അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ വോളിബോള്‍ ടീമിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് സുപ്രീം കോടതി വിരാമമിട്ടു. ദേശീയ ഗെയിംസിന് സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ ടെക്നിക്കല്‍ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ അയക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ ചോദ്യംചെയ്ത് കേരള വോളിബോള്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

To advertise here,

നേരത്തേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്ക് വിപരീതമായി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ നല്‍കിയ കളിക്കാരുടെ പട്ടികയാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കേരളത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി നല്‍കിയത്. ഇതിനെതിരേ പ്രതിഷേധവുമായി ഒരു കൂട്ടം കളിക്കാര്‍ രംഗത്തുവന്നിരുന്നു. പരിചയസമ്പന്നരല്ലാത്ത കളിക്കാരെ ഗെയിംസിന് അയക്കുന്നത് കേരളത്തിന്റെ മെഡല്‍സാധ്യതയെ ബാധിക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നു.

ദേശീയതാരങ്ങളായ ജി.എസ്. അഖില്‍, മുത്തുസ്വാമി, ജെറോം പീറ്റര്‍, സംസ്ഥാന താരമായ ഷോണ്‍ ടി. ജോണ്‍ എന്നിവര്‍ക്ക് ഇതോടെ ഗെയിംസില്‍ പങ്കെടുക്കാം. ഇതോടെ, കേരളത്തിന്റെ മെഡല്‍സാധ്യത കൂടി. കഴിഞ്ഞതവണ കേരളം വനിതാ വിഭാഗത്തില്‍ സ്വര്‍ണവും പുരുഷ വിഭാഗത്തില്‍ വെങ്കലവും നേടിയിരുന്നു. ടീം: മുത്തുസ്വാമി, ജിതിന്‍, ജെറോം വിനീത്, അരുണ്‍ സക്കറിയാസ്, ഷോണ്‍ ടി. ജോണ്‍, അനു ജെയിംസ്, എറിന്‍ വര്‍ഗീസ്, ടി.ആര്‍. സേതു, കെ. രാഹുല്‍, ജി.എസ്. അഖില്‍, എം.സി. മുജീബ്, ജോണ്‍ ജോസഫ്, കെ. ആനന്ദ്, ടി.എസ്. ഷിബിന്‍. മുഖ്യ പരിശീലകന്‍ എസ്. മനോജ്. സഞ്ജയ് ബലിഗയും ടോം ജോസഫും സഹപരിശീലകര്‍.