
രാജ്കോട്ട്: കേരളത്തിലെ തെരുവുപട്ടികളുടെ പ്രശ്നം കേട്ടാൽ റിച്ച മിശ്രയുടെ മുഖം ചുവക്കും. സ്വരം മാറും. ''എങ്ങനെയാണ് തെരുവുപട്ടികൾ ഇത്ര വലിയ പ്രശ്മാകുന്നതെന്ന് മനസിലാകുന്നില്ല. മറ്റെങ്ങും അവ ഇതുപോലെ മനുഷ്യരെ ആക്രമിക്കുന്നില്ലല്ലോ. തെരുവുപട്ടികൾ അക്രമാസക്തരാകുന്നുണ്ടെങ്കിൽ അതിന് കാരണം മനുഷ്യർ തന്നെയാണ്.'' വാക്കിൽ മയമൊട്ടുമില്ലാതെ റിച്ച പറയും.
വെറുതെ ഷോയ്ക്കുവേണ്ടി പട്ടിസ്നേഹം കാട്ടുന്നയാളല്ല രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ വനിതാ നീന്തൽതാരങ്ങളിൽ ഒരാളായ റിച്ച. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി വീട്ടിൽ നിത്യവും തെരുവുപട്ടികൾക്ക് മുടങ്ങാതെ ഭക്ഷണം കൊടുക്കുന്നയാളാണ് ഈ അന്തർദേശീയ നീന്തൽതാരം. കൂട്ടിന് മുൻതാരവും സഹോദരിയുമായ ചാരുവുമുണ്ട്. തെരുവുപട്ടികൾക്ക് മാത്രമല്ല, അലഞ്ഞുതിരിയുന്ന ഏത് മൃഗങ്ങൾക്കും പക്ഷികൾക്കും റിച്ചയുടെ വീട്ടിൽ ഭക്ഷണമുണ്ട്. വൈകീട്ട് ഏഴരയോടെ വീടിന് പുറത്ത് പാത്രങ്ങളിൽ അവർ ഭക്ഷണം വിളമ്പും. പഴയ ഭക്ഷണമൊന്നുമല്ല, പെഡിഗ്രി പോലുള്ള വിലയുള്ള ഒന്നാന്തരം പട്ടികളുടെ ബ്രാൻഡഡ് തീറ്റയും പാലുമെല്ലാം തെരുവുപട്ടികൾ മുടങ്ങാതെ വന്ന് കഴിക്കുകയും ചെയ്യും. ഇരുപതിലേറെ പട്ടികൾ ഇങ്ങനെ പതിവായി വരാറുണ്ടായിരുന്നെന്ന് പറയുന്നു റിച്ച. ഇപ്പോഴും പതിനഞ്ചിനടുത്ത് പട്ടികൾ നിത്യവും കഴിക്കാൻ വരും പകൽ നേരത്ത് ഇട്ടുകൊടുക്കുന്ന തിന തിന്നാൻ കിളികളുമെത്തും യഥേഷ്ടം. കുരങ്ങന്മാർക്കുമില്ല ഒട്ടും കുറവ്.
അവർക്കിതൊരു നേരമ്പോക്കോ പബ്ലിസിറ്റി സ്റ്റണ്ടോ അല്ല. അരുമയായിരുന്ന 'ജൂനിയർ' എന്ന ഡാൽമേഷ്യന് ജീവൻ നഷ്ടപ്പെട്ടതോടെയാണ് ഇത്തരമൊരു ആശയവുമായി ഇറങ്ങിയത്. പത്ത് വർഷത്തിനിടെ ഒരു ദിവസം പോലും തെരുവുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാതിരുന്നിട്ടില്ല. ഞങ്ങൾ നാട്ടിൽ ഇല്ലെങ്കിൽ അച്ഛനും അമ്മയും കൊടുക്കും. ഇടയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. അപ്പോൾ സഞ്ജയ് ഗാന്ധി ആനിമൽ കെയർ സെന്ററുകാരുടെ സഹായം ലഭിച്ചു. പട്ടികളെ വന്ധ്യംകരിക്കുന്നതും അവരാണ്. ഇപ്പോൾ ഭക്ഷണം കൊടുക്കൻ നിരവധി വ്യക്തികൾ സഹായവുമായി മുന്നോട്ടുവരുന്നുണ്ടെന്ന് റിച്ച പറയുന്നു.
തങ്ങളുടെ ഈ പ്രവൃത്തി കാരണം ഇതുവരെ നാട്ടുകാർക്കോ അയൽക്കാർക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് റിച്ച പറയുന്നു. ആരും ഇന്നേവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. അവരും ഇടയ്ക്ക് വന്ന് ഭക്ഷണം കൊടുക്കും. തെരുവുപട്ടികൾ ഇന്നേവരെ ആരെയും ആക്രമിച്ചിട്ടുമില്ല. ആഹാരവും സ്നേഹവും കിട്ടിയാൽ അവർ ആരെയും ആക്രമിക്കില്ല. തിരിച്ച് ഉപദ്രവിക്കുന്നത് കൊണ്ട് മാത്രമാണ് അവർ മനുഷ്യരെ ആക്രമിക്കുന്നത്. ആരെങ്കിലുമൊരു കല്ലെടുത്ത് എറിഞ്ഞാൽ മറ്റൊരാൾക്കായിരിക്കും കടി കിട്ടുക. പിന്നെ വന്ധ്യംകരണത്തിന്റെയും പുനരധിവാസത്തിന്റെയും കാര്യത്തിൽ സർക്കാരും വിട്ടുവീഴ്ച ചെയ്യരുത്. തെരുവുപട്ടികളും മനുഷ്യരെപ്പോലെ ദൈവത്തിന്റെ സൃഷ്ടിയാണ്. അങ്ങനെയെങ്കിൽ ആദ്യം വെറുക്കേണ്ടത് ദൈവത്തെയല്ലെ - റിച്ച ചോദിച്ചു.
Content Highlights: richa mishra swimmer feeding stray dogs
Published: 14 Oct 2022, 10:21 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented