വാഴ്‌വ്
2006-ലാവണം, പയ്യന്നൂരിലെ എതിര്‍ദിശ മാസികയ്ക്ക് വേണ്ടി എം.ടി. വാസുദേവന്‍ നായരുമായി സംസാരിക്കുകയുണ്ടായി. കോഴിക്കോട്ടെ വസതിയായ 'സിതാര'യില്‍ വെച്ച്. ഫോട്ടോഗ്രാഫര്‍ പ്രകാശ് മഹാദേവഗ്രാമം ഒപ്പം.

To advertise here,

വായനാജീവിതത്തെപ്പറ്റി മാത്രമായിരുന്നു സംഭാഷണം. അക്കാര്യം നേരത്തേ പറയുകയും ചെയ്തിട്ടുണ്ട്. ബാല്യകാലത്തെ വായനാനുഭവങ്ങളില്‍ നിന്നു തന്നെ തുടങ്ങി.

ബാലസുബ്രഹ്‌മണ്യത്തെപ്പോലുള്ള വലിയ വായനക്കാരായ ഉറ്റമിത്രങ്ങളെപ്പറ്റി ഇടയ്ക്ക് പറഞ്ഞു. 'രണ്ടാമൂഴ'ത്തിന് വേണ്ടി മാത്രമായി വായിച്ച കുറെയേറെ പുസ്തകങ്ങളെക്കുറിച്ച്  ഓര്‍മ്മിച്ചു. 'പഴശ്ശിരാജാ' സിനിമയ്ക്ക് വേണ്ടി നടത്തിയ ഗവേഷണസ്വഭാവമുള്ള വിപുലമായ വായനയെപ്പറ്റിയും. അനൗപചാരികമായാണ് സംസാരിച്ചത്. പതറാത്ത ഓര്‍മ്മയുടെ വെളിച്ചം പരന്ന സ്ഥലമായി 'സിതാര'യിലെ ഇരിപ്പുമുറി അനുഭവപ്പെട്ടു.

കഥ, നോവല്‍ എന്നിവ കൂടാതെ കാര്യമായി വായിക്കുന്നത് ആത്മകഥകളും ജീവചരിത്രങ്ങളുമാണ് എന്ന് ഒരു ഘട്ടത്തില്‍ എം .ടി. പറയുകയുണ്ടായി. സാഹിത്യത്തെയും വായനയെയും പറ്റിയുള്ള സര്‍ഗ്ഗാത്മകമായ എഴുത്തുകളെപ്പറ്റി പറഞ്ഞത് അപ്പോഴാണ്. 

അസര്‍ നഫീസി എന്ന ഇറാനിയന്‍ അദ്ധ്യാപികയുടെ വായനാനുഭവങ്ങളുടെ ആത്മകഥയായ (Memoir in books) Reading Lolita in Tehran എന്ന മത-പൗരോഹിത്യാധികാരത്തിന് എതിര്‍ നില്‍ക്കുന്ന കൃതിയെപ്പറ്റിയാണ് ഒന്നാമതായി പറഞ്ഞത്. 

The Diving Bell and the Butterfly എന്ന ആത്മകഥന(Memoir) ത്തെപ്പറ്റി കൂടിയ താല്പര്യത്തോടെ സംസാരിച്ചു. അത് നാല്പതു വയസ്സ് പിന്നിട്ട ജീന്‍ ഡൊമനിക് ബോബി എന്ന പത്രാധിപരുടെ ഓര്‍മ്മപ്പുസ്തകമാണ്. 

ഒരു മുന്നറിയിപ്പുമില്ലാതെ ഇദ്ദേഹത്തിന് മസ്തിഷ്‌കാഘാതം ഉണ്ടായി. ചികിത്സ ഫലിച്ചില്ല. കിടക്കയായി രാജ്യം. തളര്‍ന്ന, കാര്യമായ അനക്കമില്ലാത്ത ശരീരം.

വലതുകണ്ണിന് കാഴ്ചയില്ല, മിണ്ടാനാവില്ല. ഇടതുകണ്‍പോള ചലിപ്പിക്കാം. അതു മാത്രമാണ് ഇച്ഛാനുസാരിയായി അനക്കാവുന്നത്. കേള്‍വി കുറച്ചുണ്ട്. വീട്ടില്‍ തന്നെ കഴിയേണ്ടി വന്നു.

ഒരു ഡോക്ടറുടെ സഹായം ഉണ്ട്. ജീന്‍ ബോബിക്ക് ഇടത്തേ കണ്‍പോള ചലിപ്പിക്കാനാവുന്നു എന്നു കണ്ടപ്പോള്‍ എന്തെങ്കിലും ആശയവിനിമയം സാധിക്കുമോ എന്ന ചിന്തയായി. പതുക്കെ ആഖ്യാനം എന്ന സാധ്യതയിലേക്കു തന്നെ എത്തി.

ഡോക്ടര്‍ ഒരു അക്ഷരം കാണിക്കും. അത് അംഗീകരിക്കുന്നെങ്കില്‍ ജീന്‍ ഇടതു കണ്‍പോള ചിമ്മിക്കാണിക്കും. ഇങ്ങനെ വാക്കുകള്‍, പിന്നെ വാക്യങ്ങള്‍. ഇത് സാധിക്കുന്നുവെന്ന് കണ്ടപ്പോള്‍ പകര്‍ത്തിയെടുക്കാനായി ഒരു യുവതിയെയും ഏര്‍പ്പാടാക്കി. ഇങ്ങനെ ഉണ്ടായതാണ് ആ ആത്മകഥ. രണ്ടു ലക്ഷം കണ്‍ചിമ്മലുകളിലൂടെയാണ് ആ പുസ്തകം ഉണ്ടായത് എന്നൊരു കണക്കുണ്ട്. ഒരു വാക്ക് തീരുമാനിക്കപ്പെടാന്‍ ഏതാണ്ട് രണ്ട് മിനുട്ടെടുത്തു എന്ന കണക്കുമുണ്ട്.

ആഖ്യാനത്തിലൂടെ അതിജീവനം എന്ന  വലിയ വിഷയത്തിലേക്കാണ്  എം.ടി. എന്ന വലിയ വായനക്കാരന്‍ - സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍- അനുനയിച്ചത്.ആ ചിന്തയില്‍ കഴിയവേ അദ്ദേഹം പറഞ്ഞു: 'പുസ്തകം പുറത്തുവന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജീന്‍ ബോബി മരിച്ചു. ന്യുമോണിയ വന്ന്.'

മുറി മറ്റൊന്നായി. 
ഫാനിന്റെ ചെറിയ ഒച്ച മാത്രം  കേട്ടുതുടങ്ങി. ടീപ്പോയിലെ പുസ്തകങ്ങളും 
ഞങ്ങള്‍ക്കൊപ്പം ആ ഒച്ചയും കാറ്റും  അറിയുന്നുണ്ട്.
എം.ടി. ഒരു ബീഡിയ്ക്ക് തീവെച്ചു.

മുറ്റം
വെള്ളം പുഴയായും മഴയായും കടലായും കുളമായും തടാകമായും വഴിയൊഴുക്കായും എം.ടി.സാഹിതിയില്‍ ഉണ്ട്. ഈ വിഷയം വേറെ തന്നെയെടുത്ത് പഠിക്കാനുള്ളത്ര വലുതുമാണ്.

ഒരിക്കല്‍ എം.ടി. കാസര്‍കോട്ടെ പാലക്കുന്നില്‍ വന്നു. ബേക്കല്‍ കോട്ടയ്ക്കു കുറച്ച് വടക്കാണ് പാലക്കുന്ന്. ഒരു പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിനാണ് വന്നത്. തലേന്ന് വൈകുന്നേരം എത്തി. കാഞ്ഞങ്ങാട് അംബികാസുതന്‍ മാങ്ങാടിന്റെ വീട്ടില്‍ കുറച്ചുനേരം തങ്ങി. ചായയ്ക്ക് ശേഷം പുറപ്പെട്ടു. ബേക്കലം കോട്ടയില്‍ മുന്‍പ് എം.ടി. വന്നിട്ടില്ല. അവിടെ കുറേനേരം നിന്നു. കടല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഉദുമയിലെ ഒരു പുതിയ മാളികയിലാണ് രാത്രിതാമസം ഒരുക്കിയിരുന്നത്. രാവിലെയാണ് ഉദ്ഘാടനസമയം. അംബികാ സ്‌കൂളിന്റെ മുറ്റത്ത് കെട്ടിയുണ്ടാക്കിയ അമ്പതോളം പുസ്തകോത്സവസ്റ്റാളുകള്‍. അവയ്ക്കിടയിലൂടെ എം.ടി. വന്നു. വലിയ വായനക്കാരന്‍ കൂടിയായ വലിയ എഴുത്തുകാരന്‍ എന്ന് പുസ്തകങ്ങളും സന്തോഷത്തോടെ ഓര്‍ത്തിരിക്കണം.

ആകാശത്ത് ചെറിയ മൂടല്‍ ഉണ്ട്. കാര്യമാക്കാനില്ല. ഉദ്ഘാടനയോഗം തുടങ്ങി. മൂടലിന് കട്ടി കൂടി വരുന്നുണ്ട്. ഉദ്ഘാടന പ്രസംഗത്തിന്റെ ഒന്നുരണ്ടു മിനുട്ട് കഴിഞ്ഞതോടെ മഴ പൊട്ടിവീണതുപോലെ തുടങ്ങി. അലൂമിനിയം ഷീറ്റുകളാണ് സ്റ്റാളുകളുടെ മേല്‍ക്കൂര. അവ നിര്‍ത്താതെ ഒച്ചവെച്ചു.
പ്രസംഗവേദിയ്ക്കു മുന്നില്‍ തുണിപ്പന്തലാണ്. നിറയെ ആളുകള്‍. ഉത്സുകര്‍. പന്തല്‍ നനഞ്ഞ് കുതിര്‍ന്നു. വെള്ളം വീഴാന്‍ തുടങ്ങി. ആളുകള്‍ കസേര ഒഴിവാക്കി എഴുന്നേറ്റ് അവിടെവിടെയായി നിന്നു. അസ്വാസ്ഥ്യം ഭരണമേറ്റതു പോലെയായി.

ഉദ്ഘാടനപ്രസംഗം തുടരുന്നു. ഒരു അസ്വാസ്ഥ്യവും ഇല്ലാതെ. പുസ്തകങ്ങളും മനുഷ്യരും തമ്മിലുള്ള ചേര്‍ച്ചയെപ്പറ്റി, തന്റെ ആദ്യകാല പുസ്തകാന്വേഷണങ്ങളെപ്പറ്റി, വിദേശങ്ങളിലെ ബുക്ക് ഫെയറുകളെപ്പറ്റി....
മഴ നില്‍ക്കുന്നില്ല, വാക്കുകളുടെ മഴ സമാന്തരമായി പെയ്തു. മഴയെപ്പറ്റി ഒന്നും പറയാതെ ഉദ്ഘാടകന്‍ തുടരുന്നു.

കേള്‍വിക്കാര്‍ പതുക്കെ മഴയൊച്ചകള്‍ കേള്‍ക്കാത്തതുപോലെ ഒരു നില വന്നതായി തോന്നി.. അവരെ ആ നിലയിലേക്ക് സംവിധാനം ചെയ്യുകയായിരുന്നു ഉദ്ഘാടന പ്രസംഗം. മഴയെ കൂസാതെയുളള മിണ്ടാട്ടം. അവഗണനയുടെ സര്‍ഗാത്മകത. ഹെമിംഗ് വേ ശൈലിയിലുള്ള ആ താന്‍പോരിമയ്ക്ക് മഴമുറ്റം അന്ന് സാക്ഷി. മുക്കാല്‍ മണിക്കൂര്‍ പ്രസംഗം. അത് തീരുമ്പോഴും മഴ തീര്‍ന്നിരുന്നില്ല.

മഴയെപ്പറ്റി, തുണിപ്പന്തലുണ്ടാക്കിയ പ്രയാസത്തെപ്പറ്റി ഒന്നും പറയാതെയാണ്, മറ്റു ചില കാര്യങ്ങള്‍ പറഞ്ഞാണ് ഉച്ചസമയം വരെ എം.ടി. അവിടെ കഴിഞ്ഞത്. ഊണിനിരുന്നത് സ്‌കൂളിലെ ക്ലാസുമുറിയില്‍, മരബെഞ്ചില്‍. നീരസമില്ല. സംഘാടകരുടെ മനസ്സ് അറിയുന്ന സംഘാടകന്‍ കൂടിയായ ഒരാള്‍. കുറച്ചുകഴിഞ്ഞ് യാത്രയാകുന്നതു വരെയും ഭാവമാറ്റമൊന്നുമില്ലാതെ...

സമം
തിരൂര്‍ തുഞ്ചന്‍പറമ്പിലെ ഭാഷാമ്യൂസിയത്തിന്റെ ചില പ്രാഥമിക ജോലികള്‍ (ഒരു ഘട്ടത്തില്‍) ചെയ്തുപോന്നു. എം.ആര്‍. രാഘവവാരിയര്‍. എം.എന്‍. കാരശ്ശേരി, കെ.സി. നാരായണന്‍ തുടങ്ങിയവര്‍ക്കൊപ്പം. എം.ടിയുടെ സക്രിയസാന്നിദ്ധ്യം പലപ്പോഴും ഉണ്ടായി.

ഒരു ദിവസം, തുഞ്ചന്‍ ഉത്സവത്തിനിടയിലാവണം, അദ്ദേഹവുമായി സംസാരിക്കേണ്ട ആവശ്യം വന്നു. മ്യൂസിയത്തെപ്പറ്റി തോന്നിയ ചില ആശയങ്ങള്‍ അറിയിക്കലായിരുന്നു ആവശ്യം. തിരൂരിലെ ഒരു ഹോട്ടലിലായിരുന്നു എം.ടി. നേരത്തെ അറിയിച്ചിട്ടല്ല ചെന്നത്. അത് പ്രശ്‌നമായില്ല.
 
പറയാന്‍ വന്നത് പറഞ്ഞു. മലയാള ഭാഷയുടെ കീഴാളവേരുകള്‍ കൂടി മ്യൂസിയത്തില്‍ വരണം എന്നതാണ് വിഷയം. അത് എം.ടി. ശ്രദ്ധിച്ചുകേട്ടു.  'രണ്ടാമൂഴ'മെഴുതിയ ആളിന് എന്തുകൊണ്ടും ബോധ്യപ്പെടുന്ന, പരിഗണിക്കാതിരിക്കാന്‍ കഴിയാത്ത കാര്യമാണ്. അദ്ദേഹം വിശദാംശങ്ങള്‍ തിരക്കിക്കൊണ്ട് അത് വ്യക്തമാക്കി.

വര്‍ത്തമാനം ചുരം കയറുമെന്ന് കരുതിയതല്ല. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ ഭരണകൂടത്തിന്റെ ആക്രമം ഉണ്ടായിട്ട് അധികകാലമായിരുന്നില്ല. പട്ടിണിയില്‍ ഒറ്റപ്പെട്ടു പോയ, ആ നേര്‍വയനാട്ടുകാരെ കാണാനും സഹായിക്കാനുമായി എഴുത്തുകാരുടെ ഒരു സംഘം കോഴിക്കോട്ടു നിന്ന് പോവുകയുണ്ടായി. എം.ടി.യായിരുന്നു ആ ഗോത്രത്തിന്റെ മൂപ്പന്‍.

എന്താണ് മുത്തങ്ങയില്‍ പറയേണ്ടത് എന്ന് വ്യക്തമായിരുന്നില്ല എന്ന് എം.ടി.ഓര്‍ത്തു. അരിയടക്കമുള്ള ഭക്ഷണസാധനങ്ങള്‍  ആദിവാസിമൂപ്പന് ഏല്‍പ്പിക്കുന്ന വേളയില്‍ താന്‍ പറഞ്ഞു: 'എല്ലാവര്‍ക്കും കൊടുക്കണേ'.
'ശാറെ, ഞാങ്ങള് എപ്പൂം അങ്ങനെ തന്നെ', മൂപ്പന് ഭാഷയില്‍ സംശയമുണ്ടായില്ല. മത്സരമല്ല, ആര്‍ത്തിയല്ല, സരളമായ സമതാബോധമാണ് ആദിവാസി ജീവിതത്തിന്റെ തനതുതാളം. തിളക്കമുള്ള ബദലറിവാണ് തനിക്ക് കിട്ടിയത് എന്ന ഭാവം മറച്ചുപിടിക്കാതെയാണ് എം.ടി ഇക്കാര്യം ഓര്‍ത്തുപറഞ്ഞത്.

നന്നേ സ്വീകരണക്ഷമതയുള്ള മനസ്സാണ് എം.ടിയെന്ന് ഒരിക്കല്‍ക്കൂടി അറിയുകയാണ്. ഭാഷാമ്യൂസിയത്തിലെ കീഴാളസാന്നിദ്ധ്യം എന്ന ആശയത്തോടുള്ള പ്രതികരണം കൂടിയായിരുന്നില്ലേ ഈ ഓര്‍ത്തുപറയല്‍?

ഊഴം
പത്തുപതിനാലുകൊല്ലം മുന്‍പാണ്.
ഉദിനൂര്‍ കിനാത്തില്‍ വായനശാലയുടെ അമ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എം.ടി. വന്നു. നേരെ പയ്യന്നൂരേക്കാണ് വന്നത്. അവിടെ, ബോംബെ ഹോട്ടലില്‍, ഞങ്ങള്‍ കാത്തുനിന്നു. ചായ കുടിച്ച ശേഷം കിനാത്തിലേക്ക് വന്നു.

യോഗം തുടങ്ങും മുന്‍പെ കുറച്ചുനേരം വായനശാലയുടെ ഒരു മുറിയില്‍ ഇരുന്നു. പലരും കാണാന്‍ വന്നുകൊണ്ടിരുന്നു. ചെറിയ വാക്കുകള്‍ക്കപ്പുറം അവര്‍ പോകുന്നില്ല. അതിലും കുറഞ്ഞ വാക്കില്‍ എം.ടി. മിണ്ടി. നിശ്ശബ്ദതയുടെ ഒരു ഇടനേരത്ത് ഇവിടെ നല്ല പൂഴിമണ്ണാണല്ലോ എന്ന് ആരാഞ്ഞു. കടല്‍ രണ്ടുമൂന്നു കിലോമീറ്റര്‍ മാത്രം അപ്പുറത്താണ് എന്ന് മറുപടി പറഞ്ഞു.

വെയില്‍ കുറഞ്ഞു. പന്തലില്‍ നല്ല ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. പുറത്തേക്കിറങ്ങി. വരാന്തയിലെത്തുംവരെ എം.ടി. ഒന്നും മിണ്ടിയില്ല. മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ 'ഒരു ബീഡി വലിച്ചിട്ട് തുടങ്ങാം' എന്നുപറഞ്ഞു. തൊട്ടടുത്ത നിമിഷമാണ് ഫോട്ടോയില്‍ ഉള്ളത്. എം.ടി.യുടെ വിരലുകള്‍ക്കിടയില്‍ കത്തിച്ച ബീഡി ഉണ്ട്. ഒപ്പം ചിലതൊക്കെ ചോദിക്കുകയും ചെയ്തു. വായനശാലയെപ്പറ്റി. 

തൊട്ടടുത്താണ് സ്റ്റേജ്. പ്രസംഗത്തിനിടെ എം.ടി. കിനാത്തിലിന്റെ കടലടുപ്പത്തെപ്പറ്റിയുണ്ടായ സംസാരത്തെപ്പറ്റി പറഞ്ഞു. കോഴിക്കോടിന്റെ കടലടുപ്പത്തെപ്പറ്റി പറയാനുള്ള വഴിയായിരുന്നു അത്. സുനാമി വന്നപ്പോള്‍ അപകടം ഉണ്ടാവാം എന്ന് തോന്നിയിരുന്നതായും, പക്ഷെ വല്ലാത്ത പേടിയൊന്നും തോന്നിയില്ല എന്നും പറഞ്ഞു. മകളും ഭര്‍ത്താവും അന്നേരം മാലിദ്വീപിലായിരുന്നു. നല്ല അപകട സാധ്യതയുള്ള സ്ഥലം.
വരുമ്പോലെ വരട്ടെ എന്നല്ലാതെ ഒന്നും തോന്നാത്ത സമയം.

മനസ്സിന്റെ ഭാവങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തലായി അത് സദസ്സില്‍ പടര്‍ന്നു.
ദുരന്തങ്ങളോടുള്ള സമീപനങ്ങളെക്കുറിച്ചുള്ള  ഒരു പഠനമായി അത് സ്വീകരിക്കപ്പെട്ടു. ദുരന്തസാധ്യതകളാവാം പല നാടുകളിലുള്ള ആളുകളെ ചേര്‍ത്തുനിര്‍ത്തുന്നത് എന്ന ധ്വനി അതിന്നുണ്ടായി. സാഹിത്യവും ചേര്‍ത്തുനിര്‍ത്തലിന്റെ  ഉപാധിയാണ് എന്ന് നിരീക്ഷണം അടുത്ത അലയായി വന്നു.

അഴക്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതിയില്‍ എം.ടി. അംഗമായിരുന്നു. മലയാളത്തിന്റെ കണ്‍വീനര്‍ എന്ന സ്ഥാനം കൂടിയാണ് അത്.
അക്കാലത്ത് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യെപ്പറ്റി ഒരു സെമിനാര്‍ അതിന്റെ പിറവിനാട് എന്ന് കരുതപ്പെടുന്ന കണ്ണൂര്‍ ചിറക്കലില്‍ വെച്ച് നടത്തുക എന്ന ആശയം എം.ടിയുടെ ശ്രദ്ധയില്‍ എത്തിച്ചു. അക്കാദമി സെക്രട്ടറിയ്ക്ക് വിശദമായ ഒരു കത്ത് അയക്കാനാണ് പറഞ്ഞത്. അത് ചെയ്തു.
അതില്‍ തീരുമാനമായി എന്ന് അദ്ദേഹം വഴി തന്നെ അറിഞ്ഞു. അവതരിപ്പിക്കാവുന്ന പ്രബന്ധങ്ങളുടെ (അവതാരകരുടെയും ) ഒരു പട്ടിക എഴുതി, എം ടിയെ പോയി കണ്ടു. വളരെ ചെറിയ മാറ്റങ്ങളേ നിര്‍ദ്ദേശിച്ചുള്ളൂ.

അതില്‍ പുതിയ സാഹിത്യ വിമര്‍ശന സിദ്ധാന്തങ്ങളുടെ പ്രയോഗമെന്ന നിലയിലുള്ള പ്രബന്ധങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അംഗീകരിച്ചു.
സംഘാടനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയും പറഞ്ഞു. പിരിയാന്‍ സമയമായി. 'കൃഷ്ണഗാഥയുടെ ഈസ്‌തെറ്റിക്‌സിനെപ്പറ്റി ഒരു പേപ്പര്‍ ഉണ്ടാവണം', പെട്ടെന്ന് ഓര്‍ത്തതുപോലെ എം.ടി.പറഞ്ഞു.

അത് ഒരു അഭിപ്രായമോ നിര്‍ദ്ദേശമോ മാത്രമായിരുന്നില്ല. കാര്യമായ ഒരു വിമര്‍ശനം തന്നെ അതില്‍ ഉണ്ട് എന്ന് തോന്നി. പുതിയ വായനാരീതികള്‍ കൃതിയുടെ സൗന്ദര്യപരത എന്ന വിഷയത്തെ അഥവാ സാദ്ധ്യതയെ കാര്യമായിട്ടെടുക്കുന്നില്ല എന്ന കാര്യത്തിലേക്കാണ് ആ നല്ല വായനക്കാരന്‍ കൂടിയായ എഴുത്തുകാരന്‍ വിരല്‍ ചൂണ്ടിയത്. ഇങ്ങനെയൊന്നും വിശദീകരിച്ച് പറഞ്ഞില്ല. ആ ഒറ്റവാക്യമേ ഉണ്ടായുള്ളൂ. അതില്‍നിന്നു തന്നെ കാര്യം വ്യക്തമായിരുന്നു. ചിറക്കലില്‍ വെച്ച് സെമിനാറില്‍ നടന്നില്ല. പയ്യന്നൂരില്‍ വെച്ചാണ് നടന്നത്. കൃഷ്ണഗാഥയുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയുള്ള പ്രബന്ധം ഉണ്ടായിരുന്നില്ല.

വചനം
എം.ടി. വാസുദേവന്‍ നായരെ ആദ്യമായി കാണുമ്പോള്‍ ആദ്യമായി കാണുകയാണ് എന്ന് തോന്നിയില്ല. ഇത് ഒരാളിന്റെ മാത്രം അനുഭവമായിരിക്കുകയുമില്ല. ചെറുതിലേ വായിച്ചും വീണ്ടും വായിച്ചും പറഞ്ഞും കേട്ടും ഛായാപടങ്ങള്‍ കണ്ടും അറിഞ്ഞുപോരുന്ന ഒരാളെ എങ്ങനെയാണ് ആദ്യമായി കാണാനാവുക?

കണ്ടത് മറ്റേതെങ്കിലും നാട്ടില്‍വെച്ചുമല്ല. വീടിനടുത്തുള്ള പിലിക്കോട് പടുവളം എന്ന സ്ഥലത്ത് (കാനായി കുഞ്ഞിരാമന്റെ നാടാണത്) അമല കലാ സാഹിതി എന്നൊരു സംഘം ഉണ്ടായിരുന്നു. അതിന്റെ ഒരു കലോത്സവത്തിന് വന്ന എം.ടി.യെയാണ് കണ്ടത്. വൈകുന്നേരമായിരുന്നു. കുഞ്ഞുണ്ണി മാഷായിരുന്നു മറ്റൊരു അതിഥി. നല്ല തെളിച്ചമുള്ള ഒരു വൈകുന്നേരമാണ്. ചെറിയൊരു കുന്നിന്‍പുറത്താണ് സമ്മേളനം.
  
പൂരക്കളിയുടെ നാടാണ്. നാടിന്റെ ഒരു ശരിയായ കലയായി പൂരക്കളി ഇന്നത്തെക്കാള്‍ ഊര്‍ജ്ജത്തോടെ അന്ന് ഉണ്ട്. കലോത്സവത്തിന്റെ ഒരു ഭാഗം മുതിര്‍ന്ന പൂരക്കളിക്കാരെയും ഭാഷാജ്ഞാനികളായ അതിന്റെ പണിക്കര്‍മാരെയും ആദരിക്കുന്ന ചടങ്ങാണ്. അന്ന് അത്തരം ഉചിത വേദികള്‍ സാധാരണമായിരുന്നില്ല.

അതിന്റെ കൗതുകം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ചടങ്ങ് നടന്നുകൊണ്ടിരിക്കവേയാണ് എം.ടിയുടെ വാഹനം സ്ഥലത്തെത്തിയത്. പൂരക്കളിയുടെ പാട്ടിന്റെ ഒരു ഭാഗം ഒരു പണിക്കര്‍ പാടിക്കൊണ്ടിരുന്ന സമയമാണ് അത് (അങ്ങനെ വിചാരിക്കുന്നു.)

കോളേജ് കഴിഞ്ഞ് ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കുന്ന കാലമാണ്.  വായനയുടെ രണ്ടാമൂഴത്തിന്റെ കാലം. എം. ടി. കാറില്‍ നിന്നിറങ്ങുന്നത് കാണുന്നുണ്ട്. പൂരക്കളിയീണം തെളിഞ്ഞ വൈകുന്നേരത്തെ സാംസ്‌കാരികപാഠം പോലെയാക്കുന്നുണ്ട്. സംഘാടകരോടൊപ്പം, ആ പാഠാന്തരീക്ഷത്തോടൊപ്പം എം.ടി. സ്വാഗതസംഘത്തിന്റെ ഇടത്തേക്കാവണം നടന്നുപോയി. പൂരക്കളിയുടെ അന്തരീക്ഷം കുറച്ചുനേരം കൂടി സൗമ്യമായി തുടര്‍ന്നു.

 ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. നഗരി നിറയെ ആളുകള്‍. സാംസ്‌കാരിക സമ്മേളനം തുടങ്ങുകയാണ്. എം.ടിയുടെ ഒച്ച മുന്‍പ് കേട്ടിട്ടില്ല. അതിനുള്ള കാത്തിരിപ്പ് മുഷിപ്പനായിരുന്നില്ല. പ്രത്യേകിച്ചൊരു ഔചചാരികതയുമില്ലാതെയാണ് പ്രസംഗം തുടങ്ങിയത്.

'ഒരു പ്രവാചകനും സ്വന്തം ഗ്രാമത്തില്‍ സ്വീകരിക്കപ്പെടുന്നില്ല- ബൈബിളില്‍ ഇങ്ങനെയൊരു വാക്യം ഉണ്ട്. ആ കാര്യം ഇവിടെ തെറ്റിച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിന്റെ കലാകാരന്മാരായ പൂരക്കളിക്കാരെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത് വഴി നിങ്ങള്‍ ചെയ്തിരിക്കുന്നത് അതാണ്'. കയ്യടിയൊന്നും ഉണ്ടായില്ല. എങ്കിലും കേള്‍വിക്കാര്‍ അത് വരവുവെച്ചതായി തോന്നി. ഒരു ചെറിയ റഫറന്‍സ് കൊണ്ട് തൊട്ടു മുന്‍പു നടന്ന സ്വീകരണ സമ്മേളനത്തിന് മറ്റൊരു മാനം കൈവന്നു. സദസ്സില്‍ പുതിയൊരു ഉഷാറിന്റെ വെളിച്ചം പടര്‍ന്നു. തുടര്‍ന്ന് പൊന്നാനിയിലെ നാടക പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഇടശ്ശേരിയുടെയും ഉറൂബിന്റെയും അക്കിത്തത്തിന്റെയും ഗോപാലക്കുറുപ്പിന്റെയും മറ്റും നേതൃത്വത്തെപ്പറ്റിയുമൊക്കെയാണ് എം.ടി പറഞ്ഞത്. ഗ്രാമങ്ങള്‍ സാംസ്‌കാരികമായി സ്വയം തിരിച്ചറിയണം, അത് ആവിഷ്‌ക്കരിക്കുകയും വേണം, എന്നിടത്ത് പ്രസംഗം സ്വാഭാവികമായി ചെന്നുചേരുകയും ചെയ്തു.

 തുടക്കം തന്നെയാണ് പ്രസംഗത്തെ  കേള്‍വിക്കാരുമായി ഇണക്കിയത്. ശ്രദ്ധയുടെ ആസൗന്ദര്യശാസ്ത്രം ഇപ്പോഴും മനസ്സിലുണ്ട്. കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് ഏലമ്മ, മോന്‍സി എന്നീ കുട്ടികള്‍ (ചേച്ചിയും അനിയനുമാണ്) ഒന്നിച്ചുവന്ന് മലയാളം ബൈബിളിന്റെ ഒരു പ്രതി സമ്മാനിച്ചു. ക്ലാസില്‍ നടത്തിയ ഒരു വേദപുസ്തക പരാമര്‍ശത്തില്‍ ഇഷ്ടം തോന്നിയിട്ടാവണം അടുത്ത ദിവസം അവര്‍ ആ സമ്മാനം തന്നത്. അന്ന് രാത്രി തൊട്ട് ബൈബിള്‍ വായനയായി. ഒരു രാത്രി പുതിയ നിയമത്തില്‍ ലൂക്കായുടെ സുവിശേഷത്തില്‍ ഇരുപത്തിനാലാം വാക്യമായി ഇങ്ങനെ കണ്ടു: 'എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.'