിപ്പുകാര്‍ തമ്മിലുള്ള ചേരിപ്പോര് തന്നെ കാരണം. തിങ്കളാഴ്ച സുപ്രീം കോടതി കനിഞ്ഞില്ലെങ്കില്‍ ദേശീയതാരങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ വോളികളിക്കാരുടെ അധ്വാനവും മെഡല്‍ പ്രതീക്ഷയും അസ്ഥാനത്താവും.

To advertise here,

ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍കൈയെടുത്ത് തയ്യാറാക്കിയ ടീമിലെ താരങ്ങളാണ് പ്രധാനമായും ആശങ്കയിലായിരിക്കുന്നത്. ഇവര്‍ക്കു പകരം സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ തിരഞ്ഞെടുത്ത മറ്റൊരു ടീമിന്റെ എന്‍ട്രിയാണ് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ ദേശീയ ഗെയിംസ് സംഘാടകര്‍ക്ക് നല്‍കിയത്. ഈ ടീമിന്റെ പേരുവിവരങ്ങള്‍ ഗെയിംസിന്റെ ഹാന്‍ഡ്ബുക്കില്‍ അച്ചടിച്ചുവരികയും ചെയ്തു. ഭാവ്നഗറില്‍ ഒക്ടോബര്‍ എട്ട് മുതല്‍ 12 വരെയാണ് വോളിബോള്‍ മത്സരം.

ഹൈക്കോടതി വിധിയെ ധിക്കരിച്ച് തങ്ങള്‍ക്ക് അവസരം നിഷേധിച്ചതിനെതിരേ കളിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. ദേശീയ വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും കളിയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വം സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലുകളെ ഏല്‍പ്പിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഇതനുസരിച്ച് ദേശീയ ഗെയിംസിന് കളിക്കാരെ തിരഞ്ഞെടുത്ത് അവരെ സജ്ജരാക്കാനുള്ള ചുമതല കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍, ടെക്നിക്കല്‍ കമ്മിറ്റിക്ക് നല്‍കി. മുന്‍താരങ്ങളായ കിഷോര്‍ കുമാര്‍, മേഴ്സി ആന്റണി എന്നിവരടങ്ങുന്ന എട്ടംഗ സമിതി പുരുഷ, വനിതാ വിഭാഗങ്ങളിലായി സെലക്ഷന്‍ ക്യാമ്പ് നടത്തി ടീമിനെ തിരഞ്ഞെടുത്ത് പരിശീലനം തുടങ്ങി. ദേശീയ താരങ്ങളായ ജി.എസ്. അഖില്‍, മുത്തുസ്വാമി, ജെറോം പീറ്റര്‍, സംസ്ഥാന താരങ്ങളായ ഷോണ്‍ ടി. ജോണ്‍, അനു ജെയിംസ് എന്നിവരടങ്ങുന്ന ടീമിനെയാണ് തിരഞ്ഞെടുത്തത്.

എന്നാല്‍, ദേശീയ വോളിബോള്‍ ഫെഡറേഷന്റെ അംഗീകാരമില്ലാത്ത പ്രൈം വോളിബോള്‍ ലീഗില്‍ കളിച്ച താരങ്ങളെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍. പ്രൈം വോളി ലീഗില്‍ കളിക്കുന്നതില്‍നിന്ന് വിലക്കില്ലെന്ന് അവകാശപ്പെട്ട് വോളിബോള്‍ അസോസിയേഷന്‍ കോഴിക്കോട്ട് ട്രയല്‍സ് നടത്തി പുതിയൊരു ടീമിനെ തിരഞ്ഞെടുത്തു. ഇതില്‍ ദേശീയ ടീമംഗങ്ങളടക്കം മുന്‍നിര താരങ്ങളാരും ഉണ്ടായിരുന്നില്ല. ഇതിനെ ചോദ്യംചെയ്ത് കളിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുകൂലമായി വിധിപറഞ്ഞു. ഇതിനെ സംസ്ഥാന അസോസിയേഷന്‍ ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യം ചെയ്‌തെങ്കിലും അപ്പീല്‍ തള്ളി. ഇത് കണക്കിലെടുക്കാതെയാണ് കേരള ഒളിമ്പിക് അസോസിയേഷന് സ്വന്തം ടീമുകളുടെ പട്ടിക സമര്‍പ്പിച്ചത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിനെയാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ എന്‍ട്രിയായി നല്‍കിയതെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എസ്. രാജീവ് മാതൃഭൂമിയോടു പറഞ്ഞു. ഹാന്‍ഡ്ബുക്കില്‍ പേരുവന്നത് കണക്കാക്കേണ്ട, ഗെയിംസ് സമിതി അംഗീകരിച്ചത് കൗണ്‍സിലിന്റെ ടീമിനെയാണ്. സുപ്രീം കോടതിയില്‍ നിന്ന് മറിച്ചൊരു വിധി വന്നാല്‍ മാത്രമേ പ്രശ്‌നം ഉണ്ടാവൂ - രാജീവ് പറഞ്ഞു.