മനഃസംഘർഷങ്ങളുടെ കാലസൂചികക്കൊപ്പം തിരിഞ്ഞ സേതുവും അപ്പുണ്ണിയും വിമലയും; എംടിയുടെ ആറ്റികുറുക്കിയ ലോകം
നിളയുടെ ഒഴുക്കുപോലെ അനായാസം വള്ളുവനാടൻ ബിംബാവലികൾ വായനക്കാർക്ക് നൽകി കേരളത്തിന്റെ ദേശചിഹ്നമായി മാറി എംടി. മുമ്പും ശേഷവും എന്നൊന്ന് എം.ടിയുടെ എഴുത്തിനു മുന്നിൽ പരിധിയല്ല. തലമുറകളിൽനിന്ന് തലമുറകളിലേക്ക് മനുഷ്യന്റെ എല്ലാ വൈകാരിക പ്രതിസന്ധികളും തുറന്നിട്ട് ആ വാക്കുകൾ നക്ഷത്രത്തിളക്കത്തോടെ വായനക്കാരുടെ ഹൃദയത്തിലേക്ക് ചേക്കേറി. ആറ്റിക്കുറുക്കിയ ലോകം എക്കാലത്തേക്കുമായി അവിടെ കുടികൊണ്ടു.
സ്‌നേഹിതന്മാരില്ലാത്ത ബാല്യകാലത്ത് ഒറ്റയ്ക്ക് ചെയ്യാനാവുന്ന വിനോദമെന്ന നിലയിലാണ് എഴുത്തിനെ കൂട്ടുപിടിച്ചതെന്ന് എംടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മാടത്തു തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന ആ കൂടല്ലൂരുകാരൻ പിന്നീട് അക്ഷരങ്ങളുടെ ഒരു കടലാകുമെന്ന് ഒരാൾപോലും പ്രവചിച്ചില്ല.
എംടിയുടെ ആത്മാവിഷ്‌കാരങ്ങൾ തന്നെയായിരുന്നു എംടിയുടെ എഴുത്തും. നാലുകെട്ടിന്റെ അകത്തളങ്ങളിൽ കെട്ടികിടക്കുന്ന ഭീഷണമായ ഇരുട്ട് എംടിയുടെ കഥകളിലും നോവലുകളിലുമെല്ലാം പൊതുപ്രേമേയമാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടക്കുന്ന സാമൂഹിക പരിണാമവും അവിടെ തുടിച്ചുനിന്നു.
മരുമക്കത്തായവും ജന്മിത്വവും വിതച്ച അധോഗമനത്തിൽ നിന്ന് പുതിയ കാലത്തിന്റെ വിശാലതയിലേക്ക് നാലുകെട്ടിലെ അപ്പുണ്ണി നടന്നുകയറിയപ്പോൾ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിൽ നിന്ന് നഗരകാപട്യങ്ങളിലേക്ക് കുടിയേറുന്ന കാലത്തിലെ സേതുവിനെ കാണാം. അസ്തിത്വം തിരയുന്ന യുവാക്കളുടെ മനോസംഘർഷങ്ങൾ എംടി പറഞ്ഞു. അസുരവിത്തിലും നാലുകെട്ട് പശ്ചാത്തലമാകുന്നു. നാലുകെട്ടിൽ കാലം ഒതുങ്ങിനിന്നു.
എനിക്ക് ഭ്രാന്താണ് എന്നെ ചങ്ങലയ്ക്കിടു എന്ന് ഫ്യൂഡൽ മൂല്യങ്ങളിൽ നിന്നുള്ള വിമോചനം പ്രഖ്യാപിച്ച് ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ കുട്ടി ആക്രോശിച്ചത് ജന്മിത്വത്തിന്റെ മുഖത്തേയ്ക്കായിരുന്നു.
എംടിയുടെ അവസാന നോവലായ വാരണാസിയിൽ ഗതകാലത്തിന്റെ ഓർമകൾ പേറി കാശിയിലെത്തുന്ന സുധാകരൻ ജീവിതത്തിന്റെയും മോക്ഷത്തിന്റെയും ഉള്ളറകൾ തേടിയുള്ള യാത്രയിലാണ്.
ഓർമകൾ മുറിവുണക്കുന്നില്ലെന്നും ഒരു ബൂമറാങ് പോലെ അതേ ഓർമകളിലേക്ക് നാം തിരിച്ചെത്തുമെന്നും
വാരാണസി പറയുന്നു.
ഏകാന്തതയും ബന്ധങ്ങളുടെ ശൈഥില്യവുമാണ് ഷെർലക്കിന്റെ ഇതിവൃത്തം. നഗരകാപട്യങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ഏകാകിയായ ബാലുവിന്റെ കഥ പറയുന്ന ഷെർലക്ക് സാമ്രാജ്യത്വമെന്ന വിലങ്ങിനെ കുറിച്ചും ചർച്ച ചെയ്യുന്നു.
നാലുകെട്ടും കാലവും അസുരവിത്തും ഷെർലക്കും മനഃസംഘർഷങ്ങളുടെ കാലസൂചികകൾക്കൊപ്പം തിരിഞ്ഞപ്പോൾ മഞ്ഞ് അഗാധമായ സ്‌നേഹത്തിന്റെ കാത്തിരിപ്പിന്റെ പ്രത്യാശയുടെ കഥ പറഞ്ഞു. കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയുമാണ് മഞ്ഞെന്ന ഭാവഗാനം. വരും വരാതിരിക്കില്ല എന്ന് ഉരുവിട്ടുകൊണ്ട കാമുകനെ കാത്തിരിക്കുന്ന വിമല നമ്മളെ സ്വപ്‌നങ്ങളിൽ സ്വയം മുഴുകാൻ പഠിപ്പിക്കുകയായിരുന്നു. വെറും പുനരാഖ്യാനമല്ല രണ്ടാമൂഴം. ബന്ധങ്ങളുടെ കെട്ടുപാടുകളെ കുറിച്ചുള്ള സൂക്ഷ്മപരിശോധന.
എംടിയെ വളർത്തിയ കൂടല്ലൂരു തന്നെയായിരുന്നു ഭൂരിഭാഗം കൃതികളുടെയും പശ്ചാത്തലം. സാഹിത്യജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണെന്ന് എംടി പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ജ്യേഷ്ഠന്മാരും ബന്ധുക്കളും അയൽക്കാരും തന്നെയായിരുന്നു എംടിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളും. എംടി ജീവിതത്തിൽ കണ്ടിട്ടുള്ള സ്ത്രീപുരുഷന്മാരുടെ കഥകളായിരുന്നു ആ കൃതികളിൽ ഭൂരിഭാഗവും. എന്റെ കഥകളേക്കാൾ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകളെന്ന് എംടിയുടെ കുമ്പസാരം.
എംടിയെന്നത് രണ്ടക്ഷരം മാത്രമല്ല. തലമുറകളെ വായനയിലേക്കെത്തിച്ച വായിപ്പിക്കാതെ മടക്കില്ലെന്ന നിർബന്ധബുദ്ധിയുള്ള വാക്കുകളുടെ പ്രവാഹമാണ്. എംടി പറഞ്ഞതു പോലെ
ഈ യാത്ര അവസാനിക്കുന്നില്ല. പാപത്തിന്റെ സ്മരണകളുടെ കടവുകളിൽ നിന്ന് കടവുകളിലേക്ക്, നഗരത്തിൽ നിന്ന് നഗരങ്ങളിലേക്ക്.
In Short: M.T. Vasudevan Nair, one of Malayalam literature's most revered figures, has left an indelible mark on the literary landscape. His profound impact on Malayalam literature is a testament to his mastery of storytelling, nuanced exploration of themes, and signature style that blends realism with emotional depth. Nair's works are characterized by their thought-provoking exploration of family, society, and human relationships. Novels like "Randamoovan" and "Nalacharitham" continue to captivate readers with their timeless themes and memorable characters. The influence of his native Koodalloor and its people is evident in his writings, adding a layer of authenticity and depth to his stories. Through his portrayal of changing Kerala society, Nair offers a unique lens into the complexities of human relationships and the evolving social fabric.
Content Highlights: Explore the enduring literary contributions of M.T. Vasudevan Nair
Published: 26 Dec 2024, 07:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented