അഹമ്മദാബാദ്: പരാജയമാണ് ഏറ്റവും വലിയ പാഠമെങ്കിൽ ദേശീയ ഗെയിംസിനേക്കാൾ വലിയൊരു പാഠപുസ്തകം ഇനി കേരളത്തിന് കിട്ടാനില്ല. ഗുജറാത്ത് പോലെ കായികസംസ്‌കാരം ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത സംസ്ഥാനങ്ങൾ പോലും കുതിപ്പിന്റെ കണക്ക് നിരത്തി മേനി നടിക്കുമ്പോൾ കിതച്ച് തളർന്ന കഥയാണ് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കഴിഞ്ഞ ഗെയിംസിലെ റണ്ണറപ്പുകളായ കേരളത്തിന് പറയാനുള്ളത്. ഗെയിംസിലെ താരം സാജൻ പ്രകാശും കുട്ടനാട്ടിലെ കുറച്ച് തുഴച്ചിലുകാരികളും ഇല്ലായിരുന്നെങ്കിൽ പതിമൂന്നാം സ്ഥാനക്കാരായി മടങ്ങേണ്ടിവരുമായിരുന്നു ഇന്ത്യൻ കായികരംഗത്തിന്റെ ഈറ്റില്ലമെന്ന പഴംപുരാണം വിളമ്പുന്ന കേരളത്തിന്. ഏഴു കൊല്ലം കൊണ്ട് നഷ്ടപ്പെട്ടത് 108 മെഡലുകളാണ്.

To advertise here,

23 സ്വർണവും 18 വെള്ളിയും 13 വെങ്കലവും അടക്കം 54 മെഡലാണ് ഇത്തവണത്തെ സമ്പാദ്യം. സാജൻ പ്രകാശിന്റെ ഒറ്റയാൾ പ്രകടനം കണ്ട നീന്തൽ തന്നെ മുന്നിൽ. അഞ്ച് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവും അടക്കം പതിനൊന്ന് മെഡൽ. കനോയിങ്ങാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വർണം. അത്ലറ്റിക്സിൽ മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും അടക്കം പതിനൊന്ന് മെഡൽ. ജൂഡോ, റോളർ സ്പോർട്സ്, വോൽബോൾ എന്നിവയിൽ രണ്ട് വീതം സ്വർണം.

മുപ്പതാം വയസ്സിലും തന്റെ മികവ് ആവർത്തിക്കാനായ സാജൻ കഴിഞ്ഞാൽ ജൂഡോയിൽ അശ്വതിയും അർജുനും ചരിത്രത്തിൽ ആദ്യമായി സ്വർണം നേടിയതും തമ്മിൽത്തല്ല് കാരണം പങ്കാളിത്തം പോലും അനിശ്ചിത്വത്തിലായ നിലയിൽ നിന്നാണ് കോടതിയുടെ കനിവിലൂടെ വന്ന വോളി ടീം ഇരട്ട സ്വർണവുമായി മടങ്ങിയതും മാത്രമാണ് കേരളത്തിന് ആശ്വാസം. മറ്റുള്ള മേഖലകളിലെല്ലാം വലിയ തിരിച്ചടിയാണ് ഇക്കുറി നേരിട്ടത്. നിരാശപ്പെടുത്തിയതിൽ മുന്നിൽ അത്ലറ്റിക്സ് തന്നെ. തുടർച്ചയായ മൂന്ന് വർഷം അത്ലറ്റിക്സിലെ ചാമ്പ്യന്മാരായിരുന്നു കേരളം. ഇക്കുറി സർവീസസ് കേരളത്തെ ബഹുരം പിന്നിലാക്കി. യു.പി.യും തമിഴ്നാടും  പോലും കേരളത്തിന്റെ മുന്നിൽക്കയറി

കഴിഞ്ഞ തവണ പതിമൂന്ന് സ്വർണമടക്കം 34 മെഡലുകളാണ് അത്ലറ്റിക് ട്രാക്കിൽ നിന്ന് കേരളം നേടിയത്. ഇക്കുറിയാവട്ടെ മൂന്ന് സ്വർണമടക്കം പതിനൊന്ന് മെഡൽ മാത്രം. ഇതിൽ തന്നെ രണ്ടെണ്ണം മാത്രമാണ് വ്യക്തിഗത സ്വർണം. നയന ജെയിംസിന്റെയും എൻ.വി.ഷീനയുടെയും വക. ഇതാണ് മൊത്തം മെഡൽസമ്പാദ്യത്തിൽ കേരളത്തിന് തിരിച്ചടിയായത്. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് എം. ശ്രീശങ്കർ അടക്കം പ്രതീക്ഷ വെച്ചുപുലർത്തിയവരെല്ലാം നിരാശപ്പെടുത്തി. പലർക്കും തങ്ങളുടെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതുമില്ല. ഗെയിംസിനെ കേരളം ലാഘവത്തോടെയാണ് കണ്ടത് എന്നതിന്റെ തെളിവാണ് മെഡൽ ഉറപ്പായിരുന്ന മുൻനിര താരങ്ങളായ നിരാശ ജിസ്ന മാത്യു, പി.യു. ചിത്ര, അപർണ റോയ്, അനു. ആർ തുടങ്ങിയവരുടെ വിട്ടുനിൽക്കൽ.

സീസണിന്റെ അവസാനമായതിനാലാണ് ഈ വിട്ടുനിൽക്കലെന്നും പങ്കെടുത്തവരുടെ മോശം പ്രകടനമെന്നും പരിശീലകർ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതേ ഓഫ് സീസണിലാണ് രാം ബാബു ദേശീയ റെക്കോഡും അംലാൻ ബോർഹാനും ജ്യോതി രാജിയുമെല്ലാം മീറ്റ് റെക്കോഡുകളും തിരുത്തിയെഴുതിയതെന്ന് മറന്നു. 100, 200, 400, 800, 1500 മീറ്റർ ഓട്ടങ്ങളുടെയൊന്നും ഫൈനലിലെത്താനും കേരള താരങ്ങൾക്ക് കഴിഞ്ഞില്ല എന്നത് നമ്മുടെ അത്ലറ്റിക്സ് എവിടെ നിൽക്കുന്നു എന്നതിന്റെ തെളിവാണ്. ഈയിനങ്ങളിലെ പല ദേശീയ, മീറ്റ് റെക്കോഡുകളും ഇപ്പോഴും മലയാളികളുടെ പേരിലാണ് എന്നതാണ് വിചിത്രം.

സൈക്ലിങ്, ഷൂട്ടിങ് എന്നിവയിൽ ഒരൊറ്റ മെഡൽ പോലും നേടാൻ കേരളത്തിന് കഴിഞ്ഞില്ല. റോയിങ്ങിലും കനോയിങ്ങിലും മെഡലുണ്ടെങ്കിലും അവിടെയും കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാനായില്ല. വനിതകൾ മികവ് പുലർത്തിയപ്പോൾ പുരുഷന്മാർ തീർത്തും നിരാശപ്പെടുത്തി. വർഷങ്ങൾക്കുശേഷം ഒരു വെളളി നേടിത്തന്നെങ്കിലും കലാശക്കളിയിൽ ഫുട്ബോൾ ടീമിന്റെ പ്രകടനവും നാണക്കേടായി. മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് അത്രയൊന്നും കേമത്തരം അവകാശപ്പെടാനില്ലാത്ത ബംഗാളിനോട് തോറ്റത്.

മെഡൽനഷ്ടത്തിന്റെ കാരണം തേടുമ്പോൾ ഒരുക്കങ്ങളുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം  തന്നെയാണ് താരങ്ങളും പരിശീലകരും ഒരുപോലെ ന്യായമായി നിരത്തുന്നത്. രണ്ടോ മൂന്നോ ആഴ്ച മാത്രം നീണ്ടുനിന്ന ക്യാമ്പുകളുടെ ബലത്തിലാണ് ഭൂരിഭാഗം ടീമുകളും എത്തിയത്. കഴിഞ്ഞ ദേശീയ ഗെയിംസിന് വാങ്ങിയ ബോട്ടുകൾ ഒരാഴ്ച മുൻപ് മാത്രമാണ് കനോ, കയാക്ക് ടീമുകൾക്ക് പരിശീലനത്തിന് നൽകിയത്. ഇതുവരെ പരിശീലനം നടത്താത്ത വലിയ ബോട്ടിൽ മത്സരിച്ച് ആടിയുലഞ്ഞാണ് മേഘ പ്രദീപ് കനോയിൽ സ്വർണം നേടിയത്. മത്സരിക്കേണ്ട സ്ലാലം ബോട്ടിൽ പരിശീലിക്കാതെയാണ് ഗോപിക ജോഷിയെന്ന തുഴച്ചിലുകാരി ഗുജറാത്തിലെത്തിയത്. ഗുജറാത്തും ബിഹാറും ഒഡിഷയും ബംഗാളുമെല്ലാം വിദേശ പരിശീലകരെ കൊണ്ടുവന്ന് ടീമിനെ ഒരുക്കിയപ്പോൾ പുലർച്ചെ യാത്ര കഴിഞ്ഞെത്തി കാലത്ത് കളിക്കാനിറങ്ങേണ്ടിവന്നവരാണ് റഗ്ബി ടീം. ഗുജറാത്ത് ടീമിന് സ്വന്തമായി രണ്ട് ഗ്രൗണ്ട് നൽകിയപ്പോൾ പട്ടിശല്ല്യം ഭയന്ന് കടപ്പുറത്ത് പരിശീലനം നടത്തേണ്ടിവന്നതിന്റെ ദയനീയകഥയുമുണ്ട് കേരള താരങ്ങൾക്ക് പറയാൻ. എന്നിട്ടും ലീഗ് റൗണ്ടിൽ ഒരു കളി അവർ ജയിച്ചു.

നീന്തലിൽ മെഡൽ പെരുമ പറയുന്നുണ്ടെങ്കിലും സാജനല്ലാതെ മറ്റൊരു താരമുണ്ടായില്ല. വെങ്കലം നേടിയ അനൂപ് അഗസ്റ്റിൻ അല്ലാതെ ഏറെപ്പേർക്കൊന്നും ഫൈനലിൽ പോലും പ്രവേശിക്കാനായില്ല. ഗുജറാത്ത്, ഹരിയാണ, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ കോടികൾ വാരിയെറിഞ്ഞ് വലിയ ഒരുക്കങ്ങൾ നടത്തി ഗെയിംസിനെത്തി നേട്ടങ്ങൾ കൊയ്യുമ്പോഴാണ് കേരളം പതിവ് ഇല്ലായ്മക്കഥകൾ നിരത്തുന്നത് എന്നതാണ് ശ്രദ്ധേയം.