'എന്റെ സാഹ്യത്യജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിനേക്കാള്‍ അധികം കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദന്‍ കുട്ടിയുടെയും പകിടകളിക്കാരന്‍ കോന്തുണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. എനിക്കു സുപരിചിതമായ ഈ ഗ്രാമമാണ് എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലൂടെ ഒഴുകുന്ന പുഴ എന്റെ ജീവധമനിയാണ്. ഗ്രാമം എനിക്ക് ബിംബങ്ങളും വാക്കുകളും തന്നു.'

To advertise here,

എവിടെ പോയാലും ഏത് നാട്ടിലായാലും എംടി കൂടല്ലൂരുകാരനാണ്. വേരുകള്‍ പറിച്ചു മാറ്റാനാവാത്തവിധം എംടിയെന്ന മനുഷ്യനില്‍, എഴുത്തുക്കാരനില്‍ കൂടല്ലൂരുണ്ട്... കൂടല്ലൂരില്‍ എംടിയും.

പാലക്കാട് പട്ടാമ്പി താലൂക്കിലെ കൂടല്ലൂര്‍. കിഴക്കുംമുറിയെന്നും തെക്കുംമുറിയെന്നും വടക്കുംമുറിയെന്നും പടിഞ്ഞാറുംമുറിയെന്നും നാലടരുകളുള്ള, തൂതപ്പുഴയും കുന്തിപ്പുഴയും ഒന്നുചേരുന്ന, പൂമാന്‍തോടും നരിവാളന്‍കുന്നും കൊടിക്കുന്നത്ത് അമ്മയും മുത്തുവിളയും കുന്നും മാടത്ത് തെക്കേപാട്ട് തറവാടുമുള്ള ഗ്രാമം. തീവണ്ടി വരുന്നതും പോകുന്നതും നോക്കി സമയം നോക്കിയിരുന്ന നാട്... എംടിയുടെ കഥകളുടെ ഭൂമിക. ഒരിത്തിരി കാലം മാത്രം ജീവിച്ച ആ ഗ്രാമം എംടിയിലെ പ്രതിഭയെ ഊട്ടിവളര്‍ത്തി. വ്യത്യസ്തമായ ഭൂതലങ്ങള്‍ തേടി പലപ്പോഴും അദ്ദേഹം അലയാറുണ്ടെങ്കിലും വീണ്ടും കൂടല്ലൂരിലേക്ക് തന്നെ വന്നെത്തും. എസ്. കെ. പൊറ്റക്കാടിന് അതിരാണിപ്പാടം പോലെ, മാർകേസിന് മക്കൊണ്ട പോലെയാണ് എം.ടിക്ക് കൂടല്ലൂര്‍.

എംടിയുടെ നാലുകെട്ടിലെ കഥാപാത്രങ്ങള്‍ അവരുടെ യഥാര്‍ത്ഥപേരില്‍ തന്നെ ഇന്നും കൂടല്ലൂരിലുണ്ട്. തൈവളപ്പില്‍ ചന്തു, ശങ്കരന്‍നായര്‍, കുട്ടമ്മാമ, മുത്താച്ചി, വല്ല്യമ്മാമ, വക്കീല്‍ കുമാരനായര്‍, കോരുകുട്ടിപ്പണിക്കര്‍, ആമിനുമ്മ, യൂസഫ്, കൊപ്രക്കാരന്‍ കുഞ്ഞാലു, രാമകൃഷ്ണന്‍ മാസ്റ്റര്‍, അത്തുണ്ണി മുതലാളി, കണ്ടന്‍ മേസ്തിരി.... അങ്ങനെ അങ്ങനെ എത്രയോ പേര്‍. ഇനി എത്രകാലം കഴിഞ്ഞാലും അപ്പുണ്ണിയുടെയും വേലായുധന്റെയും ഗോവിന്ദന്‍കുട്ടിയുടെയും കുട്ട്യേടത്തിയുടെയുമെല്ലാം ആദിരൂപങ്ങളെത്തേടി കൂടല്ലൂരിലേക്ക് വായനക്കാരെത്തും. 

ഭാഗം വെക്കലില്‍ തറവാട് നഷ്ടപ്പെട്ട്, ഗ്രാമം വിട്ട് നഗരത്തിലേക്ക് ചേക്കേറിയ എംടി തിരിച്ച് കൂടല്ലൂരിലേക്ക് തന്നെ വന്നു. അവിടെ സ്ഥലം വാങ്ങി, വീടുവെച്ചു. തിരക്കുകള്‍ക്കിടയില്‍ ശാന്തതയ്ക്കായി അദ്ദേ​ഹം അശ്വതിയെന്ന വീട്ടിലേക്കെത്തും. അവിടെയിരുന്ന് നിളയെ കാണും. അതിലെ ഓളങ്ങളിളകുന്നത് കാണും.

എംടിയുടെ എഴുത്തുകളില്‍ കണ്ട കൂടല്ലൂരല്ല ഇന്നത്തെ ഗ്രാമം. മണലെടുത്ത് നിള മെലിഞ്ഞു, കുന്നുകള്‍ നിലംപൊത്തി. നാളുകള്‍ കഴിയുമ്പോള്‍ ഇങ്ങനെയൊരു ഗ്രാമമുണ്ടായിരുന്നു എന്നതിന്റെ ഒരേയൊരു തെളിവ് കൂടല്ലൂരിന്റെ പ്രിയപ്പെട്ട വാസു അനശ്വരമാക്കിയ കഥകള്‍ മാത്രമായിരിക്കും. 

Inshort: Explore the deep connection between renowned Malayalam writer MT Vasudevan Nair and his birthplace, Koodalloor, the inspiration behind his iconic works.